Sunday, January 13, 2013
ഹ്രസ്വദൂര നിരക്ക് ഇരട്ടിയിലേറെ കൂട്ടി
റെയില്‍വേ യാത്രാനിരക്ക് വര്‍ധന പ്രഖ്യാപിച്ചതിലും വളരെ അധികമാണെന്ന് ആദ്യ കണക്കുകള്‍ വ്യക്തമാക്കുന്നു. ഹ്രസ്വദൂര യാത്രയ്ക്ക് നിരക്ക് ഇരട്ടിയിലേറെയാക്കി. എ സി ക്ലാസുകളില്‍ നിലവിലെ നിരക്കുകളുടെ ഇരട്ടിയിലേറെയാണ് വര്‍ധിപ്പിച്ച നിരക്ക്. മിനിമം നിരക്കില്‍ സഞ്ചരിക്കാവുന്ന ദൂരം കൂട്ടിയാണ് ഹ്രസ്വദൂര യാത്രക്കാരെ കൊള്ളയടിക്കുന്നത്. മുഴുവന്‍ ക്ലാസുകളിലും ഇരുപത് ശതമാനം നിരക്കുവര്‍ധനയെന്ന് വ്യാഖ്യാനിച്ച റെയില്‍വേയാണ് ആദ്യം പുറത്തുവിട്ട കണക്കുകളില്‍തന്നെ വര്‍ധന ഇരട്ടിയിലേറെയാണെന്ന് വ്യക്തമാക്കുന്നത്.
മെയില്‍, എക്സ്പ്രസ് ട്രെയിനുകളിലെ സെക്കന്‍ഡ് ക്ലാസുകളിലെയും എല്ലാ ട്രെയിനുകളിലെയും എസി ത്രീ ടയറുകളിലെയും മിനിമം നിരക്ക് നിലവിലുള്ളതിന്റെ ഇരട്ടിയിലധികമാകും. മെയില്‍, എക്സ്പ്രസ് ട്രെയിനുകളിലെ സെക്കന്‍ഡ് ക്ലാസ് കുറഞ്ഞ നിരക്ക് നിലവില്‍ 12 രൂപയാണ്. അത് 25 രൂപയാകും. ഈ നിരക്കില്‍ 50 കിലോമീറ്റര്‍ സഞ്ചരിക്കാം. എസി ത്രീ ടയറിലെ മിനിമം നിരക്ക് ഇപ്പോള്‍ 155 രൂപയുള്ളത് 380 രൂപയാകും. നേരത്തെ മിനിമം യാത്രാ ദൂരം 100 കിലോമീറ്ററായിരുന്നത് 300 കിലോമീറ്ററാക്കിയാണ് യാത്രക്കാരെ റെയില്‍വേ പിഴിയുന്നത്. എസി ചെയര്‍കാറില്‍ മിനിമം നിരക്ക് 120 രൂപയായിരുന്നത് 175 രൂപയാക്കി. 120ല്‍നിന്ന് കുറഞ്ഞ ദൂരം 150 കിലോമീറ്ററാക്കി.
സെക്കന്‍ഡ് ക്ലാസ് സൂപ്പര്‍ ഫാസ്റ്റ് സര്‍ചാര്‍ജ് എട്ടില്‍നിന്ന് 10 രൂപയാക്കി. വര്‍ധിപ്പിച്ച നിരക്കുകള്‍ ഏകീകരിക്കുമ്പോഴും യാത്രക്കാര്‍ക്ക് നഷ്ടം മാത്രം. ഒരു രൂപയില്‍ അവസാനിക്കുന്ന നിരക്കുകളില്‍ ഒരു രൂപ റെയില്‍വേ വേണ്ടന്നുവയ്ക്കും. 11 രൂപയാണെങ്കില്‍ ഒരു രൂപ വേണ്ടന്നുവയ്ക്കും. ആറു രൂപയാണ് നിരക്കെങ്കില്‍ അഞ്ചുരൂപയാക്കും. എന്നാല്‍ 2, 3, 4 രൂപയാണെങ്കില്‍ അഞ്ചും 7, 8, 9 രൂപയാണെങ്കില്‍ 10 രൂപയും ഈടാക്കും. ഈ ഇനത്തില്‍ റെയില്‍വേയ്ക്ക് ഒരു രൂപ നഷ്ടപ്പെടുമ്പോള്‍ യാത്രക്കാര്‍ക്ക് മൂന്നുരൂപ നഷ്ടമാകും.
deshabhimani 130113
Labels:
വാർത്ത,
റെയില്‍വേ
Subscribe to:
Post Comments (Atom)
No comments:
Post a Comment