മത്സ്യത്തൊഴിലാളികള്‍ ഉള്‍പ്പെടെയുള്ള തൊഴിലാളികളോട് വിരോധം വച്ചുപുലര്‍ത്തുന്ന സമീപനത്തില്‍നിന്ന് സര്‍ക്കാര്‍ പിന്മാറണമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ആവശ്യപ്പെട്ടു. ഏറ്റവും ഗൗരവമായ പ്രശ്നങ്ങള്‍ നേരിടുന്ന വിഭാഗമാണ് മത്സ്യത്തൊഴിലാളികള്‍. കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളുടെ കടുത്ത അവഗണന നേരിടുന്ന ഇവരുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ തയ്യാറായില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭം ഉയര്‍ന്നുവരുമെന്നും പിണറായി പറഞ്ഞു. മത്സ്യത്തൊഴിലാളി ഫെഡറേഷന്‍ (സിഐടിയു) ആഭിമുഖ്യത്തില്‍ സെക്രട്ടറിയറ്റ് പടിക്കല്‍ ആരംഭിച്ച 48 മണിക്കൂര്‍ സത്യഗ്രഹം ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.
കടലിനോട് മല്ലടിക്കുന്ന മത്സ്യത്തൊഴിലാളികള്‍ പലതരം സുരക്ഷാപ്രശ്നങ്ങള്‍ അഭിമുഖീകരിക്കുന്നു. 60 നോട്ടിക്കല്‍ മൈലിനുപുറത്തുമാത്രമേ കപ്പലുകള്‍ സഞ്ചരിക്കാവൂ എന്ന തൊഴിലാളികളുടെ ആവശ്യം പ്രസക്തമാണെന്ന് തെളിയിക്കുന്നതാണ് കടല്‍യാത്രയ്ക്കിടയിലുണ്ടായ അപകടവും ദാരുണ കൊലപാതകവും. സുരക്ഷ ഉറപ്പാക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കുന്നില്ല. പാവപ്പെട്ട മത്സ്യത്തൊഴിലാളികളുടെ ഉപജീവനോപാധിയാണ് മണ്ണെണ്ണയും ഡീസലും. അതിന് സബ്സിഡി നല്‍കാത്തത് ക്രൂരതയാണ്. മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് പ്രവര്‍ത്തനം ഫലത്തില്‍ നിശ്ചലമാക്കി. മത്സ്യഫെഡിലെ ജനാധിപത്യസംവിധാനം അട്ടിമറിച്ചു. സഹകരണമേഖലയിലാകെ ഇതേസമീപനമാണ് സര്‍ക്കാര്‍ തുടരുന്നത്. മത്സ്യത്തൊഴിലാളി പെന്‍ഷന്‍ അട്ടിമറിച്ചു. എല്‍ഡിഎഫ് നടപ്പാക്കിയ മത്സ്യത്തൊഴിലാളി കടാശ്വാസപദ്ധതി യുഡിഎഫ് വന്നതോടെ അവതാളത്തിലായി. മത്സ്യത്തൊഴിലാളികളെയാകെ എല്‍ഡിഎഫ് സര്‍ക്കാര്‍ ബിപിഎല്‍ ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയെങ്കില്‍ അതിനെയും തകര്‍ക്കുകയാണ് യുഡിഎഫ്. ഇത്തരം സമീപനങ്ങള്‍ തിരുത്താനും മത്സ്യത്തൊഴിലാളികളുടെ സംരക്ഷണത്തിനും ക്ഷേമത്തിനുംവേണ്ടി ഇടപെടാനും സര്‍ക്കാര്‍ തയ്യാറാകണമെന്ന് പിണറായി ആവശ്യപ്പെട്ടു. കടലില്‍ മത്സ്യബന്ധനത്തിന് പോകുന്ന തൊഴിലാളികളുടെ സുരക്ഷ ഉറപ്പുവരുത്തുക, മണ്ണെണ്ണയും ഡീസലും സബ്സിഡിയോടെ അനുവദിക്കുക, ക്ഷേമനിധി ബോര്‍ഡ് പ്രവര്‍ത്തനം കാര്യക്ഷമമാക്കുക, മത്സ്യഫെഡ് തെരഞ്ഞെടുപ്പ് ഉടന്‍ നടത്തുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം. ഫെഡറേഷന്‍ സംസ്ഥാന പ്രസിഡന്റ് എം എം ലോറന്‍സ് അധ്യക്ഷനായി. സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം പി കെ ഗുരുദാസന്‍, പുല്ലുവിള സ്റ്റാന്‍ലി, കുട്ടായി ബഷീര്‍ എന്നിവര്‍ സംസാരിച്ചു. ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറി വി വി ശശീന്ദ്രന്‍ സ്വാഗതം പറഞ്ഞു.
deshabhimani 111212
No comments:
Post a Comment