Monday, September 24, 2012

കലിക്കറ്റില്‍ ബിഎഡിന് ഇനി സെമസ്റ്റര്‍ സമ്പ്രദായം


കലിക്കറ്റ് സര്‍വകലാശാലയില്‍ ബിഎഡ് കരിക്കുലം പരിഷ്കരിച്ചു. ഇനിമുതല്‍ സെമസ്റ്റര്‍ സമ്പ്രദായമായിരിക്കും. സ്കൂള്‍ പാഠ്യപദ്ധതിക്കനുസരിച്ചാണ് പരിഷ്കരണം. നാഷണല്‍ കൗണ്‍സില്‍ ഫോര്‍ ടീച്ചര്‍ എഡ്യുക്കേഷന്‍ അധ്യാപക പരിശീലനത്തിന് തയ്യാറാക്കിയ ദേശീയ നയരേഖയുടെ അടിസ്ഥാനത്തിലുള്ളതാണ് പരിഷ്കരണം. സ്കൂള്‍ കരിക്കുലത്തിലെ പഠന സമീപനം അധ്യാപന പരിശീലനത്തില്‍ ഉള്‍പ്പെടുത്തി പഠനപ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കിയാണ് മാറ്റം. ഐടി അധിഷ്ഠിത പഠനത്തിനും പ്രായോഗികതക്കും പരിഗണന നല്‍കിയിട്ടുണ്ട്. പുതിയ കരിക്കുലത്തില്‍ ഉദ്ദേശ്യങ്ങള്‍, പഠനവസ്തു, പഠനപ്രക്രിയ എന്നിങ്ങനെ സിലബസിനെ തരംതിരിച്ചിട്ടുണ്ട്. അധ്യാപക വിദ്യാര്‍ഥികള്‍ ഒരു യൂണിറ്റ് പഠിക്കുമ്പോള്‍ ഉദ്ദേശ്യം സാക്ഷാത്കരിക്കുന്നതിനായി ഇനി പ്രത്യേകം പഠനപ്രവര്‍ത്തനങ്ങള്‍ നടത്തേണ്ടിവരും. ഘട്ടംഘട്ടമായി മൂല്യനിര്‍ണയം നടത്താനും നിര്‍ദേശമുണ്ട്. മൂല്യനിര്‍ണയം സുതാര്യവും വ്യക്തവുമാക്കാനുള്ള നടപടികളുമുണ്ട്. ബിഎഡ് വിദ്യാര്‍ഥികളുടെ ഇന്റേണല്‍ മാര്‍ക്ക് രഹസ്യമാക്കിവച്ചിരുന്ന പതിവില്‍ മാറ്റംവരുത്തും. മാര്‍ക്ക് പ്രദര്‍ശിപ്പിക്കാനും അപാകമുണ്ടെങ്കില്‍ പരിഹരിക്കാനും പുതിയ കരിക്കുലത്തില്‍ തീരുമാനമുണ്ട്.

ഈ അധ്യയനവര്‍ഷം മുതല്‍ ബിഎഡ് സെമസ്റ്റര്‍ സമ്പ്രദായത്തിലാക്കിയതാണ് സുപ്രധാന പരിഷ്കരണം. 90 പ്രവൃത്തിദിവസവും കോ-കരിക്കുലര്‍ പ്രവര്‍ത്തനങ്ങളുമുള്ള പത്ത് ദിവസവുമടങ്ങുന്ന 105 ദിവസമാണ് ആദ്യ സെമസ്റ്റര്‍ കാലാവധി. കോ-കരിക്കുലര്‍ പ്രവര്‍ത്തനങ്ങളടങ്ങുന്ന 200 ദിവസമാണ് രണ്ടാം സെമസ്റ്ററിലുണ്ടാവുക. രണ്ടാം സെമസ്റ്ററില്‍ 50 പ്രവൃത്തിദിവസം കഴിഞ്ഞാല്‍ മാത്രമേ അധ്യാപക വിദ്യാര്‍ഥികളെ 30 ദിവസത്തെ അധ്യാപക പരിശീലനത്തിന് സ്കൂളുകളിലേക്ക് ഇനിമുതല്‍ അയക്കുകയുള്ളൂ. ഇതുപ്രകാരം തിയറിയിലും പ്രായോഗിക പ്രവര്‍ത്തനങ്ങളിലും 75 ശതമാനം പഠനം പൂര്‍ത്തീകരിച്ചാല്‍ മാത്രമേ അധ്യാപക പരിശീലനത്തിന് അവസരമുണ്ടാകൂ. അധ്യാപക പരിശീലനം കഴിഞ്ഞെത്തി 20 ദിവസത്തിനുള്ളില്‍ കോഴ്സ് പൂര്‍ത്തീകരിക്കുംവിധമാണ് പരിഷ്കരണം.

നിലവില്‍ 1200 മാര്‍ക്കാണ് ബിഎഡ് സിലബസിലുള്ളത്. ഇത് ആയിരമാക്കി ചുരുക്കി. കമ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് വിഷയം പാടെ ഒഴിവാക്കി. 15 മാര്‍ക്ക് വീതമുള്ള ആക്ഷന്‍ റിസര്‍ച്ചും പ്രോജക്ടും പത്ത് മാര്‍ക്കുള്ള പേഴ്സണാലിറ്റി, 15 മാര്‍ക്ക് വീതമുള്ള മെഷര്‍മെന്റ് ആന്‍ഡ് ഇവാലുവേഷന്‍ വൈവ, ഓഡിയോ വിഷ്വല്‍ വൈവ എന്നിവ ഒഴിവാക്കി ഫിസിക്കല്‍ എഡ്യുക്കേഷന്റെ 30 മാര്‍ക്ക് 15 ആയി വെട്ടിച്ചുരുക്കി. പകരം ഓരോ ഓപ്പണ്‍ വിഷയങ്ങള്‍ക്കും 15 മാര്‍ക്കിന്റെ ഫീല്‍ഡ് ടിപ്പ് നിര്‍ബന്ധമാക്കി. ഫിസിക്കല്‍ എഡ്യുക്കേഷന്റെ 15 മാര്‍ക്ക് തിയറി പേപ്പറില്‍ പ്രക്രിയയാക്കി കൂട്ടിച്ചേര്‍ത്തു. ഓരോ പേപ്പറിനും പത്ത് ഇന്റേണല്‍ മാര്‍ക്കും ഏര്‍പ്പെടുത്തി. ഓരോ സെമസ്റ്ററിലും ഇനി മൂന്ന് പൊതു പേപ്പറുകളും രണ്ട് ഓപ്ഷണല്‍ പേപ്പറുകളുമാണുണ്ടാവുക. ഇതില്‍ ഓരോ പേപ്പറിനും 50 മാര്‍ക്കിന്റെ തിയറിയും പത്ത് മാര്‍ക്കിന്റെ ഇന്റേണലുമുണ്ടാകും. മൊത്തത്തില്‍ 500 മാര്‍ക്കിന്റെ തിയറിയും 500 മാര്‍ക്കിന്റെ പ്രായോഗിക പരീക്ഷയുമാണിനിയുണ്ടാകുക.

ഏഴ് വര്‍ഷത്തിനുശേഷമാണ് സര്‍വകലാശാല ബിഎഡ് കരിക്കുലം പരിഷ്കരിച്ചത്. വിവിധ കോളേജുകളില്‍ സിറ്റിങ് നടത്തിയശേഷമാണ് ബിഎഡ് കരിക്കുല നടപടികള്‍ പൂര്‍ത്തീകരിച്ചതെന്നും ശാസ്ത്രീയ പരിഷ്കരണമാണ് നടപ്പാക്കിയതെന്നും എഡ്യുക്കേഷന്‍ ഫാക്കല്‍റ്റി ഡീനും യുജി പഠനബോര്‍ഡ് ചെയര്‍മാനുമായ പ്രൊഫ. എ ഫസലുദ്ദീന്‍ പറഞ്ഞു. പഠനബോര്‍ഡ് വിദഗ്ധര്‍ പരിഷ്കരിച്ച കരിക്കുലത്തിന് വൈസ് ചാന്‍സലര്‍ ഡോ. എം അബ്ദുള്‍സലാമാണ് അംഗീകാരം നല്‍കിയത്. വിഷയം അടുത്ത അക്കാദമിക് കൗണ്‍സിലില്‍ സമര്‍പ്പിക്കും. പരിഷ്കരണം നടപ്പാക്കി ആദ്യ വര്‍ഷത്തില്‍ വിഷയവിദഗ്ധര്‍, അധ്യാപകര്‍, വിദ്യാര്‍ഥികള്‍ എന്നിവരില്‍നിന്നും പ്രതികരണമാരായും. ആവശ്യമെങ്കില്‍ മാറ്റംവരുത്തും. പുതിയ കരിക്കുലത്തില്‍ ബിഎഡ് കോഴ്സ് തുടങ്ങുംമുമ്പ് ടീച്ചര്‍ ട്രെയിനിങ് കോളേജ് അധ്യാപകര്‍ക്ക് ഓറിയന്റേഷന്‍ ക്ലാസുകള്‍ നല്‍കുമെന്നും പ്രൊഫ. എ ഫസലുദ്ദീന്‍ അറിയിച്ചു.
(കെ പ്രവീണ്‍കുമാര്‍)

deshabhimani 240912

1 comment:

  1. കലിക്കറ്റ് സര്‍വകലാശാലയില്‍ ബിഎഡ് കരിക്കുലം പരിഷ്കരിച്ചു. ഇനിമുതല്‍ സെമസ്റ്റര്‍ സമ്പ്രദായമായിരിക്കും. സ്കൂള്‍ പാഠ്യപദ്ധതിക്കനുസരിച്ചാണ് പരിഷ്കരണം. നാഷണല്‍ കൗണ്‍സില്‍ ഫോര്‍ ടീച്ചര്‍ എഡ്യുക്കേഷന്‍ അധ്യാപക പരിശീലനത്തിന് തയ്യാറാക്കിയ ദേശീയ നയരേഖയുടെ അടിസ്ഥാനത്തിലുള്ളതാണ് പരിഷ്കരണം

    ReplyDelete