Tuesday, December 11, 2012

മിസൈല്‍ 86


മാഡ്രിഡ്: സെവിയ്യയിലെ ബെനിറ്റോ വിയ്യാമരിന്‍ സ്റ്റേഡിയം. ബാഴ്സലോണ-റയല്‍ ബെറ്റിസ് മത്സരത്തിന്റെ 16-ാം മിനിറ്റ്. ആന്ദ്രെ ഇനിയേസ്റ്റ പകര്‍ന്നുനല്‍കിയ പന്തുമായി, രണ്ട് പ്രതിരോധക്കാരെ വെട്ടിയൊഴിഞ്ഞ് ബോക്സിലേക്ക് ലയണല്‍ മെസിയുടെ കുതിപ്പ്. പിന്നെ, വലയുടെ മൂലയിലേക്ക് കിടയറ്റൊരു ഷോട്ട്. സ്കോര്‍: ലയണല്‍ മെസി 85 - ജെര്‍ഡ് മുള്ളര്‍ 85. കാത്തിരിപ്പ് നീണ്ടുനിന്നില്ല. 25-ാം മിനിറ്റ്. ഇനിയേസ്റ്റതന്നെ സൂത്രധാരന്‍. മെസി നല്‍കിയ പാസ് ഇനിയേസ്റ്റ തിരിച്ചുനല്‍കി.

ഒരിക്കല്‍ക്കൂടി ആ ഇടതുകാല്‍ ചലിച്ചു. ഗോളി അഡ്രിയാന്റെ പിന്നില്‍ ഫുട്ബോളിലെ പുതിയൊരു ചരിത്രം പിറന്നു. ഒരു കലണ്ടര്‍ വര്‍ഷം ഏറ്റവുമധികം ഗോള്‍ നേടുന്ന കളിക്കാരനെന്ന ബഹുമതി ഇനി മെസിക്ക്. 1972ല്‍ മുള്ളര്‍ സ്ഥാപിച്ച റെക്കോഡിന് ഓര്‍മകളില്‍ നിത്യനിദ്ര. മെസി 86 - മുള്ളര്‍ 85. കഴിഞ്ഞ ബുധനാഴ്ച ചാമ്പ്യന്‍സ് ലീഗില്‍ ബെനഫിക്കക്കെതിരായ മത്സരത്തിനിടയില്‍ മെസിക്ക് പരിക്കേറ്റിരുന്നു. എന്നാല്‍, ബെറ്റിസിനെതിരെ ഞായറാഴ്ച മെസി കളിക്കാനിറങ്ങുമെന്ന് അറിഞ്ഞതുമുതല്‍ ആവേശത്തിന്റെയും ആകാംക്ഷയുടെയും മുള്‍മുനയിലായിരുന്നു ഫുട്ബോള്‍ ലോകം. നീണ്ട 40 വര്‍ഷമാണ് മുള്ളറുടെ റെക്കോഡിന് പുതിയൊരു അവകാശി പിറക്കാന്‍ ഫുട്ബോള്‍ ലോകം കാത്തിരുന്നത്. ഇനി ഈ റെക്കോഡ് തകര്‍ക്കപ്പെടാന്‍ കാത്തിരിക്കേണ്ടിവരിക എത്ര പതിറ്റാണ്ട്. അതോ നൂറ്റാണ്ടുകളോ?

27-ാം വയസ്സില്‍ 65 മത്സരങ്ങളില്‍നിന്നായിരുന്നു മുള്ളറുടെ 85 ഗോള്‍ നേട്ടം. 25-ാം വയസ്സില്‍ 66 മത്സരങ്ങളില്‍നിന്നാണ് മെസി 86 ഗോള്‍ നേടിയത്. അഞ്ചടി 9.5 ഇഞ്ച് ഉയരത്തില്‍ അജാനുബാഹുവായിരുന്നു മുള്ളര്‍. എത് പ്രതിരോധനിരക്കാരനെയും കായികമായി ചെറുത്തുനില്‍ക്കാനുള്ള കരുത്തും "ജര്‍മനിയുടെ ബോംബര്‍" എന്നറിയപ്പെട്ടിരുന്ന ഈ താരത്തിനുണ്ടായിരുന്നു. എന്നാല്‍, മുള്ളറില്‍നിന്ന് ഇക്കാര്യത്തില്‍ ഏറെ വ്യത്യസ്തനാണ് മെസി. ഉയരം അഞ്ചടി ഏഴിഞ്ച്. ഒരു സ്കൂള്‍കുട്ടിയുടെ രൂപഭാവങ്ങള്‍. പക്ഷേ, ഈ കുറവുകളെയെല്ലാം അപ്രസ്തമാക്കുന്നതാണ് മെസിയിലെ പ്രതിഭ. കുറിയ ശരീരവും പ്രതിരോധനിരക്കാര്‍ക്കിടയിലൂടെ പാറിപ്പറന്നു ഗോള്‍മുഖത്തേക്കു കുതിക്കാനുള്ള കഴിവുമുള്ള മെസിയെ ചെള്ള് എന്നാണ് കൂട്ടുകാര്‍ സ്നേഹപൂര്‍വം കളിയാക്കിവിളിക്കുന്നത്.

നൃത്തച്ചുവടുകളുമായി മെസി മുന്നിലെത്തുമ്പോള്‍ ഏത് പ്രതിരോധനിരയാണ് ആടിയുലയാത്തത്. ഏതു ഗോളിയുടെ നെഞ്ചിടിപ്പിനാണ് വേഗമേറാത്തത്. ഓട്ടത്തിനിടെ പെട്ടെന്നുനിന്ന് ഗതിമാറ്റാനും ഒരുപറ്റം പ്രതിരോധനിരക്കാരുടെ ഇടയിലൂടെ ഒരു കളരിപ്പയറ്റുകാരന്റെ മെയ്വഴക്കത്തോടെ പുളഞ്ഞുകയറാനുമുള്ള മെസിയുടെ കഴിവ് ഒരു പക്ഷേ, ലോകഫുട്ബോളില്‍ മറ്റാര്‍ക്കും അവകാശപ്പെടാനാകില്ല. അപ്രതീക്ഷിതമായി രൂപംകൊള്ളുന്ന കൊടുങ്കാറ്റുപോലെയാണ് ചിലപ്പോള്‍ മെസി എതിര്‍ഗോള്‍മുഖത്തേക്കു കുതിച്ചെത്തുക. എന്തൊക്കെ ചെയ്യുമ്പോഴും പശവച്ച് ഒട്ടിച്ചതുപോലെ പന്ത് ആ ബുട്ടിന്‍തുമ്പത്ത് കാണുകയുംചെയ്യും. 63 മിനിറ്റിനിടെ ഒരു ഗോള്‍. അതാണ് ഈ വര്‍ഷം മെസിയുടെ ശരാശരി. മുള്ളറുടെ റെക്കോഡിലേക്കുള്ള വഴിയില്‍ ആറുതവണ മെസി ഹാട്രിക് നേടി. രണ്ടുതവണ നാലു ഗോള്‍ വീതവും. 2012ല്‍ ബാഴ്സലോണ നേടിയ ഗോളുകളില്‍ 48 ശതമാനവും ആ ബൂട്ടിലാണ് പിറന്നത്. മെസി ഗോള്‍ നേടിയ 91 ശതമാനം മത്സരങ്ങളിലും ബാഴ്സ ജയിക്കുകയുംചെയ്തു. ക്ലബ്ബിനുവേണ്ടി കളിക്കുമ്പോഴുള്ള മികവ് അര്‍ജന്റീനയ്ക്കുവേണ്ടി കളിക്കുമ്പോള്‍ ആവര്‍ത്തിക്കാന്‍ കഴിയുന്നില്ല എന്നതാണ് പെലെ, മാറഡോണ, മുള്ളര്‍ തുടങ്ങിയവരുമായി താരതമ്യംചെയ്യുമ്പോള്‍ മെസിക്കുള്ള ന്യൂനതയായി പലരും എടുത്തുകാട്ടാറുള്ളത്.

അര്‍ജന്റീനയുടെ കുപ്പായത്തില്‍ 76 മത്സരങ്ങളില്‍നിന്ന് 31 ഗോള്‍ മാത്രമാണ് മെസിക്കുള്ളത്. പക്ഷേ, 2012ല്‍ അര്‍ജന്റീനയ്ക്കുവേണ്ടി കളിച്ച ഒമ്പതു മത്സരങ്ങളില്‍ 12 ഗോളുകള്‍ മെസി നേടി എന്നത് ഇതിനോടു ചേര്‍ത്തുവായിക്കണം. മൂന്നു ബാലണ്‍ ഡി ഓര്‍ പുരസ്കാരങ്ങള്‍ നേടിയ മെസി നാലാംവട്ടവും ഈ അംഗീകാരത്തിനുള്ള പടിവാതില്‍ക്കലാണ്. ബാഴ്സയിലെ കൂട്ടുകാരന്‍ ആന്ദ്രെ ഇനിയേസ്റ്റയും റയല്‍ മാഡ്രിഡിന്റെ ക്രിസ്റ്റയനോ റൊണാള്‍ഡോയുമാണ് ഒപ്പം പരിഗണിക്കപ്പെടുന്ന മറ്റു താരങ്ങള്‍. ഇനിയേസ്റ്റയ്ക്ക് ഈ അവാര്‍ഡ് കിട്ടിയാല്‍ ഏറെ സന്തോഷിക്കുന്നത് താനായിരിക്കുമെന്ന് മെസി പറയുന്നു. ടീമിനുവേണ്ടി കിരീടങ്ങള്‍ നേടുകയാണ് എന്റെ ലക്ഷ്യം. 86 ഗോളിന്റെ റെക്കോഡ് നല്ലതുതന്നെ. പക്ഷേ, സ്പാനിഷ് ലീഗിലും ചാമ്പ്യന്‍സ് ലീഗിലും കിരീടം നേടാന്‍ ബാഴ്സലോണയ്ക്ക് കഴിഞ്ഞില്ലെങ്കില്‍ ഈ റെക്കോഡുകള്‍കൊണ്ട് എന്തുകാര്യം- മെസി ചോദിക്കുന്നു.

deshabhimani 111212

No comments:

Post a Comment