Monday, September 17, 2012

അമേരിക്ക അമേരിക്ക


അമേരിക്കന്‍ കുതന്ത്രങ്ങള്‍ അതിജീവിക്കും: ക്യൂബന്‍ സ്ഥാനപതി

ബംഗളൂരു: അമേരിക്ക നടത്തുന്ന എല്ലാ അടിച്ചമര്‍ത്തലും ക്യൂബന്‍ജനത അതിജീവിക്കുമെന്ന് ക്യൂബന്‍ സ്ഥാനപതി അബേലാര്‍ദോ റാഫേല്‍ ക്യൂട്ടോസോസ പറഞ്ഞു. ക്യൂബയെ തളര്‍ത്താന്‍ അമേരിക്ക പല നീചമാര്‍ഗങ്ങളും സ്വീകരിക്കുന്നുണ്ട്. എന്നാല്‍, ജനതയെ ഒന്നാകെ അണിനിരത്തി അതിനെയെല്ലാം ചെറുക്കാന്‍ കഴിയുന്നുവെന്നതാണ് ക്യൂബയുടെ അതിജീവനത്തിന്റെ ശക്തി. ഡിവൈഎഫ്ഐ സമ്മേളനഹാളില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

അടുത്ത കാലത്ത് ക്യൂബയിലേക്ക് കൊണ്ടുവരുന്ന ഇഞ്ചക്ഷന്‍ സൂചിക്കുപോലും അമേരിക്ക വിലക്ക് ഏര്‍പ്പെടുത്തി. ക്യൂബയില്‍ എല്ലാവര്‍ക്കും സൗജന്യചികിത്സയാണ്. എന്നാല്‍, സൂചിയും മറ്റും&ാറമവെ;ഇറക്കുമതിചെയ്യണം. ഇതില്ലാതാക്കി ജനങ്ങളുടെ ചികിത്സ അട്ടിമറിക്കാനാണ് അമേരിക്ക ശ്രമിച്ചത്. അമേരിക്കയുടെ ആജ്ഞ അനുസരിക്കാത്ത രാജ്യങ്ങളുടെ സഹായത്തോടെയാണ് ക്യൂബ ഉപരോധം അതിജീവിച്ചത്. ക്യൂബയ്ക്കെതിരെ അമേരിക്ക നടത്തുന്ന കടന്നാക്രമണത്തെ എതിര്‍ക്കാന്‍ ഐക്യരാഷ്ട്രസഭയില്‍ ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ തയ്യാറാകുന്നില്ല. അവിടെ എത്തുന്ന ഭൂരിപക്ഷം രാജ്യങ്ങളും അമേരിക്കയ്ക്കുവേണ്ടി കൈപൊക്കുന്നവരാണ്. യുവജനങ്ങളെ അവര്‍ക്ക് അഭിരുചിയുള്ള മേഖലയില്‍ പ്രവര്‍ത്തിക്കാന്‍ അവസരം ഒരുക്കിയാണ് ക്യൂബ മുന്നോട്ടുപോകുന്നത്. സാമ്പത്തികവളര്‍ച്ചയുടെ അഭിമാനകരമായ നേട്ടമാണ് ഓരോവര്‍ഷവും ക്യൂബ കൈവരിക്കുന്നതെന്നും സോസ പറഞ്ഞു.

വാള്‍സ്ട്രീറ്റ് പിടിച്ചെടുക്കല്‍ ഒരുവര്‍ഷം പിന്നിട്ടു

ന്യൂയോര്‍ക്: അമേരിക്കയിലെ രൂക്ഷമായ സാമ്പത്തിക അസമത്വത്തിലേക്കും സര്‍ക്കാരിന്റെയും ബാങ്കുകളുടെയും സമ്പന്ന പക്ഷപാതിത്വത്തിലേക്കും ലോകത്തിന്റെ ശ്രദ്ധയാകര്‍ഷിച്ച വാള്‍സ്ട്രീറ്റ് പിടിച്ചെടുക്കല്‍ പ്രക്ഷോഭം തിങ്കളാഴ്ച ഒരു വര്‍ഷം പിന്നിട്ടു. പ്രക്ഷോഭത്തിന്റെ പ്രഭവ കേന്ദ്രമായ വാള്‍സ്ട്രീറ്റിലെ സുക്കോട്ടി പാര്‍ക്കില്‍ രാവിലെ തന്നെ ഒത്തുചേര്‍ന്ന പ്രക്ഷോഭകര്‍ ന്യൂയോര്‍ക് സ്റ്റോക് എക്സ്ചേഞ്ചിലേക്ക് കടക്കുന്നത് പൊലീസ് തടഞ്ഞു. മുന്‍ എപിസ്കോപ്പല്‍ ബിഷപ് ജോര്‍ജ് പക്കാര്‍ഡ് അടക്കം നിരവധി പ്രക്ഷോഭകരെ അറസ്റ്റ് ചെയ്തു. ആഗോള സാമ്പത്തിക തകര്‍ച്ചയ്ക്ക് തുടക്കമിട്ട് തകര്‍ന്നുവീണ അമേരിക്കന്‍ ബാങ്കുകളെയും ധനകാര്യസ്ഥാപനങ്ങളെയും രക്ഷിക്കാന്‍ സര്‍ക്കാര്‍ ഭീമമായി പണം ഒഴുക്കിയിരുന്നു. എന്നാല്‍ ഇതിന്റെ ആനുകൂല്യം ജനങ്ങളില്‍ ഭൂരിപക്ഷത്തിനും ലഭിച്ചില്ല. ഈ അസമത്വമാണ് 99 ശതമാനം ജനങ്ങളെയും പ്രതിനിധാനംചെയ്യുന്ന പിടിച്ചെടുക്കല്‍ പ്രക്ഷോഭത്തിന് കാരണമായത്.

മുസ്ലിം രാജ്യങ്ങളിലേക്ക് അമേരിക്ക പ്രത്യേക സേനയെ അയക്കുന്നു

വാഷിങ്ടണ്‍: പ്രവാചകനെ നിന്ദിക്കുന്ന സിനിമയെ തുടര്‍ന്ന് ശക്തമായ പ്രതിഷേധത്തെ നേരിടാനെന്നപേരില്‍ അറബ് രാജ്യങ്ങളിലേക്ക് അമേരിക്ക സൈനികരെ അയക്കുന്നു. മുസ്ലിം രാജ്യങ്ങളിലെ എംബസികളുടെ സുരക്ഷ വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി 18 കേന്ദ്രങ്ങളിലെ സൈന്യത്തെ പുനര്‍വിന്യസിക്കുമെന്ന് അമേരിക്കന്‍ പ്രതിരോധ സെക്രട്ടറി ലിയോണ്‍ പനേറ്റ വ്യക്തമാക്കി. ലിബിയയിലേക്ക് പ്രത്യേകസേനയിലെ 50 അംഗങ്ങളെ അമേരിക്ക അയച്ചിരുന്നു. പ്രതിഷേധം ശക്തമായ സുഡാനിലേക്കും ഈ സംഘത്തെ അയക്കാന്‍ ആലോചനയുണ്ട്. തങ്ങളുടെ നയതന്ത്ര കാര്യാലയങ്ങളെയും ഉദ്യോഗസ്ഥരെയും സംരക്ഷിക്കേണ്ട ബാധ്യത ബന്ധപ്പെട്ട രാജ്യങ്ങള്‍ക്കാണെന്ന് അമേരിക്ക ആവര്‍ത്തിച്ചു. അമേരിക്കക്കാര്‍ക്ക് എതിരായ അതിക്രമം തങ്ങള്‍ക്ക് വച്ചുപൊറുപ്പിക്കാനാകില്ലെന്നും പ്രസിഡന്റ് ബറാക് ഒബാമ പറഞ്ഞു. കുറച്ചുകാലത്തേക്ക് പ്രതിഷേധം തുടരുമെന്നാണ് തങ്ങളുടെ വിലയിരുത്തലെന്ന് വൈറ്റ്ഹൗസ് പ്രസ് സെക്രട്ടറി ജേ കാര്‍ണി പറഞ്ഞു. ബഫര്‍സോണുകള്‍, വേലികള്‍, മെച്ചപ്പെട്ട ചുറ്റുമതിലുകള്‍, സ്ക്രീനിങ് ഡോറുകള്‍ തുടങ്ങിയ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തി തങ്ങളുടെ എംബസികളെ സുരക്ഷിതമാക്കാനാണ് മറ്റ് രാജ്യങ്ങളോട് അമേരിക്ക നിര്‍ദ്ദേശിക്കുന്നതെന്ന് വിദേശവകുപ്പ് വക്താവ് വിക്ടോറിയ നുലാന്‍ഡ് പറഞ്ഞു.

അമേരിക്കയ്ക്കെതിരെ വ്യാപക പ്രതിഷേധം

കെയ്റോ: പ്രവാചകനെ നിന്ദിക്കുന്ന സിനിമക്കെതിരെ അറബ് രാജ്യങ്ങളില്‍ അമേരിക്കയ്ക്കെതിരായ പ്രതിഷേധം വ്യാപകമാകുന്നു. അമേരിക്കയ്ക്കും സഖ്യശക്തികള്‍ക്കുമെതിരെ കൂടുതല്‍ പ്രതിഷേധം ഉയര്‍ത്താന്‍ അല്‍ ഖായ്ദ ആഹ്വാനംചെയ്തു. ഇതിനിടെ അറബ്-ആഫ്രിക്കന്‍ രാജ്യങ്ങളിലേക്ക് തങ്ങളുടെ പൗരന്മാര്‍ യാത്ര ചെയ്യരുതെന്ന് അമേരിക്ക നിര്‍ദേശിച്ചു. ടുണീഷ്യ, സുഡാന്‍ എന്നീ രാജ്യങ്ങളില്‍ അവശ്യം നയതന്ത്രപ്രതിനിധികളെമാത്രം നിലനിര്‍ത്തി മറ്റുള്ളവരെ തിരിച്ചുവിളിച്ചു.

അമേരിക്കയിലെ കോപ്ടിക് സംഘം നിര്‍മിച്ച വിവാദ വീഡിയോ ചലച്ചിത്രമാണ് വ്യാപക പ്രതിഷേധത്തിന് തിരികൊളുത്തിയത്. "ഇന്നസെന്‍സ് ഓഫ് മുസ്ലിംസ്" (മുസ്ലിങ്ങളുടെ നിരപരാധിത്വം) എന്ന അമച്വര്‍ ചലച്ചിത്രം അറബിപരിഭാഷയില്‍ യൂട്യൂബില്‍ പ്രത്യക്ഷപ്പെട്ടതോടെയാണ് പ്രതിഷേധം ശക്തമായത്. പ്രവാചകന്‍ മുഹമ്മദിനെ തട്ടിപ്പുകാരനായും പെണ്ണുപിടിയനായും ഭ്രാന്തനായുമാണ് ചിത്രത്തില്‍ വരച്ചുകാട്ടുന്നത്. പ്രതിഷേധ പ്രകടനം തീവ്രവാദ സംഘടനകള്‍ ഏറ്റെടുത്തതോടെ അക്രമാസക്തമാവുകയായിരുന്നു. തീവ്രവാദികളുടെ ആക്രമണത്തില്‍ ലിബിയയില്‍ അമേരിക്കന്‍ അംബാസഡറടക്കം നാലുപേര്‍ കൊല്ലപ്പെട്ടിരുന്നു.

അറബ് ലോകത്തിനുപുറത്ത് അമേരിക്കന്‍ സഖ്യകക്ഷിയായ ഓസ്ട്രേലിയയിലും പ്രതിഷേധം വ്യാപിച്ചു. സിഡ്നിയില്‍ അമേരിക്കന്‍ കോണ്‍സുലേറ്റിലേക്ക് പ്രകടനംനടത്തിയ ജനക്കൂട്ടത്തെ പൊലീസ് വിരട്ടിയോടിച്ചു. യൂറോപ്പില്‍ ഏറ്റവുമധികം മുസ്ലിം ജനത അധിവസിക്കുന്ന ഫ്രാന്‍സിലും പ്രതിഷേധം ശക്തമായി. പാരീസില്‍ പൊലീസുമായി പ്രകടനക്കാര്‍ ഏറ്റുമുട്ടി. നൂറോളം പേരെ കസ്റ്റഡിയിലെടുത്തു. ഈജിപ്തിലെ കെയ്റോയില്‍ താഹിര്‍ ചത്വരത്തില്‍ പൊലീസും പ്രതിഷേധക്കാരുമായി നടന്ന ഏറ്റുമുട്ടലില്‍ ഒരാള്‍ കൊല്ലപ്പെട്ടു. സുഡാനിലും ടുണീഷ്യയിലും രണ്ടു പേര്‍ വീതവും ലെബനില്‍ ഒരാളും കൊല്ലപ്പെട്ടു. ലെബനില്‍ അമേരിക്കന്‍ ഫാസ്റ്റ്ഫുഡ് റെസ്റ്റോറന്റിനും പ്രതിഷേധക്കാര്‍ തീയിട്ടു. പലസ്തീനിലെ കിഴക്കന്‍ ജെറുസലേമിലും പ്രകടനം നടന്നു. ഇസ്രയേലിലെ നസ്രേത്തില്‍ നൂറുകണക്കിന് ജനങ്ങള്‍ പ്രതിഷേധത്തില്‍ പങ്കെടുത്തു. സുഡാനില്‍ ജര്‍മ്മന്‍ എംബസിക്ക് തീയിട്ടു. പ്രതിഷേധം നേരിടാനെന്ന പേരില്‍ അറബ് രാജ്യങ്ങളിലേക്ക് സൈന്യത്തെ അയക്കാനുള്ള ശ്രമത്തിനെതിരെ യമന്‍ പാര്‍ലമെന്റ് പ്രമേയം പാസാക്കി.

അമേരിക്കക്കെതിരെ പ്രതിഷേധമുയര്‍ത്തണം: ഹിസ്ബുള്ള

കറാച്ചി: പ്രവാചകന്‍ മുഹമ്മദ് നബിയെ അധിക്ഷേപിക്കുന്ന വിവാദസിനിമയുടെ പശ്ചാത്തലത്തില്‍ അമേരിക്കയ്ക്കെതിരേ ശക്തമായ പ്രതിഷേധമുയര്‍ത്താന്‍ തീവ്രവാദ സംഘടനയായ ഹിസ്ബുള്ളയുടെ ആഹ്വാനം. ഹിസ്ബുള്ള നേതാവ് ഷെയ്ഖ് ഹസന്‍ നസ്റള്ളയാണ് ടെലിവിഷനിലൂടെ അനുയായികള്‍ക്ക് പ്രതിഷേധത്തിന് ആഹ്വാനം നല്‍കിയത്. പ്രതിഷേധക്കാര്‍ യുഎസ് എംബസികള്‍ക്ക് നേരെ രോഷം പ്രകടിപ്പിച്ചാല്‍ മാത്രം പോരെന്ന് പറഞ്ഞ നസ്റുള്ള അമേരിക്കയ്ക്കും പാശ്ചാത്യലോകത്തിനുമെതിരേ മുസ്ലീം രാജ്യങ്ങളിലെ ഭരണാധികാരികള്‍ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം അല്‍- ക്വയ്ദയുടെ അറബ് മേഖലാ ഘടകവും അമേരിക്കക്കെതിരെ ശക്തമായ പ്രതിഷേധത്തിന് ആഹ്വാനം നല്‍കിയിരുന്നു. അമേരിക്കന്‍ സംവിധായകന്റെ ഇന്നസെന്‍സ് ഓഫ് മുസ്ലീംസ് എന്ന ചിത്രമാണ് വിവാദമായത്.

deshabhimani news

1 comment:

  1. അമേരിക്കന്‍ വാര്‍ത്തകള്‍

    ReplyDelete