Saturday, January 12, 2013

1400 അധ്യാപകര്‍ക്ക് പിന്‍വാതില്‍ നിയമനം


ജീവനക്കാരുടെയും അധ്യാപകരുടെയും പണിമുടക്ക് അവസരമാക്കി സര്‍ക്കാര്‍ സ്കൂളുകളില്‍ 1400 അധ്യാപകരെ പിന്‍വാതിലിലൂടെ തിരുകിക്കയറ്റുന്നു. വിദ്യാഭ്യാസമന്ത്രിയുടെ ഓഫീസ് ഇടപെട്ട് പട്ടിക തയ്യാറാക്കി എസ്എസ്എ വഴിയാണ് നിയമനം നടത്തുന്നത്. വിദ്യാഭ്യാസ അവകാശനിയമത്തിനു കീഴില്‍ കേന്ദ്രസര്‍ക്കാര്‍ സഹായത്തോടെ നടപ്പാക്കുന്ന പദ്ധതിയിലാണ് സ്പെഷ്യല്‍ അധ്യാപകരുടെ തസ്തികയില്‍ ചട്ടങ്ങള്‍ മറികടന്നുള്ള നിയമനം. കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിന്റെ ശ്രമഫലമായാണ് ഒന്നു മുതല്‍ എട്ടാം ക്ലാസ് വരെയുള്ള സര്‍ക്കാര്‍ സ്കൂളുകളില്‍ കായിക അധ്യാപകന്‍, സംഗീത-ചിത്രകലാ അധ്യാപകന്‍, ക്രാഫ്റ്റ് അധ്യാപകന്‍ എന്നീ തസ്തികകളില്‍ ഓരോ വിഭാഗത്തിലും 1945 പേരെ വീതം പാര്‍ടൈം ആയി നിയമിക്കാന്‍ കേന്ദ്രസര്‍ക്കാരില്‍നിന്ന് അനുമതി ലഭിച്ചത്. 5835 അധ്യാപിക തസ്തികയ്ക്കായിരുന്നു അനുമതി.

കുട്ടികളുടെ എണ്ണം നോക്കാതെ, നിലവിലുള്ള അധ്യാപകര്‍ക്ക് പുറമെ കുറഞ്ഞത് ഒരു അധ്യാപകനെയെങ്കിലും അധികമായി ഓരോ സ്കൂളിലും നിയമിക്കാം. ഇവര്‍ക്ക് 14,400 രൂപയാണ് പ്രതിഫലം നിശ്ചയിച്ചത്. ജില്ലാ വിദ്യാഭ്യാസ ഓഫീസറോ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസറോ യോഗ്യതയുള്ളവരുടെ ഇന്റര്‍വ്യൂ നടത്തി തെരഞ്ഞെടുക്കാനും നിര്‍ദേശിച്ചു. നിയമന നടപടി ആരംഭിക്കുന്നതിനിടെ സര്‍ക്കാര്‍ മാറി. യുഡിഎഫ് സര്‍ക്കാര്‍ ആദ്യവര്‍ഷം കേന്ദ്ര സഹായം നഷ്ടപ്പെടുത്തി. നിലവിലുള്ള സ്ഥിരം അധ്യാപകരെ എസ്എസ്എയുടെ കീഴിലാക്കി പദ്ധതി തുക ഇവര്‍ക്ക് ശമ്പളം നല്‍കാന്‍ മാറ്റി. ഇവര്‍ക്ക് 14,400 രൂപയ്ക്കു പകരം സാധാരണ ശമ്പളമാണ് നല്‍കിയത്. ഇതോടെ 5835 പേര്‍ക്ക് പാര്‍ട്ടൈം നിയമനത്തിനുള്ള അവസരം ഇല്ലാതായി. പിന്നീട് സ്ഥിരം അധ്യാപകരെ സ്കൂളുകളുമായി കൂട്ടിച്ചേര്‍ത്തു. പദ്ധതിയില്‍ അവശേഷിച്ച തുകപ്രകാരം 1400 തസ്തികയില്‍ പാര്‍ട്ടൈം നിയമനം നടത്താമെന്ന് കണക്കാക്കി. തുടര്‍ന്ന് ഇന്റര്‍വ്യൂ പോലും നടത്താതെ, മുസ്ലിംലീഗ് നേതാക്കളുടെ ശുപാര്‍ശപ്രകാരം നിയമനത്തിനുള്ള പട്ടിക മന്ത്രി ഓഫീസില്‍ തയ്യാറാക്കി. ഈ പട്ടിക ഉടന്‍ എസ്എസ്എക്ക് കൈമാറും. ദിവസ വേതനാടിസ്ഥാനത്തിലുള്ള നിയമനംപോലും മാനദണ്ഡപ്രകാരം ആയിരിക്കണമെന്നാണ് വ്യവസ്ഥ. പിഎസ്സി നിയമനത്തിന്റെ എല്ലാ മാനദണ്ഡവും താല്‍ക്കാലിക നിയമനത്തിനും ബാധകമാണ്. എന്നാല്‍, പാര്‍ട്ടൈം അധ്യാപകനിയമനത്തില്‍ ഇതെല്ലാം അട്ടിമറിക്കപ്പെട്ടു. പദ്ധതി തുടരുന്നിടത്തോളം കാലം ശമ്പളം ലഭിക്കുമെന്നു പറഞ്ഞ് ഉദ്യോഗാര്‍ഥികളില്‍നിന്ന് വന്‍തുക കൈപ്പറ്റുന്നതായും ആക്ഷേപമുണ്ട്
(ജി രാജേഷ് കുമാര്‍)

deshabhimani 130113

No comments:

Post a Comment