Wednesday, September 19, 2012

സംഭരിച്ച നെല്ലിന് കാശ് നല്‍കിയില്ല; കര്‍ഷകര്‍ക്ക് പലിശയിളവ് നഷ്ടം


സിവില്‍ സപ്ലൈസ് കോര്‍പറേഷന്‍ മുഖേന സര്‍ക്കാര്‍ സംഭരിച്ച നെല്ലിന്റെ വില നല്‍കാന്‍ കാലതാമസം വരുത്തിയത് കാര്‍ഷിക വായ്പക്ക് ലഭിക്കേണ്ടിയിരുന്ന മൂന്ന് ശതമാനം പലിശയിളവ് കര്‍ഷകര്‍ക്ക് നഷ്ടമാക്കിയതായി സംസ്ഥാനതല ബാങ്കേഴ്സ് സമിതി റിപ്പോര്‍ട്ട്. സംഭരണവില സമയത്തിനു നല്‍കാത്തതിനാല്‍ വായ്പാ കുടിശ്ശിക വന്നതാണ് കാരണം. ചൊവ്വാഴ്ച ചേര്‍ന്ന സംസ്ഥാന ബാങ്കേഴ്സ് സമിതി യോഗമാണ് കര്‍ഷകരോടുള്ള സര്‍ക്കാരിന്റെ ചതി വ്യക്തമാക്കിയത്. കഴിഞ്ഞ ഏപ്രില്‍-മെയ് മാസങ്ങളില്‍ സംഭരിച്ച നെല്ലിന്റെ വില നാലുമാസം കഴിഞ്ഞിട്ടും കര്‍ഷകര്‍ക്ക് ലഭിച്ചില്ലെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. കൃഷിക്കായി ദേശസാല്‍കൃത-സഹകരണ ബാങ്കുകളില്‍ നിന്നെടുത്ത വായ്പകള്‍ യഥാസമയം തിരിച്ചടയ്ക്കാന്‍ കര്‍ഷകര്‍ക്കു കഴിഞ്ഞില്ല. പലിശയിനത്തില്‍ ലഭിക്കുമായിരുന്ന മൂന്നു ശതമാനം അധികലാഭം നഷ്ടമാക്കിയതിന് സര്‍ക്കാര്‍ മാത്രമാണ് ഉത്തരവാദിയെന്ന് റിപ്പോര്‍ട്ട് വിശദീകരിക്കുന്നു.സ്വര്‍ണപ്പണയത്തില്‍ കുറഞ്ഞ പലിശയ്ക്ക് കാര്‍ഷിക വായ്പനല്‍കുന്നതിന് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്താനുള്ള നിര്‍ദേശവും ബാങ്കേഴ്സ് സമിതി മുന്നോട്ടുവച്ചിട്ടുണ്ട്.
തെരഞ്ഞെടുത്ത ബാങ്കുകളില്‍ റിസര്‍വ് ബാങ്ക് നടത്തിയ പഠനത്തില്‍ വസ്തു ഉടമസ്ഥാവകാശത്തിനുള്ള തെളിവുകള്‍ കൈപ്പറ്റാതെയും കാര്‍ഷിക ഉല്‍പ്പന്നവുമായി ബന്ധപ്പെടുത്താതെയുമാണ് വായ്പ നല്‍കുന്നതെന്ന് കണ്ടെത്തിയിരുന്നു. പലപ്പോഴും അനര്‍ഹര്‍ പലിശയിളവ് തട്ടിയെടുക്കുകയാണ്. ഇത് തടയുന്നതിന് വായ്പയുടെ ലക്ഷ്യം വ്യക്തമായി പരിശോധിക്കണം, വസ്തുവിന്റെ ഉടമസ്ഥാവകാശം സംബന്ധിച്ച തെളിവ് ലഭ്യമാക്കണം. വായ്പ നല്‍കുന്നതിനു മുമ്പ് ബാങ്ക് ഉദ്യോഗസ്ഥര്‍ സ്ഥലം സന്ദര്‍ശിക്കണമെന്നും സമിതി നിര്‍ദേശം വച്ചു.

സംസ്ഥാനത്ത് വിദ്യാഭ്യാസ വായ്പ എടുക്കുന്നവരുടെ എണ്ണം വര്‍ധിച്ചെന്ന് സമിതി വിലയിരുത്തി. കുടിശ്ശികയും കിട്ടാക്കടവും കൂടുകയാണ്. സംസ്ഥാനത്തെ ബാങ്കുകളിലെ ആകെ നിക്ഷേപം 2,09,490 കോടിയായതായി സമിതി റിപ്പോര്‍ട്ട് വ്യക്തമാക്കി. വാണിജ്യ ബാങ്കുകളുടെ ഇടപാട് 3,50,000 കോടിയും കടന്നിട്ടുണ്ട്. ബാങ്കുകള്‍ നല്‍കിയ വായ്പ 1,51,999 കോടിയാണ്. വായ്പാ നിക്ഷേപാനുപാതം 72. 56 ശതമാനമായും നിക്ഷേപാനുപാതം 76.09 ശതമാനവുമായി. ഈ സാമ്പത്തികവര്‍ഷത്തിന്റെ ആദ്യ മൂന്നു മാസത്തിനകം സംസ്ഥാനത്തെ വാണിജ്യബാങ്കുകള്‍ മുന്‍ഗണനാമേഖലയില്‍ 15,471 കോടി രൂപ വായ്പ നല്‍കി. ഇതോടെ, മുന്‍ഗണനാമേഖലയിലെ വായ്പ 87,751 കോടിയായി. ഈ വര്‍ഷം ലക്ഷ്യമിട്ടിരുന്ന 67,124 കോടിയെന്ന ലക്ഷ്യത്തിന്റെ 23 ശതമാനമാണ്.

യോഗത്തില്‍ സംസ്ഥാന ആസൂത്രണ സെക്രട്ടറി വി എസ് സെന്തില്‍കുമാര്‍, നാളികേര വികസന ബോര്‍ഡ് ചെയര്‍മാന്‍ ടി കെ ജോസ്, ഗ്രാമവികസന കമീഷണര്‍ എം നന്ദകുമാര്‍, എസ്സി/എസ്ടി സെക്രട്ടറി ഡോ. ദേവേന്ദ്രകുമാര്‍ ദോദാവത്ത്, ആര്‍ബി ഐ റീജണല്‍ ഡയറക്ടര്‍ സലിം ഗംഗാധരന്‍, എസ്ബിഐ ചീഫ് ജനറല്‍ മാനേജര്‍ ഡോ. എം ശ്രീനാഥശാസ്ത്രി, നബാര്‍ഡ് ജനറല്‍ മാനേജര്‍ കെ ആര്‍ റാവു, കനറാബാങ്ക് ജനറല്‍ മാനേജര്‍ കെ എസ് പ്രഭാകരറാവു, കേന്ദ്ര ധനമന്ത്രാലയം ഡെപ്യൂട്ടി സെക്രട്ടറി വി കെ ചോപ്ര, കനറാ ബാങ്ക് ജനറല്‍ മാനേജരും എസ് എല്‍ബിസി കണ്‍വീനറുമായ ജി ശ്രീറാം, ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ സി ജി നായര്‍ എന്നിവര്‍ സംസാരിച്ചു.

deshabhimani 190912

1 comment:

  1. സിവില്‍ സപ്ലൈസ് കോര്‍പറേഷന്‍ മുഖേന സര്‍ക്കാര്‍ സംഭരിച്ച നെല്ലിന്റെ വില നല്‍കാന്‍ കാലതാമസം വരുത്തിയത് കാര്‍ഷിക വായ്പക്ക് ലഭിക്കേണ്ടിയിരുന്ന മൂന്ന് ശതമാനം പലിശയിളവ് കര്‍ഷകര്‍ക്ക് നഷ്ടമാക്കിയതായി സംസ്ഥാനതല ബാങ്കേഴ്സ് സമിതി റിപ്പോര്‍ട്ട്.

    ReplyDelete