പത്തനംതിട്ട: ആറന്മുള വിമാനത്താവള ഭൂമിയില്‍ ഭൂസംരക്ഷണസമിതി നടത്തി വന്ന കുടില്‍കെട്ടല്‍ സമരം തുടരും. മുഖ്യമന്ത്രിയുമായി സമരസമിതി നേതാക്കള്‍ നടത്തിയ ചര്‍ച്ചയെ തുടര്‍ന്ന് മറ്റിടങ്ങളിലെ സമരം അവസാനിപ്പിച്ചെങ്കിലും ആറന്മുളയുടെ പ്രത്യേക സാഹചര്യം കണക്കിലെടുത്താണിത്.
വന്‍തോതില്‍ വയല്‍ നികത്തിയും ജലസ്രോതസ്സുകള്‍ ഇല്ലാതാക്കിയുമാണ് വിമാനത്താവളം ഒരുക്കുന്നത്. പൈതൃകഗ്രാമമായി പ്രഖ്യാപിച്ച ആറന്മുളയുടെ പൈതൃകം തകര്‍ക്കുന്നതിനെതിരെ നിരവധി സംഘടനകള്‍ പ്രക്ഷോഭത്തിലാണ്. ഇവിടെ വയല്‍നികത്താന്‍ ആരംഭിച്ചപ്പോള്‍ മുതല്‍ കെഎസ്കെടിയുവും സിപിഐ എമ്മും പ്രക്ഷോഭത്തിലാണ്. ഭൂസംരക്ഷണസമിതി ജനുവരി ഒന്നു മുതല്‍ ഇവിടെയാണ് പ്രക്ഷോഭം തുടങ്ങിയത്. 11 മുതലാണ് കുടില്‍ കെട്ടിസമരം ആരംഭിച്ചത്. ഇതിനകം 248 കുടിലുകള്‍ ഉയര്‍ന്നു. കുടിലുകളുടെ എണ്ണം ഇനിയും വര്‍ധിക്കും. സാംസ്കാരിക നായകരടക്കം ഐക്യദാര്‍ഢ്യവുമായി എത്തിയ സമരഭൂമിയില്‍ വിവിധ സംഘടനകളും ബഹുജനങ്ങളും എത്തുന്നുണ്ട്. വ്യാഴാഴ്ച പള്ളിയോട പള്ളിവിളക്ക് സംരക്ഷണസമിതി പ്രവര്‍ത്തകര്‍ ഭക്ഷ്യവസ്തുക്കളുമായാണ് എത്തിയത്. സമിതി കണ്‍വീനര്‍ പി ഇന്ദുചൂഢന്‍ അരി, കപ്പ, ചക്ക, നാളികേരം, പഞ്ചസാര, പലവ്യഞ്ജനങ്ങള്‍ എന്നിവ സമരസഹായസമിതിക്ക് കൈമാറി. സമിതി പ്രവര്‍ത്തകര്‍ കുടിലുകളില്‍ വിതരണം ചെയ്തു. റിയല്‍ എസ്റ്റേറ്റ് മാഫിയക്കെതിരെ ആറന്മുളയിലെ സമരം ശക്തമായി തുടരുമെന്ന് ഭൂസംരക്ഷണസമിതി ചെയര്‍മാന്‍ അഡ്വ. ഓമല്ലൂര്‍ ശങ്കരനും കണ്‍വീനര്‍ കെ പി ഉദയഭാനുവും അറിയിച്ചു.
deshabhimani 180113
No comments:
Post a Comment