Friday, January 18, 2013

സ്മാര്‍ട്ട് സിറ്റി: നിര്‍മാണം നീട്ടുന്നത് വ്യവസ്ഥകള്‍ ലംഘിച്ച്


സ്മാര്‍ട്ട് സിറ്റി നിര്‍മാണത്തില്‍ ടീകോം കരാര്‍വ്യവസ്ഥകള്‍ ലംഘിച്ചിട്ടില്ലെന്ന മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ പ്രസ്താവന ദുബായ് കമ്പനിയെ രക്ഷിക്കാന്‍. പദ്ധതിക്ക് അടിസ്ഥാനസൗകര്യങ്ങള്‍ മുഴുവന്‍ ഒരുക്കിക്കഴിഞ്ഞാല്‍ നിശ്ചിതസമയത്തിനുള്ളില്‍ നിര്‍മാണം പൂര്‍ത്തിയാക്കണമെന്ന് 2007 മെയ് 13ന് ഒപ്പിട്ട അടിസ്ഥാനകരാറില്‍ പറയുന്നുണ്ട്. 2011 സെപ്തംബറോടെ മുഴുവന്‍ ഭൂമിക്കും സെസ് പദവി ഉള്‍പ്പെടെ എല്ലാ അടിസ്ഥാനസൗകര്യങ്ങളും ഒരുക്കിയിട്ടും ടീകോം അനിശ്ചിതമായി പദ്ധതി നിര്‍മാണം നീട്ടുകയാണ്. പദ്ധതിക്ക് സര്‍ക്കാര്‍ കൈമാറിയ 246 ഏക്കര്‍ ഭൂമിയില്‍ 132 ഏക്കറിന് 2011 ഏപ്രിലിലും ബാക്കി 114 ഏക്കറിന് സെ്പതംബറിലുമാണ് സെസ് പദവി ലഭിച്ചത്. ഈ ഘട്ടംമുതല്‍ കരാര്‍ വ്യവസ്ഥകള്‍ പാലിച്ച് നിശ്ചിത സമയപരിധിക്കുള്ളില്‍ നിര്‍മാണം പൂര്‍ത്തിയാക്കാന്‍ ടീകോമിന് ഉത്തരവാദിത്തമുണ്ട്.

കരാര്‍പ്രകാരം സര്‍ക്കാരും ടീകോമും ചേര്‍ന്നാണ് അടിസ്ഥാനസൗകര്യങ്ങള്‍ ഒരുക്കേണ്ടത്. സെസ് പദവികൂടി ലഭിച്ചതോടെ സര്‍ക്കാരിന്റെ ഭാഗത്തുനിന്നുള്ള ചുമതലകള്‍ പൂര്‍ത്തിയായി. 2011 ഒക്ടോബറില്‍ സ്മാര്‍ട്ട് സിറ്റി പവിലിയന്‍ നിര്‍മാണം ആരംഭിച്ചു. 14 ആഴ്ചയ്ക്കുള്ളില്‍ ഇത് പൂര്‍ത്തിയാകുമെന്നും അതിനുശേഷമുള്ള 20 മാസത്തിനുള്ളില്‍ ആദ്യഘട്ടത്തിലെ മൂന്നരലക്ഷം ചതുരശ്ര അടി നിര്‍മാണം പൂര്‍ത്തിയാക്കുമെന്നുമാണ് അന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചത്. മുഴുവന്‍ ഡയറക്ടര്‍മാരും പങ്കെടുത്ത ബോര്‍ഡ് യോഗത്തിനുശേഷമായിരുന്നു ഈ പ്രഖ്യാപനം. എന്നാല്‍ ആദ്യ നിര്‍മാണത്തില്‍ത്തന്നെ ടീകോം വ്യവസ്ഥ ലംഘിച്ചു. പതിനാല് ആഴ്ചയ്ക്കുള്ളില്‍ പൂര്‍ത്തിയാക്കേണ്ട പവിലിയന്‍ നിര്‍മാണം എട്ടുമാസം വൈകി. 2012 ജൂണ്‍ ആറിന് നടന്ന പവിലിയന്‍ ഉദ്ഘാടനച്ചടങ്ങില്‍ത്തന്നെ ഒന്നാംഘട്ട നിര്‍മാണപ്രവര്‍ത്തനത്തിന്റെ ഉദ്ഘാടനവും മുഖ്യമന്ത്രി നിര്‍വഹിച്ചു. പതിനെട്ട് മാസത്തിനുള്ളില്‍ ഒന്നാംഘട്ട നിര്‍മാണം പൂര്‍ത്തിയാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. എന്നാല്‍ ഏഴുമാസം ഒന്നും സംഭവിച്ചില്ല. ശേഷിക്കുന്ന 11 മാസത്തിനുള്ളില്‍ മൂന്നരലക്ഷം ചതുരശ്ര അടി കെട്ടിടം സ്മാര്‍ട്ട് സിറ്റിയില്‍ ടീകോം നിര്‍മിച്ചാല്‍ മാത്രമെ കരാര്‍പ്രകാരമാണ് നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടക്കുന്നതെന്ന് തെളിയിക്കാനാകൂ. എന്നാല്‍ ഇപ്പോഴും ഒന്നാംഘട്ട നിര്‍മാണം എന്നു തുടങ്ങാനാകുമെന്ന് സര്‍ക്കാരിനോ ടീകോമിനോ ഉറപ്പുപറയാന്‍ കഴിയാത്ത അവസ്ഥയാണ്. സ്മാര്‍ട്ട് സിറ്റി ഭൂമിക്ക് ഒറ്റ സെസ് പദവി വേണമെന്ന ആവശ്യമുന്നയിച്ചാണ് ടീകോം നിര്‍മാണം വൈകിക്കുന്നത്. മുന്‍ സര്‍ക്കാരുമായി അടിസ്ഥാന കരാറില്‍ ഒപ്പിടുമ്പോഴൊന്നും ഈ ആവശ്യം അവര്‍ ഉന്നയിച്ചിട്ടില്ല. ഒറ്റ സെസ് നല്‍കാമെന്ന് കരാറില്‍ വ്യവസ്ഥയുമില്ല. എന്നിട്ടും പദ്ധതി നിര്‍മാണം അനിശ്ചിതമായി നീട്ടിക്കൊണ്ടുപോകുന്ന ടീകോമിന്റെ ആവശ്യം നടത്തിക്കൊടുക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്.

മുന്‍ സര്‍ക്കാരിന്റെ കാലത്തും ടീകോം ഇത്തരം കടുംപിടിത്തങ്ങളിലൂടെ നിര്‍മാണം നീട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചിരുന്നു. സ്മാര്‍ട്ട് സിറ്റി ഭൂമിയില്‍ സെസിനുപുറത്ത് 12 ശതമാനം കൈവശാവകാശം ആവശ്യപ്പെട്ടതാണ് അതിലൊന്ന്. ഇതേത്തുടര്‍ന്ന് ടീകോമിനെ പദ്ധതിയില്‍നിന്നുതന്നെ ഒഴിവാക്കാനാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ ആലോചിച്ചത്. അതോടെ അവര്‍ പത്തി മടക്കി. ഇപ്പോള്‍ ടീകോം ഒറ്റ സെസ് എന്ന അനര്‍ഹമായ ആവശ്യം ഉന്നയിച്ചിട്ടും നടപടികള്‍ക്ക് സര്‍ക്കാര്‍ തയ്യാറാകുന്നില്ല. അവരുടെ ആവശ്യപ്രകാരം ദുബായില്‍ പോയി ബോര്‍ഡ്യോഗം ചേരുകയും ചെയ്തു. 18ന് ഡല്‍ഹിയില്‍ ചേരുന്ന യോഗത്തില്‍ ഒറ്റ സെസ് കാര്യത്തില്‍ അനുകൂല തീരുമാനമുണ്ടായാല്‍ നിര്‍മാണം തുടങ്ങുമെന്നാണ് ബോര്‍ഡ് യോഗത്തില്‍ ടീകോം പറഞ്ഞത്. അപ്പോഴേക്കും പദ്ധതി, മാതൃസ്ഥാപനമായ ദുബായ് ഹോള്‍ഡിങ്സിന് കൈമാറണമെന്ന ആവശ്യം അവര്‍ ശക്തമായി ഉന്നയിക്കുമെന്നാണ് സൂചന.
(എം എസ് അശോകന്‍)

deshabhimani 180113

No comments:

Post a Comment