Monday, September 24, 2012
ആര്‍സിസിയിലെ അനധികൃത നിയമനം അന്വേഷിക്കണം: ലോകായുക്ത
തിരുവനന്തപുരം റീജണല്‍ ക്യാന്‍സര്‍ സെന്റര്‍ നേഴ്സിങ് സൂപ്രണ്ടായി കോണ്‍ഗ്രസ് നേതാവിന്റെ മകളെ അനധികൃതമായി നിയമിച്ചതും എല്‍എല്‍ബി പഠനകാലത്തേതടക്കമുള്ള ആനുകൂല്യമായി 30 ലക്ഷം രൂപ നല്‍കാന്‍ തീരുമാനിച്ചതും സംബന്ധിച്ച എല്ലാ നടപടികളും അന്വേഷിക്കാന്‍ ലോകായുക്ത ഉത്തരവിട്ടു. നേഴ്സിങ് സൂപ്രണ്ട് ഫ്ളവര്‍ അഗസ്റ്റിന് നിയമവിരുദ്ധമായി നിയമനവും ആനുകൂല്യവും നല്‍കിയതായി കാണിച്ച് സമര്‍പ്പിച്ച ഹര്‍ജിയിലാണ് ജസ്റ്റിസ് എം എം പരീത്പിള്ള, ജസ്റ്റിസ് ജി ശശിധരന്‍ എന്നിവരടങ്ങിയ ഡിവിഷന്‍ബെഞ്ചിന്റെ ഉത്തരവ്.
ആര്‍സിസി നേഴ്സിങ് സൂപ്രണ്ടായി 1993ല്‍ നിയമിതയായ ഫ്ളവര്‍ അഗസ്റ്റിനെ പ്രൊബേഷന്‍ പൂര്‍ത്തിയാകുന്നതിനുമുമ്പായി പിരിച്ചുവിട്ടിരുന്നു. ഇതിനെതിരെ അവര്‍ ഹൈക്കോടതിയെ സമീപിച്ചെങ്കിലും പിരിച്ചുവിടല്‍ ഹൈക്കോടതി ശരിവയ്ക്കുകയായിരുന്നു. എന്നാല്‍, ഹൈക്കോടതി ഉത്തരവും ആര്‍സിസിയുടെ നടപടിയും മറികടന്ന് ഫ്ളവര്‍ അഗസ്റ്റിന് പുനര്‍നിയമനവും 1994 മുതലുള്ള ശമ്പളവും ഇതര ആനുകൂല്യങ്ങളും നല്‍കാന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉത്തരവിട്ടു. മുന്‍ യുഡിഎഫ് ഭരണകാലത്തെടുത്ത തീരുമാനം എല്‍ഡിഎഫ് സര്‍ക്കാര്‍ റദ്ദാക്കിയെങ്കിലും ഉമ്മന്‍ചാണ്ടി വീണ്ടും അധികാരമേറ്റശേഷം ഉത്തരവ് പുനഃസ്ഥാപിച്ചു. ഉമ്മന്‍ചാണ്ടിയും ആരോഗ്യമന്ത്രി വി എസ് ശിവകുമാറും പുറപ്പെടുവിച്ച ഉത്തരവ് നിയമവിരുദ്ധവും സ്വജനപക്ഷപാതവും അഴിമതിയുമാണെന്നു കാണിച്ച് എ ഗിരീഷ്കുമാറാണ് അഡ്വ. വര്‍ക്കല കെ എസ് ജെയിന്‍ മുഖേന ലോകായുക്തയെ സമീപിച്ചത്. മുന്‍ ഉത്തരവുകള്‍ ഇറക്കിയ സാഹചര്യംകൂടി അന്വേഷിക്കണമെന്ന ഹര്‍ജിക്കാരന്റെ ആവശ്യം സര്‍ക്കാര്‍ എതിര്‍ത്തു. എന്നാല്‍, സര്‍ക്കാര്‍വാദം തള്ളിയാണ് എല്ലാ നടപടികളും അന്വേഷിക്കാന്‍ ലോകായുക്ത ഉത്തരവിട്ടത്.
ആര്‍സിസിയില്‍നിന്ന് പിരിച്ചുവിട്ടശേഷം 1994 മുതല്‍ ഫ്ളവര്‍ അഗസ്റ്റിന്‍ സ്വകാര്യ ആശുപത്രിയില്‍ ജോലിചെയ്തിരുന്നു. 1996 മുതല്‍ 2000 വരെ ഇവര്‍ തിരുവനന്തപുരം ലോ കോളേജില്‍ നിയമവിദ്യാര്‍ഥിനിയായി. 2000 മുതല്‍ തിരുവനന്തപുരം ബാറില്‍ അഡ്വക്കറ്റായി പ്രാക്ടീസ് ചെയ്ത ഫ്ളവര്‍ അഗസ്റ്റിനെ 2002ല്‍ യുഡിഎഫ് സര്‍ക്കാര്‍ ആര്‍സിസിയില്‍തന്നെ നിയമിച്ചു. മാത്രമല്ല ഇവര്‍ സ്വകാര്യ ആശുപത്രിയില്‍ ജോലിചെയ്തതും നിയമപഠനകാലവും പ്രാക്ടീസ് കാലയളവും ഉള്‍പ്പെടെ ആര്‍സിസിയില്‍ ജോലിചെയ്തതായി പരിഗണിച്ച് ശമ്പളവും മറ്റ് എല്ലാ ആനുകൂല്യങ്ങളും നല്‍കാനും ഉമ്മന്‍ചാണ്ടി 2006 മേയില്‍ ഉത്തരവ് പുറപ്പെടുവിച്ചു. ഇത് നിയമവിരുദ്ധമാണെന്ന് അന്ന് ആരോഗ്യവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയും ധനവകുപ്പും വ്യക്തമാക്കിയിരുന്നെങ്കിലും ഉമ്മന്‍ചാണ്ടി അത് തള്ളി. തിരുവഞ്ചൂര്‍ രാധാകൃഷ്ണനായിരുന്നു അന്ന് ആരോഗ്യമന്ത്രി. സര്‍ക്കാര്‍ നടപടിക്കെതിരെ ആര്‍സിസി ഡയറക്ടര്‍ സമര്‍പ്പിച്ച റിവ്യൂഹര്‍ജി പരിഗണിച്ചാണ് 2007 മേയില്‍ ഉമ്മന്‍ചാണ്ടിയുടെ ഉത്തരവ് എല്‍ഡിഎഫ് സര്‍ക്കാര്‍ റദ്ദാക്കിയത്.
എന്നാല്‍, ഉമ്മന്‍ചാണ്ടി വീണ്ടും മുഖ്യമന്ത്രിയായതോടെ ഫ്ളവര്‍ അഗസ്റ്റിന്‍ പുതിയ അപേക്ഷ സമര്‍പ്പിച്ചു. ആര്‍സിസി ചെയര്‍മാന്‍ എന്നനിലയിലാണ് മുഖ്യമന്ത്രിക്ക് അപേക്ഷ നല്‍കിയത്. ഗവേണിങ് ബോഡിയുടെ അനുമതിയില്ലാതെ മുഖ്യമന്ത്രിയുടെ പ്രത്യേകാധികാരം പ്രയോഗിച്ച ഉമ്മന്‍ചാണ്ടി ഫ്ളവര്‍ അഗസ്റ്റിന് 30 ലക്ഷത്തോളം രൂപയുടെ അനധികൃത ആനുകൂല്യങ്ങള്‍ കൊടുക്കണമെന്ന് 2012 ഏപ്രില്‍ 24ന് ഉത്തരവിട്ടു. ഇതേത്തുടര്‍ന്നാണ് ലോകായുക്തയില്‍ പരാതി സമര്‍പ്പിക്കുന്നത്. മുന്‍ ഉത്തരവുകളും അന്വേഷണവിധേയമാക്കുന്നത് തടയാന്‍ സര്‍ക്കാര്‍ ശ്രമിച്ചെങ്കിലും ലോകായുക്ത അംഗീകരിച്ചില്ല. അതിനിടെ നിയമനം സംബന്ധിച്ച എല്ലാ ഫയലും ഹാജരാക്കണമെന്നും ആനുകൂല്യങ്ങള്‍ നല്‍കാനുള്ള ഉത്തരവ് നടപ്പാക്കുന്നത് തടയണമെന്നും ആവശ്യപ്പെട്ട് പരാതിക്കാരന്‍ രണ്ട് ഹര്‍ജികൂടി സമര്‍പ്പിച്ചിട്ടുണ്ട്. ഇത് നവംബര്‍ രണ്ടിന് പരിഗണിക്കും.
deshabhimani 240912
Labels:
ആരോഗ്യരംഗം,
വലതു സര്‍ക്കാര്‍
Subscribe to:
Post Comments (Atom)
No comments:
Post a Comment