Tuesday, March 27, 2012

വെളിപ്പെടുന്നത് ആന്റണിയുടെ പിടിപ്പുകേട്


സേനാമേധാവിക്ക് കോഴവാഗ്ദാനം സിബിഐ അന്വേഷിക്കും

സൈന്യത്തിന് നിലവാരം കുറഞ്ഞ വാഹനങ്ങള്‍ വാങ്ങുന്നതിന് 14 കോടി രൂപ കോഴ വാഗ്ദാനം ചെയ്തുവെന്ന് കരസേനാ മേധാവി ജനറല്‍ വി കെ സിങ്ങിന്റെ വെളിപ്പെടുത്തല്‍ കേന്ദ്രസര്‍ക്കാരിനെ പ്രതിരോധത്തിലാക്കി. കോഴ വാഗ്ദാനം അറിഞ്ഞിട്ടും പ്രതിരോധമന്ത്രി എ കെ ആന്റണി നടപടി സ്വീകരിക്കാതിരുന്നത് ദുരൂഹമാണെന്ന് പ്രതിപക്ഷം ചൂണ്ടിക്കാട്ടി. കോഴവിവാദം പാര്‍ലമെന്റില്‍ ഒച്ചപ്പാടായതിനെത്തുടര്‍ന്ന് ജനറല്‍ സിങ്ങിന്റെ വെളിപ്പെടുത്തലിനെക്കുറിച്ച് സിബിഐ അന്വേഷണത്തിന് ഉത്തരവിടാന്‍ ആന്റണി നിര്‍ബന്ധിതനായി.

ഇടനിലക്കാരനായ ഒരു മുന്‍സൈനിക ഉദ്യോഗസ്ഥന്‍ തനിക്ക് 14 കോടി രൂപ കോഴ വാഗ്ദാനം ചെയ്തുവെന്ന് "ദ് ഹിന്ദു" ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് ജനറല്‍ വി കെ സിങ് വെളിപ്പെടുത്തിയത്. സൈന്യത്തില്‍നിന്ന് അടുത്തിടെ വിരമിച്ച ഉദ്യോഗസ്ഥനാണ് കോഴ വാഗ്ദാനം നടത്തിയതെന്നും ജനറല്‍ സിങ് പറഞ്ഞു. ഇക്കാര്യം അപ്പോള്‍ത്തന്നെ പ്രതിരോധമന്ത്രി എ കെ ആന്റണിയുടെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. താന്‍ ഈ ജോലിക്ക് യോഗ്യനല്ലെങ്കില്‍ തന്നെ പുറത്താക്കാമെന്നും മന്ത്രിയെ അറിയിച്ചിരുന്നു. നിലവാരം കുറഞ്ഞ 600 വാഹനങ്ങള്‍ സൈന്യത്തിനായി വാങ്ങുന്നതിനുള്ള അനുമതി ലഭിക്കുന്നതിനാണ് തനിക്ക് കോഴ വാഗ്ദാനം ചെയ്തത്. നിലവില്‍ ഇത്തരത്തിലുള്ള ഏഴായിരത്തോളം വാഹനങ്ങള്‍ സൈന്യം ഉപയോഗിക്കുന്നുണ്ട്. വളരെ ഉയര്‍ന്ന വിലയ്ക്ക് വാങ്ങിയവയാണിവ. ആരും ചോദിക്കാനില്ലായിരുന്നു. ഈ വാഹനങ്ങള്‍ അറ്റകുറ്റപ്പണി ചെയ്യുന്നതിനോ വേണ്ടവിധം നിലനിര്‍ത്തുന്നതിനോ സൗകര്യങ്ങളില്ല. എന്നാല്‍, ഇപ്പോഴും ഈ വാഹനങ്ങള്‍ സൈന്യത്തിനുവേണ്ടി വാങ്ങുകയാണ്. 600 വാഹനങ്ങള്‍ വാങ്ങാന്‍ അനുമതി നല്‍കിയാല്‍ 14 കോടി നല്‍കാമെന്നാണ് മുന്‍സൈനിക ഉദ്യോഗസ്ഥന്‍തന്നെ നേരില്‍കണ്ട് പറഞ്ഞത്. മുമ്പ് സേനാമേധാവി പദവി വഹിച്ചിരുന്നവര്‍ കോഴ വാങ്ങിയിട്ടുണ്ടെന്നും താങ്കള്‍ക്കും നല്‍കാമെന്നുമാണ് ഇടനിലക്കാരന്‍ പറഞ്ഞത്. അഴിമതിക്കെതിരെ താന്‍ കര്‍ക്കശനിലപാട് സ്വീകരിച്ചതുകൊണ്ടാണ് തനിക്കെതിരെ പ്രായവിവാദം ഉയര്‍ത്തിയത്. ഇതിന്റെയെല്ലാം സൂത്രധാരന്‍ ആരെന്ന് അടുത്തുതന്നെ ബോധ്യപ്പെടും- ജനറല്‍ സിങ് പറഞ്ഞു. സൈന്യത്തില്‍ സത്യസന്ധതയും ആത്മാര്‍ഥതയും കുറഞ്ഞുവരികയാണെന്നും ജനറല്‍ സിങ് തുറന്നടിച്ചു. പാര്‍ലമെന്റിന്റെ ഇരുസഭകളിലും വിഷയം ഒച്ചപ്പാട് സൃഷ്ടിച്ചു.

കോഴ വാഗ്ദാനത്തെക്കുറിച്ച് കരസേനാ മേധാവി നേരിട്ടുകണ്ട് പറഞ്ഞിട്ടും പ്രതിരോധമന്ത്രി എന്തുകൊണ്ട് നടപടിയെടുത്തില്ലെന്ന ചോദ്യമാണ് പ്രതിപക്ഷം ഉയര്‍ത്തിയത്. പ്രധാനമന്ത്രി ഇക്കാര്യത്തില്‍ നിലപാട് വ്യക്തമാക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു. ഇപ്പോഴത്തെ വെളിപ്പെടുത്തലുകള്‍ സൈന്യത്തിന്റെ ആത്മവിശ്വാസം ഇടിക്കുന്നതും വിശ്വാസ്യത കുറയ്ക്കുന്നതുമാണെന്നും രാജ്യസുരക്ഷ തന്നെ അപകടത്തിലാണെന്നും പ്രതിപക്ഷം പറഞ്ഞു. തെലങ്കാനപ്രശ്നത്തില്‍ ലോക്സഭ സ്തംഭിച്ചതിനാല്‍ സഭയില്‍ പ്രസ്താവന നടത്താതെ ആന്റണിക്ക് രക്ഷപ്പെടാനായി. കോഴ വാഗ്ദാനം പ്രതിരോധമന്ത്രിയെ നേരിട്ട് അറിയിച്ചുവെന്ന കരസേനാ മേധാവിയുടെ വെളിപ്പെടുത്തല്‍ ആന്റണി നിഷേധിച്ചില്ല. ഇതേ കുറിച്ച് ചോദിച്ചപ്പോള്‍ പാര്‍ലമെന്റ് സമ്മേളനം നടക്കുകയാണെന്ന് മാത്രമായിരുന്നു മറുപടി. വിഷയം ഗൗരവമുള്ളതാണ്. ഇത് കൈകാര്യം ചെയ്യേണ്ടതുണ്ട്. ഞാന്‍ നടപടി സ്വീകരിച്ചുകഴിഞ്ഞു- ആന്റണി പറഞ്ഞു.

വെളിപ്പെടുന്നത് ആന്റണിയുടെ പിടിപ്പുകേട്

കോഴ വാഗ്ദാനത്തെക്കുറിച്ച് കരസേനാ മേധാവി നേരിട്ടു പരാതിപ്പെട്ടിട്ടും എന്തുകൊണ്ട് നടപടി സ്വീകരിച്ചില്ലെന്ന പ്രതിപക്ഷ പാര്‍ടികളുടെ ചോദ്യത്തിന് പ്രതിരോധമന്ത്രി ആന്റണിക്ക് മിണ്ടാട്ടമില്ല. ആന്റണി മന്ത്രിയായശേഷം വിവാദങ്ങളാണ് മന്ത്രാലയത്തെ പിന്തുടരുന്നത്. ബജറ്റ് സമ്മേളനത്തിന്റെ വരുംദിവസങ്ങളില്‍ പ്രതിരോധമന്ത്രിയുടെ നിഷ്ക്രിയത്വമാകും പ്രതിപക്ഷം ആയുധമാക്കുക. 2010ലാണ് ജനറല്‍ വി കെ സിങ് വെളിപ്പെടുത്തിയ കോഴ വാഗ്ദാനം നടന്നത്. സൈന്യത്തില്‍ ഉന്നതപദവി വഹിച്ചിരുന്ന ഉദ്യോഗസ്ഥന്‍ നേരിട്ട് കോഴ വാഗ്ദാനം ചെയ്തെന്ന് ജനറല്‍ സിങ് പറയുന്നു. അപ്പോള്‍ തന്നെ ഇക്കാര്യം പ്രതിരോധമന്ത്രിയെ കണ്ട് അറിയിച്ചിട്ടും അന്വേഷണം ഉണ്ടായിട്ടില്ല.

മിസൈലുകളും ഭാരമേറിയ ആയുധങ്ങളും കൊണ്ടുപോകാന്‍ സൈന്യം ഉപയോഗിക്കുന്ന ടട്രാ ട്രക്കുകള്‍ വാങ്ങുന്നതിനാണ് ഇടനിലക്കാരന്‍ കോഴ വാഗ്ദാനം ചെയ്തത്. സൈന്യം ടട്രാ ട്രക്കുകള്‍ വാങ്ങുന്നതിനുപിന്നില്‍ വന്‍അഴിമതിയുണ്ടെന്ന് ദേശാഭിമാനി നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ലണ്ടന്‍ കേന്ദ്രമായ ടട്രാ സൈപോക്സ് കമ്പനിയില്‍ നിന്ന് ട്രക്കുകളുടെ ഘടകങ്ങള്‍ വാങ്ങി ഇവിടെ യോജിപ്പിച്ച് ഉപയോഗിക്കുകയാണ്. ഇതുവരെ 5000 കോടി രൂപ ഇതിന് ചെലവഴിച്ചിട്ടുണ്ട്. ഇതില്‍ 750 കോടിയോളം വിവിധതലങ്ങളിലെ ഉദ്യോഗസ്ഥര്‍ക്ക് കോഴ നല്‍കുന്നതിനാണ്. മെച്ചപ്പെട്ട ട്രക്കുകള്‍ ഇന്ത്യയില്‍ തന്നെ നിര്‍മിക്കാന്‍ സാങ്കേതികവിദ്യ ഉള്ളപ്പോഴാണ് കൂടിയ തുകയ്ക്ക് വിദേശത്തു നിന്ന് ഘടകങ്ങള്‍ വാങ്ങുന്നത്.

ഡിഫന്‍സ് ഇന്റലിജന്‍സ് ഏജന്‍സി തലവനായി വിരമിച്ച ലെഫ്.ജനറല്‍ തേജീന്ദര്‍സിങ്ങാണ് ജനറല്‍ സിങ്ങിനെ കണ്ട് കോഴ വാഗ്ദാനം ചെയ്തതെന്ന് അഭ്യൂഹമുണ്ട്. പ്രതിരോധ മന്ത്രാലയത്തില്‍ വാര്‍ത്തകള്‍ ചോര്‍ത്താന്‍ ശ്രമം നടന്നെന്ന് മാധ്യമങ്ങളെ അറിയിച്ചത് തേജീന്ദര്‍സിങ്ങാണെന്ന് സൈന്യം നേരത്തെ കുറ്റപ്പെടുത്തിയിരുന്നു. വിരമിച്ചശേഷം ഒരിക്കല്‍ താന്‍ ജനറല്‍ സിങ്ങിനെ കണ്ടെന്ന് തേജീന്ദറും സമ്മതിച്ചു. എന്നാല്‍, ഇത് മറ്റൊരു വിഷയം ചര്‍ച്ചചെയ്യാനാണെന്നാണ് അദ്ദേഹം അവകാശപ്പെടുന്നത്. കോഴ വാഗ്ദാനം ചെയ്ത ആളെ ജനറല്‍ സിങ്ങിന് അറസ്റ്റുചെയ്യാമായിരുന്നെന്ന് കോണ്‍ഗ്രസ് പറഞ്ഞു. ഇക്കാര്യത്തില്‍ തനിക്ക് വീഴ്ച സംഭവിച്ചെന്ന് ജനറല്‍ സിങ് സമ്മതിച്ചു. തീരുമാനമെടുക്കുന്നതില്‍ ആന്റണിക്കുള്ള കഴിവില്ലായ്മയാണ് എല്ലാ പ്രശ്നത്തിനും കാരണമെന്ന് ബിജെപി നേതാവും മുന്‍ പ്രതിരോധമന്ത്രിയുമായ ജസ്വന്ത്സിങ് പറഞ്ഞു.
(എം പ്രശാന്ത്)

deshabhimani 270312

5 comments:

  1. കോഴ വാഗ്ദാനത്തെക്കുറിച്ച് കരസേനാ മേധാവി നേരിട്ടു പരാതിപ്പെട്ടിട്ടും എന്തുകൊണ്ട് നടപടി സ്വീകരിച്ചില്ലെന്ന പ്രതിപക്ഷ പാര്‍ടികളുടെ ചോദ്യത്തിന് പ്രതിരോധമന്ത്രി ആന്റണിക്ക് മിണ്ടാട്ടമില്ല. ആന്റണി മന്ത്രിയായശേഷം വിവാദങ്ങളാണ് മന്ത്രാലയത്തെ പിന്തുടരുന്നത്. ബജറ്റ് സമ്മേളനത്തിന്റെ വരുംദിവസങ്ങളില്‍ പ്രതിരോധമന്ത്രിയുടെ നിഷ്ക്രിയത്വമാകും പ്രതിപക്ഷം ആയുധമാക്കുക. 2010ലാണ് ജനറല്‍ വി കെ സിങ് വെളിപ്പെടുത്തിയ കോഴ വാഗ്ദാനം നടന്നത്. സൈന്യത്തില്‍ ഉന്നതപദവി വഹിച്ചിരുന്ന ഉദ്യോഗസ്ഥന്‍ നേരിട്ട് കോഴ വാഗ്ദാനം ചെയ്തെന്ന് ജനറല്‍ സിങ് പറയുന്നു. അപ്പോള്‍ തന്നെ ഇക്കാര്യം പ്രതിരോധമന്ത്രിയെ കണ്ട് അറിയിച്ചിട്ടും അന്വേഷണം ഉണ്ടായിട്ടില്ല.

    ReplyDelete
  2. ഒരു നാണവും ഇല്ലാതെ റിട്ടയര്‍ ചെയ്യുന്ന കൊല്ലം വയസ്സ് തിരുത്താന്‍ കോടതി വരെ പോയി നാണം കേട്ട ജനറല്‍ മീത്യി ഉപയോഗിച്ച് ആ സ്ഥാനത് തുടരാന്‍ ശ്രമിക്കുകയാണ് , ആന്റണി എന്ത് പിഴച്ചു, ഇന്ത്യന്‍ കരസേനാ മേധാവിയുടെ മുറിയില്‍ വന്നു ബ്രൈബ്‌ ഓഫാര്‍ ചെയ്ത ആളിനെ അയാള്‍ കേട്ട് മിണ്ടാതിരുന്നെന്നോ ? അപ്പോള്‍ പാകിസ്താന്‍ ആകമിച്ചാല്‍ ഇയാള്‍ ആന്റണിയുടെ അടുത്ത വന്നു പറഞ്ഞു മിണ്ടാതിരിക്കുമോ പിന്നെ പത്രക്കാരോട് പറയുമോ ഞാന്‍ ആന്റണീടെ അടുത്ത് അപ്പഴേ പറഞ്ഞായിരുന്നു എന്ന്, ഈ നാണം കേട്ടവന്‍ ആര്‍മിയുടെ മാനം കളഞ്ഞു

    ReplyDelete
  3. ഒരു നാണവും ഇല്ലാതെ റിട്ടയര്‍ ചെയ്യുന്ന കൊല്ലം വയസ്സ് തിരുത്താന്‍ കോടതി വരെ പോയി നാണം കേട്ട ജനറല്‍ മീഡിയയെ ഉപയോഗിച്ച് ആ സ്ഥാനത്ത് തുടരാന്‍ ശ്രമിക്കുകയാണ് , ആന്റണി എന്ത് പിഴച്ചു, ഇന്ത്യന്‍ കരസേനാ മേധാവിയുടെ മുറിയില്‍ വന്നു ബ്രൈബ്‌ ഓഫര്‍ ചെയ്ത ആളിനെ അയാള്‍ കേട്ട് മിണ്ടാതിരുന്നെന്നോ ? അപ്പോള്‍ പാകിസ്ഥാന്‍ ഇന്ത്യയെ ആക്രമിച്ചാല്‍ ഇയാള്‍ ആന്റണിയുടെ അടുത്ത് വന്നു പറഞ്ഞു മിണ്ടാതിരിക്കു? പിന്നെ പത്രക്കാരോട് പറയുമോ ഞാന്‍ ആന്റണീടെ അടുത്ത് അപ്പഴേ പറഞ്ഞായിരുന്നു എന്ന്, ഈ നാണം കെട്ടവന്‍ ആര്‍മിയുടെ മാനം കളഞ്ഞു , ഇവനെ ഇന്ന് തന്നെ പുറത്താക്കണം

    ReplyDelete
  4. good question susheelan.. why cant he arrest him at the spot?

    ReplyDelete
  5. അഴിമതി കണ്ടെത്തിയാല്‍ ഏതുകരാറും റദ്ദാക്കുമെന്ന് കേന്ദ്രപ്രതിരോധമന്ത്രി എ കെ ആന്റണി രാജ്യസഭയില്‍ അറിയിച്ചു. എത്ര ശക്തനായാലും അഴിമതി കണ്ടെത്തിയാല്‍ ശിക്ഷിക്കും. കരസേനയിലെ വാഹന അഴിമതിയെക്കുറിച്ച് വികാരനിര്‍ഭരനായാണ് ആന്റണി പ്രതികരിച്ചത്. കരസേനാ മേധാവിക്ക് കോഴ വാഗ്ദാനം ചെയ്ത സംഭവത്തില്‍ രേഖാമൂലം വി കെ സിങ്ങ് പരാതി നല്‍കിയില്ല. താന്‍ അഴിമതിക്ക് കൂട്ടുനില്‍ക്കുന്ന ആളല്ല. ഒന്നും ഒളിക്കാനില്ല. അഴിമതിക്കാരനാണെന്നു കണ്ടാല്‍ തന്നെ ശിക്ഷിക്കാമെന്നും ആന്റണി സഭയെ അറിയിച്ചു. സൈനിക വാഹനലോബിയുടെ ഇടനിലക്കാരനായിരുന്ന കരസേന ഉദ്യോഗസ്ഥന്‍ തനിക്ക് 14 കോടി രൂപ കോഴ വാഗ്ദാനം ചെയ്തിരുന്നുവെന്ന് കരസേനാ മേധാവി വി കെ സിങ്ങിന്റെ വെളിപ്പെടുത്തല്‍ വിവാദമായിരുന്നു. കഴിഞ്ഞ ദിവസം രാജ്യസഭയില്‍ ചോദ്യോത്തര വേള റദ്ദാക്കി പ്രശ്നം ചര്‍ച്ച ചെയ്യണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. ഒരു ഇംഗ്ലീഷ് മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണ് പ്രതിരോധ കേന്ദ്രങ്ങളെ പ്രതിക്കൂട്ടിലാക്കുന്ന വെളിപ്പെടുത്തല്‍ വി കെ സിങ്ങ് നടത്തിയത്. കൂടിയവിലക്ക് 600 വാഹനങ്ങള്‍ വാങ്ങാന്‍

    ReplyDelete