Saturday, September 1, 2012

സംഘപരിവാറിന്റെ തനിനിറം


ബിജെപിയുടെ "മാതൃകാ"ഭരണം ഗുജറാത്തിലാണെന്നാണ് അവര്‍ അവകാശപ്പെടുന്നത്. ആ പാര്‍ടിയുടെയും ആര്‍എസ്എസിന്റെയും ഉന്നത നേതാവായ നരേന്ദ്രമോഡിയുടെ ഭരണത്തില്‍ ഗുജറാത്തില്‍ വംശഹത്യ നടന്നിട്ട് പത്തുവര്‍ഷം കഴിഞ്ഞു. വൈകിയാണെങ്കിലും ജനങ്ങള്‍ക്ക് നീതി ലഭിക്കാന്‍ സാഹചര്യമുണ്ടായതില്‍ കൃതാര്‍ഥതയുണ്ട്. ന്യൂനപക്ഷ മതവിഭാഗത്തില്‍പെട്ട ആയിരക്കണക്കിന് ജനങ്ങള്‍ കൂട്ടക്കശാപ്പിനിരയായി ഇത്രയുംകാലം കഴിഞ്ഞിട്ടും സംഭവത്തില്‍ ഖേദം പ്രകടിപ്പിക്കാന്‍ മുഖ്യമന്ത്രി നരേന്ദ്രമോഡിയോ സംഘപരിവാറിന്റെ മറ്റേതെങ്കിലും നേതാവോ തയ്യാറായിട്ടില്ലെന്നത് ആ സംഘത്തിന്റെ തനിനിറം വെളിപ്പെടുത്തുന്നതാണ്.

കുറ്റബോധത്തിനുപകരം അഭിമാനബോധമാണത്രേ അവര്‍ക്കുള്ളത്. വിശ്വഹിന്ദുപരിഷത്തിന്റെ അഖിലലോകനേതാവായ പ്രവീണ്‍ തൊഗാഡിയ പരസ്യമായി പ്രസംഗിച്ചത്, മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തോടെ സംഘപരിവാര്‍ കേന്ദ്രത്തില്‍ അധികാരത്തില്‍ വന്നാല്‍ ഇന്ത്യന്‍ ഭരണഘടന ഭേദഗതിചെയ്ത് ഇന്ത്യ ഹിന്ദുരാഷ്ട്രമായി പ്രഖ്യാപിക്കുമെന്നാണ്; ഹിന്ദുരാഷ്ട്രം സ്ഥാപിതമായാല്‍ ഒന്നാമതായി, മുസ്ലിങ്ങളെ ഉന്മൂലനം ചെയ്യുമെന്നും രണ്ടാമതായി, കപടമതനിരപേക്ഷവാദികളെ തുടച്ചുനീക്കുമെന്നുമാണ്. ബിജെപിയുടെ വേദഗ്രന്ഥമായി കരുതുന്ന "വിചാരധാര"യില്‍ ഭാരതത്തിന്റെ യഥാര്‍ഥ അവകാശികള്‍ ഹിന്ദുക്കള്‍മാത്രമാണെന്ന് വ്യക്തമാക്കിയിരിക്കുന്നു. മറ്റു മതക്കാര്‍ ഇവിടെ വിരുന്നുവന്നവരാണെന്നാണ് അവരുടെ കാഴ്ചപ്പാട്. സംഘപരിവാറിന്റെ ഈ സിദ്ധാന്തമാണ് നരേന്ദ്രമോഡി 2002ല്‍ ഗുജറാത്തില്‍ പ്രാവര്‍ത്തികമാക്കിയത്. ആയിരക്കണക്കിന് ന്യൂനപക്ഷങ്ങളെ കൂട്ടക്കൊലചെയ്തും ആയിരക്കണക്കിന് വീടുകളും കടകളും അഗ്നിക്കിരയാക്കിയും അവരുടെ നയം നടപ്പില്‍വരുത്തി. തികച്ചും ആസൂത്രിതമായ ആക്രമണമാണ് ഗുജറാത്തില്‍ നടന്നത്്. ഗുജറാത്തിലെ വംശഹത്യ, ഗോധ്രയില്‍ സബര്‍മതി എക്സ്പ്രസില്‍ നടന്ന ആക്രമണത്തിന്റെ പ്രത്യാഘാതമാണെന്നുപറഞ്ഞ് അത് ലഘൂകരിക്കാനും ന്യായീകരണം കണ്ടെത്താനും ശ്രമം നടന്നു. ഏതു പ്രവര്‍ത്തനത്തിനും പ്രതിപ്രവര്‍ത്തനം ഉണ്ടാവുക സ്വാഭാവികമാണെന്നും അവര്‍ പറയുകയുണ്ടായി.

യഥാര്‍ഥത്തില്‍ ഗോധ്ര സംഭവത്തിന് വളരെമുമ്പുതന്നെ ഗുജറാത്തില്‍ ന്യൂനപക്ഷവിഭാഗങ്ങള്‍ താമസിക്കുന്ന പ്രദേശങ്ങളിലെ സ്ഥിതിവിവരക്കണക്കുകള്‍ സംഘപരിവാര്‍ പ്രവര്‍ത്തകര്‍ ശേഖരിച്ചതായി വിവരമുണ്ട്. ആക്രമണത്തിന് വിധേയരാക്കേണ്ടുന്നവരുടെ പട്ടികയും മുന്‍കൂട്ടി ശേഖരിച്ചുവച്ചു. നരേന്ദ്രമോഡിയുടെ മന്ത്രിസഭയിലെ അംഗങ്ങളും സംഘപരിവാര്‍ നേതാക്കളും ഉന്നതോദ്യോഗസ്ഥരും പൊലീസ് അധികാരികളും സംഘപരിവാര്‍ ക്രിമിനലുകളും കൂട്ടുചേര്‍ന്ന് ന്യൂനപക്ഷ മതവിഭാഗങ്ങള്‍ക്കെതിരെ വ്യാപകമായ ആക്രമണം അഴിച്ചുവിടുകയാണുണ്ടായത്. പൊലീസ് അധികാരികള്‍ അക്രമികള്‍ക്ക് സംരക്ഷണം നല്‍കുകയും അവരോടൊപ്പം കുറ്റകൃത്യങ്ങളില്‍ പങ്കാളികളാകുകയും ചെയ്തു. അതുകൊണ്ടുതന്നെ ആയിരക്കണക്കിന് പൗരന്മാര്‍ കൊല്ലപ്പെട്ടിട്ടും, വീടുകളും കടകളും അഗ്നിക്കിരയാക്കിയിട്ടും നിയമാനുസരണമുള്ള നടപടികളൊന്നുമുണ്ടായില്ല. സുപ്രീംകോടതി ഇടപെട്ടതിനുശേഷമാണ് ചില കേസുകളില്‍ സംസ്ഥാനത്തിനുപുറത്ത് വിചാരണ നടത്താന്‍ നിര്‍ബന്ധിതമായത്. ഭീതിമൂലം സംസ്ഥാനത്തിനകത്ത് സാക്ഷിപറയാന്‍ ആളുണ്ടായില്ല. ഇതെല്ലാം സുപ്രീംകോടതിയുടെ ശ്രദ്ധയില്‍ കൊണ്ടുവന്നപ്പോള്‍ ബെസ്റ്റ്ബേക്കറി കേസുള്‍പ്പെടെ പുനരന്വേഷണം നടത്തി ഗുജറാത്തിനുപുറത്ത് വിചാരണ ചെയ്തതിനുശേഷമാണ് പ്രതികള്‍ ശിക്ഷിക്കപ്പെടാന്‍ ഇടയായത്.

സുപ്രീംകോടതി പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചു. ഒമ്പത് അതിവേഗ കോടതികളും വിചാരണയ്ക്കായി സ്ഥാപിച്ചു. സാക്ഷികള്‍ക്ക് നിര്‍ഭയമായി തെളിവുനല്‍കാന്‍ സാഹചര്യം സൃഷ്ടിക്കുന്നതിനുവേണ്ടി അര്‍ധസൈനിക വിഭാഗത്തെത്തന്നെ നിയോഗിച്ചു. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ 67 പേര്‍ കൊല്ലപ്പെട്ട മൂന്ന് സംഭവങ്ങളില്‍ കുറ്റക്കാരെന്നുകണ്ട നിരവധിപേര്‍ക്ക് ജീവപര്യന്തം തടവുള്‍പ്പെടെയുള്ള ശിക്ഷ ലഭിച്ചു. നരോദാ പാട്ടിയയില്‍ നടന്ന കൂട്ടക്കൊലയ്ക്ക് ഉത്തരവാദികളായവരെയാണ് വെള്ളിയാഴ്ച കോടതി ശിക്ഷിച്ചത്. 97 മുസ്ലിങ്ങളാണ് ഈ സംഭവത്തില്‍ പത്തുവര്‍ഷംമുമ്പ് കൊല്ലപ്പെട്ടത്. നരേന്ദ്രമോഡിയുടെ മന്ത്രിസഭയിലെ അംഗമായിരുന്ന മായ ബെന്‍ കൊദ്നാനി എന്ന വനിതയെ 28 വര്‍ഷം കഠിനതടവിന് ശിക്ഷിച്ചിരിക്കുന്നു. കൂട്ടക്കൊലയ്ക്ക് നേതൃത്വം നല്‍കിയ ഈ വനിതയെ പാരിതോഷികമെന്ന നിലയില്‍ സ്ഥാനക്കയറ്റം നല്‍കി 2007ലാണ് മോഡിയുടെ മന്ത്രിസഭയില്‍ അംഗമാക്കിയത്.

ബജ്രംഗ്ദള്‍ നേതാവ് ബാബു ബജ്രംഗിയെ ജീവപര്യന്തം തടവിനാണ് ശിക്ഷിച്ചത്. ബിജെപിയുടെ ഉന്നതരായ നേതാക്കളും പ്രവര്‍ത്തകരും വംശഹത്യാസംഭവത്തില്‍ ശിക്ഷിക്കപ്പെട്ടത് വളരെ പ്രാധാന്യമുള്ള സംഭവമാണ്. 97 പേരുടെ കൊലയ്ക്ക് ഉത്തരവാദികളായ 32 പേരെയാണ് പ്രത്യേകകോടതി ശിക്ഷിച്ചത്. സംഘപരിവാറിന്റെ "മാതൃകാ" മുഖ്യമന്ത്രിയായി കരുതുന്ന നരേന്ദ്രമോഡിക്കും ഈ കോടതിവിധിയിലൂടെ കനത്ത തിരിച്ചടിതന്നെ ലഭിച്ചിരിക്കുന്നു. 2014ല്‍ വരാന്‍പോകുന്ന തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടാണ് ബിജെപി വളരെ മുന്‍കൂട്ടിത്തന്നെ കരുക്കള്‍ നീക്കാന്‍ തുടങ്ങിയത്. കോണ്‍ഗ്രസ് തുടരത്തുടരെ അഴിമതിയില്‍ മുങ്ങി കരകാണാന്‍ കഴിയാതെ കൈകാലിട്ടടിക്കുമ്പോള്‍ അധികാരത്തില്‍ കയറിപ്പറ്റാന്‍ അവസരം കൈവന്നിരിക്കുന്നു എന്ന സ്വപ്നമാണ് ബിജെപി നേതാക്കളെ നയിക്കുന്നത്. നരേന്ദ്രമോഡിയെയാണ് ഭാവിപ്രധാനമന്ത്രിയായി ബിജെപി ഉയര്‍ത്തിക്കാണിക്കുന്നത്. പുത്തരിയില്‍ത്തന്നെ കല്ലുകടിച്ച അനുഭവമാണ് അവര്‍ക്കുണ്ടായത്. എന്‍ഡിഎ സഖ്യത്തിലെ പ്രമുഖ കക്ഷിയായ ഐക്യജനതാദള്‍ നേതാവും ബിഹാര്‍ മുഖ്യമന്ത്രിയുമായ നിതീഷ്കുമാര്‍, മോഡിയെ അംഗീകരിക്കാന്‍ തയ്യാറല്ല. ലാല്‍കൃഷ്ണ അദ്വാനിയും മോഡിയെ അനുകൂലിക്കുമെന്ന് കരുതുന്നില്ല. ബിജെപി കേന്ദ്രത്തില്‍ അധികാരത്തില്‍ വരാനിടയായാല്‍ ഗുജറാത്തിലെ വംശഹത്യ ആവര്‍ത്തിക്കുമെന്നുറപ്പാണ്. നരോദാ പാട്ടിയ കൂട്ടക്കൊലയുടെ സത്യാവസ്ഥ പുറത്തുവന്നതോടെ വംശഹത്യയില്‍ അവര്‍ക്കുള്ള പങ്കാളിത്തം മറനീക്കി പുറത്തുവന്നുകഴിഞ്ഞു.

ഇത്തരമൊരു അഗ്നികുണ്ഡത്തിലേക്ക് ഇന്ത്യയുടെ ഭാവി വലിച്ചെറിയാന്‍ ഉദ്ബുദ്ധരായ സമ്മതിദായകര്‍ തയ്യാറാകുമെന്ന് കരുതാന്‍വയ്യ. ബിജെപിയുടെ "മാതൃകാ"ഭരണമുള്ള മറ്റൊരു സംസ്ഥാനമാണ് കര്‍ണാടകം. ആ പാര്‍ടിയുടെ അഴിമതിനിറഞ്ഞ ജീര്‍ണമുഖമാണ് കര്‍ണാടകത്തില്‍ അനാവരണം ചെയ്യപ്പെട്ടത്. ഇതൊക്കെ ബിജെപിക്ക് ഉറക്കംകെടുത്തുന്ന സാഹചര്യമാണ്. ഗുജറാത്തിലെ വംശഹത്യയുടെ യഥാര്‍ഥ വസ്തുതകള്‍ ബഹുജനസമക്ഷം അവതരിപ്പിക്കാന്‍ മുന്നില്‍നിന്ന് പ്രവര്‍ത്തിച്ചത് സിപിഐ എം ആണെന്ന് നിസ്സംശയം പറയാന്‍ കഴിയും. വംശഹത്യക്ക് ഉത്തരവാദികളായവര്‍ക്ക് നിയമാനുസരണമുള്ള ശിക്ഷ ലഭിക്കുന്നതിനും നീതി ലഭ്യമാക്കുന്നതിനും സാഹചര്യം സൃഷ്ടിച്ച എല്ലാവരും അഭിനന്ദനം അര്‍ഹിക്കുന്നു.

deshabhimani 010912

2 comments:

  1. ബിജെപിയുടെ "മാതൃകാ"ഭരണം ഗുജറാത്തിലാണെന്നാണ് അവര്‍ അവകാശപ്പെടുന്നത്. ആ പാര്‍ടിയുടെയും ആര്‍എസ്എസിന്റെയും ഉന്നത നേതാവായ നരേന്ദ്രമോഡിയുടെ ഭരണത്തില്‍ ഗുജറാത്തില്‍ വംശഹത്യ നടന്നിട്ട് പത്തുവര്‍ഷം കഴിഞ്ഞു. വൈകിയാണെങ്കിലും ജനങ്ങള്‍ക്ക് നീതി ലഭിക്കാന്‍ സാഹചര്യമുണ്ടായതില്‍ കൃതാര്‍ഥതയുണ്ട്. ന്യൂനപക്ഷ മതവിഭാഗത്തില്‍പെട്ട ആയിരക്കണക്കിന് ജനങ്ങള്‍ കൂട്ടക്കശാപ്പിനിരയായി ഇത്രയുംകാലം കഴിഞ്ഞിട്ടും സംഭവത്തില്‍ ഖേദം പ്രകടിപ്പിക്കാന്‍ മുഖ്യമന്ത്രി നരേന്ദ്രമോഡിയോ സംഘപരിവാറിന്റെ മറ്റേതെങ്കിലും നേതാവോ തയ്യാറായിട്ടില്ലെന്നത് ആ സംഘത്തിന്റെ തനിനിറം വെളിപ്പെടുത്തുന്നതാണ്.

    ReplyDelete
  2. നല്ല ആര്‍ട്ടിക്ക്‌ല്‍.........
    സീ പീ ഐ എം ഇനു ഇത് പൊതു ജനസമക്ഷം വരുത്താനുള്ള റോള്‍ എന്താണ്?
    തെഹെല്കയുടെ ചില വീടിയോ (സ്റ്റിംഗ് operation ) കണ്ടിരുന്നു അതുപോലെയോ മറ്റോ..?

    ReplyDelete