Saturday, September 1, 2012

നീതിയും ദയയും മരീചികയായി ദുരന്തഭൂമി


ഉത്രാടത്തലേന്ന് രാത്രി തുടങ്ങിയ കണ്ണീര്‍മഴ കണ്ണൂര് ചാലയില്‍ പെയ്തുതോര്‍ന്നിട്ടില്ല. ഓരോ പ്രഭാതവും വിളിച്ചുണര്‍ത്തുന്നത് ഉറ്റവരുടെ വിയോഗവാര്‍ത്തകള്‍. വെള്ള പുതപ്പിച്ച മൃതദേഹങ്ങളുമായി സൈറണ്‍ വിളിച്ചെത്തുന്ന ആംബുലന്‍സുകള്‍. ആരുടെയൊക്കെയോ വീഴ്ചകള്‍ക്ക് ജീവിതം ബലിനല്‍കേണ്ടിവന്ന നിരപരാധികളുടെ അന്ത്യം ഈ നാടിന്റെ മനഃസാക്ഷിയിലുളവാക്കിയ മുറിവ് അത്രവേഗം ഉണങ്ങില്ല. യുദ്ധഭൂമിപോലെ കിടക്കുകയാണ് ദുരന്തമുണ്ടായ പ്രദേശം. നിലത്തെ പുല്ലുമുതല്‍ ഉയരംകൂടിയ തെങ്ങുകള്‍വരെ കത്തിക്കരിഞ്ഞു. കത്തിയമര്‍ന്ന വീടുകള്‍, വെപ്പും കുടിയുമില്ലാതെ സന്താപരേഖ പടര്‍ന്ന മുഖവുമായി വരാന്തയിലിരുന്ന് വിതുമ്പുന്നവര്‍, ഇടക്കിടെ ഉയരുന്ന കരള്‍പിളര്‍ക്കുന്ന നിലവിളികള്‍, ഓണപ്പൂക്കളമൊരുക്കേണ്ട മുറ്റങ്ങളിലെല്ലാം വലിച്ചുകെട്ടിയ താര്‍പ്പായപ്പന്തല്‍- ഇല്ല, ചാലയില്‍നിന്ന് നഞ്ഞ കണ്ണും വിതുമ്പുന്ന ഹൃദയവുമായല്ലാതെ മടങ്ങാനാകില്ല.

പക്ഷേ ഇതൊന്നും നാടുവാഴുന്നവരുടെ മനസ്സലിയിക്കുന്നില്ല. ചട്ടപ്പടി മാര്‍ഗങ്ങളുടെ മെല്ലെപ്പോക്കില്‍ ദുരന്തത്തെക്കാള്‍ ഭീതിദമായ നീതികേടിന് ഇരകളാകുകയാണ് എല്ലാം നഷ്ടപ്പെട്ട സഹജീവികള്‍. മൂന്നുദമ്പതിമാരടക്കം മരിച്ചത് 11പേര്‍. പല വീടുകളിലും മിക്കവരും പൊള്ളലേറ്റ് ആശുപത്രിയിലാണ്. സംസ്കാരച്ചടങ്ങുകള്‍ എങ്ങനെ നിര്‍വഹിക്കുമെന്നുപോലും അറിയാതെ രക്ഷാപ്രവര്‍ത്തകര്‍ കുഴങ്ങുന്നു. വീടുകളിലെവിടെയും ഭക്ഷണമുണ്ടാക്കുന്നില്ല. വൈദ്യുതമോട്ടോറുകള്‍ കത്തിപ്പോയതിനാല്‍ വെള്ളമെടുക്കാനും കഴിയുന്നില്ല. ഭീകരദുരന്തത്തിന്റെ ദൃക്സാക്ഷികള്‍ക്ക് കൗണ്‍സലിങ് നല്‍കാനുള്ള മര്യാദ ആരോഗ്യവകുപ്പും നിര്‍വഹിച്ചിട്ടില്ല. നാട്ടുകാരും രക്ഷാപ്രവര്‍ത്തനത്തിന് മുന്നിട്ടിറങ്ങിയവരുമല്ലാതെ ഈ മരണഭൂമിയില്‍ മറ്റാരും തുണനില്‍ക്കുന്നില്ല. പ്രത്യേക മെഡിക്കല്‍സംഘത്തെ അയക്കുമെന്ന വാഗ്ദാനവും പാഴ്വാക്കായി. റവന്യൂസംഘത്തിന്റെ നഷ്ടക്കണക്കെടുപ്പുമാത്രമേ മുറയ്ക്ക് നടക്കുന്നുള്ളൂ. സഹജീവികള്‍ക്ക് സമാശ്വാസം പകരലാണ് മനുഷ്യത്വത്തിന്റെ ആദ്യപടിയെന്നതും അധികൃതര്‍ ജലരേഖയാക്കി. വെള്ളിയാഴ്ച ടി വി രാജേഷ് എംഎല്‍എ എത്തി കര്‍ശനിര്‍ദേശം നല്‍കിയശേഷമാണ് ആശപ്രവര്‍ത്തകര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരുടെ നേതൃത്വത്തില്‍ ക്ലോറിനേഷന്‍ചെയ്യാന്‍ തുടങ്ങിയത്.

ദുരന്തഭൂമിയില്‍ പൊലീസ് കാഴ്ചക്കാരാകുന്ന പതിവ് ആവര്‍ത്തിക്കുന്നതാണ് വെള്ളിയാഴ്ചയും കണ്ടത്. ജനമൈത്രിയില്‍നിന്ന് അകന്ന അവര്‍ റോഡില്‍ ഗതാഗതം നിയന്ത്രിക്കുന്നതില്‍ വ്യാപൃതരായി. ഏങ്ങലുയരുന്ന ഒരുവീട്ടിലേക്കും കാക്കിക്കുപ്പായക്കാര്‍ എത്തിയില്ല. ഭക്ഷണവും അണുവിമുക്തമാക്കിയ ശുദ്ധജലവുമൊന്നും ദുരന്തഭൂമിയിലേക്ക് എത്തിക്കാന്‍ ജില്ലാ അധികൃതര്‍ക്ക് കഴിഞ്ഞില്ല. മനുഷ്യമാംസം കരിഞ്ഞുവീണ ഇടങ്ങളില്‍ പകര്‍ച്ചവ്യാധിക്ക് സാധ്യതയുണ്ടെന്ന മുന്നറിയിപ്പ് നല്‍കാന്‍ ആരോഗ്യവകുപ്പിനും കഴിഞ്ഞില്ല. തന്റെ മണ്ഡലത്തിലെ ദുരന്തത്തില്‍ രാപ്പകല്‍ രക്ഷകനായി നില്‍ക്കണമെന്ന മനുഷ്യത്വം മണ്ഡലം എംഎല്‍എയും കാട്ടിയില്ല. മൃതദേഹങ്ങളുടെ ഇന്‍ക്വസ്റ്റിലും പോസ്റ്റുമോര്‍ട്ടത്തിലും പൊലീസ് ഇതേ അനാസ്ഥ കാട്ടി. ദുരന്തകാരണമറിയാമെന്നതിനാല്‍ ഇന്‍ക്വസ്റ്റ് ചട്ടപ്പടി നടത്തേണ്ടതല്ല. അതിനും അനാവശ്യമായ താമസമാണ് പൊലീസ് വരുത്തിയത്. കഴിഞ്ഞദിവസം പരിയാരത്ത് മരിച്ച അബ്ദുള്‍റസാഖിന്റെ മൃതദേഹം പോസ്റ്റ്മോര്‍ട്ടംചെയ്തത്, പുലര്‍ച്ചെ ആശുപത്രിയിലെത്തിയ മുന്‍ ആരോഗ്യമന്ത്രി പൊലീസില്‍ ശക്തമായ സമ്മര്‍ദം ചെലുത്തിയതിനെ തുടര്‍ന്നാണ്. മൃതദേഹങ്ങളോടുപോലും ആദരവ് കാട്ടാത്തവര്‍ ജീവഛവമായവരോട് എങ്ങനെ പെരുമാറുമെന്ന് മനസിലായെന്നാണ് പൊള്ളലേറ്റയാളുടെ ബന്ധു രോഷത്തോടെ പ്രതികരിച്ചത്.
(സതീഷ് ഗോപി)

പ്രത്യേക പാക്കേജ് വേണം: കെ കെ ശൈലജ

ചാല ടാങ്കര്‍ ദുരന്തത്തിനിരയാവരുടെ പുനരധിവാസത്തിന് പ്രത്യേകപാക്കേജ് പ്രഖ്യാപിക്കണമെന്ന് ജനാധിപത്യ മഹിളാഅസോസിയേഷന്‍ സംസ്ഥാന സെക്രട്ടറി കെ കെ ശൈലജ ആവശ്യപ്പെട്ടു.

ദുരന്തത്തില്‍ ജീവിതം നശിച്ച എല്ലാവര്‍ക്കും സമാശ്വാസമാകുന്നതാകണം പാക്കേജ്. തകര്‍ന്ന വീടുകള്‍ പുനര്‍നിര്‍മിച്ചു നല്‍കണം. മരിച്ചവരുടെ ആശ്രിതര്‍ക്ക് ധനസഹായത്തിന് പുറമെ കുടുംബത്തില്‍ ഒരാള്‍ക്ക് സര്‍ക്കാര്‍ ജോലിയും നല്‍കണം. പൊള്ളലേറ്റ് മരിച്ച ജന്തുമൃഗാദികളുടെ ജഡങ്ങളടക്കം ശരിയാംവണ്ണം മറവുചെയ്തിട്ടില്ല. ദുരന്തമേഖലയില്‍ പകര്‍ച്ചവ്യാധിക്ക് സാധ്യതയുള്ളതിനാല്‍ കുറച്ചുകാലത്തേക്ക് മെഡിക്കല്‍ സംഘത്തെ നിയോഗിക്കണം. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ നാട്ടുകാരെ സഹായിക്കാനും ജനപ്രവാഹം നിയന്ത്രിക്കാനും പൊലീസിന്റെ സ്ഥിരം സാന്നിധ്യം ആവശ്യമാണ്. ഇപ്പോള്‍ വിഐപി സന്ദര്‍ശനവേളകളിലാണ് പൊലീസ് എത്തുന്നത്. പരിക്കേറ്റവര്‍ക്ക് വിദഗ്ധ ചികിത്സയും വിദേശത്തുനിന്നടക്കമുള്ള ഫലപ്രദമായ മരുന്നുകളും ലഭ്യമാക്കാന്‍ സര്‍ക്കാര്‍ നടപടിയെടുക്കണം. കടകള്‍ കത്തി ജീവനോപാധി നഷ്ടപ്പെട്ടവര്‍ക്ക് പുനരധിവാസ പദ്ധതി ആവിഷ്കരിക്കണമെന്നും ശൈലജ ആവശ്യപ്പെട്ടു.

മനുഷ്യത്വപൂര്‍ണമായ സമീപനം വേണം: പി കെ ശ്രീമതി

ഗ്യാസ് ടാങ്കര്‍ പൊട്ടിത്തെറിച്ച് വന്‍ദുരന്തമുണ്ടായ ചാലയില്‍ സര്‍ക്കാര്‍ മനുഷ്യത്വപൂര്‍ണമായ സമാശ്വാസനടപടികള്‍ സ്വീകരിക്കണമെന്ന് സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം പി കെ ശ്രീമതി പറഞ്ഞു. അത്യന്തം ദയനീയ സ്ഥിതിയാണ് ചാലയില്‍. ആരും തിരിഞ്ഞുനോക്കാനില്ലാത്ത ദുരന്തഭൂമിപോലെയാണ് അപകടമുണ്ടായ പ്രദേശം. മഹിളാ അസോസിയേഷന്‍ നേതാക്കള്‍ക്കൊപ്പം ദുരന്തത്തിനിരയായവരുടെയും മരിച്ചവരുടെയും വീടുകള്‍ സന്ദര്‍ശിച്ച ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അവര്‍.

പൊള്ളലേറ്റവര്‍ക്ക് ഫലപ്രദമായ ചികിത്സ നല്‍കാന്‍ ജില്ലയില്‍ സംവിധാനമില്ല. ഇവരെ മറ്റെവിടേക്കെങ്കിലും കൊണ്ടുപോകുന്നതും എളുപ്പമല്ല. വിദഗ്ധഡോക്ടര്‍മാരുടെ ഒരു സംഘത്തെ ഇവിടേക്ക് എത്തിക്കുകയാണ് വേണ്ടത്. സൂപ്പര്‍ സ്പെഷ്യാലിറ്റി ടീമിനെ നിയോഗിക്കുന്നതാകും ഉചിതം. പൊള്ളലേറ്റവരുടെ ജീവന്‍ രക്ഷിക്കാന്‍ സര്‍ക്കാരിന് ചുമതലയുണ്ട്. ഇത്തരം ദുരന്തങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ സാധ്യമായതെല്ലാം ചെയ്യണം. ഓരോ വീട്ടിലും നടുക്കുന്ന കാഴ്ചകളാണ് വരവേല്‍ക്കുന്നത്. സമാശ്വാസനടപടികളുടെ പ്രഖ്യാപനം മുകള്‍ത്തട്ടിലൊതുങ്ങരുത്. ഇവിടെയുള്ളവര്‍ക്ക് ആവശ്യം പ്രഖ്യാപനങ്ങളല്ല. സാന്ത്വനമാണ്. വീടുകളിലേക്ക് അധികൃതര്‍ തിരിഞ്ഞുനോക്കുന്നില്ല. ഉറ്റവരുടെ ജീവനും വീടും വസ്തുവകകളും നഷ്ടപ്പെട്ടവരോട് കാരുണ്യപൂര്‍വമായ നടപടി സ്വീകരിക്കണം. മൃതദേഹം പോസ്റ്റുമോര്‍ട്ടം ചെയ്ത് ഉറ്റവര്‍ക്ക് കൈമാറുന്നതിലും പൊലീസ് വീഴ്ച വരുത്തുന്നു- പി കെ ശ്രീമതി പറഞ്ഞു.

ജനാധിപത്യ മഹിളാ അസോസിയേഷന്‍ സംസ്ഥാനസെക്രട്ടറിയും സിപിഐ എം കേന്ദ്രകമ്മിറ്റി അംഗവുമായ കെ കെ ശൈലജ, കെ ലീല, ടി വി ലക്ഷ്മി, കെ ശോഭ എന്നിവരും സംഘത്തിലുണ്ടായിരുന്നു.

പ്രത്യേക പാക്കേജ് തിങ്കളാഴ്ച തീരുമാനിക്കും: മുഖ്യമന്ത്രി

ചാല ടാങ്കര്‍ലോറി സ്ഫോടനദുരന്തത്തിനിരയായവരെ സഹായിക്കുന്നതിനുള്ള പാക്കേജ് തിങ്കളാഴ്ചത്തെ പ്രത്യേക കാബിനറ്റ് യോഗത്തില്‍ തീരുമാനിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ദുരന്തത്തില്‍ മരിച്ചവരുടെ വീടുകളും പരിക്കേറ്റ് വിവിധ ആശുപത്രികളില്‍ കഴിയുന്നവരെയും സന്ദര്‍ശിച്ചശേഷം ഗസ്റ്റ് ഹൗസില്‍ ചേര്‍ന്ന അവലോകനയോഗത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്.

പാക്കേജ് സംബന്ധിച്ച കാര്യം അഞ്ചിന് ചേരുന്ന സാധാരണ കാബിനറ്റിലും ചര്‍ച്ച ചെയ്യും. ടാങ്കര്‍ ലോറികളെ നിയന്ത്രിക്കാന്‍ റെയില്‍വേയുടെ സഹായം തേടും. നിലവില്‍ തിരുവനന്തപുരത്തും കൊച്ചിയിലും റെയില്‍വേ ടാങ്കര്‍ ലോറികളെ എത്തിക്കുന്നുണ്ട്. ഇത് കോഴിക്കോട്ടേക്കും വ്യാപിപ്പിക്കാന്‍ ശ്രമിക്കും. കൂടുതല്‍ സഹായം പ്രധാനമന്ത്രിയോടും ആവശ്യപ്പെടും. സംസ്ഥാനത്തെ മുഴുവന്‍ റോഡുകളിലും റോഡ് സുരക്ഷാ സര്‍വേ നടത്തും. ജില്ലയില്‍ ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് റോഡ് സുരക്ഷാ അതോറിറ്റിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. മേലേചൊവ്വ മുതല്‍ പുതിയതെരു വരെ നാലുവരിപ്പാത നിര്‍മിക്കുന്ന കാര്യം പരിഗണിക്കും. ചാലയിലെ വളവ് നീക്കാനും നടപടിയെടുക്കും. ഇവിടത്തെ എട്ടുകിലോമീറ്ററില്‍ വെളിച്ചം സ്ഥാപിക്കും. രണ്ടിടങ്ങളില്‍ ഹൈമാസ്റ്റ് ലൈറ്റും സ്ഥാപിക്കും. മൊയ്തുപാലത്തിന്റെ നിര്‍മാണം ത്വരിതപ്പെടുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

മന്ത്രിമാരായ പി കെ കുഞ്ഞാലിക്കുട്ടി, കെ സി ജോസഫ്, എംഎല്‍എമാരായ കെ കെ നാരായണന്‍, എ പി അബ്ദുള്ളക്കുട്ടി, കെ എം ഷാജി, കെ സുധാകരന്‍ എംപി, പൊലീസ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

deshabhimani 010912

3 comments:

  1. ഉത്രാടത്തലേന്ന് രാത്രി തുടങ്ങിയ കണ്ണീര്‍മഴ കണ്ണൂര് ചാലയില്‍ പെയ്തുതോര്‍ന്നിട്ടില്ല. ഓരോ പ്രഭാതവും വിളിച്ചുണര്‍ത്തുന്നത് ഉറ്റവരുടെ വിയോഗവാര്‍ത്തകള്‍. വെള്ള പുതപ്പിച്ച മൃതദേഹങ്ങളുമായി സൈറണ്‍ വിളിച്ചെത്തുന്ന ആംബുലന്‍സുകള്‍. ആരുടെയൊക്കെയോ വീഴ്ചകള്‍ക്ക് ജീവിതം ബലിനല്‍കേണ്ടിവന്ന നിരപരാധികളുടെ അന്ത്യം ഈ നാടിന്റെ മനഃസാക്ഷിയിലുളവാക്കിയ മുറിവ് അത്രവേഗം ഉണങ്ങില്ല. യുദ്ധഭൂമിപോലെ കിടക്കുകയാണ് ദുരന്തമുണ്ടായ പ്രദേശം. നിലത്തെ പുല്ലുമുതല്‍ ഉയരംകൂടിയ തെങ്ങുകള്‍വരെ കത്തിക്കരിഞ്ഞു. കത്തിയമര്‍ന്ന വീടുകള്‍, വെപ്പും കുടിയുമില്ലാതെ സന്താപരേഖ പടര്‍ന്ന മുഖവുമായി വരാന്തയിലിരുന്ന് വിതുമ്പുന്നവര്‍, ഇടക്കിടെ ഉയരുന്ന കരള്‍പിളര്‍ക്കുന്ന നിലവിളികള്‍, ഓണപ്പൂക്കളമൊരുക്കേണ്ട മുറ്റങ്ങളിലെല്ലാം വലിച്ചുകെട്ടിയ താര്‍പ്പായപ്പന്തല്‍- ഇല്ല, ചാലയില്‍നിന്ന് നഞ്ഞ കണ്ണും വിതുമ്പുന്ന ഹൃദയവുമായല്ലാതെ മടങ്ങാനാകില്ല.

    ReplyDelete
  2. ചാല ദുരന്തമുണ്ടായ സ്ഥലം സന്ദര്‍ശിക്കാനെത്തിയ എംഎല്‍എ അബ്ദുള്ളക്കുട്ടിക്കെതിരെ ജനങ്ങളുടെ പ്രതിഷേധം. ദുരന്തമുണ്ടായി നാലു ദിവസം കഴിഞ്ഞിട്ടും സ്ഥലം എംഎല്‍എ ആയ അബ്ദുള്ളക്കുട്ടി തിരിഞ്ഞു നോക്കിയില്ലെന്ന് നാട്ടുകാര്‍ ആരോപിച്ചു. പരിക്കേറ്റവരെ ആശുപത്രിയിലെത്തിക്കാനോ ദുരന്തത്തില്‍പ്പെട്ടവര്‍ക്ക് ആവശ്യമായ സഹായമെത്തിക്കുന്നതിനോ എംഎല്‍എ മുന്നിട്ടിറങ്ങിയില്ലെന്ന് നാട്ടുകാര്‍ പറഞ്ഞു. മരിച്ചവരുടെ വീടുകളും സന്ദര്‍ശിച്ചില്ല. ശനിയാഴ്ച രാവിലെ ചാലയിലെത്തിയ അബ്ദുള്ളക്കുട്ടിയെ നാട്ടുകാര്‍ തടഞ്ഞു.

    ReplyDelete
  3. ടാങ്കര്‍ ദുരന്തത്തില്‍പ്പെട്ടവരുടെ വീടുകള്‍ സിപിഐ എം സംസ്ഥാനസെക്രട്ടറി പിണറായി വിജയനും പ്രതിപക്ഷനേതാവ് വിഎസും സന്ദര്‍ശിച്ചു. ശനിയാഴ്ച രാവിലെ ഒമ്പതരയോടെ ചാലയിലെത്തിയ പിണറായി ആദ്യം അപകടമുണ്ടായ സ്ഥലം സന്ദര്‍ശിച്ചു. പിന്നീട് മരിച്ചവരുടെയും പരിക്കേറ്റവരുടെയും വീടുകളില്‍ സന്ദര്‍ശനമാരംഭിച്ചു. സിപിഐ എം നേതാക്കളായ കോടിയേരി ബാലകൃഷ്ണനും പികെ ശ്രീമതിയും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. പരിക്കേറ്റ് ആശുപത്രികളില്‍ കഴിയുന്നവരെയും അദ്ദേഹം സന്ദര്‍ശിക്കും. പത്തോടെ വി എസ് അച്യുതാനന്ദനും ചാല സന്ദര്‍ശിച്ചു. ജില്ലാ സെക്രട്ടറി പി ജയരാജനും മറ്റു നേതാക്കളും അദ്ദേഹത്തോടൊപ്പമുണ്ട്.

    ReplyDelete