വിവാദദല്ലാള്‍ ടി ജി നന്ദകുമാറിനെതിരെ സിബിഐ അന്വേഷണം നടത്താനുള്ള വിജ്ഞാപനം കേന്ദ്രസര്‍ക്കാരിന് അയച്ചുകൊടുക്കുന്ന നടപടി ഇഴഞ്ഞെന്ന് സര്‍ക്കാരും സമ്മതിച്ചു. യുഡിഎഫ് അധികാരത്തിലെത്തിയശേഷം 39 കേസിലാണ് സിബിഐ അന്വേഷണത്തിന് വിജ്ഞാപനം പുറപ്പെടുവിച്ചത്. ഇതില്‍ നന്ദകുമാറിനെതിരായ കേസിലൊഴികെ ഒരുമാസത്തിനകം നടപടികള്‍ പൂര്‍ത്തിയാക്കി. വിജ്ഞാപനം കേന്ദ്ര ആഭ്യന്തരവകുപ്പിനും പേഴ്സണല്‍ മന്ത്രാലയത്തിനും അയച്ചുകൊടുക്കണം. എന്നാല്‍, നന്ദകുമാറിനെതിരായ വിജ്ഞാപനം ആഭ്യന്തരവകുപ്പ് പൂഴ്ത്തി. നന്ദകുമാറിനെതിരായ പരാതികള്‍ ഗൗരവതരമാണെന്ന് സര്‍ക്കാരിന് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് ക്രൈംബ്രാഞ്ച് അന്വേഷണത്തിനും പിന്നീട് സിബിഐക്കു വിടാനും തീരുമാനിച്ചതെന്ന് ആഭ്യന്തരവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി വ്യക്തമാക്കിയതാണ്. പരാതിക്കാരന്‍ ജോമോന്‍ പുത്തന്‍പുരയ്ക്കലിനെ രേഖാമൂലമാണ് പ്രന്‍സിപ്പല്‍ സെക്രട്ടറി സാജന്‍ പീറ്റര്‍ ഇക്കാര്യമറിയിച്ചത്. സിബിഐ അന്വേഷണത്തിന് 2012 ഫെബ്രുവരി ആറിന് ഡിജിപി ശുപാര്‍ശചെയ്തിരുന്നു. ഫെബ്രുവരി 22ന് വിജ്ഞാപനം പുറപ്പെടുവിച്ചു. ഇതിനുശേഷമാണ് നന്ദകുമാറിനുവേണ്ടി ആഭ്യന്തരവകുപ്പും യുഡിഎഫ് ഉന്നതരും രംഗത്തിറങ്ങുന്നതും വിജ്ഞാപനം മുങ്ങുന്നതും.
വിജ്ഞാപനമിറക്കിയ ഉടന്‍ നിശ്ചിതഫോറത്തില്‍ കേസ് വിവരങ്ങളും സിബിഐ അന്വേഷണത്തിന്റെ ആവശ്യകത അടക്കമുളള വിവരങ്ങളും കേന്ദ്രത്തിനു സമര്‍പ്പിക്കണം. എന്നാല്‍, രണ്ടു മാസം കഴിഞ്ഞാണ് ഇതുസംബന്ധിച്ച ഫയല്‍ നിയമവകുപ്പിലേക്ക് അയച്ചത്. ഫയല്‍ ഇഴയുന്നതിനിടെ നന്ദകുമാര്‍ സുപ്രീംകോടതിയില്‍ പോയി സ്റ്റേ വാങ്ങി. ഇയാളുടെ ഹര്‍ജി പരിഗണിച്ച ഘട്ടങ്ങളില്‍ സംസ്ഥാന സര്‍ക്കാര്‍ അഭിഭാഷകന്‍ ഹാജരായതുമില്ല. നന്ദകുമാറുമായി അടുപ്പമുള്ള തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ആഭ്യന്തരമന്ത്രിയായി ചുമതലയേല്‍ക്കുന്നത് ഏപ്രില്‍ 12നാണ്. അതോടെ നന്ദകുമാറിന്റെ വഴി എളുപ്പമായി. മെയ് 25ന് സുപ്രീംകോടതി നടപടികള്‍ സ്റ്റേ ചെയ്തു. പിന്നീട് കേസ് പരിഗണിച്ചപ്പോഴെല്ലാം സര്‍ക്കാര്‍ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ കൂടുതല്‍ സമയം ചോദിച്ച് നന്ദകുമാറിന് ഒത്താശചെയ്തു. നിയമം നിയമത്തിന്റെ വഴിക്കുപോകുമെന്ന് ആവര്‍ത്തിക്കുന്ന തിരുവഞ്ചൂര്‍ നന്ദകുമാറിനായി ആഭ്യന്തരവകുപ്പിനെ ദുരുപയോഗപ്പെടുത്തുകയാണ്.
deshabhimani 111212
No comments:
Post a Comment