Tuesday, September 18, 2012

സാമ്പത്തിക ഉദാരവല്‍ക്കരണം തീവ്രമാക്കാന്‍ നീക്കം


രാജ്യവ്യാപകമായി ഉയരുന്ന പ്രതിഷേധം അവഗണിച്ച് കടുത്ത സാമ്പത്തിക ഉദാരവല്‍ക്കരണ നടപടി തുടരാന്‍ യുപിഎ സര്‍ക്കാര്‍ നീക്കം. വെള്ളിയാഴ്ച കേന്ദ്രമന്ത്രിസഭ അംഗീകരിച്ച പരിഷ്കരണ പരമ്പരകള്‍ക്ക് തുടര്‍ച്ചയായി കോര്‍പറേറ്റുകളും വന്‍ ബിസിനസുകാരും ആവശ്യപ്പെടുന്ന കടുത്ത സാമ്പത്തിക പരിഷ്കാരങ്ങള്‍ നടപ്പാക്കാനാണ് കേന്ദ്രം തയ്യാറെടുക്കുന്നത്. സാമ്പത്തിക അച്ചടക്കം കൊണ്ടുവരുന്നതിന്റെ ഭാഗമായി ഒക്ടോബര്‍ മുപ്പതിനകം കൂടുതല്‍ നയപരമായ തീരുമാനമുണ്ടാകുമെന്ന് ധനമന്ത്രി പി ചിദംബരം പറഞ്ഞു. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ധനാനുപാതം കുറച്ചതിനെയും ചിദംബരം സ്വാഗതംചെയ്തു.

പ്രധാനമന്ത്രിയുടെ കീഴില്‍ ദേശീയ നിക്ഷേപ ബോര്‍ഡിന് രൂപം നല്‍കുകയെന്നതാണ് നടപ്പാക്കാന്‍ പോകുന്ന പ്രധാന പരിഷ്കരണം. 1000 കോടിയിലധികമുള്ള നിക്ഷേപങ്ങള്‍ക്ക് അതിവേഗം അനുമതി നല്‍കുന്നതിനാണ് ഈ ഉന്നതതല ബോര്‍ഡെന്ന് ധനമന്ത്രി പി ചിദംബരം പറഞ്ഞു. ഇത് നിലവില്‍ വരുന്നതോടെ മന്ത്രാലയങ്ങള്‍ക്ക് ഇത്തരം നിക്ഷേപ പദ്ധതികളില്‍ ഒരധികാരവും ഉണ്ടാകില്ല. പരിസ്ഥിതി, വനം മന്ത്രാലയത്തിന്റെ അംഗീകാരം പോലും ഇത്തരം പദ്ധതികള്‍ക്ക് ആവശ്യമാകില്ല. പ്രധാനമന്ത്രിയുടെ നേതൃത്വത്തിലുള്ള ബോര്‍ഡിന്റെ അംഗീകാരം ലഭിച്ചാല്‍ മറ്റ് എല്ലാ തടസ്സവും ഇല്ലാതാകും. കുത്തകകള്‍ നേരത്തെ തന്നെ ഇത്തരമൊരു സംവിധാനത്തിനായി വാദിക്കുകയായിരുന്നു.

ബഹുബ്രാന്‍ഡ് ഉല്‍പ്പന്നങ്ങളുടെ ചില്ലറവില്‍പ്പനയില്‍ 51 ശതമാനം വിദേശനിക്ഷേപം അനുവദിച്ചതിന്റെ തുടര്‍ച്ചയായി കാര്‍ഷിക ഉല്‍പ്പന്ന കമ്പോളനിയമം (എപിഎംസി ആക്ട്) റദ്ദാക്കാനും സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. വാള്‍മാര്‍ട്ട് പോലുള്ള കമ്പനികള്‍ക്ക് കര്‍ഷകരില്‍ നിന്ന് നേരിട്ട് ഉല്‍പ്പന്നം മൊത്തമായി വാങ്ങുന്നതിനാണ് ഈ നടപടി. ഭൂമി ഏറ്റെടുക്കല്‍ നിയമവും ഉടന്‍ കൊണ്ടുവരും. നിക്ഷേപകര്‍ക്ക് ഭൂമി ലഭ്യമല്ലെങ്കില്‍ എങ്ങനെ പദ്ധതി നടപ്പാകുമെന്ന കോര്‍പറേറ്റുകളുടെ ചോദ്യമാണ് തിടുക്കത്തില്‍ തീരുമാനമെടുക്കാനുള്ള പ്രേരണ. ചരക്ക് സേവന നികുതി പെട്ടെന്ന് നടപ്പാക്കുന്നതിനായി സംസ്ഥാനങ്ങളുമായി ചര്‍ച്ച നടത്തുമെന്നും ചിദംബരം നേരത്തെ വ്യക്തമാക്കിയിരുന്നു.

ബാങ്കിങ് ഭേദഗതി നിയമവും ഇന്‍ഷുറന്‍സ് മേഖലയില്‍ വിദേശനിക്ഷേപം 49 ശതമാനമായി ഉയര്‍ത്താനുള്ള ബില്ലും പെന്‍ഷന്‍ഫണ്ട് സ്വകാര്യവല്‍ക്കരണ ബില്ലും പാര്‍ലമെന്റിന്റെ ശൈത്യകാല സമ്മേളനത്തില്‍ അവതരിപ്പിക്കാനും നീക്കമുണ്ട്. ചിദംബരം ധനമന്ത്രിയായി അധികാരമേറ്റതോടെയാണ് ഉദാരവല്‍ക്കരണനടപടിക്ക് ആക്കം കൂടിയത്. നികുതിവെട്ടിപ്പ് തടയുന്നതിനുള്ള "പൊതുഒഴിവാക്കല്‍ നിയമം" (ഗാര്‍) നീട്ടിവയ്ക്കുന്നതിന് പാര്‍ഥസാരഥിഷോം സമിതിയെ നിശ്ചയിച്ചുകൊണ്ടായിരുന്നു തുടക്കം. പിന്നീട് ഡീസലിന് 5 രൂപ കൂട്ടി. ഡീസല്‍ വില നിയന്ത്രണം ഘട്ടംഘട്ടമായി ഒഴിവാക്കുന്നതിന്റെ ഭാഗമാണിത്. ചില്ലറവില്‍പ്പനമേഖലയിലെ വിദേശനിക്ഷേപം അനുവദിച്ചതും ഇതിന്റെ ഭാഗം. വ്യോമയാനരംഗത്ത് 49 ശതമാനം വിദേശനിക്ഷേപം അനുവദിച്ചത് കിങ്ഫിഷറിനെ രക്ഷിക്കാന്‍ ലക്ഷ്യമിട്ടു മാത്രം. പ്രക്ഷേപണരംഗത്ത് 74 ശതമാനവും വിദേശ നിക്ഷേപവും അനുവദിച്ചു.
(വി ബി പരമേശ്വരന്‍)

ഇളവു നല്‍കി പ്രതിസന്ധി മറികടക്കാന്‍ യുപിഎ ശ്രമം

ന്യൂഡല്‍ഹി: കടുത്ത സാമ്പത്തിക പരിഷ്കരണ നടപടികളുമായി മുന്നോട്ടുപോകാന്‍ തീരുമാനിച്ച യുപിഎ സര്‍ക്കാരിനെതിരെ ദേശീയാടിസ്ഥാനത്തില്‍ പ്രതിഷേധം ശക്തമാകുന്നു. യുപിഎ ഘടകകക്ഷികള്‍ക്കിടയിലും പ്രതിഷേധം ശക്തമായ സാഹചര്യത്തില്‍ നേരിയ ഇളവു നല്‍കി പ്രതിസന്ധി അതിജീവിക്കാനാണ് യുപിഎ സര്‍ക്കാരിന്റെ ശ്രമം. സബ്സിഡി നിരക്കിലുള്ള പാചകവാതക സിലിണ്ടറുകളുടെ എണ്ണം ആറില്‍നിന്ന് പത്താക്കി ഉയര്‍ത്താനും ഡീസല്‍വില ഒരു രൂപ കുറയ്ക്കാനും സര്‍ക്കാര്‍ തയ്യാറായേക്കും. മറ്റ് തീരുമാനങ്ങളില്‍ മാറ്റില്ല. തൃണമൂല്‍ നേതാവ് മമത ബാനര്‍ജിയുമായി പ്രധാനമന്ത്രി ഇക്കാര്യം ചര്‍ച്ചചെയ്യും.

സ്വതന്ത്രരടക്കം 273 അംഗങ്ങളുടെ പിന്തുണയാണ് യുപിഎ സര്‍ക്കാരിനുള്ളത്. തൃണമൂല്‍ പിന്മാറിയാല്‍ പിന്തുണയ്ക്കുന്നവരുടെ എണ്ണം 254 ആയി കുറയും. കേവല ഭൂരിപക്ഷത്തിന് 272 അംഗങ്ങളുടെ പിന്തുണവേണം. സമാജ്വാദി പാര്‍ടിയും ബഹുജന്‍സമാജ് പാര്‍ടിയും പുറത്തുനിന്ന് പിന്തുണയ്ക്കുന്നതിനാല്‍ സര്‍ക്കാരിന് നിലവില്‍ ഭീഷണിയില്ല. 19 സീറ്റുള്ള തൃണമൂല്‍ കോണ്‍ഗ്രസ്, 22 സീറ്റുള്ള എസ്പി, 21 സീറ്റുള്ള ബിഎസ്പി എന്നിവ ഒന്നിച്ച് പിന്തുണ പിന്‍വലിച്ചെങ്കില്‍ മാത്രമേ നിലനില്‍പ്പിന് ഭീഷണിയുള്ളൂ. സമാജ്വാദി പാര്‍ടിയും ബിഎസ്പിയും പിന്തുണ പിന്‍വലിക്കുമെന്ന് പ്രഖ്യാപിച്ചിട്ടില്ല. ജനദ്രോഹ നടപടികള്‍ പിന്‍വലിക്കാന്‍ തൃണമൂല്‍ നല്‍കിയ 72 മണിക്കൂര്‍ സമയപരിധി തിങ്കളാഴ്ച രാത്രിയോടെ തീര്‍ന്നു. കൊല്‍ക്കത്തയില്‍ ചൊവ്വാഴ്ച തൃണമൂല്‍ പാര്‍ലമെന്ററി പാര്‍ടി യോഗം ചേര്‍ന്ന് തുടര്‍നടപടി തീരുമാനിക്കും. ആവശ്യം അംഗീകരിച്ചില്ലെങ്കില്‍ കേന്ദ്രമന്ത്രിമാരെ പിന്‍വലിക്കുകയെന്ന തന്ത്രമായിരിക്കും തൃണമൂല്‍ സ്വീകരിക്കുക. യുപിഎ സര്‍ക്കാര്‍ ഇപ്പോള്‍ എടുത്തിട്ടുള്ള തീരുമാനങ്ങളില്‍ നേരിയ ഇളവുകള്‍ വരുത്താന്‍ തയ്യാറാവുകയും ബംഗാളിനുള്ള സാമ്പത്തികസഹായപദ്ധതി അനുവദിക്കുകയും ചെയ്താല്‍ തൃണമൂലിന്റെ എതിര്‍പ്പ് കുറയും. പിന്തുണ പിന്‍വലിക്കാന്‍ ഡിഎംകെ തയ്യാറാകില്ല.

ഡീസല്‍ വിലവര്‍ധന, സബ്സിഡിയുള്ള പാചകവാതക സിലിണ്ടറുകളുടെ എണ്ണം ആറായി കുറയ്ക്കല്‍, ചില്ലറവില്‍പ്പനമേഖലയിലെ നേരിട്ടുള്ള വിദേശനിക്ഷേപം എന്നീ തീരുമാനങ്ങളോട് എതിര്‍പ്പ് പ്രകടിപ്പിക്കുന്ന സമാജ്വാദി പാര്‍ടിയും ബഹുജന്‍ സമാജ് പാര്‍ടിയും കടുത്ത തീരുമാനങ്ങളെടുക്കാന്‍ തയ്യാറല്ല. എന്‍ഡിഎ ഘടക കക്ഷികളുടെയിടയിലും കേന്ദ്രസര്‍ക്കാരിന്റെ നടപടികളോടുള്ള എതിര്‍പ്പ് പല അളവിലാണ്. മന്‍മോഹന്‍സിങ്ങിന്റെ പ്രതിഛായ തകര്‍ത്ത കല്‍ക്കരി കുംഭകോണത്തില്‍നിന്ന് തല്‍ക്കാലത്തേക്കെങ്കിലും ശ്രദ്ധ മാറ്റാന്‍ കഴിഞ്ഞതാണ് പുതിയ നടപടികൊണ്ട് കോണ്‍ഗ്രസിനുണ്ടായ നേട്ടം. ബൊഫോഴ്സ് അഴിമതി ജനങ്ങള്‍ മറന്നതുപോലെ കല്‍ക്കരി അഴിമതിയും ജനങ്ങള്‍ മറക്കുമെന്ന കേന്ദ്ര ആഭ്യന്തരമന്ത്രി സുശീല്‍കുമാര്‍ ഷിന്‍ഡെയുടെ പ്രസ്താവനയോട് വിവിധ പാര്‍ടികള്‍ ശക്തിയായി പ്രതികരിച്ചിട്ടുണ്ട്. 1984ല്‍ ഇന്ദിര ഗാന്ധിയുടെ വധത്തെത്തുടര്‍ന്ന് നാനൂറിലധികം സീറ്റ് നേടി അധികാരത്തിലെത്തിയ കോണ്‍ഗ്രസ് ബൊഫോഴ്സ് അഴിമതിക്കുശേഷം 1989ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ തോറ്റത് ഓര്‍മിക്കണമെന്ന് വിവിധ പാര്‍ടികള്‍ പറഞ്ഞു.
(വി ജയിന്‍)

പിന്നോട്ടില്ല: ചിദംബരം

ന്യൂഡല്‍ഹി: ഡീസല്‍വിലവര്‍ധന, ചില്ലറവില്‍പ്പന മേഖലയില്‍ വിദേശ നിക്ഷേപം, പാചകവാതക സിലിണ്ടര്‍ പരിമിതപ്പെടുത്തിയ നടപടി എന്നിവ പിന്‍വലിക്കുന്ന പ്രശ്നമില്ലെന്ന് ധനമന്ത്രി പി ചിദംബരം. സര്‍ക്കാര്‍ സഖ്യകക്ഷികളില്‍നിന്നോ പുറത്തുനിന്നോ ഒരു ഭീഷണിയും നേരിടുന്നില്ലെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. തീരുമാനം പിന്‍വലിക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെടുന്നുണ്ട്. എന്നാല്‍, തന്റെ അറിവില്‍ തീരുമാനങ്ങള്‍ പിന്‍വലിക്കാന്‍ സാധ്യതയില്ല. ഉപദേശിക്കുന്നവര്‍ക്ക് അത് തുടരാം. സര്‍ക്കാരിന് ചെയ്യാവുന്നതേ ചെയ്തിട്ടുള്ളൂ. സഖ്യകക്ഷികളെ ബോധ്യപ്പെടുത്താന്‍ സര്‍ക്കാരിന് കഴിയുമെന്നും ചിദംബരം പറഞ്ഞു.

deshabhimani 180912

1 comment:

  1. രാജ്യവ്യാപകമായി ഉയരുന്ന പ്രതിഷേധം അവഗണിച്ച് കടുത്ത സാമ്പത്തിക ഉദാരവല്‍ക്കരണ നടപടി തുടരാന്‍ യുപിഎ സര്‍ക്കാര്‍ നീക്കം. വെള്ളിയാഴ്ച കേന്ദ്രമന്ത്രിസഭ അംഗീകരിച്ച പരിഷ്കരണ പരമ്പരകള്‍ക്ക് തുടര്‍ച്ചയായി കോര്‍പറേറ്റുകളും വന്‍ ബിസിനസുകാരും ആവശ്യപ്പെടുന്ന കടുത്ത സാമ്പത്തിക പരിഷ്കാരങ്ങള്‍ നടപ്പാക്കാനാണ് കേന്ദ്രം തയ്യാറെടുക്കുന്നത്. സാമ്പത്തിക അച്ചടക്കം കൊണ്ടുവരുന്നതിന്റെ ഭാഗമായി ഒക്ടോബര്‍ മുപ്പതിനകം കൂടുതല്‍ നയപരമായ തീരുമാനമുണ്ടാകുമെന്ന് ധനമന്ത്രി പി ചിദംബരം പറഞ്ഞു. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ധനാനുപാതം കുറച്ചതിനെയും ചിദംബരം സ്വാഗതംചെയ്തു.

    ReplyDelete