Friday, January 18, 2013
കെഎസ്യുവില്‍ ഭിന്നത രൂക്ഷം; വെവ്വേറെ പഠനക്യാമ്പുമായി എയും ഐ യും
കോട്ടയം ജില്ലയില്‍ കെഎസ്യുവില്‍ ഭിന്നത രൂക്ഷമായി. തര്‍ക്കത്തെ തുടര്‍ന്ന് കെഎസ്യു ജില്ലാ പഠനക്യാമ്പ് വെവ്വേറെ സംഘടിപ്പിക്കാന്‍ എ, ഐ വിഭാഗങ്ങള്‍ തീരുമാനിച്ചു. എ ഗ്രൂപ്പിന്റെ ക്യാമ്പ് 18, 19 തീയതികളില്‍ അടിച്ചിറ ആമോസ് സെന്ററിലും ഐ ഗ്രൂപ്പിന്റേത് 29ന് കോട്ടയം സിഎസ്ഐ റിട്രീറ്റ് സെന്റിലുമാണ് സംഘടിപ്പിക്കുന്നത്. പഠനക്യാമ്പില്‍നിന്ന് തങ്ങളെ പൂര്‍ണമായി ഒഴിവാക്കിയതില്‍ പ്രതിഷേധിച്ചാണ് ബദല്‍ ക്യാമ്പ് സംഘടിപ്പിക്കാന്‍ തീരുമാനിച്ചതെന്ന് ഐ ഗ്രൂപ്പ് നേതാക്കള്‍ പറഞ്ഞു. എ ഗ്രൂപ്പിനെതിരെ കെഎസ്യു സംസ്ഥാന നേതൃത്വത്തിന് പരാതി നല്‍കുമെന്ന് ഐ ക്കാരനായ കെഎസ്യു ജില്ലാ ജനറല്‍ സെക്രട്ടറി സുബിന്‍ പരിയാത്ത് അറിയിച്ചു. ഐ വിഭാഗത്തെ പൂര്‍ണമായി മാറ്റിനിര്‍ത്തിയിരിക്കുകയാണ്. ഐ ഗ്രൂപ്പ് ജില്ലാ നേതാക്കളെയും ക്യാമ്പിലേക്ക് അടുപ്പിക്കുന്നില്ലെന്നും സുബിന്‍ പറഞ്ഞു.
ഐ ഗ്രൂപ്പ് നേതൃത്വത്തില്‍ കോട്ടയം ടിബിയില്‍ രഹസ്യയോഗം ചേര്‍ന്നാണ് ബദല്‍ ക്യാമ്പ് സംഘടിപ്പിക്കാന്‍ തീരുമാനമെടുത്തത്. യോഗത്തില്‍ 50 ഓളംപേര്‍ പങ്കെടുത്തു. കെപിസിസി സെക്രട്ടറിമാരായ ഫിലിപ്പ് ജോസഫ്, അഡ്വ. പി എസ് രഘുറാം, യൂത്ത് കോണ്‍ഗ്രസ് മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി അജീസ്ബെന്‍ മാത്യൂസ് എന്നിവരും യോഗത്തിന് എത്തി. എ വിഭാഗക്കാരനായ ജോബിന്‍ ജേക്കബാണ് കെഎസ്യു ജില്ലാ പ്രസിഡന്റ്. ജില്ലാ ജനറല്‍ സെക്രട്ടറിമാരും ഐ ഗ്രൂപ്പുകാരുമായ സുബിന്‍ പരിയത്ത്, സ്നേഹാ ജോര്‍ജ്, നിധിന്‍ എന്നിവരെപ്പോലും പഠനക്യാമ്പുമായി സഹകരിപ്പിക്കുന്നില്ലെന്നാണ് ഐ ഗ്രൂപ്പിന്റെ ആക്ഷേപം. എന്നാല്‍, ആരെയും ഒഴിവാക്കിയിട്ടില്ലെന്നാണ് ജില്ലാ പ്രസിഡന്റ് പറയുന്നത്. മാത്രമല്ല, കെഎസ്യുവുമായി ബന്ധമില്ലാത്തവരാണ് കുറ്റപ്പെടുത്താന്‍ രംഗത്തിറങ്ങിയിരിക്കുന്നതെന്നും പ്രസിഡന്റ് പറഞ്ഞു.
കെഎസ്യു ജില്ലാ കമ്മിറ്റി ചേരുന്നതു പോലും അറിയിക്കാറില്ലെന്നാണ് ഐ വിഭാഗം പറയുന്നത്. ബദല്‍ പഠന ക്യാമ്പിന്റെ തുടര്‍ച്ചയായി ജില്ലയിലെ മുഴുവന്‍ ക്യാമ്പസുകളിലും ഐ വിഭാഗം കമ്മിറ്റികള്‍ വിളിക്കാനും തീരുമാനിച്ചു. മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനാണ് എ ഗ്രൂപ്പിന്റെ പഠനക്യാമ്പ് ഉദ്ഘാടനം ചെയ്യുന്നത്. പി ടി തോമസ്, ജോസഫ് വാഴയ്ക്കന്‍, ആന്റോ ആന്റണി, ബെന്നി ബഹനാന്‍ എന്നിവര്‍ പങ്കെടുക്കുമെന്നാണ് എ ഗ്രൂപ്പ് അറിയിച്ചത്. എന്നാല്‍, ഇവരുടെയൊന്നും പേര് നോട്ടീസിലില്ല. തിരുവഞ്ചൂരിന്റെ മാത്രം പേരാണുള്ളത്. ഏറെക്കാലം കെഎസ്യു സംസ്ഥാന ഭാരവാഹികളായിരുന്ന ഐ ഗ്രൂപ്പുകാര്‍ ജില്ലയില്‍ ഉണ്ടായിരുന്നിട്ടും ക്ഷണിക്കാനുള്ള മര്യാദ എ ഗ്രൂപ്പ് കാട്ടിയില്ലെന്ന് ഒരു നേതാവ് പറഞ്ഞു. ഐ ഗ്രൂപ്പിന്റെ കോളേജ് യൂണിയന്‍ ഭാരവാഹികളോ യൂണിറ്റ് ഭാരവാഹികളോ എ വിഭാഗത്തിന്റെ പഠനക്യാമ്പില്‍ പങ്കെടുക്കില്ലെന്നും അദ്ദേഹംഅറിയിച്ചു.
deshabhimani 180113
Subscribe to:
Post Comments (Atom)
No comments:
Post a Comment