Sunday, September 16, 2012

രാജനീതിയെക്കുറിച്ച് ചോദ്യമുയര്‍ത്തി "ചോരശാസ്ത്രം"


ഉത്തരമേഖലാ അമച്വര്‍ നാടക മത്സരത്തിലെ നാലാംദിവസം അരങ്ങേറിയ നാട്ടിലെ കള്ളന്മാരുടെ കഥ പുതുമയാര്‍ന്നതായി. പറമ്പില്‍ബസാറിലെ നാടകസംഘമായ റിപ്പര്‍ട്ടറിയാണ് ടൗണ്‍ഹാളില്‍ "ചോരശാസ്ത്രം" അവതരിപ്പിച്ചത്. എ ശാന്തകുമാര്‍ രചനയും സംവിധാനവും ചെയ്ത നാടകത്തില്‍ സമകാലിക രാഷ്ട്രീയ സാമൂഹ്യ പ്രശ്നങ്ങളെ രണ്ടു കള്ളന്മാരിലൂടെയാണ് അവതരിപ്പിക്കുന്നത്.

പരമ്പരാഗത മോഷ്ടാക്കളാണ് കര്‍പ്പരന്റെയും ഘടന്റെയും കുടുംബം. മോഷണകലയുടെ രീതിശാസ്ത്രം പ്രതിപാദിക്കുന്ന തസ്കരവേദം എന്ന ഗ്രന്ഥം ഘടന്റെ മുത്തച്ഛനില്‍നിന്ന് സ്വായത്തമാക്കി കൊട്ടാരത്തില്‍ മോഷണം നടത്താന്‍ ഇവര്‍ ഇറങ്ങിത്തിരിക്കുന്നു. രാജാവും സൈന്യവും നായാട്ടിനുപോയ തക്കത്തിന് ഘടന്‍ കൊട്ടാരത്തില്‍ കടക്കുന്നു. കര്‍പ്പരന്‍ കാവലിരിക്കുന്നു. ഉറങ്ങുന്ന റാണിയുടെ ആഭരണം മോഷ്ടിക്കാന്‍ ശ്രമിക്കുന്നതിനിടെ രാജാവിനെ കാട്ടില്‍ കാണാതായെന്ന വാര്‍ത്തയുമായി സെന്യമെത്തുന്നു. കര്‍പ്പരനെ സൈന്യം പിടികൂടുന്നു. തുടര്‍ന്ന് അധികാരം കൈയാളാന്‍ റാണി ഘടനെ കൂട്ടുപിടിച്ച് തസ്കരവേദം ഹൃദിസ്ഥമാക്കുന്നു. അധികാരത്തിലിരിക്കുമ്പോള്‍ ഒരു കള്ളന്റെ കൂട്ട് എല്ലാവര്‍ക്കും വേണമെന്നാണ് റാണിയുടെ പക്ഷം. ഒരു കള്ളന്‍ മറ്റൊരു കള്ളനെപ്പറ്റി ആശങ്കപ്പെണ്ടേതില്ലെന്ന ശാസ്ത്രമനുസരിച്ച് കര്‍പ്പരന് വധശിക്ഷ വിധിക്കാന്‍ റാണിയുമായി ചേര്‍ന്ന് ഘടന്‍ തീരുമാനിക്കുന്നു. കാട്ടില്‍നിന്നു രക്ഷപ്പെട്ടെത്തുന്ന രാജാവിനെ സ്വീകരിക്കുന്ന റാണി പക്ഷെ അധികാരം കൈമാറാന്‍ സമ്മതിക്കുന്നില്ല. ഘടനെ ഉപയോഗിച്ച് രാജാവിനെ കൊല്ലുന്നു. ആയുധം കൈയിലുള്ളവനാണ് ശക്തനെന്നു മനസ്സിലാക്കുന്ന റാണി പ്രണയപൂര്‍വം ഘടനെയും കൊല്ലുന്നു. തസ്കരനീതിയും രാജനീതിയും പൂരിപ്പിക്കപ്പെടുന്നു എന്നാണ് കൊലയ്ക്ക് റാണിയുടെ വിശദീകരണം.

നാടകീയ മുഹൂര്‍ത്തങ്ങളാല്‍ സമ്പന്നമായ പ്രമേയത്തിന് ഷൈനി പൂക്കാട്, കരുണാകരന്‍, സുധീര്‍, ബിജു, ബിന്ദു, യു കെ ബൈജു, സജീഷ് തുടങ്ങിയവരാണ് ജീവന്‍ പകര്‍ന്നത്. സംഗീതം: അഖില്‍, സംഗീതനിയന്ത്രണം: വിനോദ് നിസരി, വസ്ത്രാലങ്കാരം റഫീഖ് ആറ്റുപുറവും ദീപവിതാനം മുരളി മാത്തറയും കലാസംവിധാനം അഭി ജെ ദാസ് എന്നിവരും നിര്‍വഹിച്ചു. ഞായറാഴ്ച വൈകിട്ട് 6.30ന് കോഴിക്കോട് ശ്രദ്ധ അവതരിപ്പിക്കുന്ന "പിയാനോ" ടൗണ്‍ഹാളില്‍ നടക്കും.

deshabhimani 160912

1 comment:

  1. ഉത്തരമേഖലാ അമച്വര്‍ നാടക മത്സരത്തിലെ നാലാംദിവസം അരങ്ങേറിയ നാട്ടിലെ കള്ളന്മാരുടെ കഥ പുതുമയാര്‍ന്നതായി. പറമ്പില്‍ബസാറിലെ നാടകസംഘമായ റിപ്പര്‍ട്ടറിയാണ് ടൗണ്‍ഹാളില്‍ "ചോരശാസ്ത്രം" അവതരിപ്പിച്ചത്. എ ശാന്തകുമാര്‍ രചനയും സംവിധാനവും ചെയ്ത നാടകത്തില്‍ സമകാലിക രാഷ്ട്രീയ സാമൂഹ്യ പ്രശ്നങ്ങളെ രണ്ടു കള്ളന്മാരിലൂടെയാണ് അവതരിപ്പിക്കുന്നത്

    ReplyDelete