Sunday, September 16, 2012

പൊലീസിന്റെ പ്രതികാരബുദ്ധിക്ക് സര്‍ക്കാരിന്റെ ഒത്താശ


ദേശാഭിമാനി തലശേരി ലേഖകന്‍ പി ദിനേശനെതിരെ ജാമ്യമില്ലാവകുപ്പുകള്‍ ചുമത്തി പൊലീസ് കേസെടുത്തത് പ്രതികാര ബുദ്ധിയോടെ. പൊലീസിനെ ആക്രമിച്ചുവെന്നുള്ള കുറ്റങ്ങള്‍ ആരോപിച്ചാണ് ദിനേശനെതിരെ കോടതിയില്‍ കള്ളറിപ്പോര്‍ട്ട് കൊടുത്തത്. തെളിവായി പൊലീസ് പ്രചരിപ്പിക്കുന്നത് വീഡിയോദൃശ്യങ്ങളാണ്. പൊലീസ് റെക്കോഡ് ചെയ്യുന്ന വീഡിയോയില്‍ മാധ്യമ പ്രവര്‍ത്തകര്‍ ഉള്‍പ്പെടുന്നത് കേസെടുക്കാന്‍ പര്യാപ്തമായ കുറ്റകൃത്യമാണോ. സമരങ്ങളും മറ്റു പൊതുപരിപാടികളും നടക്കുന്ന സ്ഥലങ്ങളില്‍ പൊലീസിനെക്കാളുപരി മാധ്യമ പ്രവര്‍ത്തകരുടെ സ്ഥിര സാന്നിധ്യമുണ്ടാകാറുണ്ട്. ഇത്തരം സ്ഥലങ്ങളില്‍ വീഡിയോ റെക്കോഡിങ് നടത്തിയാല്‍ മാധ്യമ പ്രവര്‍ത്തകര്‍ നിശ്ചയമായും അതിലുണ്ടാകും.
തലശേരിയില്‍ ആഗസ്ത് ഒന്നിന് നടന്ന ഡിവൈഎസ്പി ഓഫീസ് മാര്‍ച്ച് റിപ്പോര്‍ട്ട് ചെയ്യാനും എല്ലാ മാധ്യമ പ്രവര്‍ത്തകരും ഉണ്ടായിരുന്നു. ദിനേശനെതിരെ മാത്രം ജാമ്യമില്ലാ കേസ് എടുക്കാന്‍ പൊലീസിനെ പ്രേരിപ്പിക്കുന്ന ഘടകം എന്താണെന്ന് മനസിലാക്കാന്‍ വിഷമമില്ല. ദിനേശന്‍ ദേശാഭിമാനിയില്‍ റിപ്പോര്‍ട്ട് ചെയ്ത കാര്യങ്ങളാണ് പൊലീസില്‍ പ്രതികാരബുദ്ധി വളര്‍ത്തിയത്. സ്ത്രീകള്‍ക്കുനേരെ നടന്ന കിരാത മര്‍ദനവും ലോക്കപ്പില്‍ തല്ലി എല്ല് ഒടിച്ചതുമൊക്കെ റിപ്പോര്‍ട്ട് ചെയ്ത ദിനേശനെ വെറുതെ വിടില്ലെന്ന് അന്നു തന്നെ സിഐയും എസ്ഐയും പ്രഖാപിച്ചു. ദിനേശനെ കേസില്‍കുടുക്കുമെന്ന് ഉറപ്പിച്ച ശേഷമാണ് പൊലീസ് അന്വേഷണം തുടങ്ങിയത്. വീഡിയോയില്‍ തപ്പി അതില്‍ ദിനേശന്റെ ദൃശ്യമുണ്ടെന്ന് പറഞ്ഞാണ് കേസ് എടുത്തത്. ഉമ്മന്‍ചാണ്ടി സര്‍ക്കാരിനെയും പൊലീസിനെയും പിന്തുണയ്ക്കുന്ന പത്രങ്ങളുടെ ലേഖകരും സംഭവസമയത്ത് സ്ഥലത്തുണ്ടായിരുന്നു. പൊലീസ് ആരോപിക്കുന്ന കുറ്റങ്ങള്‍ ഒന്നും ദിനേശന്‍ ചെയ്തിട്ടില്ലെന്നതിന് ആദ്യത്തെ സാക്ഷികള്‍ പ്രമുഖ മലയാളം പത്രങ്ങളുടെ തലശേരി ലേഖകര്‍ തന്നെയാണ്. തങ്ങളെപ്പോലെ ദിനേശനും സ്വന്തം പത്രത്തിനു വേണ്ടി വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുക മാത്രമാണുണ്ടായതെന്ന് തലശരിയിലെ മാധ്യമ പ്രവര്‍ത്തകര്‍ സിഐയെ കണ്ട് ബോധ്യപ്പെടുത്തിയതാണ്. രാഷ്ട്രീയ യജമാനന്മാരുടെ നിര്‍ബന്ധവും പൊലീസ് ഉദ്യോഗസ്ഥരുടെ മനസിന്റെ സങ്കുചിതത്വവും ഒത്തുചേര്‍ന്നപ്പോള്‍ ദിനേശന്‍ ക്രിമിനല്‍ കേസില്‍ പ്രതിയായി.

ദേശാഭിമാനിക്കും ദിനേശനുമെതിരായ രാഷ്ട്രീയ വിരോധമാണ് കേസിനു പിന്നിലെന്ന് തിരിച്ചറിഞ്ഞതിനാലാണ് തലശേരിയിലെ മാധ്യമപ്രവര്‍ത്തകര്‍ ഒന്നടങ്കം കേസ് പിന്‍വലിക്കണമെന്ന ആവശ്യവുമായി തെരുവിലിറങ്ങിയത്. രാഷ്ട്രീയ തിമിരം ബാധിച്ച പൊലീസും യജമാനന്മാരും തെറ്റ് തിരുത്താന്‍ ഇതുവരെ തയ്യാറായിട്ടില്ല. ഒരു മുഴുവന്‍ സമയ മാധ്യമ പ്രവര്‍ത്തകനെ രാഷ്ട്രീയ പ്രവര്‍ത്തകനെന്ന് മുദ്രകുത്തി ജയിലിലടക്കാനുള്ള അപകടകരമായ നീക്കത്തിനാണ് പൊലീസ് ഒരുമ്പെടുന്നത്. ഫോണ്‍ചോര്‍ത്തല്‍ കേസില്‍ വടകരയില്‍ ഹാജരാകാന്‍ ദേശാഭിമാനി തിരുവനന്തപുരം ബ്യൂറോ ചീഫ് കെ എം മോഹന്‍ദാസിന് പൊലീസ് നോട്ടീസ് നല്‍കുകയും കേസില്ലെന്ന് മന്ത്രിമാര്‍ പറയുകയും ചെയ്യുന്നതിലെ പരിഹാസ്യത ജനങ്ങള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. ദിനേശനെതിരായ കേസിലും അത്തരം കരുട്ടുവിദ്യകള്‍ പ്രതീക്ഷിക്കാം.

deshabhimani 160912

No comments:

Post a Comment