Sunday, January 13, 2013

സ്ത്രീസമത്വത്തിനായുള്ള പോരാട്ടം സുപ്രധാനം: കാരാട്ട്



ഹൈദരാബാദ്: പിന്തിരിപ്പന്‍ശക്തികള്‍ സ്ത്രീകളെ അടിച്ചമര്‍ത്താന്‍ ശ്രമിക്കുമ്പോള്‍ രാഷ്ട്രീയ സാമ്പത്തിക സാമൂഹ്യ മേഖലകളില്‍ സ്ത്രീ സമത്വത്തിനായുള്ള പോരാട്ടം ജനാധിപത്യ പ്രസ്ഥാനങ്ങളുടെ സുപ്രധാന അജന്‍ഡയായി മാറേണ്ടതുണ്ടെന്ന് സിപിഐ എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് പറഞ്ഞു. പി സുന്ദരയ്യ ജന്മശതാബ്ദിയോടനുബന്ധിച്ച് ഹൈദരാബാദില്‍ സംഘടിപ്പിച്ച യോഗത്തില്‍ സംസാരിക്കുകയായിരുന്നു.

സ്ത്രീകള്‍ക്കെതിരെ വര്‍ധിച്ചുവരുന്ന അതിക്രമങ്ങള്‍ക്കുപിന്നിലെ മൂലകാരണം സമൂഹത്തില്‍ നിലനില്‍ക്കുന്ന പുരുഷാധിപത്യ പ്രവണതകളാണ്. സ്വാതന്ത്ര്യം ലഭിച്ച് 65 വര്‍ഷം പിന്നിട്ടിട്ടും ഇന്ത്യയില്‍ സ്ത്രീകളുടെ പദവി അങ്ങേയറ്റം പിന്നിലാണ്. 178 രാജ്യങ്ങളിലെ സ്ത്രീപദവി സംബന്ധിച്ച ഐക്യരാഷ്ട്രസഭയുടെ ഒരു റിപ്പോര്‍ട്ട് പ്രകാരം ഇന്ത്യക്ക് 134-ാം സ്ഥാനമാണ്. ഡല്‍ഹിയില്‍ ബസില്‍ പെണ്‍കുട്ടിയെ ക്രൂരമായി ബലാത്സംഗം ചെയ്തതിനെതിരെ രാജ്യവ്യാപകമായി പ്രക്ഷോഭം ശക്തമായ സാഹചര്യത്തില്‍ നിയമങ്ങള്‍ ശക്തമാക്കാനും പൊലീസ് സംവിധാനം കാര്യക്ഷമമാക്കാനും സത്വരനീതി ഉറപ്പാക്കാനും നടപ ടിയുണ്ടാവുമെന്ന് പ്രതീക്ഷിക്കാം. ആത്മീയ, സാമൂഹ്യ, രാഷ്ട്രീയ നേതാക്കളെന്ന് അവകാശപ്പെടുന്നവര്‍ പ്രകടിപ്പിച്ച അഭിപ്രായങ്ങളില്‍ സമൂഹത്തില്‍ നിലനില്‍ക്കുന്ന പുരുഷാധിപത്യചിന്തകളാണ് പ്രതിഫലിച്ചത്. പാശ്ചാത്യസംസ്കാരത്തിന്റെ സ്വാധീനമില്ലാത്ത ഇന്ത്യന്‍ ഗ്രാമങ്ങളില്‍ ബലാത്സംഗങ്ങള്‍ നടക്കുന്നില്ലെന്ന ആര്‍എസ്എസ് തലവന്‍ മോഹന്‍ ഭഗവതിന്റെ അഭിപ്രായം പ്രതിഷേധാര്‍ഹമാണ്. ഈ പ്രസ്താവന വസ്തുതകളോടുള്ള പരിഹാസമാണ്. ദരിദ്രരായ ദളിത്-ആദിവാസി-കര്‍ഷകത്തൊഴിലാളി സ്ത്രീകള്‍ ഇന്ത്യയില്‍ അനുദിനം മാനഭംഗം ചെയ്യപ്പെടുന്നുവെന്നതാണ് സത്യം. ഇതൊന്നും കുറ്റകൃത്യമായി കാണാന്‍ തയ്യാറാവാത്ത ഭഗവതിന്റെ പ്രസ്താവന അദ്ദേഹത്തിന്റെ വര്‍ഗസ്വഭാവമാണ് പ്രതിഫലിപ്പിക്കുന്നത്.

മിശ്രവിദ്യാഭ്യാസം നിരോധിക്കണമെന്ന ചില മുസ്ലിം മൗലികവാദ സംഘടനകളുടെ നിര്‍ദേശവും അപലപനീയമാണ്. താലിബാനുമായാണ് ഇവര്‍ക്ക് സാമ്യം. ഹരിയാനയിലെയും രാജസ്ഥാനിലെയും ജാതിപഞ്ചായത്തുകളും സ്ത്രീകളെ അടിച്ചമര്‍ത്തുന്ന നിലപാടുകളാണ് കൈക്കൊള്ളുന്നത്. രാജ്യത്ത് സ്ത്രീകളെക്കുറിച്ചുള്ള സമീപനത്തില്‍ ഇത്തരം നിലപാടുകള്‍ക്കാണ് പ്രാമുഖ്യം. സ്ത്രീകളെ ചരക്കുകളായി കാണുന്ന മാധ്യമങ്ങളും പരസ്യങ്ങളും ഈ അവസ്ഥ രൂപപ്പെടുന്നതില്‍ ഏറെ പങ്കുവഹിക്കുന്നുണ്ട്-കാരാട്ട് പറഞ്ഞു. യോഗത്തില്‍ സിപിഐ എം ആന്ധ്ര പ്രദേശ് സംസ്ഥാന സെക്രട്ടറി ബി വി രാഘവുലുവും പൊളിറ്റ് ബ്യൂറോ അംഗം സീതാറാം യെച്ചൂരിയും സംസാരിച്ചു.

ഡല്‍ഹി സ്ത്രീകള്‍ക്ക് സുരക്ഷിതമല്ല: സുപ്രീംകോടതി

ന്യൂഡല്‍ഹി: രാജ്യതലസ്ഥാനം സ്ത്രീകള്‍ക്ക് സുരക്ഷിത നഗരമല്ലെന്ന് സുപ്രീംകോടതി. അന്തസ്സോടെയും തുല്യതയോടെയും ബഹുമാനത്തോടെയും സ്ത്രീകളെ പരിഗണിക്കുന്നതില്‍ പരാജയപ്പെടുകയാണെന്ന് ജസ്റ്റിസുമാരായ കെ എസ് രാധാകൃഷ്ണന്‍, ദീപക് മിശ്ര എന്നിവരുള്‍പ്പെട്ട ബെഞ്ച് പറഞ്ഞു. ജ്യോതി സിങ്വധക്കേസിന്റെ പശ്ചാത്തലത്തില്‍ സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കുന്നതിന് വിവിധ നടപടികള്‍ സ്വീകരിക്കണമെന് ആവശ്യപ്പെട്ടുള്ള പൊതുതാല്‍പ്പര്യ ഹര്‍ജി പരിഗണിക്കവെയാണ് കോടതിയുടെ നിരീക്ഷണം.

നിയമവിദ്യാര്‍ഥിനിയായ നിപുണ്‍ സക്സേന സമര്‍പ്പിച്ച ഹര്‍ജി സ്വീകരിച്ച കോടതി കേന്ദ്രസര്‍ക്കാരിനും ഡല്‍ഹി സര്‍ക്കാരിനും ദേശീയ വനിതാ കമീഷനും ഡല്‍ഹി ട്രാന്‍സ്പോര്‍ട്ട് അതോറിറ്റിക്കും നോട്ടീസ് അയച്ചു. രണ്ടാഴ്ചയ്ക്കകം മറുപടി നല്‍കാനാണ് നിര്‍ദേശം. ബലാത്സംഗത്തിന് ഇരയാകുന്ന സ്ത്രീകള്‍ക്ക് നഷ്ടപരിഹാരം അനുവദിക്കാന്‍ പ്രത്യേക ബോര്‍ഡിന് രൂപംനല്‍കണമെന്ന 16 വര്‍ഷം മുമ്പത്തെ സുപ്രീംകോടതി വിധി ഇതുവരെ നടപ്പാക്കിയിട്ടില്ലെന്ന് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു. മോട്ടോര്‍വാഹന ചട്ടങ്ങള്‍ പാലിക്കാത്ത ബസുകളുടെ പെര്‍മിറ്റ് പുതുക്കരുതെന്ന ഹര്‍ജിയിലെ ആവശ്യം പരിഗണിച്ചാണ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റിക്ക് നോട്ടീസ്. സ്ത്രീകള്‍ക്ക് അന്തസ്സോടെ ജീവിക്കാനാകുംവിധം സുരക്ഷിത അന്തരീക്ഷം ഒരുക്കേണ്ടതുണ്ടെന്ന് കോടതി നിരീക്ഷിച്ചു. സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ നഗരത്തില്‍ ആവര്‍ത്തിക്കപ്പെടുകയാണ്. ഡല്‍ഹിയില്‍ ഡിസംബര്‍ 16നുണ്ടായ സംഭവം ഒറ്റപ്പെട്ടതല്ല. സ്ഥിതിക്ക് മാറ്റം വരേണ്ടതുണ്ട്-കോടതി നിരീക്ഷിച്ചു.

deshabhimani 130113

No comments:

Post a Comment