Friday, January 18, 2013

ഷാഹിനയ്ക്കെതിരായ കേസില്‍ കുറ്റപത്രം


മാധ്യമപ്രവര്‍ത്തക കെ കെ ഷാഹിനയ്ക്കെതിരെ ഗുരുതരമായ കുറ്റങ്ങള്‍ ചുമത്തി കര്‍ണാടക പൊലീസ് കുടക് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 120-ബി (കുറ്റകരമായ ഗൂഢാലോചന), കുറ്റകൃത്യം ചെയ്യാനുള്ള ഉദ്ദേശ്യത്തോടെ സാക്ഷികളെ ഭീഷണിപ്പെടുത്തല്‍ (506, 34) എന്നീ വകുപ്പുകളും നിയമവിരുദ്ധപ്രവര്‍ത്തനം (തടയല്‍) നിയമ(യുഎപിഎ)ത്തിലെ 22എ എന്നീ വകുപ്പുമാണ് ഷാഹിനയ്ക്കെതിരെ ചുമത്തിയത്. പൊതുവെ തീവ്രവാദപ്രവര്‍ത്തനം നടത്തുന്നവര്‍ക്കെതിരെ ചുമത്തുന്ന വകുപ്പാണ് 22എ. എട്ടിന് സമര്‍പ്പിച്ച കുറ്റപത്രത്തിന്റെ പകര്‍പ്പ് വ്യാഴാഴ്ചയാണ് ഷാഹിനയുടെ അഭിഭാഷകന് ലഭിച്ചത്.

ഷാഹിനയ്ക്കെതിരെ ഗുരുതരമായ വകുപ്പുകള്‍ ചേര്‍ത്ത് കുറ്റപത്രം സമര്‍പ്പിച്ചതില്‍ കേരള പത്രപ്രവര്‍ത്തക യൂണിയന്‍ ശക്തമായി പ്രതിഷേധിച്ചു. വാര്‍ത്ത തയ്യാറാക്കുന്നതിനായി നടത്തിയ കുടക് യാത്രയുടെ പേരിലാണ് കര്‍ണാടക പൊലീസ് ഷാഹിനയെ കേസില്‍ കുടുക്കിയത്. ക്രിമിനല്‍ ഗൂഢാലോചന, സാക്ഷികളെ ഭീഷണിപ്പെടുത്തല്‍ തുടങ്ങിയ ഗൗരവമുള്ള വകുപ്പുകളാണ് കുറ്റപത്രത്തിലുള്ളത്. ജോലിയുമായി ബന്ധപ്പെട്ട മാധ്യമപ്രവര്‍ത്തകയുടെ യാത്രയെ കള്ളക്കേസിന് ആധാരമാക്കിയ കര്‍ണാടക പൊലീസിന്റെ നടപടി തിരുത്തിയില്ലെങ്കില്‍ വന്‍ പ്രത്യാഘാതങ്ങളുണ്ടാകും. മാധ്യമ പ്രവര്‍ത്തകര്‍ക്ക് ജോലിയുമായി ബന്ധപ്പെട്ട് യാത്രചെയ്യാനും വിവരങ്ങള്‍ ശേഖരിക്കാനും കഴിയാതാകും. തീര്‍ത്തും തൊഴില്‍പരമായ പ്രവര്‍ത്തനങ്ങളെ തെറ്റായ രീതിയില്‍ വ്യാഖ്യാനിക്കുന്നതും കേസില്‍ കുടുക്കി പീഡിപ്പിക്കുന്നതും അവസാനിപ്പിക്കണം.

ഷാഹിനയ്ക്കെതിരായ കേസില്‍ രാജ്യത്തെ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരും സാംസ്കാരികപ്രവര്‍ത്തകരും കേരള പത്രപ്രവര്‍ത്തക യൂണിയനും ചേര്‍ന്ന് കര്‍ണാടക- കേരള മുഖ്യമന്ത്രിമാര്‍ക്ക് നിവേദനം നല്‍കിയിരുന്നു. കര്‍ണാടക ഹൈക്കോടതി ഷാഹിനയ്ക്ക് മുന്‍കൂര്‍ ജാമ്യം അനുവദിച്ചതുമാണ്. ഇതൊന്നും വകവയ്ക്കാതെയാണ് കര്‍ണാടക പൊലീസ് പ്രതികാരനടപടി തുടരുന്നത്. തെറ്റായ നിലപാട് തിരുത്തി ഷാഹിനയ്ക്കെതിരായ കേസില്‍നിന്ന് കര്‍ണാടക പൊലീസ് പിന്മാറണമെന്ന് യൂണിയന്‍ പ്രസിഡന്റ് കെ സി രാജഗോപാലും ജനറല്‍ സെക്രട്ടറി മനോഹരന്‍ മോറായിയും ആവശ്യപ്പെട്ടു. ഷാഹിനയ്ക്കെതിരെയുള്ള കര്‍ണാടക സര്‍ക്കാരിന്റെ നടപടി ജനാധിപത്യത്തിന് അപമാനമാണെന്ന് ജസ്റ്റിസ് ഫോര്‍ മഅ്ദനി ഫോറം സംസ്ഥാന എക്സിക്യൂട്ടീവ് യോഗം അഭിപ്രായപ്പെട്ടു.

deshabhimani 180113

No comments:

Post a Comment