Wednesday, September 19, 2012

പരിഷ്കരണമോ സര്‍ക്കാരോ? കോണ്‍ഗ്രസ് പ്രതിസന്ധിയില്‍


തൃണമൂല്‍ കോണ്‍ഗ്രസ് പിന്തുണ പിന്‍വലിക്കാന്‍ തീരുമാനിച്ചതോടെ കോണ്‍ഗ്രസ് നേതൃത്വം വെട്ടിലായി. സര്‍ക്കാരിനെ രക്ഷിക്കാന്‍ ഇനി രണ്ടു മാര്‍ഗമാണ് മുന്നിലുള്ളത്. ഒന്നുകില്‍ മമതയുടെ ഭീഷണിക്ക് വഴങ്ങി സാമ്പത്തിക പരിഷ്കരണനടപടികള്‍ മരവിപ്പിക്കുക. അല്ലെങ്കില്‍ പുറമെനിന്ന് ബിഎസ്പിയുടെയും സമാജ്വാദി പാര്‍ടിയുടെയുമൊക്കെ പിന്തുണയെ ആശ്രയിച്ച് മുന്നോട്ടുനീങ്ങുക. ചില്ലറവിപണിയില്‍ എഫ്ഡിഐ ഉള്‍പ്പെടെയുള്ള കോര്‍പറേറ്റ് അനുകൂല പരിഷ്കരണനടപടികള്‍ക്ക് പച്ചക്കൊടി വീശുമ്പോള്‍ വീഴുകയാണെങ്കില്‍ പൊരുതിവീഴുകയെന്ന ആഹ്വാനമാണ് പ്രധാനമന്ത്രി മന്‍മോഹന്‍സിങ് സഹപ്രവര്‍ത്തകര്‍ക്ക് നല്‍കിയത്. അഴിമതിയില്‍ മുങ്ങിനില്‍ക്കുന്ന ഒരു സര്‍ക്കാരിന് കോര്‍പറേറ്റുകളുടെകൂടി പിന്തുണയില്ലാതെ മുന്നോട്ടുപോകാനാകില്ലെന്ന തിരിച്ചറിവിലായിരുന്നു പ്രധാനമന്ത്രിയുടെ ആത്മഹത്യാപരമായ പ്രഖ്യാപനം. പ്രധാനമന്ത്രിക്ക് തന്റെ വാക്കുകളില്‍ ഉറച്ചുനില്‍ക്കണമെങ്കില്‍ മമതയുടെ ഭീഷണി തള്ളിക്കളഞ്ഞേ മതിയാകൂ.

എന്നാലിത് സര്‍ക്കാരിനെ ഗുരുതരപ്രതിസന്ധിയിലേക്ക് തള്ളിവിടും. ഏതുനിമിഷവും പൊതുതെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കേണ്ടി വരുന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ നീങ്ങും. ഡീസല്‍ വിലവര്‍ധനയ്ക്കും മറ്റുമെതിരായ ഭാരത് ബന്ദില്‍ യുപിഎ ഘടകകക്ഷിയായ ഡിഎംകെകൂടി പങ്കെടുക്കാന്‍ തീരുമാനിച്ചത് സര്‍ക്കാരിനുമേലുള്ള സമ്മര്‍ദം വര്‍ധിപ്പിക്കും. കുറച്ചുദിവസങ്ങളായി കോര്‍പറേറ്റുകളുടെയും കുത്തകമാധ്യമങ്ങളുടെയും പരിലാളനങ്ങളില്‍ അഭിരമിച്ച കോണ്‍ഗ്രസ് നേതൃത്വം, ഇപ്പോള്‍ യാഥാര്‍ഥ്യത്തിലേക്ക് തള്ളപ്പെട്ടിരിക്കയാണ്. ഒന്നുകില്‍ കോര്‍പറേറ്റുകളുടെയും അമേരിക്കയുടെയുമൊക്കെ അകമഴിഞ്ഞ പിന്തുണയോടെ ഏതു പ്രതിസന്ധിയെയും അഭിമുഖീകരിക്കാനുള്ള ആര്‍ജവം കാട്ടുക, അല്ലെങ്കില്‍ ഘടകകക്ഷികളുടെ സമ്മര്‍ദത്തിന് വഴങ്ങി സര്‍ക്കാരിന്റെ ആയുസ്സ് നീട്ടിയെടുക്കുക. ഇതില്‍ ഏത് വേണമെന്ന തീരുമാനമാണ് രണ്ടുദിവസത്തിനകം കോണ്‍ഗ്രസ് നേതൃത്വം എടുക്കേണ്ടത്. ഘടകകക്ഷികളുടെ സമ്മര്‍ദത്തിന് വഴങ്ങിയാല്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങിനുതന്നെയാകും ഏറ്റവും നാണക്കേട്. ദുര്‍ബലനായ പ്രധാനമന്ത്രിയെന്ന വിശേഷണം കൂടുതല്‍ ബലപ്പെടും. കുറച്ചുദിവസങ്ങളായി പുകഴ്ത്തുന്ന കോര്‍പറേറ്റ് മാധ്യമങ്ങള്‍ കഴിവുകെട്ടവനെന്ന വിശേഷണം ഒരിക്കല്‍ക്കൂടി ചാര്‍ത്തും. അമേരിക്കയുടെയും മറ്റു പാശ്ചാത്യരാഷ്ട്രങ്ങളുടെയും അവമതിപ്പിനും കാരണമാകും.

എന്തായാലും സോണിയ ഗാന്ധിതന്നെയാകും ഏതു ദിശയില്‍ നീങ്ങണമെന്ന കാര്യത്തില്‍ അന്തിമതീരുമാനമെടുക്കുക. തൃണമൂലിന്റെ പിന്തുണ കൂടാതെതന്നെ സര്‍ക്കാരിന്റെ ഭൂരിപക്ഷം ഉറപ്പിച്ചുനിര്‍ത്താമെന്ന ഉറപ്പുണ്ടായാല്‍ കോര്‍പറേറ്റുകളെ പ്രീതിപ്പെടുത്തുന്ന പരിഷ്കരണപാതയില്‍തന്നെ നീങ്ങാനാകും കോണ്‍ഗ്രസിന്റെ തീരുമാനം. എന്നാല്‍, ഇതൊരു സാഹസികയാത്രയാകുമെന്നുമാത്രം. ബിഎസ്പിയുടെയും മറ്റും വലിയ വിലപേശലുകള്‍ക്ക് വഴങ്ങേണ്ടി വരും.

deshabhimani 190912

No comments:

Post a Comment