Sunday, September 16, 2012

കേരളം സ്തംഭിച്ചു


ജനങ്ങളെ കൊടിയദുരിതത്തിലേക്കു തള്ളുന്ന കേന്ദ്രസര്‍ക്കാര്‍ നടപടികള്‍ക്ക് താക്കീതായി ആഞ്ഞടിച്ച ജനകീയപ്രതിഷേധത്തില്‍ സംസ്ഥാനം നിശ്ചലം. ഡീസല്‍വില വര്‍ധിപ്പിച്ചതിലും സബ്സിഡിയുള്ള പാചകവാതക സിലിണ്ടര്‍ വര്‍ഷത്തില്‍ ആറെണ്ണം മാത്രമായി പരിമിതപ്പെടുത്തിയതിലും പ്രതിഷേധിച്ച് സംസ്ഥാനത്ത് എല്‍ഡിഎഫ് ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ പൂര്‍ണമായിരുന്നു. വിവിധ ട്രേഡ് യൂണിയനുകളും ബഹുജന സംഘടനകളും ഹര്‍ത്താലിനെ പിന്തുണച്ചു. സ്വകാര്യബസുടമകള്‍ ഹര്‍ത്താലില്‍ പങ്കാളികളായി. മോട്ടോര്‍വാഹനത്തൊഴിലാളികള്‍ പണിമുടക്കി. കടകളും വാണിജ്യ-വ്യവസായസ്ഥാപനങ്ങളും സര്‍ക്കാര്‍ ഓഫീസുകളും സ്വകാര്യസ്ഥാപനങ്ങളുമെല്ലാം അടഞ്ഞുകിടന്നു.

വിദ്യാഭ്യാസസ്ഥാപനങ്ങള്‍ തുറന്നില്ല. കെഎസ്ആര്‍ടിസി ബസുകള്‍ ഓടിയില്ല. സ്വകാര്യബസ് ഓപ്പറേറ്റര്‍മാരും ലോറി ഉടമകളും തൊഴിലാളികളും പണിമുടക്കി ഹര്‍ത്താലില്‍ പങ്കെടുത്തതോടെ നിരത്തുകള്‍ ശൂന്യമായി. സ്വകാര്യ വാഹനങ്ങള്‍ അപൂര്‍വമായിരുന്നു. ട്രെയിനുകളിലും യാത്രക്കാര്‍ കുറവായിരുന്നു. സെക്രട്ടറിയറ്റ് അടക്കമുള്ള സര്‍ക്കാര്‍ ഓഫീസുകളില്‍ വിരലിലെണ്ണാവുന്ന ജീവനക്കാര്‍ മാത്രമാണ് എത്തിയത്. ക്ഷുഭിതരായ ജനങ്ങള്‍ പലയിടത്തും പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങിന്റെ കോലംകത്തിച്ചു. രാവിലെ ആറുമുതല്‍ വൈകിട്ട് ആറുവരെയായിരുന്നു ഹര്‍ത്താല്‍. ബിജെപിയും ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരുന്നു.

വ്യാഴാഴ്ച വിലവര്‍ധന പ്രഖ്യാപിച്ചപ്പോള്‍ തന്നെ പ്രതിഷേധം കത്തിപ്പടര്‍ന്നു. തിരുവനന്തപുരത്ത് പ്രകടനം നടത്തിയ പ്രവര്‍ത്തകര്‍ സെക്രട്ടറിയറ്റ് ഉപരോധിച്ചു. വിവിധ തുറയിലുള്ള നൂറുകണക്കിന് ആളുകള്‍ പ്രകടനത്തില്‍ പങ്കെടുത്തു. ഉപരോധം സിപിഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍ ഉദ്ഘാടനംചെയ്തു. തുടര്‍ന്ന് പ്രധാനമന്ത്രിയുടെ കോലംകത്തിച്ചു. കൊച്ചിയില്‍ വ്യവസായമേഖല സ്തംഭിച്ചു. കൊച്ചി കപ്പല്‍ശാല, തുറമുഖം, വല്ലാര്‍പാടം കണ്ടെയ്നര്‍ ടെര്‍മിനല്‍, ഫാക്ട്, എച്ച്എംടി, ഇന്‍ഫോപാര്‍ക്ക് തുടങ്ങിയവയുടെ പ്രവര്‍ത്തനത്തെ ഹര്‍ത്താല്‍ സാരമായി ബാധിച്ചു. പാലക്കാട് ജില്ലയില്‍ വ്യവസായങ്ങളൊന്നും പ്രവര്‍ത്തിച്ചില്ല. ഐടിഐ, ഇന്‍സ്ട്രുമെന്റേഷന്‍ ലിമിറ്റഡ്, മലബാര്‍ സിമന്റ്സ് തുടങ്ങിയ കമ്പനികളിലെ തൊഴിലാളികള്‍ പണിമുടക്കി. ഇടുക്കിയില്‍ തോട്ടം തൊഴിലാളികള്‍ ഒന്നടങ്കം പണിമുടക്കി ഹര്‍ത്താലില്‍ അണിചേര്‍ന്നു. ആലപ്പുഴ ജില്ലയില്‍ ഹൗസ് ബോട്ടുകള്‍ അടക്കം ബോട്ട് സര്‍വീസും പ്രവര്‍ത്തിച്ചില്ല.

deshabhimani 160912

No comments:

Post a Comment