Sunday, September 16, 2012

പദ്ധതികളേറെയും വയല്‍ നികത്താന്‍ ലക്ഷ്യമിട്ട്


എമര്‍ജിങ് കേരളയിലെ പദ്ധതികളുടെ മറവില്‍ കേരളത്തിലെ ആയിരക്കണക്കിന് ഏക്കര്‍ നെല്‍വയലുകള്‍ അപ്രത്യക്ഷമാകും. പ്രഖ്യാപിച്ച പദ്ധതികള്‍ പലതും നെല്‍വയല്‍ നീര്‍ത്തട സംരക്ഷണനിയമം അട്ടിമറിക്കുന്നതാണ്. വയലുകളെ വര്‍ഷങ്ങളായി ചതുപ്പിട്ട ഭൂമിയെന്ന വിഭാഗത്തില്‍പ്പെടുത്തി നികത്താന്‍ അനുമതി നല്‍കാനാണ് നീക്കം. ഇതിനുമുന്നോടിയായാണ് കേരളത്തിന് നെല്‍ക്കൃഷി ആവശ്യമില്ലെന്ന് കേന്ദ്ര ആസൂത്രണ കമീഷന്‍ ഉപാധ്യക്ഷന്‍ മൊണ്ടേക്സിങ് അലുവാലിയ എമര്‍ജിങ് കേരള വേദിയില്‍ പ്രസ്താവിച്ചതും. നെല്‍വയല്‍ നികത്തില്ലെന്ന് മുഖ്യമന്ത്രി ആവര്‍ത്തിച്ച് പ്രഖ്യാപിക്കുമ്പോഴും ചതുപ്പിന്റെ കാര്യത്തില്‍ ഈ നിലപാട് കൈക്കൊള്ളാനാവില്ലെന്നാണ് അദ്ദേഹം പറഞ്ഞത്. അതോടൊപ്പം റോഡ്, റെയില്‍പ്പാളം എന്നിവയ്ക്കായി നികത്തല്‍ വേണ്ടിവരുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു.

എറണാകുളത്ത് ലക്ഷ്യമിടുന്ന കെമിക്കല്‍ ആന്‍ഡ് പെട്രോകെമിക്കല്‍ ഇന്‍ഡസ്ട്രി സോണിനുവേണ്ടി ഏറ്റെടുക്കേണ്ട 10,000 ഏക്കര്‍ ഭൂമിയില്‍ 2000 ഏക്കര്‍ ഭൂമിയെങ്കിലും നീര്‍ത്തട-നെല്‍വയല്‍ സംരക്ഷണ നിയമത്തിന്റെ പരിധിയില്‍ വരുന്നതാണെന്ന് റവന്യു ഉദ്യോഗസ്ഥര്‍ പറഞ്ഞു. കൊച്ചി-കോയമ്പത്തൂര്‍&ാറമവെ; നാഷണല്‍ ഇന്‍വെസ്റ്റ്മെന്റ് ആന്‍ഡ് മാനുഫാക്ചറിങ് സോണ്‍ (നിംസ്) എന്ന പദ്ധതിക്ക് വേണ്ടിവരുന്ന 13,000 ഏക്കറില്‍ 4200 ഏക്കറോളം ഭൂമിയുടെ സ്ഥിതിയും ഇതുതന്നെ. കിന്‍ഫ്രയുടെതായി വന്നിട്ടുള്ള അഞ്ചു പദ്ധതികള്‍ ലക്ഷ്യമിടുന്ന ഭൂമിയിലും നെല്‍വയല്‍ നീര്‍ത്തട ഭൂമി ഏറെയാണ്. വിവിധ സ്ഥലങ്ങളിലായി ആരംഭിക്കാനുദ്ദേശിക്കുന്ന പുതിയ പാര്‍ക്കുകളും ലക്ഷ്യമിടുന്നത് ഇത്തരം ഭൂമിയില്‍തന്നെയാണെന്ന് വ്യവസായവകുപ്പിലെ ഉന്നതര്‍തന്നെ സമ്മതിക്കുന്നു.

കഴിഞ്ഞ ജൂണ്‍ 12ലെ യോഗത്തില്‍ത്തന്നെ നെല്‍വയല്‍ നികത്തുന്നതിന് ഇളവു നല്‍കാനുള്ള നീക്കം സര്‍ക്കാര്‍ തുടങ്ങി. എന്നാല്‍, ഭരണപക്ഷത്തുനിന്ന് ഉള്‍പ്പെടെ വന്‍വിമര്‍ശമുയര്‍ന്ന സാഹചര്യത്തില്‍ മുഖ്യമന്ത്രിയും കൂട്ടരും മൗനം പാലിച്ചു. നിക്ഷേപക സംഗമത്തിനുശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പദ്ധതികള്‍ വിശദമാക്കാന്‍ മുഖ്യമന്ത്രിയും വ്യവസായമന്ത്രിയും മറ്റും തയ്യാറാകാതിരുന്നതും പദ്ധതി സംബന്ധിച്ച വിവാദങ്ങള്‍ ഒഴിവാക്കാനായിരുന്നു.പദ്ധതികള്‍ക്ക് ഏകജാലക സംവിധാനത്തിലൂടെ വേഗത്തില്‍ അനുമതി നല്‍കാനാണ് നീക്കം. വിവാദമില്ലാത്ത പദ്ധതികള്‍ക്ക് 90 ദിവസത്തിനകം അനുമതി നല്‍കുമെന്ന് മുഖ്യമന്ത്രി പലകുറി വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്. ഇത് യാഥാര്‍ഥ്യമായാല്‍ കേരളത്തിന്റെ അവശേഷിക്കുന്ന നെല്‍വയലും ഇല്ലാതാവുകയാവും ഫലം.

വയല്‍ നികത്താന്‍ വ്യവസായ വകുപ്പിന് അധികാരം നല്‍കുന്നു

എമര്‍ജിങ് കേരളയുടെ മറവില്‍ നെല്‍വയല്‍-തണ്ണീര്‍ത്തടസംരക്ഷണ നിയമം ഭേഗതി ചെയ്യാന്‍ സംസ്ഥാന സര്‍ക്കാര്‍ നടപടി തുടങ്ങി. ഇതിനായി വ്യവസായവകുപ്പ് തയ്യാറാക്കിയ നിര്‍ദേശം അടുത്ത മന്ത്രിസഭായോഗത്തിന്റെ പരിഗണനയ്ക്കുവരും. കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാര്‍ നിയമസഭയില്‍ അവതരിപ്പിച്ച് ഏകകണ്ഠമായി പാസാക്കിയ കേരള നെല്‍വയല്‍-തണ്ണീര്‍ത്തടസംരക്ഷണ ഭേദഗതി നിയമത്തില്‍ മണ്ണിടാനാണ് നീക്കം. ഇതിലൂടെ സംസ്ഥാനത്തെ ഏത് തരം ഭൂമിയും വ്യവസായവകുപ്പിന് ഏറ്റെടുത്ത് നികത്താം. കെഎസ്ഐഡിസിയും കിന്‍ഫ്രയും നല്‍കിയ നിര്‍ദേശം വ്യവസായവകുപ്പ് അംഗീകരിച്ച് മന്ത്രിസഭയുടെ പരിഗണനയ്ക്ക് സമര്‍പ്പിക്കാന്‍ തീരുമാനിക്കുകയായിരുന്നു. വ്യവസായവകുപ്പ് തയ്യാറാക്കിയ മന്ത്രിസഭായോഗത്തിനുള്ള കുറിപ്പില്‍ കെഎസ്ഐഡിസിക്ക് നാല് പദ്ധതിക്ക് 17,704 ഏക്കറും കിന്‍ഫ്രയ്ക്ക് 14 പദ്ധതിക്ക് 16,634 ഏക്കര്‍ ഭൂമിയുമാണ് ആവശ്യപ്പെട്ടിരിക്കുന്നത്.

എറണാകുളം-പാലക്കാട് ദേശീയനിക്ഷേപ ഉല്‍പ്പാദനമേഖലയ്ക്ക് 13,000 ഏക്കറും എറണാകുളത്ത് പെട്രോളിയം, കെമിക്കല്‍സ് ആന്‍ഡ് പെട്രോകെമിക്കല്‍ റീജണിന് 4000 ഏക്കറുമാണ് കെഎസ്ഐഡിസി ആവശ്യപ്പെട്ടത്. വയനാട് ഫുഡ് പാര്‍ക്ക്, മട്ടന്നൂര്‍, കഞ്ചിക്കോട്, അങ്കമാലി, ഇരിങ്ങാലക്കുട ഉള്‍പ്പെടെയുള്ള വ്യവസായ പാര്‍ക്കുകള്‍ തുടങ്ങിയ പദ്ധതികളുടെ പേരിലാണ് കിന്‍ഫ്ര വന്‍തോതില്‍ ഭൂമി ഏറ്റെടുക്കുന്നത്.

നീര്‍ത്തടസംരക്ഷണ നിയമത്തിലെ രണ്ടും മൂന്നും വകുപ്പുകളില്‍ കൂട്ടിച്ചേര്‍ക്കല്‍ വേണമെന്നാണ് ആവശ്യം. വ്യാവസായികഭൂമി പ്രഖ്യാപിക്കാനുള്ള അവകാശം വ്യവസായവകുപ്പിന് നല്‍കുന്നതാണ് മറ്റൊരു നിര്‍ദേശം. 13 വിഭാഗത്തില്‍പ്പെട്ട വ്യവസായസ്ഥാപനങ്ങള്‍ക്കും മറ്റ് സേവനമേഖലകള്‍ക്കും വേണ്ടി ഭൂമി ഏറ്റെടുക്കുന്നതിന് വിജ്ഞാപനം പുറപ്പെടുവിക്കുന്നതിനുള്ള അവകാശമാണ് വ്യവസായവകുപ്പ് ആവശ്യപ്പെടുന്നത്. ഭൂമി ഏറ്റെടുക്കല്‍ നിയമത്തിലെ ഭൂപരിപാലനവും ഏറ്റെടുക്കലുമായി ബന്ധപ്പെട്ട ഉപവകുപ്പ് വ്യവസായവകുപ്പിന് ബാധകമല്ലെന്നതാണ് മറ്റൊരു ഭേദഗതി നിര്‍ദേശം. നെല്‍വയല്‍ നീര്‍ത്തടസംരക്ഷണ നിയമത്തിലെ 10 (2) വകുപ്പും ഭേദഗതി ചെയ്യും. ഇതുപ്രകാരം ഭൂപരിപാലനവും ഏറ്റെടുക്കലും അംഗീകരിക്കേണ്ട പ്രാദേശികസമിതികള്‍ ഇല്ലാതാകും. സംസ്ഥാനതല സമിതി വിഷയം പരിഗണിച്ചാല്‍ മതിയെന്നും പ്രിന്‍സിപ്പല്‍ സെക്രട്ടറിയോ ഭൂമി ഏറ്റെടുക്കുന്നതിന് ഇളവ് ആവശ്യപ്പെടുന്ന വകുപ്പിന്റെ സെക്രട്ടറിയോ സംസ്ഥാനതല സമിതിയില്‍ അംഗമായി ക്ഷണിക്കപ്പെടണമെന്നുമാണ് നിര്‍ദേശം. നെല്‍വയലുകളും നീര്‍ത്തടങ്ങളും നികത്തുന്നവര്‍ക്കെതിരെ കുറഞ്ഞത് ഒരുവര്‍ഷം മുതല്‍ മൂന്നുവര്‍ഷം വരെ തടവും അമ്പതിനായിരം രൂപമുതല്‍ ഒരുലക്ഷം രൂപവരെ പിഴയും ശിക്ഷ ഉറപ്പാക്കുന്ന നിയമമാണ് നെല്‍വയല്‍-തണ്ണീര്‍ത്തട സംരക്ഷണ നിയമം. കൈയേറ്റക്കാരില്‍നിന്ന് പാരിസ്ഥിതികമേഖലകളുടെ സംരക്ഷണം ഉറപ്പുവരുത്തുന്നതിനാണ് നിയമം കൊണ്ടുവന്നത്.
(ജി രാജേഷ്കുമാര്‍)

deshabhimani 160912

1 comment:

  1. എമര്‍ജിങ് കേരളയിലെ പദ്ധതികളുടെ മറവില്‍ കേരളത്തിലെ ആയിരക്കണക്കിന് ഏക്കര്‍ നെല്‍വയലുകള്‍ അപ്രത്യക്ഷമാകും. പ്രഖ്യാപിച്ച പദ്ധതികള്‍ പലതും നെല്‍വയല്‍ നീര്‍ത്തട സംരക്ഷണനിയമം അട്ടിമറിക്കുന്നതാണ്. വയലുകളെ വര്‍ഷങ്ങളായി ചതുപ്പിട്ട ഭൂമിയെന്ന വിഭാഗത്തില്‍പ്പെടുത്തി നികത്താന്‍ അനുമതി നല്‍കാനാണ് നീക്കം. ഇതിനുമുന്നോടിയായാണ് കേരളത്തിന് നെല്‍ക്കൃഷി ആവശ്യമില്ലെന്ന് കേന്ദ്ര ആസൂത്രണ കമീഷന്‍ ഉപാധ്യക്ഷന്‍ മൊണ്ടേക്സിങ് അലുവാലിയ എമര്‍ജിങ് കേരള വേദിയില്‍ പ്രസ്താവിച്ചതും. നെല്‍വയല്‍ നികത്തില്ലെന്ന് മുഖ്യമന്ത്രി ആവര്‍ത്തിച്ച് പ്രഖ്യാപിക്കുമ്പോഴും ചതുപ്പിന്റെ കാര്യത്തില്‍ ഈ നിലപാട് കൈക്കൊള്ളാനാവില്ലെന്നാണ് അദ്ദേഹം പറഞ്ഞത്. അതോടൊപ്പം റോഡ്, റെയില്‍പ്പാളം എന്നിവയ്ക്കായി നികത്തല്‍ വേണ്ടിവരുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു.

    ReplyDelete