Thursday, January 17, 2013

ജന്മഭൂമിയില്‍ മറ്റു ചിലരും രാജിക്ക്


ജന്മഭൂമി ചീഫ് എഡിറ്റര്‍ ഹരി എസ് കര്‍ത്തയുടെ രാജിയോടെ പുറത്തുവരുന്നത് സംഘപരിപാറിലെ തര്‍ക്കങ്ങള്‍. ഉയര്‍ന്ന പദവിയിലുള്ള മറ്റു ചിലരും മുഖ്യപത്രാധിപരുടെ വഴി സ്വീകരിക്കാന്‍ ആലോചിക്കുകയാണ്. ചൊവ്വാഴ്ച വൈകിട്ടാണ് ഹരി എസ് കര്‍ത്ത രാജി പ്രഖ്യാപിച്ചത്. കടുത്ത സംഘപരിവാറുകാരനും കേസരിയുടെ മുന്‍ പത്രാധിപരുമായ ആര്‍ സഞ്ജയനെ മുഖ്യപത്രാധിപസ്ഥാനത്തേക്കു കൊണ്ടുവരാനാണ് നീക്കം. കേസരി പത്രാധിപസ്ഥാനത്തുനിന്ന് ഒഴിവാക്കി ഭാരതീയ വിചാരകേന്ദ്രത്തിലേക്കയച്ച ആര്‍ സഞ്ജയന്‍ ഇപ്പോഴത്തെ എംഡിഎം രാധാകൃഷ്ണനോട് ഏറെ അടുപ്പമുള്ളയാളാണ്.

ബുധനാഴ്ച ജന്മഭൂമി ഡയറക്ടര്‍ ബോര്‍ഡ് യോഗത്തിനുശേഷം നടന്ന ബോര്‍ഡിലെ സംഘപരിവാര്‍ നേതാക്കളുടെ കൂടിച്ചേരലിലാണ് ഹരി എസ് കര്‍ത്തയുടെ രാജിയിലേക്കെത്തിച്ച തീരുമാനങ്ങളുണ്ടായത്. പത്രത്തില്‍ ഇദ്ദേഹം കൈകാര്യംചെയ്യുന്ന "തികച്ചും വ്യക്തിപരം" എന്ന പംക്തിയിലെ നിലപാടുകള്‍ സംഘപരിവാരിന്റേതുമായി ചേര്‍ന്നുപോകുന്നില്ലെന്ന ആക്ഷേപമാണ് അവര്‍ ഉയര്‍ത്തിയത്. താന്‍ ബിജെപിക്കാരനല്ലെന്നും കുഞ്ഞാലിക്കുട്ടി നല്ല വ്യവസായമന്ത്രിയാണെന്നും സിപിഐ എമ്മിനെ കണ്ടുപഠിക്കണമെന്നുമെല്ലാം പംക്തിയില്‍ വന്നിട്ടുണ്ടെന്നായിരുന്നു അവരുടെ കണ്ടെത്തല്‍. എന്നാല്‍, ഈ ആക്ഷേപങ്ങളെല്ലാം വെറുതെയാണെന്ന് ഹരി എസ് കര്‍ത്തയോട് അടുപ്പമുള്ള നേതാക്കള്‍ പറയുന്നു. മുഖപ്രസംഗം എഴുതുന്നതും പ്രധാനവാര്‍ത്തയും ഒന്നാംപേജില്‍ വരേണ്ട വാര്‍ത്തകളും തീരുമാനിക്കുന്നതും ആര്‍എസ്എസിലെ ചില നേതാക്കളുടെ അനുമതിയോടെ വേണമെന്ന നിര്‍ദ്ദേശം ദൈനംദിന പ്രവര്‍ത്തനത്തെ സാരമായി ബാധിച്ചിട്ടുണ്ട്. വാര്‍ത്തകളില്‍ ലേഖകരുടെ പേര് കൊടുക്കാന്‍ എംഡിയുടെയും ജനറല്‍ മാനേജരുടെയും അനുവാദം വാങ്ങണമെന്നുവരെ പത്രാധിപര്‍ക്ക് ഈ നേതാക്കള്‍ നിര്‍ദേശം നല്‍കിയത്രെ. കേരളത്തില്‍ സമുദായികസൗഹൃദം കുറയുന്നുവെന്ന ഏറെ രാഷ്ട്രീയ പ്രാധാന്യമുള്ള എ കെ ആന്റണിയുടെ ചങ്ങനാശേരി പ്രസംഗം മുഖ്യവാര്‍ത്തയായി വന്നതിനും ചില ആര്‍എസ്എസ് നേതാക്കള്‍ പഴിപറഞ്ഞത്രെ. കേരളത്തിലെ മഹാഭൂരിപക്ഷം പത്രങ്ങളിലും അന്നത്തെ പ്രധാനവാര്‍ത്ത അതായിരുന്നു. മോഹന്‍ ഭഗവതിന്റെ പ്രസ്താവനയെ പ്രതിരോധിക്കാന്‍ ശ്രമിച്ചില്ലെന്നും ഇവര്‍ മുഖ്യപത്രാധിപരെ ആക്ഷേപിക്കുന്നു.

ഫിനാന്‍ഷ്യല്‍ എക്സ്പ്രസിലും പിന്നീട് റോയിട്ടറിലുമായിരുന്ന ഹരി എസ് കര്‍ത്തയെ ആര്‍എസ്എസിന്റെ മുതിര്‍ന്ന നേതാക്കളാണ് ജന്മഭൂമിയിലേക്കുക്ഷണിച്ചുകൊണ്ടുവന്നത്. ഒരുവര്‍ഷത്തിനുള്ളില്‍ ജന്മഭൂമി വിട്ട അദ്ദേഹത്തെ പിന്നീട് ആര്‍എസ്എസിന്റെ മുതിര്‍ന്ന നേതാക്കളാണ് 2007ല്‍ നിര്‍ബന്ധിച്ച് തിരികെ കൊണ്ടുവന്നത്. പത്രം പ്രൊഫഷണല്‍ ആക്കാനാണ് ഇദ്ദേഹത്തെ കൂടാതെ മുതിര്‍ന്ന പത്രപ്രവര്‍ത്തക ലീലാ മേനോനെ എഡിറ്ററായും നിയമിച്ചത്.

deshabhimani 170113

No comments:

Post a Comment