അടിയന്തരാവസ്ഥയെയും വെല്ലുംവിധത്തില്‍ രാഷ്ട്രീയപ്രതിയോഗികളെ വേട്ടയാടാന്‍ പൊലീസിനെ കയറൂരിവിട്ട യുഡിഎഫ് സര്‍ക്കാര്‍ കേരളത്തെ ഭീതിയിലാഴ്ത്തി അഴിഞ്ഞാടുന്ന മാഫിയാസംഘങ്ങള്‍ക്കു മുമ്പില്‍ കണ്ണടയ്ക്കുന്നു. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനും ചേര്‍ന്ന് പ്രതിയോഗികള്‍ക്കു മേല്‍ പൊലീസ് രാജ് അടിച്ചേല്‍പ്പിച്ചിരിക്കുകയാണ്. അതേസമയം, സര്‍ക്കാര്‍ തണലില്‍ സര്‍വതന്ത്ര സ്വതന്ത്രരായി മാഫിയ-ക്വട്ടേഷന്‍ സംഘങ്ങളും പെണ്‍വാണിഭക്കാരും കവര്‍ച്ചക്കാരും അഴിഞ്ഞാടുന്നു. മണല്‍, ഭൂ, മദ്യ മാഫിയകളുടെ പിടിയിലമര്‍ന്ന കേരളം ബിഹാറും യുപിയും പോലെ മാഫിയാരാജിലേക്ക് നീങ്ങുന്നതായി കോണ്‍ഗ്രസ് നേതാവ് വി എം സുധീരന്‍ തന്നെയാണ് പറഞ്ഞത്. യുഡിഎഫ് നിയമസഭാ കക്ഷി യോഗത്തിലും പ്രധാന ചര്‍ച്ചയായത് മാഫിയാരാജ് തന്നെ. കലക്ടറെയും ഉന്നത പൊലീസ് ഉദ്യോഗസ്ഥരെയും പോലും ആക്രമിക്കാന്‍ മണല്‍മാഫിയക്ക് ധൈര്യം കിട്ടിയത് ആഭ്യന്തരവകുപ്പിന്റെ അനാസ്ഥയാണ്. ജോലിക്കിടെ നടുറോഡില്‍ എസ്ഐയെ തല്ലിക്കൊന്ന ആട് ആന്റണി ഉള്‍പ്പെടെയുള്ള നിരവധി ക്രിമിനല്‍ കേസ് പ്രതികള്‍ സൈ്വരവിഹാരം നടത്തുന്നു. പഴയ കേസുകള്‍ കുത്തിപ്പൊക്കി ജില്ലാ സെക്രട്ടറിമാരടക്കമുള്ള സിപിഐ എം നേതാക്കളെ ജയിലില്‍ അടയ്ക്കുന്ന സര്‍ക്കാര്‍, പൊലീസ് സ്റ്റേഷനില്‍ അതിക്രമിച്ചുകയറി പ്രതികളെ മോചിപ്പിച്ച കെ സുധാകരന്റെ മുമ്പില്‍ തലകുമ്പിട്ടു നില്‍ക്കുന്നു. സുധാകരന്റെ പാത പിന്തുടര്‍ന്ന് കോണ്‍ഗ്രസുകാര്‍ നിയമപാലകരെ പരസ്യമായി തല്ലിച്ചതയ്ക്കുന്നു. നിയമത്തിന്റെ വഴിക്കു മാത്രമേ നീങ്ങൂവെന്ന് പുറത്തുപറയുകയും നിയമവിരുദ്ധമായി പ്രവര്‍ത്തിക്കുകയുമാണ് സര്‍ക്കാര്‍.
യുഡിഎഫ് സര്‍ക്കാരിന്റെ അധികാരദുര്‍വിനിയോഗത്തിനെതിരെ ഏറ്റവുമൊടുവില്‍ ഹൈക്കോടതിയും രംഗത്തുവന്നു. പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദനെ പ്രതിയാക്കിയ ഭൂമിദാനക്കേസില്‍ ഹൈക്കോടതി സര്‍ക്കാരിനെ തന്നെയാണ് പ്രതിക്കൂട്ടില്‍ കയറ്റിയത്. സിപിഐ എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജനെ ജയിലില്‍ അടച്ചത് വിചിത്രമായ കുറ്റം ചുമത്തിയാണ്. കൊലപാതകക്കേസില്‍പ്പെടുത്താന്‍ കിണഞ്ഞു ശ്രമിച്ചു പരാജയപ്പെട്ട പൊലീസ് ഫോണില്‍ സംസാരിക്കുന്നത് കേട്ടെന്ന കുറ്റം ചാര്‍ത്തി അദ്ദേഹത്തെ അറസ്റ്റുചെയ്തു. കണ്ണൂര്‍ ജില്ലയില്‍ അടുത്തകാലത്തായി മുന്നൂറിലധികം കേസാണ് സിപിഐ എം നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കുമെതിരെ എടുത്തത്. കേസില്‍ കുടുക്കിയവരുടെ എണ്ണം ആറായിരത്തിലേറെയാണ്. പ്രസംഗത്തിന്റെ പേരില്‍ പഴയ വധക്കേസില്‍ ഉള്‍പ്പെടുത്തിയ പാര്‍ടി ഇടുക്കി ജില്ലാ സെക്രട്ടറിയായിരുന്ന എം എം മണി ജയിലില്‍ കഴിയുന്നു. പാര്‍ടി ജില്ലാ സെക്രട്ടറി കെ കെ ജയചന്ദ്രനെ പ്രതിയാക്കാന്‍ ഏറെ ശ്രമിച്ചെങ്കിലും കോടതി തടയിട്ടു. പൊതുയോഗത്തില്‍ പൊലീസിനെതിരെ പ്രസംഗിച്ചതായി ആരോപിച്ച് സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് അംഗം എളമരം കരീമിനെതിരെ മൂന്ന് കേസാണ് എടുത്തത്.
പൊതുപ്രവര്‍ത്തകരെ വേട്ടയാടാന്‍, വിധി പ്രഖ്യാപിച്ച പഴയ കേസുകള്‍ ചികഞ്ഞെടുക്കുന്ന യുഡിഎഫ് സര്‍ക്കാര്‍ 2008ലെ ഒരു അടിപിടിക്കേസില്‍ പുനരന്വേഷണം നടത്തി ഏരിയ കമ്മിറ്റി അംഗങ്ങള്‍ അടക്കം 12 സിപിഐ എം പ്രവര്‍ത്തകരെയാണ് കട്ടപ്പനയില്‍ അറസ്റ്റുചെയ്തത്. സംസ്ഥാനത്തുടനീളം ആയിരക്കണക്കിനു പ്രവര്‍ത്തകകരെയും നേതാക്കളെയും കേസില്‍ കുടുക്കി. ഇതെല്ലാം ചെയ്യുമ്പോഴാണ് കണ്ണൂരില്‍ കെ സുധാകരന്റെ സൈ്വരവിഹാരം ഇപ്പോഴും തുടരുന്നത്. പൊലീസിനെ പരസ്യമായി ഭീഷണിപ്പെടുത്തി മണല്‍ മാഫിയക്കാരെ രക്ഷിക്കുന്നു. നാല്‍പ്പാടി വാസുവിനെ വെടിവച്ചുകൊന്നതില്‍ സുധാകരന്റെ പങ്ക് കോണ്‍ഗ്രസ് നേതാക്കള്‍ വെളിപ്പെടുത്തിയെങ്കിലും സംസ്ഥാന സര്‍ക്കാര്‍ അനങ്ങിയില്ല. സുപ്രീംകോടതി ജഡ്ജി കൈക്കൂലി വാങ്ങുന്നത് നേരിട്ടുകണ്ടെന്ന് പ്രസംഗിച്ച സുധാകരനെതിരെ എടുത്ത കേസ് എഴുതിത്തള്ളാന്‍ സര്‍ക്കാര്‍ നീക്കം കോടതി ഇടപെട്ടാണ് തടഞ്ഞത്.
deshabhimani 111212
No comments:
Post a Comment