Saturday, January 12, 2013
മനോരമ വാര്‍ത്തയ്ക്ക് പിന്നില്‍ ഗൂഢാലോചന: സിപിഐ എം
കാസര്‍കോട്: ടി പി ചന്ദ്രശേഖരന്‍ വധവുമായി ബന്ധപ്പെട്ട് ഇന്റലിജന്‍റ്സ് റിപ്പോര്‍ട്ട് എന്ന പേരില്‍ "മലയാള മനോരമ" പ്രസിദ്ധീകരിച്ച വാര്‍ത്തയ്ക്കു പിന്നില്‍ സംഘടിത ഗൂഢാലോചനയാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് അംഗം എളമരം കരീമും കോഴിക്കോട് ജില്ലാ സെക്രട്ടറി ടി പി രാമകൃഷ്ണനും കാസര്‍കോട്ട് വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ അറിവോടെയാണ് ചന്ദ്രശേഖരനെ വധിച്ചതെന്ന പച്ചക്കള്ളമാണ് ഇന്റലിജന്റ്സ് റിപ്പോര്‍ട്ട് എന്ന പേരില്‍ മനോരമ പ്രസിദ്ധീകരിച്ചത്. ചന്ദ്രശേഖരന്‍ കൊല്ലപ്പെട്ടശേഷം വലതുപക്ഷ മാധ്യമങ്ങളും കമ്യൂണിസ്റ്റ് വിരുദ്ധ ശക്തികളും തുടര്‍ച്ചയായി നടത്തിയ പ്രചാരവേലയുടെ പുതിയ രൂപമാണിത്.
ജനങ്ങളില്‍ തെറ്റിദ്ധാരണ പരത്തി സിപിഐ എമ്മിനെ അപകീര്‍ത്തിപ്പെടുത്തുകയെന്ന ലക്ഷ്യമേ ഈ വാര്‍ത്തയ്ക്ക് പിന്നിലുള്ളൂ. ഇത്തരം ഗൂഢാലോചനക്കും അപവാദ പ്രചാരണത്തിനുമെതിരെ ജനകീയ പ്രക്ഷോഭം സംഘടിപ്പിക്കും. മാധ്യമ-ഭരണ ഗൂഢാലോചനക്കെതിരെ 15ന് വൈകിട്ട് നാലിന് കോഴിക്കോട്ട് ബഹുജന കൂട്ടായ്മ നടത്തും. മനോരമ അവകാശപ്പെടുന്നതുപോലെ ഇങ്ങനെയൊരു റിപ്പോര്‍ട്ടുണ്ടെങ്കില്‍ അവര്‍ക്കുമാത്രം എങ്ങനെ കിട്ടി. ഇത് പ്രസിദ്ധീകരിക്കാന്‍ ഇന്റലിജന്റ്സ് മേധാവി മാധ്യമങ്ങളെ ചുമതലപ്പെടുത്തിയിട്ടുണ്ടോ. ഇങ്ങനെ ഒരു റിപ്പോര്‍ട്ട് ഉണ്ടെങ്കില്‍ അത് ആഭ്യന്തര മന്ത്രിക്ക് കൈമാറിയിരിക്കണം. അങ്ങനെയെങ്കില്‍ ചോര്‍ത്തിക്കൊടുത്തതിന്റെ ഉത്തരവാദിത്തം ആഭ്യന്തരവകുപ്പിനും മന്ത്രിക്കുമാണ്. ഈ സാഹചര്യത്തില്‍ ആഭ്യന്തര മന്ത്രിക്ക് ഒരു നിമിഷംപോലും തുടരാന്‍ അര്‍ഹതയില്ല. ചന്ദ്രശേഖരന്‍ വധക്കേസില്‍ ഒരു തെളിവിന്റെയും പിന്‍ബലമില്ലാതെയാണ് സിപിഐ എം നേതാക്കളെ പ്രതികളാക്കിയത്. വിചാരണ നടപടികളിലേക്ക് കടക്കവെ ജനങ്ങള്‍ക്കിടയില്‍ ആശങ്ക പരത്താനാണ് ഇത്തരം വാര്‍ത്തകള്‍. സാക്ഷികളെ സ്വാധീനിക്കുകയും വ്യാജപ്രചാരണത്തിലൂടെ സിപിഐ എമ്മിനെ സംശയത്തിന്റെ മുനയില്‍ നിര്‍ത്തുകയുമാണ് ലക്ഷ്യം. പ്രതികളുടെ മൊഴിയെക്കുറിച്ച് പൊലീസില്‍നിന്ന് വിവരം ലഭിച്ചെന്ന പേരില്‍ പല കള്ളക്കഥകളും പ്രചരിപ്പിച്ചു. ചെറിയ ഇടവേളക്കുശേഷം വീണ്ടും കഥകള്‍ പ്രചരിപ്പിക്കുന്നതിന് പിന്നിലെ ഗൂഢാലോചന കണ്ടെത്തണം. മനോരമ വാര്‍ത്തയില്‍ പറയുന്നതുപോലെ ആര്‍എംപിയുടെ ഒരു പ്രവര്‍ത്തകനെയും ശാരീരികമായി ആക്രമിക്കാന്‍ പാര്‍ടിയുടെ ഒരു കമ്മിറ്റിയും ആലോചിച്ചില്ല.
പ്രതിയോഗികളെ കായികമായി വകവരുത്തുകയെന്നത് നയമല്ലെന്ന് പലതവണ പറഞ്ഞതാണ്. പാര്‍ടിക്കെതിരായ നുണപ്രചാരണങ്ങള്‍ ഏശില്ലെന്ന് വന്നപ്പോഴാണ് പുതിയ നുണയുമായി സര്‍ക്കാറും മാധ്യമങ്ങളും രംഗത്തിറങ്ങിയത്. കേന്ദ്രമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രനും മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും നേരത്തെ പറഞ്ഞു നടന്നത് സിപിഐ എമ്മിന്റെ ഉന്നത നേതാക്കള്‍ ഗൂഢാലോചന നടത്തിയെന്നാണ്. മതിയായ തെളിവില്ലാതെ ഏതാനും നേതാക്കളെ പ്രതികളാക്കിയെങ്കിലും പരസ്യമായി പ്രഖ്യാപിച്ചവരെ പ്രതികളാക്കാനായില്ല. വീണ്ടും സിപിഐ എം നേതാക്കളെ വേട്ടയാടാനുള്ള ഗൂഢാലോചനയാണ് നടക്കുന്നത്. ജനവിരുദ്ധ നയങ്ങളിലൂടെ യുഡിഎഫ് ഒറ്റപ്പെടുന്ന ഘട്ടത്തിലാണ് ഇത്തരം വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നത്. ജനശ്രദ്ധ തിരിച്ചുവിടാനുള്ള ബോധപൂര്‍വ ശ്രമം ഇതിനുപിന്നിലുണ്ട്. എല്ലാ ജനാധിപത്യ വിശ്വാസികളും ഇതിനെതിരെ പ്രതികരിക്കണമെന്നും നേതാക്കള്‍ അഭ്യര്‍ഥിച്ചു. ജില്ലാ സെക്രട്ടറിയറ്റ് അംഗങ്ങളായ എം ഭാസ്കരനും കെ ചന്ദ്രനും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
deshabhimani 130113
Labels:
ഓഞ്ചിയം,
നുണപ്രചരണം
Subscribe to:
Post Comments (Atom)
No comments:
Post a Comment