Tuesday, September 18, 2012

പെപ്സി കമ്പനിയില്‍ തൊഴിലാളികള്‍ ദുരിതത്തില്‍


ജലചൂഷണം നടത്തി വന്‍ലാഭം കൊയ്യുന്ന കഞ്ചിക്കോട് പെപ്സികോ ഇന്ത്യ ലിമിറ്റഡില്‍ തൊഴിലാളികള്‍ക്ക് അവഗണന. കമ്പനിയുടെ നേട്ടത്തിനായി തൊഴിലാളികളെ വന്‍തോതില്‍ ചൂഷണം ചെയ്യുന്നുണ്ടെങ്കിലും അര്‍ഹമായ ആനുകൂല്യം നല്‍കുന്നില്ല. 2000ത്തില്‍ പെപ്സികമ്പനി തുടങ്ങിയതു മുതല്‍ കരാര്‍ അടിസ്ഥാനത്തിലാണ് തൊഴിലാളികളെ നിയമിക്കുന്നത്. 12 വര്‍ഷമായിട്ടും ഒരു തൊഴിലാളിയെപോലും സ്ഥിരമാക്കിയില്ല. നല്‍കുന്നത് തുച്ഛമായ വേതനവും. സ്ത്രീകള്‍ ഉള്‍പ്പടെ മുന്നൂറോളം തൊഴിലാളികളാണ് ഇവിടെ പണിയെടുക്കുന്നത്. 200 രൂപയില്‍ താഴെയാണ് ഇവരുടെ കൂലി. ശമ്പള വര്‍ധന, ബോണസ്, സ്ഥിരപ്പെടുത്തല്‍ തുടങ്ങിയ ആവശ്യങ്ങള്‍ നിരവധി കാലമായി തൊഴിലാളികള്‍ ഉയര്‍ത്തുന്നുണ്ടെങ്കിലും മാനേജ്മെന്റ് കണ്ടില്ലെന്നു നടിക്കുകയാണ്. നിവൃത്തിയില്ലാത്ത സാഹചര്യത്തില്‍ തൊഴിലാളികള്‍ പ്രക്ഷോഭത്തിന്റെ പാതയിലാണ്. സിഐടിയു, ബിഎംഎസ്, ഐഎന്‍ടിയുസി യൂണിയനുകള്‍ സംയുക്തമായാണ് പ്രക്ഷോഭം സംഘടിപ്പിക്കുന്നത്.

എന്നാല്‍ സമരത്തെ അടിച്ചമര്‍ത്താനാണ് മാനേജ്മെന്റിന്റെ ശ്രമം. കമ്പനിയുടെ 200 മീറ്റര്‍ ചുറ്റളവില്‍ യൂണിയന്‍ നേതാക്കള്‍ക്ക് പ്രവേശനം നിഷേധിച്ച് കമ്പനി ഹൈക്കോടതിയില്‍നിന്ന് ഉത്തരവ് സമ്പാദിച്ചു. കമ്പനിയിലെ ഭൂരിഭാഗം വരുന്ന സ്ത്രീ തൊഴിലാളികളുടെ നേതൃത്വത്തില്‍ വെള്ളിയാഴ്ച കമ്പനി ഗേറ്റില്‍ സമരം നടത്തി. ഇവരെ പൊലീസിനെ ഉപയോഗിച്ച് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്തു. തുടര്‍ന്ന് ശനിയാഴ്ച രാത്രിയില്‍ പൊലീസിന്റെ സാന്നിധ്യത്തില്‍ യൂണിയന്‍ നേതാക്കള്‍ മാനേജ്മെന്റ് പ്രതിനിധികളുമായി നടത്തിയ ചര്‍ച്ചയില്‍ ഞായറാഴ്ച ഉച്ചയ്ക്കകം തീരുമാനം അറിയിക്കുമെന്നാണ് പറഞ്ഞത്. തിങ്കളാഴ്ച വൈകിട്ടുവരെ ഒരു തീരുമാനവും ഉണ്ടായില്ല.

തൊഴിലാളികള്‍ക്ക് അര്‍ഹമായ ആനുകൂല്യ നല്‍കണമെന്നും ദ്രോഹം തുടര്‍ന്നാല്‍ സമരം കൂടുതല്‍ ശക്തമാക്കുമെന്നും സിഐടിയു പുതുശേരി ഡിവിഷന്‍ സെക്രട്ടറി എസ് ബി രാജു അറിയിച്ചു. ഉല്‍പ്പാദനവുമായി നേരിട്ടു ബന്ധപ്പെടുന്ന തൊഴിലാളികള്‍ക്ക് അര്‍ഹമായ ആനുകൂല്യം നല്‍കാന്‍ കമ്പനി അധികൃതര്‍ തയ്യാറാവുന്നില്ല. സ്ഥിരപ്പെടുത്തലും ബോണസുമൊക്കെ മാനേജ്മെന്റ് ജീവനക്കാര്‍ക്കും മേല്‍നോട്ടക്കാര്‍ക്കും മാത്രമാണ്. ഇവര്‍ക്ക് കമ്പനിയുടെ ലാഭത്തിനുസരിച്ച് ബോണസും ഗിഫ്റ്റ് കൂപ്പണും മറ്റ് സമ്മാനങ്ങളും ലഭിക്കുന്നുണ്ട്. എന്നാല്‍ ഉല്‍പ്പാദന ഇന്‍സെന്റീവ് പോലും തൊഴിലാളികള്‍ക്ക് നല്‍കുന്നില്ല. കമ്പനിയാവട്ടെ വന്‍ ലാഭത്തിലാണ് പ്രവര്‍ത്തിക്കുന്നത്. കോടതിയുടെയും സര്‍ക്കാരിന്റെയും ഉത്തരവുകളെ മറികടന്ന് വന്‍തോതില്‍ ജലം ഊറ്റുന്ന കമ്പനി ഇവിടുത്തെ പരിസ്ഥിതിയെ തകര്‍ക്കുകയാണ്. സമീപത്തെ കിണറുകള്‍ വറ്റിവരണ്ടു. മഴക്കാലത്തുപോലും വെള്ളമില്ലാത്ത അവസ്ഥയാണ്. പുതുശേരി മേഖല കടുത്ത ജലക്ഷാമത്തിലേക്ക് നീങ്ങുകയാണ്.

deshabhimani 180912

1 comment:

  1. ജലചൂഷണം നടത്തി വന്‍ലാഭം കൊയ്യുന്ന കഞ്ചിക്കോട് പെപ്സികോ ഇന്ത്യ ലിമിറ്റഡില്‍ തൊഴിലാളികള്‍ക്ക് അവഗണന. കമ്പനിയുടെ നേട്ടത്തിനായി തൊഴിലാളികളെ വന്‍തോതില്‍ ചൂഷണം ചെയ്യുന്നുണ്ടെങ്കിലും അര്‍ഹമായ ആനുകൂല്യം നല്‍കുന്നില്ല. 2000ത്തില്‍ പെപ്സികമ്പനി തുടങ്ങിയതു മുതല്‍ കരാര്‍ അടിസ്ഥാനത്തിലാണ് തൊഴിലാളികളെ നിയമിക്കുന്നത്. 12 വര്‍ഷമായിട്ടും ഒരു തൊഴിലാളിയെപോലും സ്ഥിരമാക്കിയില്ല. നല്‍കുന്നത് തുച്ഛമായ വേതനവും. സ്ത്രീകള്‍ ഉള്‍പ്പടെ മുന്നൂറോളം തൊഴിലാളികളാണ് ഇവിടെ പണിയെടുക്കുന്നത്. 200 രൂപയില്‍ താഴെയാണ് ഇവരുടെ കൂലി

    ReplyDelete