Monday, December 10, 2012
ബലരാമന്‍ കമ്മിറ്റി റിപ്പോട്ടിന്‍മേല്‍ സര്‍ക്കാര്‍ അടയിരിക്കുന്നു: വി എസ്
സ്വകാര്യ ആശുപത്രികളിലെ നേഴ്സുമാരുടെ സേവന-വേതന വ്യവസ്ഥകള്‍ പരിഷ്കരിക്കുന്നതിന് എസ് ബലരാമന്‍ നല്‍കിയ റിപ്പോര്‍ട്ടിന്‍മേല്‍ സര്‍ക്കാര്‍ അടയിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ കുറ്റപ്പെടുത്തി. റിപ്പോര്‍ട്ടുലഭിച്ച് വര്‍ഷമൊന്നാകാറായിട്ടും അത് പുറത്തുവരുന്നില്ല. റിപ്പോര്‍ട്ട് നടപ്പാക്കാന്‍ ശക്തമായ ജനകീയ സമ്മര്‍ദ്ദം ഉയര്‍ന്നുവരണം. നേഴ്സിങ് പഠനത്തിനായി എടുത്ത വായ്പയ്ക്ക് പലിശ പൂര്‍ണമായും ഇളവുചെയ്യണം. കേരള ഗവണ്‍മെന്റ് നേഴ്സസ് അസോസിയേഷന്റെയും കേരള ഗവണ്‍മെന്റ് സ്റ്റുഡന്റ്സ് നേഴ്സസ് അസോസിയേഷന്റെയും നേതൃത്വത്തില്‍ സേവന ദിനാചരണവും പഠന ക്ലാസും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. അനുരാജ് കുടുംബ സഹായ ധനവിതരണവും വി എസ് നിര്‍വഹിച്ചു.
സ്വകാര്യ ആശുപത്രി മേഖലയില്‍ നേഴ്സുമാര്‍ക്ക് സേവന-വേതന വ്യവസ്ഥയുണ്ടാക്കാന്‍ കേന്ദ്രനിയമം കൊണ്ടുവരണമെന്ന് പല തവണ ആവശ്യം ഉയര്‍ന്നെങ്കിലും അനുകൂല നടപടിയുണ്ടായില്ല. കഴുത്തറുപ്പന്‍ ഫീസ് ചുമത്തുന്ന സ്വകാര്യ ആശുപത്രികളില്‍ ഡോക്ടര്‍മാര്‍ക്ക് ചോദിക്കുന്ന വേതനം നല്‍കുമ്പോള്‍ നേഴ്സുമാരും മറ്റ് ജീവനക്കാരും കൊടിയ ചുഷണത്തിനിരയാകുന്നു. ആശുപത്രികളുടെ നിലനില്‍പ്പിനും വളര്‍ച്ചയ്ക്കും നേഴ്സുമാരുടെ സേവനം മുഖ്യമാണന്നത് മനസ്സിലാക്കി പ്രവര്‍ത്തിക്കാന്‍ ഉടമകള്‍ക്ക് കഴിയുന്നില്ല. ആതുരശുശ്രൂഷാരംഗത്ത് ആത്മാര്‍ഥമായി പ്രവര്‍ത്തിക്കുന്ന നേഴ്സുമാര്‍ക്ക് മെച്ചപ്പെട്ട വേതനവും സേവനാന്തരീക്ഷവും ലഭ്യമാക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്നും വി എസ് ആവശ്യപ്പെട്ടു. കെജിഎസ്എന്‍എ പ്രസിഡന്റ് എന്‍ റാഷമോള്‍ അധ്യക്ഷയായി. സിപിഐ എം ജില്ലാ സെക്രട്ടറി കടകംപള്ളി സുരേന്ദ്രന്‍ സംസാരിച്ചു. കെജിഎന്‍എ ജനറല്‍ സെക്രട്ടറി കെ രവീന്ദ്രനാഥന്‍ സ്വാഗതവും കെജിഎസ്എന്‍എ ജനറല്‍ സെക്രട്ടറി സുശാന്ത് ബാലകൃഷ്ണന്‍ നന്ദിയും പറഞ്ഞു. അനുരാജ് കുടുംബ സഹായ ഫണ്ട് അനുരാജിന്റെ പിതാവ് സുകുമാരന്‍ ഏറ്റുവാങ്ങി. കെജിഎസ്എന്‍എ ഉപദേശകന്‍ പി കെ തമ്പി, പ്രൊഫ. കാര്‍ത്തികേയന്‍ നായര്‍ എന്നിവര്‍ ക്ലാസെടുത്തു.
deshabhimani 101212
Labels:
ആരോഗ്യരംഗം
Subscribe to:
Post Comments (Atom)
No comments:
Post a Comment