Wednesday, September 19, 2012

ഡിസിസി ഓഫീസ് ഒഴിപ്പിക്കാനെത്തിയ ആമീനെ തടഞ്ഞു


സുപ്രീംകോടതി ഉത്തരവ്പ്രകാരം ഡിസിസി ഓഫീസ് ഒഴിപ്പിക്കാനെത്തിയ കോടതി ജീവനക്കാരനെ കോണ്‍ഗ്രസുകാര്‍ തടഞ്ഞു. ഡിസിസി പ്രസിഡന്റ് കെ സി അബുവിന്റെ നേതൃത്വത്തില്‍ മുപ്പതോളം പ്രവര്‍ത്തകരാണ് ഓഫീസ് ഗേറ്റില്‍ ജില്ലാകോടതി ആമീന്‍ ഇ പി മൊയ്തീനെയും ഉടമ മാണിയേടത്ത് ജ്യോതികുമാറിനെയും ചൊവ്വാഴ്ച പകല്‍ 11.15 ഓടെ തടഞ്ഞത്.

ഡിസിസി ഓഫീസും 43 സെന്റ് സ്ഥലവും യഥാര്‍ഥ ഉടമ മാണിയേടത്ത് ബാലന്റെ കുടുംബത്തിന് വിട്ടുകൊടുക്കണമെന്ന് സുപ്രീംകോടതി വിധിയുണ്ട്. ഓഫീസ് ഒഴിയണമെന്ന് 1975ല്‍ കോഴിക്കോട് മുന്‍സിഫ് കോടതിയാണ് വിധിച്ചത്. പിന്നീട് ഹൈക്കോടതിയും സുപ്രീംകോടതിയും ഇത് ശരിവച്ചു. കോടതിവിധി നടപ്പാക്കാന്‍ ഉടമയോടൊപ്പം എത്തിയ ആമീനെയാണ് ഓഫീസ് കവാടത്തില്‍ ഡിസിസി പ്രസിഡന്റിന്റെ നേതൃത്വത്തില്‍ ഡിസിസി സെക്രട്ടറിമാരായ കെ വി സുബ്രഹ്മണ്യന്‍, സി മാധവദാസ്, ഡിസിസി അംഗങ്ങളായ സമീജ് പാറോപ്പടി, എസ് കെ അബൂബക്കര്‍, യൂത്ത് കോണ്‍ഗ്രസ് കോഴിക്കോട് ലോക്സഭാ മണ്ഡലം ജനറല്‍ സെക്രട്ടറി ബിനീഷ്കുമാര്‍ എന്നിവര്‍ ചേര്‍ന്ന് തടഞ്ഞത്. ഉടമയുമായി ഒത്തുതീര്‍പ്പിലെത്തിയെന്നും അതിനാല്‍ ഓഫീസ് കെട്ടിടം ഒഴിയാനാവില്ലെന്നും കെ സി അബു ആമീനോട് പറഞ്ഞു. കോടതിവിധി നടപ്പാക്കാന്‍ സഹകരിക്കണമെന്ന ആമീന്റെ അഭ്യര്‍ഥന നേതാക്കള്‍ ചെവിക്കൊണ്ടില്ല.

കോടതി വിധി പ്രകാരം ഓഫീസ് ഒഴിപ്പിക്കാന്‍ കോണ്‍ഗ്രസുകാര്‍ സഹകരിച്ചില്ലെന്ന് ആമീന്‍ വാര്‍ത്താലേഖകരോട് പറഞ്ഞു. ഇക്കാര്യം കോടതിയെ അറിയിക്കും. അടുത്ത തവണ ഒഴിപ്പിക്കലിന് പൊലീസ് സംരക്ഷണം തേടുമെന്നും അദ്ദേഹം പറഞ്ഞു. ഓഫീസുമായി ബന്ധപ്പെട്ട് ഒത്തുതീര്‍പ്പുണ്ടായതായി അറിയില്ലെന്ന് ഉടമ മാണിയേടത്ത് ജ്യോതികുമാര്‍ പറഞ്ഞു. തന്റെ അഭിഭാഷകനുമായി ഡിസിസി ഭാരവാഹികള്‍ എന്തെങ്കിലും സംസാരിച്ചുവോ എന്ന് അറിയില്ല. കോടതിവിധി നടപ്പാക്കുന്നത് കാണാനാണ് താന്‍ എത്തിയതെന്നും അദ്ദേഹം പറഞ്ഞു.

മുന്‍സിഫ് കോടതി ഉത്തരവ് നടപ്പാക്കാന്‍ ചെന്ന ആമീനെ ഭരണസ്വാധീനം ഉപയോഗിച്ച് മുമ്പും ഡിസിസി ഓഫീസില്‍ തടഞ്ഞിരുന്നു. പി ശങ്കരന്‍ ഡിസിസി പ്രസിഡന്റായിരിക്കുമ്പോഴാണിത്. ഡിസിസി ഓഫീസ് മൂന്നുമാസത്തിനകം ഒഴിയണമെന്ന് മാര്‍ച്ച് 13നാണ് സുപ്രീംകോടതി ഉത്തരവിട്ടത്. ഉത്തരവിനെതിരെ നല്‍കിയ റിവിഷന്‍ ഹര്‍ജിയും ജസ്റ്റിസുമാരായ ദീപക്വര്‍മ, ദീപക് മിശ്ര എന്നിവരടങ്ങിയ ഡിവിഷന്‍ ബഞ്ച് തള്ളിയിരുന്നു. 1975ലുണ്ടായ മുന്‍സിഫ് കോടതി ഉത്തരവ് ഇതുവരെ നടപ്പാക്കാത്തതില്‍ ആശ്ചര്യം പ്രകടിപ്പിച്ച കോടതി സ്ഥലം വിട്ടുകൊടുക്കുന്നതിന് ഇനി തടസ്സം അനുവദിക്കാനാവില്ലെന്നും ചൂണ്ടിക്കാട്ടി. എന്നിട്ടും അധികാരത്തിന്റെ ബലത്തില്‍ കോടതിയലക്ഷ്യം കാട്ടുകയാണ് ഡിസിസി നേതൃത്വം.

deshabhimani 190912

1 comment:

  1. സുപ്രീംകോടതി ഉത്തരവ്പ്രകാരം ഡിസിസി ഓഫീസ് ഒഴിപ്പിക്കാനെത്തിയ കോടതി ജീവനക്കാരനെ കോണ്‍ഗ്രസുകാര്‍ തടഞ്ഞു. ഡിസിസി പ്രസിഡന്റ് കെ സി അബുവിന്റെ നേതൃത്വത്തില്‍ മുപ്പതോളം പ്രവര്‍ത്തകരാണ് ഓഫീസ് ഗേറ്റില്‍ ജില്ലാകോടതി ആമീന്‍ ഇ പി മൊയ്തീനെയും ഉടമ മാണിയേടത്ത് ജ്യോതികുമാറിനെയും ചൊവ്വാഴ്ച പകല്‍ 11.15 ഓടെ തടഞ്ഞത്.

    ReplyDelete