Monday, September 24, 2012

സിലിന്‍ഡര്‍ വെട്ടിക്കുറയ്ക്കല്‍ വൈദ്യുതിവകുപ്പിന് പൊല്ലാപ്പായി


സബ്സിഡി ഗ്യാസ് സിലിണ്ടറുകളുടെ എണ്ണം കേന്ദ്രസര്‍ക്കാര്‍ വെട്ടിക്കുറച്ചത് വൈദ്യുതിവകുപ്പിന് തലവേദനയാകുന്നു. ഗ്യാസിനേക്കാള്‍ ലാഭമെന്ന നിലയില്‍ ജനം ഇന്‍ഡക്ഷന്‍ കുക്കര്‍ വാങ്ങിക്കൂട്ടുകയാണ്. ഒരാഴ്ചക്കിടെ വില്‍പ്പന ഇരട്ടിയായി. ഇതുകാരണം സംസ്ഥാനത്ത് ഒരുദിവസത്തെ വൈദ്യുതി ഉപയോഗം 2000 മെഗാവാട്ടില്‍നിന്ന് 3000 ആയി ഉയര്‍ന്നു. വൈദ്യുതി വിനിയോഗം കൂടിയതിന് പ്രധാനകാരണം ഇന്‍ഡക്ഷന്‍ കുക്കറുകളുടെ അതിപ്രസരമാണെന്ന് കെഎസ്ഇബി അധികൃതര്‍ പറഞ്ഞു. വൈകിട്ട് ആറുമുതല്‍ 10 വരെയുള്ള "പീക്ക് അവേഴ്സി"ലെ ഉപഭോഗത്തിന്റെ അതേതോതില്‍ പകലും വൈദ്യുതി ഉപയോഗിക്കുന്നു. എനര്‍ജി മാനേജ്മെന്റ് സെന്റര്‍ (ഇഎംസി) നടത്തിയ പഠനത്തില്‍ ഭൂരിഭാഗം ജനങ്ങളും ഇന്‍ഡക്ഷന്‍ കുക്കറിലേക്ക് തിരിഞ്ഞതായും ഇത് ഗാര്‍ഹിക ഉപഭോക്താക്കളുടെ വൈദ്യുതി ഉപഭോഗം ഗണ്യമായി വര്‍ധിപ്പിച്ചതായും കണ്ടെത്തി. ഇതേതുടര്‍ന്ന് പകല്‍സമയങ്ങളില്‍ അപ്രഖ്യാപിത പവര്‍കട്ടും പതിവായി.

ഗ്യാസ് സിലിണ്ടറിനേക്കാള്‍ ലാഭകരം എന്ന പേരിലാണ് ഇന്‍ഡക്ഷന്‍ കുക്കര്‍ കമ്പനികളുടെ ഏജന്റുമാര്‍ ഉപഭോക്താക്കളെ സമീപിക്കുന്നത്. എന്നാല്‍ ഇതുകൊണ്ട് കാര്യമായ ലാഭമൊന്നുമില്ലെന്ന് കെഎസ്ഇബി അധികൃതര്‍ പറഞ്ഞു. ഒരു കുക്കറിന്റെ ശേഷി കുറഞ്ഞത് 2000 മുതല്‍ 2500 വാട്ട് വരെയാണ്. ഒരു മണിക്കൂര്‍ പ്രവര്‍ത്തിച്ചാല്‍ രണ്ട് യൂണിറ്റ് കറന്റാകും. അധികചാര്‍ജ് നല്‍കാതെ മാസം 120 യൂണിറ്റില്‍ താഴെമാത്രം ഉപയോഗിക്കുന്നവരുണ്ട്. എന്നാല്‍ ഇന്‍ഡക്ഷന്‍ കുക്കര്‍ ഉപയോഗിക്കുമ്പോള്‍ 120 യൂണിറ്റിനും വളരെ മുകളിലാവുകയും നിയമപ്രകാരമുള്ള അധികചാര്‍ജ് നല്‍കേണ്ടിവരികയും ചെയ്യുമെന്നും അവര്‍ പറഞ്ഞു. ഒരുലക്ഷം ഇന്‍ഡക്ഷന്‍ കുക്കര്‍ ഒരേസമയം പ്രവര്‍ത്തിപ്പിച്ചാല്‍ 200 മെഗാവാട്ട് വൈദ്യുതി വലിച്ചെടുക്കും. ഒരു പ്രമുഖ ബ്രാന്‍ഡ് കഴിഞ്ഞവര്‍ഷംമാത്രം വിറ്റഴിച്ചത് 40,000 ഇന്‍ഡക്ഷന്‍ കുക്കറുകളാണ്.

deshabhimani 240912

1 comment:

  1. സബ്സിഡി ഗ്യാസ് സിലിണ്ടറുകളുടെ എണ്ണം കേന്ദ്രസര്‍ക്കാര്‍ വെട്ടിക്കുറച്ചത് വൈദ്യുതിവകുപ്പിന് തലവേദനയാകുന്നു. ഗ്യാസിനേക്കാള്‍ ലാഭമെന്ന നിലയില്‍ ജനം ഇന്‍ഡക്ഷന്‍ കുക്കര്‍ വാങ്ങിക്കൂട്ടുകയാണ്. ഒരാഴ്ചക്കിടെ വില്‍പ്പന ഇരട്ടിയായി. ഇതുകാരണം സംസ്ഥാനത്ത് ഒരുദിവസത്തെ വൈദ്യുതി ഉപയോഗം 2000 മെഗാവാട്ടില്‍നിന്ന് 3000 ആയി ഉയര്‍ന്നു. വൈദ്യുതി വിനിയോഗം കൂടിയതിന് പ്രധാനകാരണം ഇന്‍ഡക്ഷന്‍ കുക്കറുകളുടെ അതിപ്രസരമാണെന്ന് കെഎസ്ഇബി അധികൃതര്‍ പറഞ്ഞു. വൈകിട്ട് ആറുമുതല്‍ 10 വരെയുള്ള "പീക്ക് അവേഴ്സി"ലെ ഉപഭോഗത്തിന്റെ അതേതോതില്‍ പകലും വൈദ്യുതി ഉപയോഗിക്കുന്നു. എനര്‍ജി മാനേജ്മെന്റ് സെന്റര്‍ (ഇഎംസി) നടത്തിയ പഠനത്തില്‍ ഭൂരിഭാഗം ജനങ്ങളും ഇന്‍ഡക്ഷന്‍ കുക്കറിലേക്ക് തിരിഞ്ഞതായും ഇത് ഗാര്‍ഹിക ഉപഭോക്താക്കളുടെ വൈദ്യുതി ഉപഭോഗം ഗണ്യമായി വര്‍ധിപ്പിച്ചതായും കണ്ടെത്തി. ഇതേതുടര്‍ന്ന് പകല്‍സമയങ്ങളില്‍ അപ്രഖ്യാപിത പവര്‍കട്ടും പതിവായി.

    ReplyDelete