Tuesday, September 18, 2012

ചരക്കുനീക്കം നിലച്ചു


ഡീസല്‍ വില കൂട്ടിയതിനെ തുടര്‍ന്ന് കൂലി വര്‍ധന ആവശ്യപ്പെട്ട് ലോറി ഉടമകള്‍ സമരം തുടങ്ങിയതോടെ സംസ്ഥാനത്ത് ചരക്കുനീക്കം പ്രതിസന്ധിയിലായി. തിങ്കളാഴ്ച ലോറി ഉടമകളും വ്യാപാരി പ്രതിനിധികളും ചര്‍ച്ച നടത്തിയെങ്കിലും തീരുമാനമായില്ല. സാധനങ്ങള്‍ എത്താതായതോടെ വിലക്കയറ്റവും പൂഴ്ത്തിവയ്പും രൂക്ഷമായി. ചാല ദുരന്തത്തെ തുടര്‍ന്ന് ഗ്യാസ് ടാങ്കറുകള്‍ വരാത്തതിനാല്‍ പാചകവാതക വിതരണവും താറുമാറായി. കണ്‍സ്യൂമര്‍ഫെഡിന്റെ നീതിഗ്യാസ് വിതരണം നിലച്ചതും ലക്ഷക്കണക്കിന് കുടുംബങ്ങളെ പ്രതിസന്ധിയിലാക്കി. രണ്ടുദിവസമായി സ്ഥിതി സങ്കീര്‍ണമായിട്ടും സംസ്ഥാനസര്‍ക്കാരിന്റെ ഇടപെടല്‍ ഇതുവരെയുണ്ടായിട്ടില്ല. സമരത്തിലുള്ള ലോറി ഉടമകള്‍ ആവശ്യപ്പെട്ട 30 ശതമാനം നിരക്കുവര്‍ധന അന്യായമാണെന്ന നിലപാടിലാണ് വ്യാപാരികള്‍. അതേസമയം, നിരക്കുവര്‍ധനയെന്ന ആവശ്യത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് ലോറി ഉടമകളും അറിയിച്ചു. എന്നാല്‍, ഡീസലിന് അധികം വരുന്ന ചെലവ് നല്‍കാമെന്ന് വ്യാപാരികള്‍ കോഴിക്കോട്ട് നടന്ന ചര്‍ച്ചയില്‍ അറിയിച്ചിട്ടുണ്ട്. ചൊവ്വാഴ്ച വൈകിട്ട് വീണ്ടും ചര്‍ച്ച നടത്തും. അതിനിടെ, ലോറിവാടക 20 ശതമാനം വര്‍ധിപ്പിക്കുമെന്ന് കൊച്ചിന്‍ ലോറി ഏജന്റ്സ് അസോസിയേഷന്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

പലവ്യഞ്ജനങ്ങള്‍ ഉള്‍പ്പെടെയുള്ളവയുടെ വരവ് കുറഞ്ഞതോടെ വിലക്കയറ്റം ആശങ്കാജനകമായ അവസ്ഥയിലെത്തി. ഓണത്തിന് 26 രൂപയുണ്ടായിരുന്ന ബ്രാന്‍ഡഡ് കുറുവ അരിക്ക് 30 രൂപയായി. ഓള്‍ഡ് കുറുവ 34 രൂപ വരെയായി. 28 രൂപയുണ്ടായിരുന്ന പൊന്നി അരി 32 രൂപയും പച്ചരി 23.50ല്‍ നിന്ന് 24.50ഉം ആയി. മുട്ടയുടെയും മീനിന്റെയും വിലയും കുതിച്ചുയര്‍ന്നു. കോഴിമുട്ടയുടെ വില 4.30ന് മുകളിലായി. തിരുവനന്തപുരത്ത് ചാല, പാളയം, നെടുമങ്ങാട് തുടങ്ങിയ പ്രധാന മാര്‍ക്കറ്റിലെല്ലാം ലോറിസമരം സാരമായി ബാധിച്ചു. പച്ചക്കറി വിലയിലും വരുംദിവസങ്ങളില്‍ വന്‍വര്‍ധനയുണ്ടാകും. തമിഴ്നാട്ടില്‍ ഉല്‍പ്പാദനം കുറഞ്ഞതും ലോറി വാടക കൂട്ടുന്നതുമാണ് പച്ചക്കറി വിപണിയെ വന്‍ വര്‍ധനയിലേക്ക് തള്ളിവിടുന്നത്. ഉള്ളി, ഉരുളക്കിഴങ്ങ് വിലയും വര്‍ധിക്കും. ഉള്ളി പുണെയില്‍നിന്നും കിഴങ്ങ് കര്‍ണാടകത്തിലെ ഹാസനില്‍ നിന്നുമാണ് വരുന്നത്.

പാചകവാതകക്ഷാമത്തിനൊപ്പം സിലിണ്ടറുകള്‍ വെട്ടിക്കുറച്ചുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനവും ഉപയോക്താക്കള്‍ക്ക് കനത്ത തിരിച്ചടിയായി. തലസ്ഥാനത്ത് ബുക്ക് ചെയ്ത് 40-45 ദിവസം കാത്തിരുന്നാല്‍ മാത്രമേ ഇപ്പോള്‍ സിലിണ്ടര്‍ ലഭിക്കുന്നുള്ളൂ. എന്നാല്‍, വന്‍തുക മുടക്കുന്നവര്‍ക്ക് കരിഞ്ചന്തയില്‍ സിലിണ്ടര്‍ ലഭിക്കുന്നുമുണ്ട്. ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്റെ സിലിണ്ടര്‍ വിതരണത്തിലാണ് വ്യാപക പരാതി ഉയര്‍ന്നിട്ടുള്ളത്. കണ്ണൂര്‍, കാസര്‍കോട്, വയനാട്, മലപ്പുറം ജില്ലകളിലാണ് നീതിഗ്യാസ് വിതരണം നിലച്ചത്. കാസര്‍കോട്, വയനാട് ജില്ലകളില്‍ കഴിഞ്ഞ നാലുമാസത്തിലേറെയായി നീതി ഗ്യാസ് വിതരണം ചെയ്യുന്നേയില്ല. ഇവിടങ്ങളില്‍ സഹകരണ ബാങ്കുകള്‍ വഴിയും നീതി ഡിസ്ട്രിബ്യൂഷന്‍ സെന്റര്‍ വഴിയുമാണ് ഗ്യാസ് വിതരണം ചെയ്തിരുന്നത്. 950 രൂപയാണ് നീതി ഗ്യാസിന്റെ വില. വടക്കന്‍ ജില്ലകളിലെ ഗ്രാമീണമേഖലകളില്‍ ഏറെപ്പേരും നീതി ഗ്യാസിനെയാണ് ആശ്രയിക്കുന്നത്. പാലക്കാട്ടെ പ്ലാന്റില്‍ നിന്നാണ് സഹകരണ സൊസൈറ്റികള്‍ക്കും മറ്റും നീതി ഗ്യാസ് വിതരണംചെയ്യുന്നത്. ഓണമടക്കം ആഘോഷവേളകളിലെ തിരക്കുകാരണം പാചകവാതക വിതരണത്തില്‍ കാലതാമസം നേരിട്ടതായി കണ്‍സ്യൂമര്‍ഫെഡ് സമ്മതിച്ചു. അതിനിടെ, മൊത്തവിപണിയില്‍ പൂഴ്ത്തിവയ്പ് നടക്കുന്നതായും പരാതിയുയര്‍ന്നു. വില വീണ്ടും ഉയരുമെന്ന പ്രതീക്ഷയിലാണ് അരി ഉള്‍പ്പെടെ പലവ്യഞ്ജനങ്ങള്‍ വ്യാപാരികള്‍ പൂഴ്ത്തിവയ്ക്കുന്നത്.

deshabhimani 180912

1 comment:

  1. സംസ്ഥാനത്ത് രണ്ട് ദിവസമായി നടക്കുന്ന ചരക്ക് ലോറി സമരം പിന്‍വലിച്ചു. ഡീസല്‍ വില വര്‍ധിപ്പിച്ച സാഹചര്യത്തില്‍ ലോറി വാടക 16% കൂട്ടി നല്‍കാന്‍ വ്യാപാരികള്‍ സമ്മതിച്ചതിന്റെ അടിസ്ഥാനത്തിലാണ് സമരം പിന്‍വലിക്കാന്‍ ലോറി ഉടമകളുടെ സംഘടന തീരുമാനിച്ചത്. ചരക്ക് കൂലി 30% വര്‍ധിപ്പിക്കണമെന്നായിരുന്നു ലോറി ഉടമകളുടെ ആവശ്യം. എന്നാല്‍ ചര്‍ച്ചയ്ക്കൊടുവില്‍ 16% ചരക്ക് കൂലി വര്‍ധിപ്പിക്കാമെന്ന ആവശ്യത്തിന് ലോറി ഉടമകള്‍ വഴങ്ങുകയായിരുന്നു. അതേസമയം നിരക്ക് വര്‍ധന ആവശ്യപ്പെട്ട് ദേശീയ തലത്തില്‍ വ്യാഴാഴ്ച ലോറിയുടമകള്‍ പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുകയാണ്. ഈ സമരം കേരളത്തിലേക്കുള്ള ചരക്ക് ഗതാഗതത്തെയും ബാധിക്കും.

    ReplyDelete