Wednesday, September 19, 2012

ദേശീയപ്രതിഷേധം നാളെ; നേതാക്കള്‍ അറസ്റ്റ് വരിക്കും


ഡീസല്‍ വില വര്‍ധിപ്പിച്ചതിലും ചില്ലറവില്‍പ്പന മേഖലയില്‍ വിദേശനിക്ഷേപം അനുവദിച്ചതിലും പ്രതിഷേധിച്ച് വ്യാഴാഴ്ച നടക്കുന്ന ദേശീയ പ്രതിഷേധത്തില്‍ ഇടതുപക്ഷ-മതനിരപേക്ഷ പാര്‍ടി നേതാക്കള്‍ ന്യൂഡല്‍ഹിയില്‍ അറസ്റ്റ് വരിക്കും. യുപിഎ സഖ്യകക്ഷിയായ ഡിഎംകെയും പ്രതിഷേധത്തില്‍ പങ്കെടുക്കാന്‍ തീരുമാനിച്ചു. പാര്‍ടി അധ്യക്ഷന്‍ എം കരുണാനിധിയാണ് ഇക്കാര്യം ചെന്നൈയില്‍ പ്രഖ്യാപിച്ചത്. ഇടതുപക്ഷ പാര്‍ടികളും സമാജ്വാദി പാര്‍ടി, ടിഡിപി, ജെഡി(എസ്), ബിജെഡി എന്നീ കക്ഷികളുമാണ് ദേശീയ പ്രതിഷേധത്തിന് ആഹ്വാനംചെയ്തത്. പ്രതിഷേധം വന്‍ വിജയമാക്കാന്‍ ദേശവ്യാപകമായി ഒരുക്കങ്ങള്‍ നടക്കുകയാണ്. റെയില്‍-റോഡ് ഗതാഗതം അന്ന് തടസ്സപ്പെടും. എന്‍ഡിഎകൂടി പിന്തുണ പ്രഖ്യാപിച്ചതോടെ പ്രതിഷേധം ഫലത്തില്‍ ഭാരത് ബന്ദാകും.

പാര്‍ലമെന്റ് സ്ട്രീറ്റില്‍ നടക്കുന്ന പ്രതിഷേധപ്രകടനത്തില്‍ സിപിഐ എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട്, സിപിഐ ജനറല്‍ സെക്രട്ടറി എസ് സുധാകര്‍റെഡ്ഡി, ഫോര്‍വേഡ് ബ്ലോക്ക് ജനറല്‍ സെക്രട്ടറി ദേവബ്രത ബിശ്വാസ്, ടിഡിപി നേതാവ് ചന്ദ്രബാബു നായിഡു, എസ്പി നേതാവ് രാംഗോപാല്‍ യാദവ് എന്നിവര്‍ പങ്കെടുക്കും. മുലായംസിങ് യാദവും പങ്കെടുത്തേക്കും. തുടര്‍ന്ന് ഈ നേതാക്കള്‍ അറസ്റ്റ് വരിക്കും. സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ ജനങ്ങളുടെ താക്കീതായി പ്രതിഷേധപ്രക്ഷോഭം മാറുമെന്ന് പ്രകാശ് കാരാട്ട് പറഞ്ഞു. ജനങ്ങള്‍ക്കും രാഷ്ട്രത്തിനുമെതിരെ ബഹുരാഷ്ട്രകുത്തകകള്‍ക്ക് വേണ്ടിയാണ് പ്രധാനമന്ത്രി പ്രവര്‍ത്തിക്കുന്നതെന്ന് സിപിഐ ജനറല്‍ സെക്രട്ടറി സുധാകര്‍ റെഡ്ഡി വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. ജനകീയപ്രശ്നങ്ങള്‍ ശ്രദ്ധിക്കാത്തപക്ഷം ജനരോഷത്തിന് സര്‍ക്കാര്‍ പാത്രമാകുമെന്നും സുധാകര്‍ റെഡ്ഡി പറഞ്ഞു.

ത്രിപുര, പശ്ചിമബംഗാള്‍, ഉത്തര്‍പ്രദേശ്, ആന്ധ്രപ്രദേശ്, തമിഴ്നാട്, കര്‍ണാടകം തുടങ്ങിയ സംസ്ഥാനങ്ങളില്‍ പ്രതിഷേധദിനം ബന്ദിന്റെ പ്രതീതിയുണ്ടാക്കും. എന്‍ഡിഎ ഭരണമുള്ള ബിഹാര്‍, ഗുജറാത്ത്, മധ്യപ്രദേശ്, രാജസ്ഥാന്‍, ഹിമാചല്‍പ്രദേശ്, ജാര്‍ഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളിലും ജനജീവിതം സ്തംഭിക്കും. പഞ്ചാബില്‍ ഇടതുപക്ഷ പാര്‍ടികള്‍ നടത്തുന്ന പ്രതിഷേധത്തിന് പിന്തുണ നല്‍കി സഞ്ച മോര്‍ച്ച 21 ന് നടത്താന്‍ നിശ്ചയിച്ച നികുതിവര്‍ധനക്കെതിരെയുള്ള പ്രക്ഷോഭം നീട്ടി. പടിഞ്ഞാറന്‍ ഒഡിഷയില്‍ ഉത്സവകാലമായതിനാല്‍ അവിടം ഒഴിച്ചുള്ള പ്രദേശങ്ങളിലാണ് പ്രതിഷേധം നടക്കുക. സിഐടിയു ഉള്‍പ്പെടെ കേന്ദ്രട്രേഡ്യൂണിയനുകളും പ്രതിഷേധദിനത്തില്‍ പങ്കെടുക്കും.
(വി ബി പരമേശ്വരന്‍)

വിജയിപ്പിക്കുക: ഡിവൈഎഫ്ഐ

ന്യൂഡല്‍ഹി: യുപിഎ സര്‍ക്കാരിന്റെ ജനവിരുദ്ധനയങ്ങള്‍ക്കെതിരെ 20ന് നടത്തുന്ന ദേശീയ പ്രതിഷേധദിനം വിജയിപ്പിക്കാന്‍ ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡന്റ് എം ബി രാജേഷ് എംപിയും ജനറല്‍ സെക്രട്ടറി അഭയ് മുഖര്‍ജിയും പ്രസ്താവനയില്‍ അഭ്യര്‍ഥിച്ചു.

മള്‍ട്ടിബ്രാന്‍ഡ് ചില്ലറ വില്‍പ്പന മേഖലയില്‍ നേരിട്ടുള്ള വിദേശനിക്ഷേപം അനുവദിക്കാനുള്ള രണ്ടാം യുപിഎ സര്‍ക്കാരിന്റെ തീരുമാനത്തെ ഡിവൈഎഫ്ഐ ശക്തിയായി അപലപിച്ചു. കേന്ദ്ര സര്‍ക്കാരിന്റെ ഈ തീരുമാനം നാല് കോടിയിലധികം ജനങ്ങളുടെ ജീവിതമാര്‍ഗം അപകടത്തിലാക്കും. ഇത് ചില്ലറവില്‍പ്പന മേഖലയില്‍ പ്രവര്‍ത്തിക്കുന്ന യുവജനങ്ങളെയാണ് ഏറ്റവും ദോഷകരമായി ബാധിക്കുക. ഡീസല്‍ വില ലിറ്ററിന് അഞ്ച് രൂപ വര്‍ധിപ്പിക്കാനും സബ്സിഡി നിരക്കിലുള്ള പാചകവാതക സിലിണ്ടറുകളുടെ എണ്ണം ആറായി കുറയ്ക്കാനുമുള്ള തീരുമാനവും അത്യന്തം പ്രതിഷേധാര്‍ഹമാണ്. ഇപ്പോള്‍ത്തന്നെ വിലക്കയറ്റം കൊണ്ട് പൊറുതിമുട്ടുന്ന സാധാരണജനങ്ങളുടെ നടുവൊടിക്കുന്ന തീരുമാനമാണിത്. നാല്‍കോ അടക്കമുള്ള നവരത്ന കമ്പനികളുടെ ഓഹരികള്‍ വിറ്റഴിക്കാനുള്ള തീരുമാനവും പിന്‍വലിക്കണം. 20ന്റെ ദേശീയ പ്രതിഷേധത്തില്‍ പങ്കാളികളാകാന്‍ എല്ലാ ഘടകങ്ങളോടും ഡിവൈഎഫ്ഐ അഭ്യര്‍ഥിച്ചു.

deshabhimani 190912

1 comment:

  1. ഡീസല്‍ വില വര്‍ധിപ്പിച്ചതിലും ചില്ലറവില്‍പ്പന മേഖലയില്‍ വിദേശനിക്ഷേപം അനുവദിച്ചതിലും പ്രതിഷേധിച്ച് വ്യാഴാഴ്ച നടക്കുന്ന ദേശീയ പ്രതിഷേധത്തില്‍ ഇടതുപക്ഷ-മതനിരപേക്ഷ പാര്‍ടി നേതാക്കള്‍ ന്യൂഡല്‍ഹിയില്‍ അറസ്റ്റ് വരിക്കും. യുപിഎ സഖ്യകക്ഷിയായ ഡിഎംകെയും പ്രതിഷേധത്തില്‍ പങ്കെടുക്കാന്‍ തീരുമാനിച്ചു. പാര്‍ടി അധ്യക്ഷന്‍ എം കരുണാനിധിയാണ് ഇക്കാര്യം ചെന്നൈയില്‍ പ്രഖ്യാപിച്ചത്. ഇടതുപക്ഷ പാര്‍ടികളും സമാജ്വാദി പാര്‍ടി, ടിഡിപി, ജെഡി(എസ്), ബിജെഡി എന്നീ കക്ഷികളുമാണ് ദേശീയ പ്രതിഷേധത്തിന് ആഹ്വാനംചെയ്തത്. പ്രതിഷേധം വന്‍ വിജയമാക്കാന്‍ ദേശവ്യാപകമായി ഒരുക്കങ്ങള്‍ നടക്കുകയാണ്. റെയില്‍-റോഡ് ഗതാഗതം അന്ന് തടസ്സപ്പെടും. എന്‍ഡിഎകൂടി പിന്തുണ പ്രഖ്യാപിച്ചതോടെ പ്രതിഷേധം ഫലത്തില്‍ ഭാരത് ബന്ദാകും.

    ReplyDelete