Tuesday, December 11, 2012

അരി കത്തിക്കള്‍: ഉന്നത സംഘത്തിന്റെ പരിശോധന പ്രഹസനം


മുളങ്കുന്നത്തുകാവ് എഫ്സിഐ ഗോഡൗണില്‍ റേഷനരി കത്തിച്ചത് സംബന്ധിച്ച് ഉന്നതതല ഉദ്യോഗസ്ഥ സംഘത്തിന്റെ പരിശോധന പ്രഹസനമായി. എഫ്സിഐ ചെന്നൈ സോണിലെ എക്സി. ഡയറക്ടര്‍ ആര്‍ പി സിങ്, ക്വാളിറ്റി കണ്‍ട്രോള്‍ വിഭാഗം അസി. ജനറല്‍ മാനേജര്‍മാരായ എന്‍ പ്രഭാകരന്‍, അലിഗര്‍ സ്വാമി എന്നിവരാണ് തെളിവെടുപ്പ് നടത്തിയത്. അരി കത്തിച്ചവര്‍ക്കെതിരെ നടപടിക്ക് ശുപാര്‍ശയുമില്ലെന്നറിയുന്നു. 1500 ടണ്‍ അരിയാണ് കത്തിച്ച് കുഴിച്ചുമൂടിയത്. എന്നാല്‍ 43 ചാക്ക് ഉപയോഗശൂന്യമായ അരിയേ നശിപ്പിച്ചുള്ളൂ എന്ന ഗോഡൗണ്‍ അധികൃതരുടെ മൊഴി സംഘം ശരിവയ്ക്കുകയായിരുന്നു. അരി കത്തിച്ചില്ലെന്നും കുഴിച്ചുമൂടുകയായിരുന്നെന്നും ഗോഡൗണ്‍ അധികൃതര്‍ പറഞ്ഞു. രേഖകള്‍ പരിശോധിച്ച്, അരി നശിപ്പിച്ചത് സാധാരണ നടപടിയെന്നാണ് ഉന്നതസംഘത്തിന്റെ വിലയിരുത്തല്‍. ഡിപ്പോ മാനേജര്‍ ഇന്‍ചാര്‍ജ് എലിസബത്ത്, മാനേജര്‍ സജീവ്, സെക്ഷന്‍ മേധാവികള്‍ തുടങ്ങിയവരില്‍നിന്ന് സംഘം മൊഴിയെടുത്തു. അന്വേഷണ റിപ്പോര്‍ട്ട് കേന്ദ്ര ഭക്ഷ്യമന്ത്രാലയത്തിന് സമര്‍പ്പിക്കും.

50,000 ടണ്‍ സംഭരണശേഷിയുള്ള മുളങ്കുന്നത്തുകാവിലെ ഡിപ്പോ നിറഞ്ഞ അവസ്ഥയാണ്. 2010 മുതല്‍ പഴക്കമുളള അരിയും ഗോതമ്പും ഇവിടെയുണ്ട്. ഇനിയും കൂടുതല്‍ അരി നശിപ്പിക്കാനുള്ള സാധ്യതയുണ്ടെങ്കിലും ഉന്നതസംഘം അതൊന്നും കണ്ടതായി നടിച്ചില്ല. എന്നാല്‍ മാധ്യമങ്ങള്‍ക്ക് വാര്‍ത്ത ചോര്‍ത്തിയെന്ന പേരില്‍ തൊഴിലാളികളുടെ ഹിറ്റ്ലിസ്റ്റ് തയ്യാറാക്കുന്നതായും അറിയുന്നു. മാധ്യമപ്രവര്‍ത്തകര്‍ക്ക് ഡിപ്പോയിലേക്കുളള പ്രവേശനം വിലക്കിയിരിക്കയാണ്. കഴിഞ്ഞ ദിവസം എംഎല്‍എമാരെയും ഏറെ നേരം ഗേറ്റില്‍ തടഞ്ഞു നിര്‍ത്തി. മുളങ്കുന്നത്തുകാവ് ഗോഡൗണിനു മുന്നില്‍ പ്രതിഷേധ പ്രകടനങ്ങള്‍ നടക്കുന്നുവെന്നറിഞ്ഞ് ഉദ്യോഗസ്ഥര്‍ വൈകിട്ടാണ് എത്തിയത്. രാവിലെ സംഘം ചാലക്കുടി ഡിപ്പോയും സന്ദര്‍ശിച്ചിരുന്നു. ഇറക്കിവയ്ക്കാന്‍ ഇടമില്ലാതെ പഞ്ചാബില്‍നിന്നും ഗോതമ്പുമായി വന്ന വാഗണുകള്‍ 12 ദിവസമായി കാത്തുകെട്ടിക്കിടക്കുന്നുണ്ട്. എന്നാല്‍, ഇത് ശ്രദ്ധയില്‍പ്പെട്ടിട്ടും പരിഹാര നിര്‍ദേശമൊന്നും ഉണ്ടായില്ല.

deshabhimani 111212

No comments:

Post a Comment