Tuesday, December 11, 2012
കടലാസില്ല; അടുത്തവര്‍ഷം പാഠപുസ്തകം വൈകും
കാക്കനാട് കേരള ബുക്സ് ആന്‍ഡ് പബ്ലിക്കേഷന്‍സ് സൊസൈറ്റിയില്‍ (കെബിപിഎസ്) കടലാസ് ഇല്ലാത്തതിനാല്‍ പാഠപുസ്തക അച്ചടി വൈകുന്നു. മൂന്നരക്കോടി പാഠപുസ്തകത്തില്‍ ഇതുവരെ അച്ചടി തീര്‍ന്നത് 37 ലക്ഷംമാത്രം. സര്‍ക്കാര്‍ കൃത്യസമയത്ത് കടലാസ് നല്‍കാത്തതാണ് പ്രശ്നം. കഴിഞ്ഞ അധ്യയനവര്‍ഷം നവംബറില്‍ അച്ചടി ആരംഭിക്കുകയും ഫെബ്രുവരിയില്‍ പൂര്‍ത്തിയാക്കുകയും ചെയ്തിരുന്നു. ഇത്തവണ പുതിയ അധ്യയനവര്‍ഷം ആരംഭിച്ചാലും അച്ചടി പൂര്‍ത്തിയാക്കാന്‍ കഴിയില്ലെന്ന് അധികൃതര്‍ പറയുന്നു.
ഏഴായിരം ടണ്‍ കടലാസാണ് പാഠപുസ്തക അച്ചടിക്ക് വേണ്ടത്. ഇതില്‍ 60 സെന്റിമീറ്ററിന്റെ 3,300 ടണ്ണാണ് ലഭിച്ചത്. 86 സെ. മീറ്ററിന്റെ 2,500 ടണ്‍, 76 സെന്റീമീറ്ററിന്റെ 800 ടണ്‍, 30 സെന്റീമീറ്ററിന്റെ 35 ടണ്‍ എന്നിങ്ങനെ സര്‍ക്കാര്‍ നല്‍കി. പക്ഷേ ഇതില്‍ 86. സെ. മീറ്ററിന്റെ കടലാസ് മാത്രമാണ് ഉപയോഗ യോഗ്യമായിട്ടുള്ളത്. ഉടനെ 86 സെ.മീറ്റര്‍ കടലാസും തീരും. ഇതോടെ കെബിപിഎസിലെ പുസ്തക അച്ചടി നിലയ്ക്കും.
കടലാസ് വാങ്ങുന്നതിന് ക്വട്ടേഷന്‍ ക്ഷണിക്കാന്‍ വൈകിയതാണ് ക്ഷാമത്തിന് ഇടയാക്കിയത്. സംസ്ഥാന സ്റ്റേഷനറി ഡയറക്ടറാണ് ക്വട്ടേഷന്‍ ക്ഷണിക്കേണ്ടത്. കെബിപിഎസില്‍നിന്ന് ഇതിനുള്ള അഭ്യര്‍ഥനയും വേണം. ക്വട്ടേഷന്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ മൂന്നോ നാലോ മാസം എടുക്കും. പല കടമ്പകളും കടക്കണം. ക്വട്ടേഷന്‍ ലഭിക്കുന്നതിനുള്ള നടപടി ആരംഭിക്കുന്നതിനു പകരം പേപ്പറുകള്‍ കമ്പനികളില്‍നിന്ന് നേരിട്ട് വാങ്ങാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ടണ്ണിന് 50,000 രൂപ പ്രകാരം അഞ്ചുകോടി രൂപയുടെ 1000 ടണ്‍ പേപ്പര്‍ ക്വട്ടേഷന്‍ ക്ഷണിക്കാതെ വാങ്ങാനാണ് നീക്കം. ഇത് അഴിമതിയ്ക്കിടയാക്കും.
ഒന്നാം ക്ലാസില്‍ രണ്ടേകാല്‍ ലക്ഷം പാഠപുസ്തകമാണ് വിദ്യാഭ്യാസവകുപ്പ് ആവശ്യപ്പെട്ടിട്ടുള്ളത്. ഇതില്‍ അച്ചടി തീര്‍ന്നത് 37,000 മാത്രം. രണ്ടാം ക്ലാസില്‍ മൂന്നുലക്ഷം പുസ്തകം ആവശ്യമുള്ളപ്പോള്‍ 42,000 പാഠപുസ്തകമേ ഇതു വരെ അച്ചടിച്ചിട്ടുള്ളൂ. മൂന്നാം ക്ലാസില്‍ ആവശ്യമായത് ഏഴുലക്ഷം പുസ്തകമാണ്. എന്നാല്‍ ഒരു പുസ്തകംപോലും അച്ചടിച്ചിട്ടില്ല. പേപ്പര്‍ വാങ്ങുന്നതിന് സര്‍ക്കാര്‍ നടപടി ആരംഭിക്കണമെന്ന് കെബിപിഎസ് എംപ്ലോയീസ് യൂണിയന്‍ (സിഐടിയു) പ്രസിഡന്റ് കെ മോഹനന്‍ ആവശ്യപ്പെട്ടു.
(വി ടി ശിവന്‍)
deshabhimani 111212
Subscribe to:
Post Comments (Atom)
No comments:
Post a Comment