Sunday, September 16, 2012

വരവ് കുറയും; നിത്യോപയോഗ സാധനങ്ങള്‍ക്ക് തീവിലയാകും


ബഹുരാഷ്ട്രകുത്തകകള്‍ക്ക് രാജ്യത്തെ ചില്ലറ വിപണനമേഖല തുറന്നുകൊടുക്കുന്നതോടെ മറ്റ് സംസ്ഥാനങ്ങളില്‍നിന്ന് കേരളത്തിലേക്കുള്ള പലവ്യഞ്ജനങ്ങളുടെയും പച്ചക്കറികളുടെയും വരവ് കുറയും. രാജ്യത്തെ ചില്ലറവിപണിയിലേക്ക് കടന്നുവരുന്ന വാള്‍മാര്‍ട്ട്, കാരിഫോര്‍, ടെസ്കോ തുടങ്ങിയ ബഹുരാഷ്ട്രഭീമന്മാര്‍ രാജ്യത്തെ കാര്‍ഷികോല്‍പ്പന്നമേഖലയിലാകും ആദ്യം കണ്ണുവയ്ക്കുക. മുന്‍കൂറായി നാമമാത്ര തുക നല്‍കി കര്‍ഷകരില്‍നിന്ന് ഉല്‍പ്പാദനത്തിനുമുമ്പേ ഉല്‍പ്പന്നങ്ങളുടെ അവകാശം വന്‍കിട കമ്പനികള്‍ സ്വന്തമാക്കും. പച്ചക്കറി, പഴം, പയര്‍ ഉല്‍പ്പന്നങ്ങള്‍, കിഴങ്ങുവര്‍ഗങ്ങള്‍ എന്നിവ മുഴുവന്‍ പാട്ടവ്യവസ്ഥയില്‍ കുത്തകകള്‍ കൈക്കലാക്കി അവരുടെ ഭീമന്‍ മാളുകളില്‍ എത്തിക്കുന്നതോടെ ഇതര ചില്ലറമേഖലയില്‍ പച്ചക്കറികളുടെയും പലവ്യഞ്ജനങ്ങളുടെയും വരവില്‍ വന്‍കുറവുണ്ടാകും. ഇത് വിപണിയില്‍ അതിരൂക്ഷമായ വിലക്കയറ്റത്തിനും ആളുകളുടെ വാങ്ങല്‍ശേഷി കുറയുന്നതുമൂലമുള്ള വിപണിമാന്ദ്യത്തിനും ഇടയാക്കും. ബഹുരാഷ്ട്രകുത്തകകളെ കേരളത്തിലേക്ക് പ്രവേശിപ്പിക്കുന്നില്ലെങ്കില്‍പ്പോലും ഫലത്തില്‍ ഉപഭോക്തൃസംസ്ഥാനമായ കേരളത്തിന് അന്യസംസ്ഥാനങ്ങളിലെ കുത്തകകളുടെ സാന്നിധ്യം പ്രഹരമാകും.

തമിഴ്നാട്ടിലെയും കര്‍ണാടകത്തിലെയും പച്ചക്കറിപ്പാടങ്ങള്‍ കുത്തകകളുടെ നിയന്ത്രണത്തിലാകുന്നതോടെ കേരളത്തില്‍ ഒരു നേരത്തെ വിഭവത്തിനുള്ള പച്ചക്കറിക്കുപോലും തീവിലയാകും. നിത്യോപയോഗസാധനങ്ങളുടെ വിപണനത്തിലും ഇറക്കുമതിയിലും ഏര്‍പ്പെട്ടിരിക്കുന്ന പതിനായിരക്കണക്കിന് തൊഴിലാളികള്‍ക്ക് ജീവിതമാര്‍ഗത്തിന് മറ്റു തൊഴിലുകള്‍ അന്വേഷിക്കേണ്ട അവസ്ഥയിലേക്കാകും കാര്യങ്ങള്‍. ഒരുവര്‍ഷത്തിനിടെമാത്രം പയര്‍വര്‍ഗങ്ങള്‍ക്കും പഴവര്‍ഗങ്ങള്‍ക്കും രാജ്യത്ത് ഉല്‍പ്പാദന സീസണില്‍പ്പോലും 100 ശതമാനത്തിലും മുകളിലാണ് വിലവര്‍ധന. ചില ഘട്ടങ്ങളില്‍ ഇത് 200 ശതമാനത്തിനും മുകളിലെത്തുന്നുമുണ്ട്. ഉണക്കി സൂക്ഷിച്ചുവയ്ക്കാന്‍ കഴിയുന്ന കടല, പയര്‍, ഉഴുന്ന്, പരിപ്പ് തുടങ്ങിയ ഉല്‍പ്പന്നങ്ങള്‍ മുഴുവന്‍ ഉല്‍പ്പാദനഘട്ടത്തില്‍തന്നെ കുത്തകകള്‍ സ്വന്തമാക്കി പൂഴ്ത്തിവച്ചാലുണ്ടാകുന്ന ക്ഷാമം രാജ്യത്ത് കടുത്ത വിലക്കയറ്റത്തിന് ഇടയാക്കുമെന്നാണ് വിലയിരുത്തല്‍.
(എം വി പ്രദീപ്)

വ്യവസായങ്ങള്‍ക്ക് കോടികളുടെ അധികബാധ്യത

ഡീസല്‍ വിലവര്‍ധന സംസ്ഥാനത്തെ വ്യവസായസ്ഥാപനങ്ങള്‍ക്ക് വരുത്തിവയ്ക്കുന്നത് കോടികളുടെ അധികബാധ്യത. അസംസ്കൃതവസ്തുക്കള്‍ക്ക് അയല്‍സംസ്ഥാനങ്ങളെയും വിദേശങ്ങളെയും ആശ്രയിക്കുന്ന സ്ഥാപനങ്ങളാണ് കേരളത്തില്‍ കൂടുതലും എന്നതിനാല്‍ ചരക്കുകൂലിയിലെ വര്‍ധന വലിയ ഭാരമുണ്ടാക്കും. വൈദ്യുതിനിരക്ക് വര്‍ധനയോടെ പല സ്ഥാപനങ്ങളും നഷ്ടത്തിലേക്കു നീങ്ങുന്ന സാഹചര്യത്തിലാണ് ഡീസല്‍ വില കൂട്ടിയത്. ഡീസല്‍ വിലക്കയറ്റം ചരക്കുകൂലിയില്‍ 20 ശതമാനത്തോളം വര്‍ധനയുണ്ടാക്കും. അയല്‍സംസ്ഥാനങ്ങളില്‍ ഇതിനോടകം കൂലി ഉയര്‍ത്തിയിട്ടുണ്ട്. അസംസ്കൃതവസ്തുക്കള്‍ കൊണ്ടുവരുന്നതിനു പുറമെ ഉല്‍പ്പന്നങ്ങള്‍ ആവശ്യക്കാരില്‍ എത്തിക്കാനും കരാര്‍വാഹനങ്ങളെയാണ് കമ്പനികള്‍ ആശ്രയിക്കുന്നത്. അതുകൊണ്ടുതന്നെ പല സ്ഥാപനങ്ങള്‍ക്കും കോടികള്‍ അധികം ചെലവിടേണ്ടിവരും.

ഡീസല്‍ വിലക്കയറ്റം, ഒരുടണ്ണിന്റെ ചരക്ക് കൊണ്ടുവരുന്നതില്‍ 700 മുതല്‍ 1000 രൂപയുടെവരെ വര്‍ധന സൃഷ്ടിക്കാനാണ് സാധ്യതയെന്ന് യൂണിവേഴ്സല്‍ കാര്‍ബോറണ്ടം കമ്പനിയുടെ ജനറല്‍ മാനേജര്‍ എ ആര്‍ സതീഷ് പറഞ്ഞു. ഗുജറാത്തില്‍നിന്നു പ്രതിമാസം 3500 ടണ്ണോളം പെട്രോളിയം കോക്കും ബോക്സൈറ്റുമാണ് കമ്പനിയില്‍ എത്തുന്നത്. പ്രാഥമിക വിലയിരുത്തല്‍ പ്രകാരം കമ്പനിക്ക് ഒരുമാസം 15 ലക്ഷം രൂപയെങ്കിലും ചരക്കുകൂലിയിനത്തില്‍ അധികച്ചെലവു വരും. ഉത്തര്‍പ്രദേശിലെ രേണുഗുഢ്, ഒറീസയിലെ ഹീരാക്കുഢ് എന്നിവിടങ്ങളില്‍നിന്നുള്ള അലൂമിനിയം ലോഹമാണ് ഹിന്‍ഡാല്‍കോ പോലുള്ള കമ്പനിയുടെ അസംസ്കൃതവസ്തു. ഇനി വരുന്ന ഓരോ ലോഡിനും വന്‍ തുക ചെലവിടേണ്ടിവരും. കമ്പനികളില്‍ ചരക്ക് എത്തിക്കുന്നതിന് വാര്‍ഷിക കരാറെടുത്ത വാഹന ഉടമകള്‍ കരാര്‍ പുതുക്കാന്‍ സമ്മര്‍ദം തുടങ്ങി. കേരളത്തിലെ 24 സംസ്ഥാന പൊതുമേഖലാ സ്ഥാപനങ്ങള്‍ ഭീമമായ നഷ്ടത്തിലാണ്. ഡീസല്‍ വിലക്കയറ്റം നഷ്ടം വര്‍ധിപ്പിക്കും. ഭൂരിഭാഗം കമ്പനികള്‍ക്കും ചെലവിനൊത്ത് ഉല്‍പ്പന്നവില കൂട്ടാനാകാത്ത സ്ഥിതിയുണ്ട്. ഇറക്കുമതി ഉദാരവല്‍കരണത്തിന്റെ ഫലമായി വിലക്കുറവ് തന്ത്രം പയറ്റുന്ന വിദേശ ഉല്‍പ്പന്നങ്ങള്‍ക്കു മുന്നില്‍ ആഭ്യന്തര സ്ഥാപനങ്ങള്‍ വിയര്‍ക്കുകയാണ്.

മൊബൈല്‍ ഫോണ്‍ നിരക്കും കൂടും

ഡീസല്‍ വിലവര്‍ധനയുടെ ആഘാതം മൊബൈല്‍ ഫോണ്‍ വരിക്കാരെയും ബാധിച്ചേക്കും. ഭൂരിപക്ഷം മൊബൈല്‍ ടവറുകളും പ്രവര്‍ത്തിക്കുന്നത് ഡീസല്‍ ജനറേറ്ററുകളെ ആശ്രയിച്ചായതിനാല്‍ അധികഭാരം ഉപയോക്താക്കളുമായി പങ്കുവയ്ക്കേണ്ടിവരുമെന്ന് ടെലികോം ഓപ്പറേറ്റര്‍മാരുടെ സംഘടന സൂചിപ്പിച്ചു. പ്രവര്‍ത്തനച്ചെലവ് വന്‍തോതില്‍ കൂടുമെന്നും ചുരുങ്ങിയ സമയത്തിനുള്ളില്‍ നിരക്ക് കൂട്ടേണ്ടിവരുമെന്നും സെല്ലുലാര്‍ ഓപ്പറേറ്റേഴ്സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ വ്യക്തമാക്കി.

ടെലികോം കമ്പനികള്‍ ഇപ്പോള്‍ പ്രതിവര്‍ഷം 200 കോടി ലിറ്റര്‍ ഡീസല്‍ ഉപയോഗിക്കുന്നെന്നാണ് കണക്ക്. വിലവര്‍ധന കമ്പനികള്‍ക്ക് 1200 കോടി രൂപയുടെ അധികബാധ്യതയുണ്ടാക്കും. ഇത് വരിക്കാരില്‍നിന്ന് ഈടാക്കാനാണ് നീക്കം. രാജ്യത്താകെ മൂന്നരലക്ഷത്തോളം മൊബൈല്‍ ടവറുണ്ട്. ഇതില്‍ 70 ശതമാനവും ഗ്രാമീണമേഖലയിലാണ്. വൈദ്യുതി ലഭിക്കാത്തതോ വൈദ്യുതിതകരാര്‍ പതിവാകുകയോ ചെയ്യുന്ന ഗ്രാമീണമേഖയില്‍ ടവറുകള്‍ക്ക് ഡീസല്‍തന്നെ ആശ്രയം. മൊബൈല്‍ കമ്പനികള്‍ ടവറിനുവേണ്ടി മാത്രം 30 ശതമാനമാണ് ചെലവാക്കുന്നത്. ഇതില്‍ 20 ശതമാനവും ഡീസല്‍ വിലയാണ്.കേരളത്തിലടക്കം ഗ്രാമീണമേഖലയില്‍ മൊബൈല്‍ ഫോണ്‍ സൗകര്യം കൂടുതലായി എത്തിക്കുന്ന ബിഎസ്എന്‍എലിനായിരിക്കും ആഘാതം ഏറുക. ഹൈറേഞ്ചുകളില്‍ ഒരു ടവര്‍ എട്ടു മണിക്കൂര്‍ ഡീസല്‍ ജനറേറ്ററില്‍ പ്രവര്‍ത്തിക്കുമ്പോള്‍ മൊത്തം ചെലവിന്റെ 65 ശതമാനത്തോളം ഡീസല്‍ വില മാത്രമാകും.

deshabhimani 160912

No comments:

Post a Comment