Saturday, January 12, 2013
അതിര്‍ത്തിയിലെ സ്ഥിതി ഗുരുതരം
അതിര്‍ത്തിയില്‍ പാകിസ്ഥാന്‍ സൈനികന്‍ വെടിയേറ്റ് മരിച്ചെന്ന പാകിസ്ഥാന്റെ ആരോപണവും ഇസ്ലാമാബാദിലെ ഇന്ത്യന്‍ ഹൈക്കമീഷണര്‍ ശരത് സബര്‍വാളിനെ പാകിസ്ഥാന്‍ വിളിച്ചുവരുത്തി പ്രതിഷേധം അറിയിച്ചതും അതിര്‍ത്തിയിലെ സ്ഥിതി ഗൗരവതരമാക്കി. നിയന്ത്രണരേഖയില്‍ ബട്ടല്‍ എന്ന പ്രദേശത്താണ് പാകിസ്ഥാന്‍ സൈനികന്‍ മരിച്ചതെന്ന് പാകിസ്ഥാന്‍ ആരോപിച്ചു. ഇന്ത്യയില്‍നിന്നുള്ള ചരക്കുവാഹനങ്ങള്‍ പാകിസ്ഥാനില്‍ തടയുകകൂടി ചെയ്തതോടെ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിന് മങ്ങലേല്‍ക്കുകയാണ്.
ഡിസംബര്‍ എട്ടിനാണ് ഇന്ത്യന്‍ പ്രദേശത്ത് കടന്നുകയറി രണ്ട് ഇന്ത്യന്‍ സൈനികരെ പാകിസ്ഥാന്‍ സൈനികര്‍ വധിച്ചത്. മൃതദേഹങ്ങള്‍ വികൃതമാക്കിയത് ഇന്ത്യയില്‍ വന്‍ പ്രതിഷേധമുണ്ടാക്കി. ഡല്‍ഹിയിലെ പാകിസ്ഥാന്‍ ഹൈക്കമീഷണറെ വിളിച്ചുവരുത്തി കേന്ദ്രസര്‍ക്കാര്‍ പ്രതിഷേധം അറിയിച്ചിരുന്നു. പ്രശ്നം അന്താരാഷ്ട്ര ഏജന്‍സികളോ ഐക്യരാഷ്ട്രസഭയോ അന്വേഷിക്കണമെന്ന പാകിസ്ഥാന്റെ ആവശ്യവും ഇന്ത്യ തള്ളിയിരുന്നു. ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള പ്രശ്നം അന്താരാഷ്ട്രവല്‍ക്കരിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് ഇന്ത്യ പ്രഖ്യാപിച്ചു. സംഘര്‍ഷം ഒഴിവാക്കാന്‍ ശ്രമം നടക്കുന്നതിനിടെയാണ് തങ്ങളുടെ സൈനികന്‍ കൊല്ലപ്പെട്ടെന്ന പാകിസ്ഥാന്റെ ആരോപണം. 2003ല്‍ നിയന്ത്രണരേഖയില്‍ വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്നശേഷമുള്ള ഗുരുതരമായ ലംഘനങ്ങളാണ് ഇപ്പോള്‍ നടന്നിരിക്കുന്നത്. അതിര്‍ത്തിയിലെ പ്രശ്നം ഗൗരവതരമാണെന്ന് ഇന്ത്യയും പ്രഖ്യാപിച്ചുകഴിഞ്ഞു. ജമ്മു കശ്മീരിലെ നിയന്ത്രണരേഖയില്‍ പാകിസ്ഥാന്‍ തുടര്‍ച്ചയായി നടത്തുന്ന വെടിനിര്‍ത്തല്‍ ലംഘനങ്ങള്‍ ഗൗരവമായ പ്രശ്നമാണെന്ന് പ്രതിരോധമന്ത്രി എ കെ ആന്റണി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. രണ്ട് ഇന്ത്യന്‍ ജവാന്മാരെ കൊലപ്പെടുത്തിയ പ്രകോപനപരമായ സംഭവം വഴിത്തിരിവാണെന്നും അദ്ദേഹം പറഞ്ഞു. ജമ്മു കശ്മീരില്‍ വേണ്ടത്ര സൈന്യമുണ്ട്. രാജ്യതാല്‍പ്പര്യം സംരക്ഷിക്കാന്‍ സര്‍ക്കാര്‍ എല്ലാ നടപടികളുമെടുക്കും.
രണ്ട് രാജ്യങ്ങളുടെയും മിലിട്ടറി ഓപ്പറേഷന്‍സ് ഡയറക്ടര്‍ ജനറല്‍മാര്‍ (ഡിജിഎംഒ) ആശയവിനിമയം നടത്തുന്നുണ്ട്. അതിന്റെ ഫലം കാത്തിരിക്കുകയാണ്. ഇപ്പോള്‍ നടന്നതുപോലുള്ള വെടിനിര്‍ത്തല്‍ ലംഘനങ്ങള്‍ ഒറ്റപ്പെട്ട സംഭവമല്ല. ഒരു വര്‍ഷത്തിനിടെ സ്ഥിരമായി വെടിനിര്‍ത്തല്‍ ലംഘനങ്ങള്‍ നടക്കുന്നുണ്ട്. ഇന്ത്യക്ക് ആശങ്കയുണ്ടാക്കുന്നതാണിത്. രണ്ടു ദിവസംമുമ്പ് നടന്ന സംഭവം ദുഃഖകരമാണ്. കശ്മീരില്‍ അക്രമസംഭവങ്ങള്‍ മുന്‍ വര്‍ഷങ്ങളേക്കാള്‍ വളരെ കുറഞ്ഞെങ്കിലും രാജ്യത്തിനുള്ളിലേക്കുള്ള നുഴഞ്ഞുകയറ്റം വര്‍ധിച്ചിരിക്കയാണ്. സംഭവവികാസങ്ങള്‍ ഇന്ത്യ ഗൗരവപൂര്‍വം വീക്ഷിക്കുകയാണ്. അതിര്‍ത്തിരക്ഷാ സേനയും ഇന്ത്യന്‍ സൈന്യവും ജാഗരൂകരാണ്. അതേസമയം, പാകിസ്ഥാന്‍ ഡിജിഎംഒയുമായി നിരന്തരമായി ആശയവിനിമയം നടത്താന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഏത് സ്ഥിതിവിശേഷവും നേരിടാന്‍ സന്നദ്ധമാണെന്നും ആന്റണി പറഞ്ഞു.
(വി ജയിന്‍)
deshabhimani 120113
Labels:
വാര്‍ത്ത
Subscribe to:
Post Comments (Atom)
No comments:
Post a Comment