Monday, December 10, 2012

സൗരാഷ്ട്ര പച്ചപിടിച്ചില്ല; ലക്ഷ്മണ്‍ഭായിയും


അംബാലിയ (ഗുജറാത്ത്): ഗുജറാത്ത് വികസനത്തെയും നരേന്ദ്രമോഡി സര്‍ക്കാരില്‍നിന്ന് കര്‍ഷകര്‍ക്ക് കിട്ടുന്ന സഹായങ്ങളെയും കുറിച്ചുള്ള അവകാശവാദങ്ങളെപ്പറ്റി ചോദിച്ചപ്പോള്‍ ലക്ഷ്മണ്‍ഭായ് ഉറക്കെ ചിരിച്ചു. "എന്ത് സഹായം, അവരാരും ഇങ്ങോട്ട് തിരിഞ്ഞുനോക്കാറില്ല. പിന്നെയല്ലേ സഹായം.കര്‍ഷകര്‍ എന്നൊരു വിഭാഗം ഗുജറാത്തിലുണ്ടെന്ന് അവര്‍ക്കറിയുമോ"- ലക്ഷ്മണ്‍ഭായിയുടെ മറുചോദ്യം.

ലക്ഷ്മണ്‍ഭായ് കുടുംബസമേതം പാടത്താണ്. വാടകക്കെടുത്ത കാളകളെക്കൊണ്ട് നിലമുഴാനും പാടമൊരുക്കാനും വിത്ത് വിതയ്ക്കാനുമൊക്കെ സഹായികളായി ഭാര്യ പിരാബെന്നും മക്കളായ സുഭാഷും ഭാവനയും. പക്ഷേ ജീവിതത്തിന്റെ ഇരുവശവും കൂട്ടിമുട്ടിക്കാന്‍ കഴിയുന്നില്ല. സൗരാഷ്ട്രയെ ഉപേക്ഷിച്ച മഴയും കര്‍ഷകരെ ഉപേക്ഷിച്ച നരേന്ദ്ര മോഡി സര്‍ക്കാരും ലക്ഷ്മണ്‍ഭായിയെപ്പോലുള്ള ലക്ഷക്കണക്കിന് പാവങ്ങളുടെ ജീവിതമാണ് ഇരുളിലാക്കിയത്. ജാംനഗര്‍ ജില്ലയിലെ അംബാലിയ താലൂക്കിലുള്ള നിടാപര്‍ ഗ്രാമത്തിലാണ് ലക്ഷ്മണ്‍ഭായിയുടെ പത്ത് ബിഗാഭൂമി. കൃഷിയല്ലാതെ മറ്റൊരു ജോലിയും ലക്ഷ്മണ്‍ഭായിക്കറിയില്ല. മകള്‍ ഭാവനയെ സ്കൂളിലയച്ചില്ല. പോളിടെക്നിക്കില്‍ പഠിക്കുന്ന മകന്‍ മകന്‍ സുഭാഷും ഒഴിവുദിവസങ്ങളില്‍ പാടത്തിറങ്ങും. അഞ്ചേക്കറില്‍ നിലക്കടല കൃഷിയിറക്കാന്‍ 35,000 രൂപ ചെലവായി. വെള്ളം പമ്പുചെയ്യാന്‍ 4000 രൂപ. വളത്തിന് 2300 രൂപ. നിലമുഴാന്‍ കാളകള്‍ക്ക് വാടക ഒരു ദിവസം 800 രൂപ. ഒരേക്കറില്‍ നിന്ന് 18 മന്ന് (ഒരു മന്ന് 20 കിലോ) നിലക്കടല കിട്ടണം. മഴയില്ലാത്തതുമൂലം പാതി വിളവുപോലും കിട്ടില്ല. ഒരു മന്നിന് കിട്ടുന്ന വില 900 രൂപ. 25 കിലോമീറ്റര്‍ അകലെയുള്ള ചന്തയിലെത്തിച്ചുവേണം വില്‍ക്കാന്‍. ഇക്കുറി 45 മന്നെങ്കിലും കിട്ടുമോയെന്ന് സംശയമാണ്. ആറ് മാസത്തെ പ്രയത്നത്തിന് കിട്ടാന്‍ പോകുന്ന ലാഭം ഏകദേശം 5000 രൂപയായിരിക്കും. എങ്ങനെ ജീവിക്കുന്നുവെന്ന് ചോദിച്ചാല്‍ "ജീവിക്കാതെ എന്തുചെയ്യും" എന്നാണ് ലക്ഷ്മണ്‍ഭഭായ്യുടെ മറുപടി.

"ഗുജറാത്തിലാകെ കര്‍ഷകര്‍ക്ക് ജലസേചനസൗകര്യമെത്തിച്ചു; നര്‍മദാ പദ്ധതിയില്‍നിന്ന് സൗരാഷ്ട്രയിലെ കര്‍ഷകര്‍ക്കെല്ലാം വെള്ളം കിട്ടുന്നു"-എന്നൊക്കെയാണ് മുഖ്യമന്ത്രി നരേന്ദ്രമോഡിയുടെ പ്രചാരണം. ഗുജറാത്തിലെ ആദ്യ മുഖ്യമന്ത്രിയായ ജീവരാജ് മേത്തയുടെ ഭഭരണകാലത്ത് 1961 ല്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റുവാണ് നര്‍മദാ പദ്ധതിക്ക് തറക്കല്ലിട്ടത്. ജലസേചനം നടത്താന്‍ കഴിയുമെന്ന് വിഭാവനചെയ്തത് 18.45 ലക്ഷം ഹെക്ടര്‍ ഭൂമിയില്‍. ഇതില്‍ 75 ശതമാനവും ഗുജറാത്തിലെ വരള്‍ച്ചബാധിത പ്രദേശങ്ങളായ സൗരാഷ്ട്രയും കച്ചുമാണ്. 2006ല്‍ നര്‍മദാ പദ്ധതി ഉദ്ഘാടനം ചെയ്തപ്പോള്‍ അഹമ്മദാബാദിലേക്കും ഗാന്ധിനഗറിലേക്കും കോര്‍പ്പറേറ്റുകളുടെ വ്യവസായകേന്ദ്രങ്ങളിലേക്കും മാത്രമാണ് വെള്ളം അധികവും ഒഴുകുന്നത്. സൗരാഷ്ട്രയില്‍ ആകെ ജലസേചനം നടത്തുന്നത് 87000 ഹെക്ടറില്‍ മാത്രം.
(വി ജയിന്‍)

deshabhimani 101212

1 comment:

  1. ഗുജറാത്ത് വികസനത്തെയും നരേന്ദ്രമോഡി സര്‍ക്കാരില്‍നിന്ന് കര്‍ഷകര്‍ക്ക് കിട്ടുന്ന സഹായങ്ങളെയും കുറിച്ചുള്ള അവകാശവാദങ്ങളെപ്പറ്റി ചോദിച്ചപ്പോള്‍ ലക്ഷ്മണ്‍ഭായ് ഉറക്കെ ചിരിച്ചു. "എന്ത് സഹായം, അവരാരും ഇങ്ങോട്ട് തിരിഞ്ഞുനോക്കാറില്ല. പിന്നെയല്ലേ സഹായം.കര്‍ഷകര്‍ എന്നൊരു വിഭാഗം ഗുജറാത്തിലുണ്ടെന്ന് അവര്‍ക്കറിയുമോ"- ലക്ഷ്മണ്‍ഭായിയുടെ മറുചോദ്യം.

    ReplyDelete