Saturday, January 12, 2013

കല്‍ത്തുറുങ്കും സസ്പെന്‍ഷനും വകവയ്ക്കാത്ത സമരാവേശം


കേരളത്തിന്റെ സാമൂഹ്യ സുരക്ഷിതത്വം തകര്‍ക്കുന്ന പങ്കാളിത്ത പെന്‍ഷന്‍പദ്ധതി നടപ്പാക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരെ അധ്യാപകരും ജീവനക്കാരും നടത്തുന്ന അനിശ്ചിതകാല സമരം ജില്ലയില്‍ ആവേശത്തിന്റെ നാലാം ദിനവും പിന്നിട്ടു. പൊലീസിനെയും ക്രിമിനലുകളെയും ഇറക്കി ഭീകരത സൃഷ്ടിച്ച് സമരം തകര്‍ക്കാമെന്നത് സര്‍ക്കാരിന്റെ വ്യാമോഹംമാത്രമാണെന്ന് വ്യക്തമാകുന്ന ജനപിന്തുണയാണ് സമരത്തിന് ലഭിക്കുന്നത്. കല്‍ത്തുറുങ്കും സസ്പെന്‍ഷനും ഭീഷണിയുമൊന്നും വകവയ്ക്കാതെ കൂടുതല്‍ ജീവനക്കാരും അധ്യാപകരും വെള്ളിയാഴ്ച പണിമുടക്കിന്റെ ഭാഗമായി. പണിമുടക്കിയ അധ്യാപകരും ജീവനക്കാരും സെക്രട്ടറിയറ്റിലേക്ക് മാര്‍ച്ച് നടത്തി. എസ്എഫ്ഐ, ഡിവൈഎഫ്ഐ, എഐഎസ്എഫ്, എഐവൈഎഫ് തുടങ്ങിയ സംഘടനകളും പിന്തുണയുമായി പ്രകടനമായെത്തി. പൊലീസിന്റെയും അക്രമികളുടെയും ക്രൂരമായ ആക്രമണങ്ങള്‍ക്ക് വിധേയരായി വിവിധ ആശുപത്രികളില്‍ കഴിയുന്നവരെ നേതാക്കള്‍ സന്ദര്‍ശിച്ചു. തിരുവനന്തപുരം സെക്രട്ടറിയറ്റ്, നെടുമങ്ങാട് റവന്യൂ ടവര്‍, കാട്ടാക്കട, നെയ്യാറ്റിന്‍കര ടൗണിലും ആറ്റിങ്ങല്‍ മിനി സിവില്‍സ്റ്റേഷന്‍ എന്നിവടങ്ങളില്‍ ആയിരക്കണക്കിന് ജീവനക്കാരും അധ്യാപകരും പങ്കെടുത്തു. സെക്രട്ടറിയറ്റിന് മുന്നില്‍ പ്രകടനത്തെ സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം ഇ പി ജയരാജന്‍, സിപിഐ അസി. സെക്രട്ടറി പ്രകാശ്ബാബു, ആര്‍എസ്പി നേതാവ് ശ്രീകുമാര്‍, എല്‍ഡിഎഫ് ജില്ലാകണ്‍വീനര്‍ ഗംഗാധരന്‍നാടാര്‍, സമരസമിതി നേതാക്കളായ എ ശ്രീകുമാര്‍, സി ആര്‍ ജോസ്പ്രകാശ്, എം ഷാജഹാന്‍, എം ഉമ്മന്‍, സുനില്‍കുമാര്‍, സമരസഹായസമിതി ജില്ലാ കണ്‍വീനര്‍ വി കെ മധു, ബി സത്യശീലന്‍, ശിവകുമാര്‍ എന്നിവര്‍ അഭിവാദ്യംചെയ്തു.

ഹാജര്‍ബുക്കില്‍ ഒപ്പിടാതെ മൃതദേഹം എംബാംചെയ്ത് ആശുപത്രി ജീവനക്കാര്‍

തിരു: മെഡിക്കല്‍ കോളേജ് അനാട്ടമി വിഭാഗത്തിലെ ജീവനക്കാര്‍ പണിമുടക്കിലാണെങ്കിലും ഹാജര്‍ബുക്കില്‍ ഒപ്പിടാതെ ജോലിചെയ്തു. കഴിഞ്ഞദിവസം കഴക്കൂട്ടത്ത് കെട്ടിടത്തില്‍നിന്ന് വീണ് മരിച്ച അസം സ്വദേശി തൊഴിലാളിയുടെ മൃതദേഹം നാട്ടിലെത്തിക്കാന്‍ എംബാംചെയ്യുന്നതിന് ബന്ധുക്കള്‍ക്ക് പണിമുടക്ക് വിലങ്ങുതടിയാകാതിരിക്കാനാണ് ജീവനക്കാര്‍ ഒപ്പിടാതെ ജോലിചെയ്തത്. അനാട്ടമി വിഭാഗത്തിലെ ടെക്നീഷ്യന്മാരായ ബാബു, സത്യന്‍ എന്നിവരാണ് മൃതദേഹം എംബാം ചെയ്തത്. ഇതോടെ ശനിയാഴ്ച രാത്രിയോടെ മൃതദേഹം വിമാനമാര്‍ഗം നാട്ടിലെത്തിക്കാന്‍ ബന്ധുക്കള്‍ക്ക് കഴിഞ്ഞു.

മഹിളാ നേതാക്കളെ ബലംപ്രയോഗിച്ച് അറസ്റ്റുചെയ്തു

തിരു: പേരൂര്‍ക്കട ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂളിനുമുന്നില്‍ നിന്ന സമരസഹായസമിതി പ്രവര്‍ത്തകരായ മഹിളാ അസോസിയേഷന്‍ നേതാക്കളെ പൊലീസ് ബലംപ്രയോഗിച്ച് അറസ്റ്റുചെയ്തു. സമരത്തിന് അഭിവാദ്യമര്‍പ്പിച്ച് എത്തിയ സമരസഹായസമിതി പ്രവര്‍ത്തകരെയാണ് അറസ്റ്റുചെയ്തത്. നാമമാത്രമായ വനിതാ പൊലീസിനെ മുന്‍നിര്‍ത്തി പുരുഷ പൊലീസുകാരാണ് അറസ്റ്റുചെയ്തത്. അറസ്റ്റുചെയ്യുന്നതിനിടെ പുരുഷപൊലീസുകാരും വനിതാ പൊലീസുകാരും പ്രവര്‍ത്തകരെ ക്രൂരമായി മര്‍ദിച്ചു. വാഹനത്തില്‍വച്ചും മര്‍ദിച്ചു. മഹിളാ അസോസിയേഷന്‍ പേരൂര്‍ക്കട ഏരിയ സെക്രട്ടറി വി അമ്പിളി, എ പ്രസന്നകുമാരി, ചന്ദ്രികാസേനന്‍, എം എസ് കസ്തൂരി, എന്‍ സുധ, സുശീലാമ്മ, രമാദേവി, പി എന്‍ സരസമ്മ, പി രമ, മല്ലികാകുമാരി, ഗിരിജ ഉണ്ണി, പ്രമീളകുമാരി, ലേഖ, ലൈല, ഷിനാനാഥ്, നസീമാബീവി, സുലോചന, ലേഖ എസ് നായര്‍, മായ, ഓമന, ജയലക്ഷ്മി, ഉഷ, ദാസമ്മ തുടങ്ങി 23 പേരെയാണ് അറസ്റ്റുചെയ്തത്. ഇവരെ നന്ദാവനം എആര്‍ ക്യാമ്പിലേക്ക് കൊണ്ടുപോയി. പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു.

ജീവനക്കാരെ ആക്രമിച്ചാല്‍ ചെറുക്കാന്‍ ചുമട്ടുതൊഴിലാളികള്‍ രംഗത്തിറങ്ങണം: യൂണിയന്‍

കൊച്ചി: സമരംചെയ്യുന്ന സര്‍ക്കാര്‍ ജീവനക്കാരെയും അധ്യാപകരെയും കോണ്‍ഗ്രസ് ക്രിമിനലുകള്‍ ആക്രമിച്ചാല്‍ ചെറുക്കാന്‍ മുഴുവന്‍ ചുമട്ടുതൊഴിലാളികളും രംഗത്തിറങ്ങണമെന്ന് ഹെഡ്ലോഡ് ആന്‍ഡ് ജനറല്‍ വര്‍ക്കേഴ്സ് യൂണിയന്‍ (സിഐടിയു) ജില്ലാ കമ്മിറ്റി അഭ്യര്‍ഥിച്ചു. പണിമുടക്ക് കോണ്‍ഗ്രസിനെയും യുഡിഎഫിനെയും വിറളിപിടിപ്പിച്ചതിന്റെ ലക്ഷണമാണ് ക്രിമിനലുകളെ ഉപയോഗിച്ച് കായികമായി ആക്രമിക്കുന്നത്. നിലവിലുള്ള ജീവനക്കാര്‍ക്ക് ഇപ്പോഴത്തെ പെന്‍ഷന്‍സമ്പ്രദായം തുടരുമെന്നും പുതിയ നിയമനം കൊടുക്കുന്നവര്‍ക്കു മാത്രമേ പങ്കാളിത്ത പെന്‍ഷന്‍ നടപ്പാക്കൂ എന്ന സര്‍ക്കാരിന്റെ ഉറപ്പ് നീതിക്ക് നിരക്കുന്നതല്ല. ഒരു സ്ഥാപനത്തില്‍ ഒരേ ജോലിചെയ്യുന്ന ജീവനക്കാര്‍ക്ക് രണ്ടുതരത്തിലുള്ള പെന്‍ഷന്‍ എന്നത് നിയമപരമായി നിലനില്‍ക്കുന്നതല്ലെന്ന് ആര്‍ക്കും മനസ്സിലാവും. സോപ്പുകുമിളപോലെ തകര്‍ന്നുകൊണ്ടിരിക്കുന്ന ഓഹരികമ്പോളത്തിലും പുതുതലമുറ ബാങ്കുകളിലും വിദേശപങ്കാളിത്തമുള്ള ധനസ്ഥാപനങ്ങളിലും പെന്‍ഷന്‍ഫണ്ട് നിക്ഷേപിക്കുന്നതിലൂടെ ജീവനക്കാര്‍ക്കും സംസ്ഥാനത്തിനും ധനപ്രതിസന്ധിയുണ്ടാക്കും. ജീവനക്കാരുടെ അവകാശമായ പെന്‍ഷന്‍ അട്ടിമറിക്കുന്നതിനും ഇത് ഇടയാക്കും. രാജ്യതാല്‍പ്പര്യങ്ങള്‍കൂടി സംരക്ഷിക്കുന്നതിനുള്ള ജീവനക്കാരുടെ സമരത്തെ നേരിടാന്‍ സര്‍ക്കാരിനെ പിന്തുണയ്ക്കുന്ന പോഷകസംഘടനകള്‍ അക്രമവുമായി രംഗത്തിറങ്ങിയാല്‍ ബഹുജന സഹകരണത്തോടെ അത്തരം നീക്കങ്ങളെ ചെറുത്തുതോല്‍പ്പിക്കും. ഇതിന് ജില്ലയിലെ ചുമട്ടുതൊഴിലാളികള്‍ രംഗത്തിറങ്ങണമെന്നും യൂണിയന്‍ അഭ്യര്‍ഥിച്ചു.

പ്രസിഡന്റ് കെ ജെ ജേക്കബിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാ കമ്മിറ്റി യോഗം സമരത്തിന് പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചു. ആവശ്യങ്ങള്‍ അംഗീകരിച്ച് സമരം ഒത്തുതീര്‍പ്പാക്കണമെന്ന് ഗവണ്‍മെന്റിനോട് ആവശ്യപ്പെട്ടു. സമരത്തെ പിന്തുണച്ച് ഏരിയ കേന്ദ്രങ്ങളില്‍ പ്രകടനം നടത്തണമെന്നും യൂണിയന്‍ ചുമട്ടുതൊഴിലാളികളോട് അഭ്യര്‍ഥിച്ചു. ജനറല്‍ സെക്രട്ടറി സി കെ മണിശങ്കര്‍, ട്രഷറര്‍ പി ആര്‍ മുരളീധരന്‍, സെക്രട്ടറിമാരായ ടി എല്‍ അനില്‍കുമാര്‍, കെ കെ ശിവന്‍, വി പി ചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.

സമരത്തില്‍ പങ്കെടുത്ത അധ്യാപകന് ജോലിനഷ്ടം

താനൂര്‍: വരും തലമുറയ്ക്കായുള്ള അവകാശ സമരത്തില്‍ അടിയുറച്ചുനിന്ന അധ്യാപകന് ജോലി നഷ്ടമായി. നിറമരുതൂര്‍ ഹയര്‍സെക്കന്‍ഡറി സ്കൂള്‍ സംഗീതാധ്യാപകന്‍ കെ ഗണേശിനാണ് പണിമുടക്കില്‍ പങ്കെടുത്തതിനാല്‍ ജോലി നഷ്ടമായത്. അടുത്ത മാര്‍ച്ചുവരെ സര്‍വീസില്‍ തുടരേണ്ട ഇദ്ദേഹം സൂപ്പര്‍ ആനുവേഷന്‍ കാലത്ത് സമരംചെയ്താണ് പുറത്തായത്. താനടക്കമുള്ളവര്‍ പോരാട്ടങ്ങളിലൂടെ നേടിയെടുത്ത ആനുകൂല്യങ്ങള്‍ വരുംതലമുറയ്ക്ക് നഷ്ടമാകുമെന്ന നീതികേടാണ് സമരരംഗത്ത് ഉറപ്പിച്ച് നിര്‍ത്തിയതെന്ന് ആര്‍ ഗണേശന്‍ പറഞ്ഞു. 1982ല്‍ അരീക്കോട് ഗവണ്‍മെന്റ് ഹയര്‍സെക്കന്‍ഡറി സ്കൂളിലാണ് സംഗീതാധ്യാപകനായി ജോലിയില്‍ പ്രവേശിച്ചത്. തുടര്‍ന്ന് 2002ല്‍ നിറമരുതൂര്‍ ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ എത്തി. 10 വര്‍ഷത്തെ സര്‍വീസിനൊടുവിലാണ് നിറമരുതൂര്‍ എച്ച്എസ്എസില്‍നിന്ന് പടിയിറങ്ങുന്നത്. നിറമരുതൂര്‍ എച്ച്എസ്എസിനെ പുരോഗതിയിലേക്ക് നയിക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ച അധ്യാപകന് വിദ്യാര്‍ഥികളും അധ്യാപകരും സമരസഹായ സമിതി പ്രവര്‍ത്തകരും ഹൃദ്യമായ യാത്രയയപ്പ് നല്‍കി. നിറമരുതൂര്‍ പഞ്ചായത്ത് പ്രസിഡന്റ് കെ വി സിദ്ദീഖ് ആര്‍ ഗണേശനെ ഹാരമണിയിച്ചു. തുടര്‍ന്ന് നടന്ന പൊതുയോഗത്തില്‍ കെ വി നാരായണന്‍കുട്ടി അധ്യക്ഷനായി. കെ വി സിദ്ദീഖ്, ലക്ഷ്മി നാരായണന്‍, സി മോഹനന്‍, പി ആര്‍ രവി എന്നിവര്‍ സംസാരിച്ചു. കെഎസ്ടിഎയുടെ സജീവ പ്രവര്‍ത്തകനും പത്തനംതിട്ട കൈപ്പട്ടൂര്‍ സ്വദേശിയുമായ ഗണേശന്റെ ഭാര്യ സീതാലക്ഷ്മിയും സമരത്തിലാണ്.

ഭാവിയിലെ ജീവനക്കാര്‍ പ്രഖ്യാപിക്കുന്നു "നിങ്ങള്‍ ഒറ്റയ്ക്കല്ല; ഞങ്ങളുമുണ്ട്"

കണ്ണൂര്‍: ഭാവിതലമുറയ്ക്കായി ജീവനക്കാരും അധ്യാപകരും നടത്തുന്ന സഹനസമരത്തിന് പിന്തുണയുമായി സംയുക്ത റാങ്ക് ഹോള്‍ഡേഴ്സ് യൂണിയന്‍. നാളേക്ക് വേണ്ടിയുള്ള അവകാശപോരാട്ടത്തിന് സര്‍വതും ത്യജിച്ചിറങ്ങിയവര്‍ക്ക് സര്‍ക്കാര്‍ സര്‍വീസില്‍ പ്രവേശിക്കാന്‍ കാത്തിരിക്കുന്നവര്‍ ഐക്യദാര്‍ഢ്യവുമായി രംഗത്തിറങ്ങി. ഈ സമരത്തിന്റെ മുന്നണിപ്പോരാളികളാവാന്‍ തങ്ങളുമുണ്ടെന്ന് പ്രഖ്യാപിച്ചാണ് റാങ്ക്ഹോള്‍ഡര്‍മാര്‍ സര്‍ക്കാരിനെ മുട്ടുകുത്തിക്കാന്‍ ഇറങ്ങിയത്. ഇതോടെ നിലവിലുള്ളവരും നാളെ സര്‍ക്കാര്‍ സര്‍വീസില്‍ പ്രവേശിക്കാന്‍ പോകുന്നവരും ഉമ്മന്‍ചാണ്ടി സര്‍ക്കാരിനെതിരായി.

സിവില്‍സര്‍വീസിന്റെ നിലനില്‍പ്പിന് വേണ്ടിയുള്ളതാണ് ഈ സമരം. 60 വര്‍ഷമായി കേരളത്തിലെ സര്‍ക്കാര്‍ ജീവനക്കാര്‍ അനുഭവിച്ചുകൊണ്ടിരിക്കുന്ന സ്റ്റാറ്റ്യൂട്ടറി പെന്‍ഷന്‍ കവര്‍ന്നെടുക്കാനുള്ള ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ നീചമായ നടപടിക്കെതിരെയാണ് ജീവനക്കാര്‍ രംഗത്തിറങ്ങിയത്. പങ്കാളിത്ത പെന്‍ഷന്‍ ബില്‍ പാര്‍ലമെന്റില്‍ പാസാക്കുന്നതിന് മുമ്പ് കേരളത്തില്‍ ഇതുനടപ്പാക്കുന്നതിന് പിന്നില്‍ നിക്ഷിപ്ത താല്‍പര്യമുണ്ട്. പങ്കാളിത്തപെന്‍ഷന്‍ നിലവിലുള്ള ജീവനക്കാരെ ബാധിക്കില്ലെന്ന് മുഖ്യമന്ത്രിയും കൂട്ടരും ആവര്‍ത്തിച്ച് പറയുന്നതിന്റെ അര്‍ഥം ഭാവിയിലുള്ളവര്‍ക്ക് ദോഷകരമാണെന്നാണ്. കള്ളക്കണക്കുപറഞ്ഞ് മുഖ്യമന്ത്രി ജനങ്ങളെയും ജീവനക്കാരെയും തമ്മിലടിപ്പിക്കാന്‍ ശ്രമിക്കുന്നത് ഗുരുതര പ്രത്യാഘാതമുണ്ടാക്കും- റാങ്ക് ഹോള്‍ഡേഴ്സ് യൂണിയന്‍ പ്രസ്താവനയില്‍ വ്യക്തമാക്കി.

deshabhimani

1 comment:

  1. കേരള ജന സംഖ്യയുടെ ഏതാണ്ട് മൂന്നു ശതമാനം മാത്രം വരുന്ന സര്‍ക്കാര്‍ ഖജനാവിന്റെ 81 ശതമാനത്തിലേറെ കൊള്ളയടിച്ചു തിന്നു തീര്‍ക്കുന്ന പെരുച്ചാഴികളുടെ പെന്‍ഷന്‍ വിലാപമെങ്ങനെയാണ് കേരളത്തിന്റെ സാമൂഹ്യ സുരക്ഷിതത്വ പ്രശ്നമായി വിശേഷിപ്പിക്കാനാകുക? സര്‍ക്കാര്‍ ജീവനക്കാരും രാഷ്ട്രീയ പാര്‍ട്ടികളും ചേര്‍ന്ന പൊതുജനങ്ങളുടെ പണം കൊള്ളയടിക്കുന്നതിനെതിരെ ജാഗ്രത പുലര്‍ത്തുന്നതിനായി ഈ പെരുച്ചാഴി സമരം നിമത്തമാകട്ടെ എന്ന് ചിത്രകാരന്‍ ആശംസിച്ചുകൊള്ളുന്നു.സര്‍ക്കാര്‍ ജീവനക്കാര്‍ പെരുച്ചാഴികളോ ?

    ReplyDelete