Tuesday, September 18, 2012

ഇടതുപക്ഷത്തെ കാക്കാന്‍ കാഹളമോതി വനിതാകൂട്ടായ്മ


ഓര്‍ക്കാട്ടേരി: ഇടതുപക്ഷത്തിനെതിരായ കടന്നാക്രമണങ്ങളെ എന്തു വിലകൊടുത്തും പ്രതിരോധിക്കുമെന്ന് പ്രഖ്യാപിച്ച് ഓര്‍ക്കാട്ടേരിയില്‍ ഉജ്വല വനിതാകൂട്ടായ്മ. സിപിഐ എമ്മിനെ വേട്ടയാടി നന്മയുടെ ജനപക്ഷ രാഷ്ടീയപ്രസ്ഥാനത്തെ തകര്‍ക്കാനുള്ള മാധ്യമ ഗൂഢാലോചന തിരിച്ചറിഞ്ഞ് ജാഗ്രത പാലിക്കണമെന്ന ആഹ്വാനവുമായി ജനാധിപത്യ മഹിളാ അസോസിയേഷന്‍ ഒഞ്ചിയം എരിയാ കമ്മിറ്റി സംഘടിപ്പിച്ച പ്രകടനവും കൂട്ടായ്മയും സ്ത്രീ ശക്തിയുടെ ഉശിരന്‍ സമരമുന്നേറ്റമായി. വിപ്ലവപ്രസ്ഥാനത്തെ തളര്‍ത്താനുള്ള ശക്തികളെ പ്രതിരോധിക്കുവാനുള്ള സമരമുഖങ്ങളില്‍ വര്‍ധിതാവേശത്തോടെ അണിനിരക്കുമെന്ന് സമരമുഖങ്ങളിലെ പെണ്‍കരുത്ത് പ്രഖ്യാപിച്ചു. മണ്ടോടി കണ്ണന്റെ ജീവരക്തത്താല്‍ ചുവന്ന രക്തപതാകയെയും പ്രസ്ഥാനത്തെയും കണ്ണിലെ കൃഷ്ണമണിപോലെ സംരക്ഷിക്കുമെന്ന് പ്രതിജ്ഞയെടുത്ത കൂട്ടായ്മയില്‍ പ്രതികൂല കാലാവസ്ഥപോലും വകവെക്കാതെ ആയിരങ്ങള്‍ കണ്ണികളായി. ഒഞ്ചിയത്തിന്റെ മണ്ണില്‍ രക്തപതാകയേന്തിയുള്ള പ്രവര്‍ത്തനം ശക്തിപ്പെടുത്താന്‍ കാവലാളായി തങ്ങളുണ്ടാകുമെന്ന പ്രഖ്യാപനത്തിനാണ് ഓര്‍ക്കാട്ടേരി സാക്ഷ്യം വഹിച്ചത്.

വെള്ളികുളങ്ങര നാദാപുരം റോഡില്‍നിന്ന് ആരംഭിച്ച പ്രകടനം ഓര്‍ക്കാട്ടേരി കച്ചേരി മൈതാനായില്‍ സജ്ജമാക്കിയ ക്യാപ്റ്റന്‍ ലക്ഷ്മി നഗറില്‍ സമാപിച്ചു. വനിതാ കൂട്ടായ്മ അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി സുധാസുന്ദര്‍ രാമന്‍ ഉദ്ഘാടനം ചെയ്തു. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ജനവിരുദ്ധനയങ്ങള്‍ ഇംഗ്ലീഷും മലയാളവും കലര്‍ത്തി തമിഴില്‍ സംസാരിച്ചപ്പോള്‍ പരിഭാഷപോലും വേണ്ടിവന്നില്ല. അസോസിയേഷന്‍ അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറി അഡ്വ. പി സതീദേവി അധ്യക്ഷയായി. സംസ്ഥാന സെക്രട്ടറി കെ കെ ശൈലജ, സംസ്ഥാന കമ്മിറ്റിഅംഗം എന്‍ കെ രാധ, ജില്ലാ സെക്രട്ടറി എം കെ നളിനി, ജില്ലാ പ്രസിഡന്റ് കെ കെ ലതിക എംഎല്‍എ എന്നിവര്‍ സംസാരിച്ചു. കെ എസ് പ്രേമകുമാരി സ്വാഗതവും കൊട്ടാരത്തില്‍ ലക്ഷ്മി നന്ദിയും പറഞ്ഞു.

deshabhimani 170912

1 comment:

  1. ഇടതുപക്ഷത്തിനെതിരായ കടന്നാക്രമണങ്ങളെ എന്തു വിലകൊടുത്തും പ്രതിരോധിക്കുമെന്ന് പ്രഖ്യാപിച്ച് ഓര്‍ക്കാട്ടേരിയില്‍ ഉജ്വല വനിതാകൂട്ടായ്മ. സിപിഐ എമ്മിനെ വേട്ടയാടി നന്മയുടെ ജനപക്ഷ രാഷ്ടീയപ്രസ്ഥാനത്തെ തകര്‍ക്കാനുള്ള മാധ്യമ ഗൂഢാലോചന തിരിച്ചറിഞ്ഞ് ജാഗ്രത പാലിക്കണമെന്ന ആഹ്വാനവുമായി ജനാധിപത്യ മഹിളാ അസോസിയേഷന്‍ ഒഞ്ചിയം എരിയാ കമ്മിറ്റി സംഘടിപ്പിച്ച പ്രകടനവും കൂട്ടായ്മയും സ്ത്രീ ശക്തിയുടെ ഉശിരന്‍ സമരമുന്നേറ്റമായി.

    ReplyDelete