Sunday, January 13, 2013

ചാണകവെള്ളം, നായ്ക്കുരണപ്പൊടി മനോരമവക


അധികാരത്തിന്റെ മത്ത് പിടിച്ച മുഖ്യമന്ത്രി സര്‍ക്കാര്‍ ജീവനക്കാരെയും അധ്യാപകരെയും വെല്ലുവിളിക്കുമ്പോള്‍ ആഭ്യന്തരമന്ത്രി കടുത്ത അധിക്ഷേപവുമായി രംഗത്ത്. പണിമുടക്ക് നേരിടാന്‍ പൊലീസിനെയും ഗുണ്ടാസംഘങ്ങളെയും കയറൂരിവിട്ട യുഡിഎഫ് സര്‍ക്കാരിന് ജീവനക്കാരുടെ സംഘടിതശക്തിയെ തരിമ്പും ദുര്‍ബലപ്പെടുത്താന്‍ കഴിഞ്ഞിട്ടില്ല. ഇപ്പോള്‍ ആഭ്യന്തരമന്ത്രിക്ക് ജീവനക്കാരും അധ്യാപകരും വെറും "ഈച്ച"കള്‍മാത്രം. അധിക്ഷേപവും വെല്ലുവിളിയുമായി യുഡിഎഫ് സര്‍ക്കാര്‍ സമരത്തെ നേരിടുമ്പോള്‍ ചാണകവെള്ളം, നായ്ക്കുരണപ്പൊടി, ചീമുട്ട, കരിഓയില്‍ തുടങ്ങിയവയുമായി "മലയാള മനോരമ"യും സജീവമാണ്.

സര്‍ക്കാര്‍ ജീവനക്കാരുടെയും അധ്യാപകരുടെയും പണിമുടക്ക് എല്ലാ എതിര്‍പ്പും തള്ളി മുന്നേറുന്നത് മലയാള മനോരമയുടെ സമനില തെറ്റിച്ചിരിക്കുന്നു. ഇതിന്റെ ദൃഷ്ടാന്തമാണ് ഏതാനും ദിവസമായുള്ള പത്രത്തിന്റെ പ്രകടനം. ഒന്നാംപേജുമുതല്‍ എല്ലായിടത്തും മനോരമ നിറയെ ചാണകവെള്ളവും കരിഓയിലും ചീമുട്ടയും നായ്ക്കുരണപ്പൊടിയുമേ ഉള്ളൂ.  മനോരമയില്‍ സഭ്യതയുടെ എല്ലാ അതിരും വിട്ടാണ് സമരത്തിനെതിരെ മനോരമയുടെ ഉറഞ്ഞുതുള്ളല്‍. സാംസ്കാരിക കേരളത്തിന്റെ മുഖത്ത് ചാണകവും നായ്ക്കുരണപ്പൊടിയും വിതറിയും ചീമുട്ടയെറിഞ്ഞും മനോരമ യുഡിഎഫ് സര്‍ക്കാരിന് ഒത്താശചെയ്യുന്നു.

തൃശൂര്‍ ജില്ലയിലെ കുറ്റൂര്‍ ചന്ദ്ര മെമ്മോറിയല്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ മനോരമയുടെ നായ്ക്കുരണപ്പൊടിച്ചൊറിച്ചിലിന് ഒറ്റ ദിവസത്തെ ആയുസ്സേ ഉണ്ടായുള്ളൂ. അവിടെ ക്ലാസുകളില്‍ സമരക്കാര്‍ നായ്ക്കുരണപ്പൊടി വിതറിയെന്നും കുട്ടികള്‍ക്കും അധ്യാപകര്‍ക്കും ചൊറിച്ചിലെന്നുമാണ് മനോരമ പ്രചരിപ്പിച്ചത്. ഒരു വിദ്യാര്‍ഥിയുടെ ടിസി കിട്ടാത്ത ദേഷ്യത്തില്‍ മൂന്ന് വിദ്യാര്‍ഥികളാണ് ഇത് ചെയ്തതെന്ന് പൊലീസ് കണ്ടെത്തി. എന്നാല്‍, സമരരംഗത്തുള്ളവരെയാണ് മനോരമ പ്രതിക്കൂട്ടിലാക്കിയത്. സമരവുമായി ഈ സംഭവത്തിന് ഒരു ബന്ധവുമുണ്ടായിരുന്നില്ല. പണിമുടക്കില്‍ പങ്കെടുക്കുന്നവരില്‍ വലിയ വിഭാഗം ഈ പത്രത്തിന്റെ സ്ഥിരം വരിക്കാരാണ്. പണം കൊടുത്ത് പത്രം വാങ്ങുന്നവരെത്തന്നെയാണ് മനോരമ അപമാനിക്കുന്നത്.

പൊലീസിനെയും കെഎസ്യു വേഷം കെട്ടിയ ഗുണ്ടാസംഘങ്ങളെയും ഇറക്കി ഭീകരാവസ്ഥ സൃഷ്ടിച്ചിട്ടും ജീവനക്കാരുടെ സമരവീര്യം തകര്‍ക്കാനായില്ല. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് ഭീഷണിയുടെ ഭാഷ മാത്രമേ കൈവശമുള്ളൂ. എല്ലാവരുടെയും മുഖ്യമന്ത്രിയാണ് താനെന്നതു മറന്നാണ് അദ്ദേഹത്തിന്റെ വെല്ലുവിളി. "ചര്‍ച്ചയില്ല", "ലീവെടുത്തവര്‍ തിരിച്ചുവരേണ്ടിവരില്ല" തുടങ്ങിയ പ്രഖ്യാപനങ്ങളിലൂടെ സംഘടിതപ്രസ്ഥാനങ്ങളെ വിരട്ടിനിര്‍ത്താമെന്ന് മുഖ്യമന്ത്രി വ്യാമോഹിക്കുന്നു. മിനിമം പെന്‍ഷന്‍ കിട്ടുമോ, പെന്‍ഷന്‍ തുക നിക്ഷേപിക്കുന്നത് ഏത് സ്ഥാപനത്തില്‍, പണം തിരികെ കിട്ടുമെന്ന് എന്താണുറപ്പ് തുടങ്ങിയ ചോദ്യങ്ങള്‍ക്കൊന്നും മുഖ്യമന്ത്രി മറുപടി പറഞ്ഞിട്ടില്ല. ഉത്തരംമുട്ടിയ മുഖ്യമന്ത്രി ചര്‍ച്ച നടത്തി ഇനിയും അവഹേളിതനാകാന്‍ താനില്ലെന്നാണ് പറയുന്നത്. മുഖ്യമന്ത്രി ഭീഷണിയുടെ പാതയിലാണെങ്കില്‍ ആഭ്യന്തരമന്ത്രി ജീവനക്കാരെയും അധ്യാപകരെയും അപമാനിക്കുന്നു. അദ്ദേഹത്തിന് അവര്‍ ഈച്ചകളാണ്. ഈച്ചകളെ വെടിവയ്ക്കാറില്ലെന്ന "ഫലിത"മാണ് ആഭ്യന്തരമന്ത്രി കോട്ടയത്ത് എഴുന്നെള്ളിച്ചത്. 

പണിമുടക്കിന് വലിയ ജനപിന്തുണ കിട്ടുന്നത് സര്‍ക്കാരിനെയും മനോരമ അടക്കമുള്ള യുഡിഎഫ് അനുകൂല മാധ്യമങ്ങളെയും പ്രകോപിപ്പിക്കുന്നു. ഹര്‍ത്താലുകളില്‍ പ്രസവത്തിന്റെ കണക്കെടുപ്പാണ് മനോരമയ്ക്ക് പ്രിയം. പണിമുടക്ക് തുടങ്ങിയശേഷമാകട്ടെ ചാണകവും നായ്ക്കുരണയുമൊക്കെയാണ് പഥ്യം. സമരത്തെ കരിവാരിത്തേക്കുകയും ജനങ്ങളില്‍ സമരവിരുദ്ധചിന്ത സൃഷ്ടിക്കുകയുമാണ് നാലുദിവസമായി തുടരുന്ന ദുഷ്പ്രചാരണത്തിന്റെ ലക്ഷ്യം. എന്നാല്‍, ഓരോ ദിവസവും സര്‍ക്കാര്‍ സ്പോണ്‍സര്‍ഷിപ്പില്‍ മനോരമ കെട്ടിപ്പൊക്കുന്ന നുണകള്‍ പൊളിയുകയാണ്. വനിതാ ജീവനക്കാരെ ഉള്‍പ്പെടെ ജയിലിലടച്ചതും സ്ത്രീകളെ പുരുഷ പൊലീസ് ക്രൂരമായി മര്‍ദിച്ചതും വയറ്റില്‍ ബൂട്ടിട്ട് ചവിട്ടിയതുമൊന്നും മനോരമയെ തെല്ലും അലട്ടിയിട്ടുമില്ല.

deshabhimani 130113

3 comments:

  1. അപ്പോഴാണ് മനോരമ ചാനലിലെ മുഖ്യ മുഖമായ നിഷാ ജെബി എന്ന സഹോദരിയുടെ ഫെയ്സ്ബുക്ക് പേജില്‍ യുവാക്കള്‍ പ്രചരിപ്പിക്കുന്നു വെന്ന കുറിപ്പോടെ "പ്രിയ മുഖ്യമന്ത്രീ,നിലവില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് കൊടുക്കുന്ന പകുതി ശമ്പളത്തില്‍ ജോലിചെയ്യാന്‍ ഞങ്ങള്‍ തയ്യാറാണ് -ഒരു കൂട്ടം യുവാക്കള്‍ " എന്ന അടിക്കുറിപ്പോടെ ഒരു ചിത്രം പ്രത്യക്ഷപ്പെട്ടത്.ഫെയ്ബുക്കില്‍ പ്രചരിക്കുന്ന പലപോസ്റ്ററും കാണാത്ത നിഷാ ജെബി ഈ പോസ്റ്റര്‍ മാത്രം കണ്ടുവെന്നതിലെ ഔചിത്യം ഏവര്‍ക്കും എളുപ്പം മനസ്സിലാക്കാം.പക്ഷെ അനേകം ഫെയ്സ്ബുക്ക് ഗ്രൂപ്പുകളിലും അംഗമായ നിരവധി ഫെയ്സ് ബുക്ക് പേജുകളുടെയും "ലൈക്കറായ" ഞാന്‍ ആദ്യമായി ആ പോസ്റ്റര്‍ കണ്ടത് നിഷാ ജെബിയുടെ പേജില്‍ മാത്രമാണ്.പിന്നീട് ആ ചിത്രം ഫെയ്സ്ബുക്കിലുടനീളം പ്രചരിച്ചുവെന്നത് ഇന്നിന്റെ നേര്‍ക്കാഴ്ച.

    നിഷാ ജെബിയുടെ പേജില്‍ പ്രസ്തുത പോസ്റ്റര്‍ വന്ന അതേ ദിവസം തന്നെ ഇന്ത്യാവിഷനിലെ ന്യൂസ് നൈറ്റില്‍ വീണ ജോര്‍ക്കും വിഡി സതീശനും ഡോ.തോമസ് ഐസക്കും വേറൊരു ജയശങ്കര്‍-എന്‍ എം പീയേഴ്സന്‍-വള്ളിക്കുന്ന മോഡലിലുള്ള "നിരീക്ഷകനും" കൂടി അന്തിച്ചര്‍ച്ച കൊഴുപ്പിക്കുന്നതിനിടെ വീണാജോര്‍ജ്ജിന്റെ പതിവ് പ്രൗഢഗംഭീര ചോദ്യം."ഡോ.തോമസ് ഐസക്ക്,താങ്കള്‍ സോഷ്യല്‍ മീഡിയയിലൊക്കെ സജീവമാണല്ലോ.പകുതി ശമ്പളത്തിന് പെന്‍ഷനില്ലാതെ ജോലിചെയ്യാന്‍ തയ്യാറാണെന്ന് ഒരു കൂട്ടം യുവാക്കള്‍ പറയുന്നത് നിങ്ങള്‍ കാണുന്നില്ലേ?".നോക്കണേ വാര്‍ത്ത ആര് സൃഷ്ടിക്കുന്നു?ആര് പ്രചരിപ്പിക്കുന്നു?ആര്‍ക്ക് വേണ്ടി?

    ഈ ലിങ്ക് കാണൂ




    http://emnayib.blogspot.in/2013/01/blog-post.html

    ReplyDelete
  2. പള്ളിവക സ്കൂളില്‍ തുച്ഛമായ വേതനത്തില്‍ പഠിപ്പിച്ചിരുന്ന സുഹൃത്തിന്റെ സഹോദരി ശമ്പളം അല്പം വര്‍ദ്ധിപ്പിക്കണം എന്നാവശ്യപ്പെട്ടപ്പോള്‍ മാനേജര്‍ പറഞ്ഞത് ഇഷ്ടമുണ്ടെങ്കില്‍ തുടര്‍ന്നാല്‍ മതി. ഇപ്പോള്‍ തരുന്നതിന്റെ പകുതിക്ക് ജോലി ചെയ്യാന്‍ പുറത്ത് ആള് ക്യൂ നില്‍പ്പുണ്ട് എന്നായിരുന്നു. ഇങ്ങനെ ‘പകുതി ശമ്പളത്തിനു ജോലിചെയ്യാന്‍ തയ്യാറായി നില്‍ക്കുന്ന ക്യൂ’ കാണിച്ചാണ് എന്നും ചൂഷണം തുടര്‍ന്നിട്ടുള്ളത്. ഇപ്പോള്‍ നടക്കുന്ന സര്‍ക്കാര്‍ ജീവനക്കാരുടെയും അധ്യാപകരുടെയും സമരത്തിനെതിരായ പ്രൊപ്പഗാന്‍ഡ മെറ്റീരിയാല്‍ ആയി നെറ്റില്‍ കാണുന്ന ചിത്രത്തില്‍ പകുതിശമ്പളത്തിനു ജോലി ചെയ്തോളാം എന്ന് പറഞ്ഞ് ജാഥ നടത്തുന്ന യുവാക്കള്‍ അവനവന്‍ പാരയല്ലേ പണിതുകൊണ്ടിരിക്കുന്നത്? അവര്‍ ജോലിക്ക് കയറിയാലും അതിന്റെ പകുതി ശമ്പളത്തിനു ജോലി ചെയ്യാന്‍ പുറത്ത് ആളുണ്ടാകും. അവരൊരു പത്ത് രൂപ കൂടുതല്‍ ചോദിച്ചാല്‍ ചൂണ്ടിക്കാണിക്കപ്പെടുക പുറത്തെ ക്യൂ ആയിരിക്കും. അതാരെയാണ് ആത്യന്തികമായി സഹായിക്കുക?

    പകുതി ശമ്പളം കിട്ടിയാലും ജോലി ചെയ്യേണ്ടി വരുന്ന ജീവിത സാഹചര്യം വേറെ..പകുതി ശമ്പളത്തിനു ജോലി ചെയ്തോളാം എന്ന പ്രൊപ്പഗാന്‍ഡ മെറ്റീരിയാല്‍ ആകുന്നത് വഴി ആര്‍ക്കും ഒരു കാലത്തും മുഴുവന്‍ ശമ്പളവും വാങ്ങാന്‍ പറ്റാതാക്കുന്ന സാഹചര്യം സൃഷ്ടിക്കുന്നത് വേറെ.

    ReplyDelete