Monday, July 19, 2010

മതമേലധ്യക്ഷന്മാരുടെ നീക്കം ദൌര്‍ഭാഗ്യകരം

വിവാദ ഇടയലേഖനം പള്ളികളില്‍ വായിച്ചു

രാഷ്ട്രീയതാല്‍പ്പര്യങ്ങളോടെ കേരള കത്തോലിക്കാ മെത്രാന്‍സമിതി (കെസിബിസി) പുറത്തിറക്കിയ ഇടയലേഖനം ഞായറാഴ്ച സീറോ, മലങ്കര സഭകളുടെ പള്ളികളില്‍ വായിച്ചു. കുര്‍ബാനയ്ക്കുശേഷമാണ് ലേഖനം വായിച്ചത്. എന്നാല്‍, ലത്തീന്‍ കത്തോലിക്കാ പള്ളികളില്‍ ഇടയലേഖനം വായിച്ചില്ല. തദ്ദേശഭരണസ്ഥാപനങ്ങളിലേക്ക് നടക്കാന്‍പോകുന്ന തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് അനുകൂലമായി ഇടപെടാനുള്ള ആഹ്വാനത്തോടെയാണ് ഇടയലേഖനം തയ്യാറാക്കിയത്. ഈ മാസം നാലിന് പാലാരിവട്ടം പിഒസിയില്‍ ചേര്‍ന്ന മെത്രാന്‍സമിതിയാണ് വിവാദ ലേഖനം തയ്യാറാക്കിയത്. ജനവിധി തേടുന്ന സ്വതന്ത്രന്മാരെ അംഗീകരിക്കരുതെന്നുപോലും നിര്‍ദേശിക്കുന്ന ഇടയലേഖനം 18ന് പള്ളികളില്‍ വായിക്കണമെന്നും അറിയിച്ചിരുന്നു. രാഷ്ട്രീയലാക്കോടെയുള്ള ഇടയലേഖനത്തിനെതിരെ പ്രമുഖര്‍ രംഗത്തുവന്നിരുന്നു. ലേഖനം ജനപ്രാതിനിധ്യനിയമത്തിന്റെ ലംഘനവും ജനാധിപത്യവിരുദ്ധവുമാണെന്ന് ആക്ഷേപമുയര്‍ന്നിരുന്നു.
ഇടയലേഖനത്തിനെതിരെ കേരള ലാറ്റിന്‍ കാത്തലിക് അസോസിയേഷന്‍ കൊച്ചിനഗരത്തില്‍ പ്രകടനം നടത്തി. ലേഖനത്തിന്റെ കോപ്പി കത്തിച്ചു. പകരം അല്‍മായലേഖനം പ്രകാശിപ്പിച്ചു. വിശ്വാസികളുടെ താല്‍പ്പര്യങ്ങള്‍ക്കും ജനാധിപത്യവ്യവസ്ഥയ്ക്കും വിരുദ്ധമായ ഇടയലേഖനം അള്‍ത്താരയെ രാഷ്ട്രീയവല്‍ക്കരിക്കാന്‍ ലക്ഷ്യമിട്ടാണെന്ന് പ്രതിഷേധ യോഗം ഉദ്ഘാടനംചെയ്ത കെഎല്‍സിഎ പ്രസിഡന്റ് ഫെലിക്സ് ജെ പുല്ലൂടന്‍ പറഞ്ഞു. ഇടയലേഖനങ്ങളല്ല, മടയലേഖനങ്ങളാണ് മെത്രാന്‍സമിതി ഈയിടെപുറത്തിറക്കുന്നത്. അള്‍ത്താരയെ രാഷ്ട്രീയപ്രചാരണവേദിയാക്കരുതെന്നും അദ്ദേഹം പറഞ്ഞു. ആന്റോ കൊക്കാട്ട്, ഇ ആര്‍ ജോസഫ്, ജോസഫ് വെളിയില്‍, വി ജെ പൈലി, ലോനന്‍ ജോയ്, സി എ എബ്രഹാം തുടങ്ങിയവര്‍ സംസാരിച്ചു.

മതമേലധ്യക്ഷന്മാരുടെ നീക്കം ദൌര്‍ഭാഗ്യകരം: ഐസക്

തെരഞ്ഞെടുപ്പില്‍ ദൈവവിശ്വാസത്തെ ഹിതപരിശോധനയ്ക്കു വിധേയമാക്കാനുള്ള മതമേലധ്യക്ഷന്മാരുടെ നീക്കം ദൌര്‍ഭാഗ്യകരമാണെന്ന് ധനമന്ത്രി ഡോ. തോമസ് ഐസക് പറഞ്ഞു. ദൈവവിശ്വാസം അടിസ്ഥാനമാക്കുകയല്ല, മറിച്ച് പാവങ്ങള്‍ക്കുവേണ്ടി ആരു നിലകൊള്ളുന്നു എന്നതാണ് എല്‍ഡിഎഫിനു പ്രധാനം. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ തെരഞ്ഞെടുപ്പു സംബന്ധിച്ച് ഞായറാഴ്ച ക്രൈസ്തവദേവാലയങ്ങളില്‍ വായിച്ച ഇടയലേഖനത്തെപ്പറ്റി വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ഐസക്.

മത്സ്യത്തൊഴിലാളികള്‍ പാവപ്പെട്ടവരാണ് എന്നു പറയുന്നവര്‍ക്കൊപ്പമാണ് എല്‍ഡിഎഫ്. ബിപിഎല്‍, എപിഎല്‍ വ്യതാസമില്ലാതെ എല്ലാവര്‍ക്കും കുറഞ്ഞവിലയ്ക്കു അരി നല്‍കണമെന്നു പറയുന്നരോടൊപ്പം എല്‍ഡിഎഫ് നില്‍ക്കും. ആസിയന്‍ കരാര്‍ കാര്‍ഷികമേഖലയ്ക്കു ആപത്താണ് എന്നു പറയുന്നവരെയും പിന്തുണയ്ക്കും. ജനങ്ങളുടെ നീറുന്ന പ്രശ്നങ്ങള്‍ മുന്‍നിര്‍ത്തിയാണ് എല്‍ഡിഎഫ് വോട്ടുതേടുന്നത്. നേരത്തെ, കേന്ദ്രത്തില്‍ സര്‍ക്കാരുണ്ടാക്കാന്‍ കോണ്‍ഗ്രസിന് സിപിഐ എം ഉള്‍പ്പെടുന്ന ഇടതുപക്ഷം പിന്തുണ നല്‍കി. ഇതിനുള്ള സാഹചര്യം എന്താണെന്നു മതാധ്യക്ഷന്മാര്‍ മനസിലാക്കണം. ന്യൂനപക്ഷത്തിന്റെ താല്‍പര്യങ്ങള്‍ ഹനിക്കുന്ന ബിജെപിയെ അകറ്റിനിര്‍ത്താനാണ് കോണ്‍ഗ്രസിനെ പിന്തുണച്ചത്. അതേസമയം, കേന്ദ്ര സര്‍ക്കാരിന്റെ നയങ്ങള്‍ അങ്ങേയറ്റം ജനവിരുദ്ധമാണെന്ന കാര്യം മതമേലധ്യക്ഷന്മാര്‍ മറക്കരുത്.

മതാടിസ്ഥാനത്തില്‍ ജനങ്ങളെ തമ്മിലടിപ്പിക്കുന്നതാണ് താലിബാനിസം. തങ്ങളുടെ വിശ്വാസത്തില്‍നിന്ന് വ്യതിചലിക്കുന്നവരുടെ കൈവെട്ടാം, തലവെട്ടാം എന്നവര്‍ കരുതുന്നു. പോപ്പുലര്‍ഫ്രണ്ട്, എസ്ഡിപിഐ എന്നിവരുമായി കൂട്ടുകൂടിയത് തെറ്റായിപോയി എന്നു കുറ്റസമ്മതം നടത്താന്‍ യുഡിഎഫ് തയ്യാറാകണം. വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളില്‍ എല്ലാ വര്‍ഗീയ തീവ്രവാദപ്രസ്ഥാനങ്ങളെയും കൂട്ടുപിടിക്കുകയാണവര്‍. ഇതിനെതിരെ ജനങ്ങള്‍ നല്ല ജാഗ്രത പുലര്‍ത്തും. പോപ്പുലര്‍ ഫ്രണ്ടിനെ വളര്‍ത്തിയത് സിപിഐ എം ആണെന്ന് പ്രതിപക്ഷനേതാവ് ഉമ്മന്‍ചാണ്ടി ആരോപിക്കുന്നു. അങ്ങനെയെങ്കില്‍ ആറു സിപിഐ എം പ്രവര്‍ത്തകരെ പോപ്പുലര്‍ ഫ്രണ്ട് കൊലപ്പെടുത്തിയതിനെപ്പറ്റി ഉമ്മന്‍ചാണ്ടി എന്തുപറയും. ആലപ്പുഴ ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫിനുവേണ്ടി പല ബൂത്തിലും പ്രവര്‍ത്തിച്ചതും പോളിങ് ഏജന്റുമാരായതും പോപ്പുലര്‍ ഫ്രണ്ട്, എസ്ഡിപിഐ പ്രവര്‍ത്തകരാണ്. ഇക്കാര്യം താന്‍ അന്നു മൂന്നുതവണ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. യുഡിഎഫ് നേതാക്കള്‍ പ്രതികരിച്ചില്ല. യുഡിഎഫിന്റെ ഈ നിലപാട് മതനിരപേക്ഷതയ്ക്കു തീരാകളങ്കമാണെന്നും ഐസക് പറഞ്ഞു.

deshabhimani 19072010

8 comments:

  1. തെരഞ്ഞെടുപ്പില്‍ ദൈവവിശ്വാസത്തെ ഹിതപരിശോധനയ്ക്കു വിധേയമാക്കാനുള്ള മതമേലധ്യക്ഷന്മാരുടെ നീക്കം ദൌര്‍ഭാഗ്യകരമാണെന്ന് ധനമന്ത്രി ഡോ. തോമസ് ഐസക് പറഞ്ഞു. ദൈവവിശ്വാസം അടിസ്ഥാനമാക്കുകയല്ല, മറിച്ച് പാവങ്ങള്‍ക്കുവേണ്ടി ആരു നിലകൊള്ളുന്നു എന്നതാണ് എല്‍ഡിഎഫിനു പ്രധാനം. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ തെരഞ്ഞെടുപ്പു സംബന്ധിച്ച് ഞായറാഴ്ച ക്രൈസ്തവദേവാലയങ്ങളില്‍ വായിച്ച ഇടയലേഖനത്തെപ്പറ്റി വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ഐസക്.

    ReplyDelete
  2. ഇത് ശരിയെങ്കില്‍ section 123 (3) of R. P. Act, 1951 ലംഘിച്ച കെ.സി.ബി.സി.ക്കെതിരെ പരാതി കൊടുക്കുകയാണ് വേണ്ടത്.

    ആര് പൂച്ചയ്ക്ക് മണീകെട്ടും അല്ലേ? :)

    ReplyDelete
  3. വിശദമായി ഇവിടെയുണ്ട് http://www.kcbcsite.com/kcbc_pastoral_letters/KCBC_Electoral_Appeal.pdf

    ReplyDelete
  4. സന്മനസ്സുള്ള എല്ലാവരോടും സഹകരിച്ചു മുന്നേറാനാണ്‌ സഭ ആഗ്രഹിക്കുന്നതെങ്കിലും നിരീശ്വരപ്രസ്ഥാനങ്ങളോടുള്ള സഹവര്‍ത്തിത്വത്തിന്‌ സഭ തയ്യാറല്ല. ആറാം പൗലോസ്‌ മാര്‍പ്പാപ്പയുടെ വാക്കുകള്‍ ശ്രദ്ധേയമത്രേ: "ഒരു ക്രൈസ്തവന്‍ രാഷ്ട്രീയപ്രവര്‍ത്തനത്തെ ഒരു സേവനമായി കരുതുകയും തന്റെ വിശ്വാസത്തിനനുസരിച്ച്‌ ജീവിക്കാനാഗ്രഹിക്കുകയും ചെയ്യുന്നു എന്നിരിക്കട്ടെ. അപ്പോള്‍ തന്റെ വിശ്വാസത്തിനും മനുഷ്യനെക്കുറിച്ചുള്ള ആദര്‍ശങ്ങള്‍ക്കും മൗലികമായും സത്താപരമായും വിരുദ്ധമായി നില്‍ക്കുന്ന പ്രത്യയശാസ്ത്രങ്ങളെ അവന്‌ അവലംബിക്കാനാവില്ല. അങ്ങനെ ചെയ്താല്‍ അവന്‍ തനിക്കുതന്നെ വിരുദ്ധമായിട്ടായിരിക്കും പ്രവര്‍ത്തിക്കുക. അവന്‌ മാര്‍ക്സിയന്‍ പ്രത്യയശാസ്ത്രത്തോടോ, നാസ്തിക ഭൗതികവാദത്തോടോ അതിന്റെ ഹിംസാത്മക സമീപനത്തോടോ, സമൂഹത്തിനുവേണ്ടി വ്യക്തിസ്വാതന്ത്ര്യം ബലികഴിക്കുന്ന രീതിയോടോ യോജിക്കുവാന്‍ സാധിക്കുകയില്ല". അതായത്‌ നിരീശ്വരത്വം, വൈരുദ്ധ്യാത്മക ഭൗതികവാദം, വര്‍ഗ്ഗസമരം എന്നിവയില്‍ അധിഷ്ഠിതമായ ഒരു പ്രസ്ഥാനത്തോട്‌ സഭയ്ക്കു കൂട്ടുകെട്ടില്ല. രാഷ്ട്രീയ ആത്മീയതയുടെ അന്തകനാണ്‌ കമ്യൂണിസം.

    ReplyDelete
  5. രാഹുല്‍,
    ഇന്ത്യന്‍ നിയമം അനുസരിക്കുവാന്‍ ഇന്ത്യയിലുള്ള സഭയ്ക്ക് കഴിയണം.

    സ്ത്രീ സമത്വം പറയുന്ന സഭ കഴിഞ്ഞ ദിവസമല്ലെ സ്ത്രികള്‍ക്ക് പുരോഹിത പദവി നല്‍കുന്നത് പാതിരിമാരുടെ ചൈല്‍ഡ് എബ്യൂസിങ്ങ് പോലെ ക്രൂരമായ പാപമാണെന്ന് വിധി എഴുതിയത്. അപ്പോള്‍ ആത്മീയ അന്തകര്‍ ആരാണ്?

    ആദ്യം ഒരു ഇന്ത്യക്കാരന്‍ ആണ് ആകേണ്ടത്, എല്ലാവരെയും ഒരു പോലെ കാണുവാന്‍ കഴിവുള്ളവനായിരിക്കണം. മതത്തിന്റെ കണ്ണിലൂടെ കാണുവാന്‍ തുടങ്ങിയതാണ് ഇന്നത്തെ പ്രശ്നങ്ങള്‍ക്കെല്ലാം കാരണം. കിഴക്കന്‍ സംസ്ഥാനങ്ങളില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്ന ക്രിസ്ത്യന്‍ തീവ്രവാദം കൂടി കേരളത്തിലേയ്ക്കും വരണമെന്നാണോ ആഗ്രഹിക്കുന്നത്?

    ReplyDelete
  6. ഇതെന്താ ഇപ്പോള്‍ ഇന്ത്യ ഒരു ക്രിസ്തീയ രാജ്യമാണോ. ഇന്ത്യന്‍ ജനാധിപത്യത്തെ കുത്തി കുത്തി ഇപ്പോള്‍ എന്തുമാകാമെന്നായോ? അപ്പോള്‍ ക്രിസ്ത്യാനിയുടെ മതേതരത്വമൊക്കെ എവിടെ എത്തി നില്ലുന്നു.

    ReplyDelete
  7. http://njjoju.blogspot.com/2010/07/blog-post.html

    ReplyDelete