Sunday, January 13, 2013
സ്മാര്‍ട്ട്സിറ്റി അനന്തമായി നീട്ടി ടീകോം സര്‍ക്കാര്‍ നിലപാടില്‍ ദുരൂഹത
സ്മാര്‍ട്ട്സിറ്റി പദ്ധതി യാഥാര്‍ഥ്യമാക്കാതെ നിരന്തരം തടസ്സവാദങ്ങള്‍ ഉന്നയിക്കുന്ന ദുബായ് കമ്പനിക്കുപകരം പുതിയ നിക്ഷേപകരെ കണ്ടെത്താന്‍ സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കാത്തതില്‍ ദുരൂഹത. 6000 കോടി രൂപ ചെലവുവരുന്ന കൊച്ചി മെട്രോക്ക് വായ്പനല്‍കാന്‍ തയ്യാറുള്ള ജപ്പാന്‍ ധനകാര്യ ഏജന്‍സിയായ ജൈക്കയെപ്പോലും മാറ്റാന്‍ ആലോചിക്കുന്ന സര്‍ക്കാര്‍ നിരവധി സൗജന്യങ്ങള്‍ നല്‍കി നിര്‍മിക്കുന്ന സ്മാര്‍ട്ട്സിറ്റിയില്‍ ടീകോമിനുപകരം മറ്റൊരു കമ്പനിയെയും പരിഗണിക്കാന്‍ തയ്യാറല്ല. സര്‍ക്കാരിന്റെ അനുമതിയില്ലാതെ സ്മാര്‍ട്ട്സിറ്റി നിര്‍മാണം മാതൃസ്ഥാപനമായ ദുബായ് ഹോള്‍ഡിങ്സിന് കൈമാറാനാണ് ഇപ്പോള്‍ ടീകോമിന്റെ ശ്രമം. കരാര്‍ പ്രകാരമുള്ള പദ്ധതി നിര്‍മാണം വൈകുന്നതുമൂലം നേരിടേണ്ടിവരാവുന്ന നിയമ നടപടികള്‍ മറികടക്കാനാണ് ടീകോമിന്റെ ഈ നീക്കമെന്ന് കരുതുന്നു. സംസ്ഥാന സര്‍ക്കാരുമായി പാട്ടക്കരാറിലെത്തിയശേഷവും സ്മാര്‍ട്ട്സിറ്റിയുടെ നിര്‍മാണം വൈകിക്കാനാണ് ടീകോം ശ്രമിച്ചുകൊണ്ടിരുന്നത്.
2006ല്‍ യുഡിഎഫ് സര്‍ക്കാരുമായി കരാറിലെത്താന്‍ കഴിയാതിരുന്ന ടീകോം പിന്നീടുവന്ന എല്‍ഡിഎഫ് സര്‍ക്കാരുമായി നിസഹകരണത്തിലായിരുന്നു. ടീകോമും അവരുടെ മാതൃസ്ഥാപനമായ ദുബായ് ഹോള്‍ഡിങ്സും നേരിട്ട കടുത്ത സാമ്പത്തികപ്രതിസന്ധി മറച്ചുവയ്ക്കാനായിരുന്നു ഇതെന്ന് പിന്നീട് വ്യക്തമായി. സ്മാര്‍ട്ട്സിറ്റി ഭൂമിയില്‍ 12 ശതമാനം സ്വതന്ത്ര കൈവശാവകാശം ആവശ്യപ്പെട്ടായിരുന്നു ആദ്യം തര്‍ക്കം. ആകെയുള്ള 246 ഏക്കറില്‍ 30 ഏക്കറോളം സ്വതന്ത്രാവകാശത്തിന്റെ കാര്യത്തില്‍ പരിഹാരമുണ്ടാക്കി 2011 ഫെബ്രുവരി രണ്ടിന് കരാര്‍ ഒപ്പിടാന്‍ എല്‍ഡിഎഫ് സര്‍ക്കാരിന് കഴിഞ്ഞു. സെസ് പദവിക്കുവേണ്ടിയുള്ള അപേക്ഷ സമര്‍പ്പിക്കാനുള്ള നടപടികളും പൂര്‍ത്തിയാക്കിയാണ് എല്‍ഡിഎഫ് അധികാരം ഒഴിഞ്ഞത്. കരാര്‍ പ്രകാരം ആദ്യ 18 മാസത്തിനുള്ളില്‍ ഒന്നാംഘട്ട നിര്‍മാണം പൂര്‍ത്തിയാക്കേണ്ടതാണ്. മൂന്നര ലക്ഷം ചതുരശ്ര അടി നിര്‍മാണം നടത്തി, 10,000 തൊഴിലവസരങ്ങള്‍ ഇതിന്റെ ഭാഗമായി സൃഷ്ടിക്കണം. കരാറിനുശേഷം 23 മാസം പിന്നിടുമ്പോള്‍ പദ്ധതിയുടെ ഭാഗമായി ആകെ നിര്‍മിച്ചത് ഒരു സെയില്‍സ് പവിലിയന്‍ മാത്രമാണ്. കഴിഞ്ഞ ജൂണില്‍ ഇതിന്റെ ഉദ്ഘാടനം നടത്തിയ മുഖ്യമന്ത്രി 18 മാസത്തിനുള്ളില്‍ ആദ്യഘട്ട നിര്‍മാണം പൂര്‍ത്തിയാകുമെന്ന് ആവര്‍ത്തിച്ചു. എന്നാല്‍ പദ്ധതിയുടെ മാസ്റ്റര്‍പ്ലാന്‍ അംഗീകരിക്കാന്‍പോലും ഇപ്പോഴും കഴിഞ്ഞിട്ടില്ല.
ഇതിനിടെ സ്മാര്‍ട്ട്സിറ്റി പ്രദേശത്തിന് ഒറ്റ സെസ് വേണമെന്ന പുതിയ ആവശ്യം ടീകോം മുന്നോട്ടുവച്ചു. കേന്ദ്രം അത് തള്ളിയിട്ടും ടീകോം അതില്‍കടിച്ചുതൂങ്ങി നിര്‍മാണം താമസിപ്പിച്ചു. അതിനുമുമ്പ് കെഎസ്ഇബി വൈദ്യുതി ടവറിന്റെ പേരിലും തടസ്സവാദമുയര്‍ത്തി. മുന്‍ സര്‍ക്കാരിന്റെ കാലത്ത് ഒപ്പുവച്ച കരാറിലെ വ്യവസ്ഥകള്‍ ലംഘിച്ച് കേരളത്തിന്റെ സ്വപ്നപദ്ധതി അനിശ്ചിതമായി വൈകിക്കുന്ന ടീകോമിനെ സഹായിക്കാനാണ് അടുത്തയാഴ്ച വ്യവസായമന്ത്രി പി കെ കുഞ്ഞാലിക്കുട്ടിയും സംഘവും ദുബായിക്ക് പോകുന്നത്. പദ്ധതി ദുബായ് ഹോള്‍ഡിങ്സിന് കൈമാറുന്നത് പദ്ധതിയില്‍ പങ്കാളിയായ സര്‍ക്കാരിന്റെ അറിവോടെയല്ല. കമ്പനി മാറുമ്പോള്‍ പുതിയ കരാര്‍ വേണ്ടിവരും. നിലവിലെ കരാര്‍ ലംഘിച്ചതുമൂലമുള്ള നിയമപ്രശ്നങ്ങള്‍ അതോടെ തീരുമെന്നും ടീകോം കണക്കുകൂട്ടുന്നു. ടീകോമിന് സാമ്പത്തിക പ്രയാസമുണ്ടെന്ന് പറഞ്ഞാണ് മാതൃസ്ഥാപനം പദ്ധതി ഏറ്റെടുക്കുന്നത്. ഇക്കാരണത്താല്‍ ടീകോമിന്റെ കീഴിലുള്ള ദുബായ് ഇന്റര്‍നെറ്റ്സിറ്റി, ദുബായ് മീഡിയാ സിറ്റി എന്നിവ മാതൃസ്ഥാപനം ഏറ്റെടുക്കുന്നില്ലെന്നതും ശ്രദ്ധേയം. എല്‍ഡിഎഫ് സര്‍ക്കാരിന്റെകാലത്ത് സ്മാര്‍ട്ട്സിറ്റിയുടെ കാര്യത്തില്‍ ടീകോം അനാസ്ഥ കാണിച്ചപ്പോള്‍ മറ്റു ചില വിദേശ-സ്വദേശ കമ്പനികളെ പ്രമോട്ടര്‍മാരാക്കുന്ന കാര്യം പരിഗണിച്ചിരുന്നു. എല്ലാ അനുകൂല സാഹചര്യങ്ങളുമൊരുങ്ങിയിട്ടും അനാസ്ഥ തുടരുന്ന ടീകോമിനെ സഹായിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നത് ദുരൂഹത വര്‍ധിപ്പിക്കുന്നു.
deshabhimani 130113
Labels:
ഐ.ടി.,
വലതു സര്‍ക്കാര്‍
Subscribe to:
Post Comments (Atom)
No comments:
Post a Comment