Thursday, January 17, 2013
ചൗതാലയും മകനും ജയിലില്‍
അധ്യാപക നിയമനത്തില്‍ അഴിമതി നടത്തിയെന്നകേസില്‍ ഹരിയാന മുന്‍മുഖ്യമന്ത്രിയും ഇന്ത്യന്‍ നാഷണല്‍ ലോക്ദള്‍(ഐഎന്‍എല്‍ഡി) നേതാവുമായ ഓംപ്രകാശ് ചൗതാലയും മകന്‍ അജയ് ചൗതാലയും ഉള്‍പ്പെടെ 55 പേര്‍ കുറ്റക്കാരാണെന്ന് പ്രത്യേക സിബിഐ കോടതി വിധിച്ചു. ഇവരുടെ ശിക്ഷ 22ന് വിധിക്കും. കുറ്റക്കാരാണെന്ന വിധി വന്നതിന് പിന്നാലെ ചൗതാല ഉള്‍പ്പെടെയുള്ള പ്രതികളെ ജുഡിഷ്യല്‍ കസ്റ്റഡിയിലെടുത്ത് ജയിലിലേക്ക് മാറ്റി. ചൗതാല മുഖ്യമന്ത്രിയായിരിക്കെ സംസ്ഥാനത്ത് 3000 ജൂനിയര്‍ അധ്യാപകരെ വഴിവിട്ട് നിയമിച്ചുവെന്നാണ് കേസ്. ചൗതാല, മകനും എംഎല്‍എയുമായ അജയ് ചൗതാല, പ്രാഥമിക വിദ്യാഭ്യാസ ഡയറക്ടറായിരുന്ന സഞ്ജീവ്കുമാര്‍, ചൗതാലയുടെ മുന്‍ ഒഎസ്ഡി വിദ്യാധര്‍, മുഖ്യമന്ത്രിയുടെ രാഷ്ട്രീയ ഉപദേശകനായിരുന്ന ഷെര്‍സിങ് ബദ്ഷാനി എന്നിവരെയാണ് പ്രത്യേക സിബിഐ ജഡ്ജി വിനോദ്കുമാര്‍ കുറ്റക്കാരായി വിധിച്ചത്. എന്തു ശിക്ഷ നല്‍കണമെന്ന കാര്യത്തില്‍ അടുത്ത മൂന്നുദിവസം വാദം കേള്‍ക്കും.
ഇന്ത്യന്‍ ശിക്ഷാനിയമം 120-ബി (ക്രിമിനല്‍ ഗൂഢാലോചന), 420 (വഞ്ചന), 467 (തട്ടിപ്പ്), 471 (കൃത്രിമരേഖ ചമയ്ക്കല്‍) എന്നീ കുറ്റങ്ങളാണ് പ്രതികള്‍ക്കുമേല്‍ ചുമത്തിയത്. കേസില്‍ ഡിസംബര്‍ 17 ന് വാദം പൂര്‍ത്തിയാക്കിയ കോടതി വിധി പറയാന്‍ മാറ്റുകയായിരുന്നു. കേസില്‍ ആകെ 62 പ്രതികളാണുണ്ടായിരുന്നത്. ഇവരില്‍ ആറുപേര്‍ വിചാരണവേളയില്‍ മരിച്ചു. ഒരാളെ കോടതി കുറ്റവിമുക്തനാക്കിയിരുന്നു. ചൗതാലയ്ക്കും അജയ് ചൗതാലയ്ക്കുമെതിരെ പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്ന് കോടതി നേരത്തേതന്നെ നിരീക്ഷിച്ചിരുന്നു. കേസ് വെളിപ്പെടുത്തിയ ഐഎഎസ് ഉദ്യോഗസ്ഥന്‍ സജ്ഞീവ് കുമാറിനെ സിബിഐ പിന്നീട് കേസില്‍ പ്രതിചേര്‍ക്കുകയായിരുന്നു. അഴിമതിയുമായി ബന്ധപ്പെട്ടതല്ല കേസ് എന്ന് ചൗതാലയുടെ ഇളയ മകന്‍ അഭയ് ചൗതാല പറഞ്ഞു. പണം കൈമാറ്റമൊന്നും നടന്നിട്ടില്ല. മെറിറ്റ് അടിസ്ഥാനമാക്കിയാണ് അധ്യാപകരെ നിയമിച്ചത്. നിരവധി കുംഭകോണങ്ങളില്‍ പങ്കുള്ള മുന്‍ പ്രാഥമിക വിദ്യാഭ്യാസ ഡയറക്ടര്‍ സഞ്ജീവ്കുമാറാണ് ഉത്തരവാദി- അഭയ് ചൗതാല പറഞ്ഞു. കേസില്‍ അപ്പീല്‍ പോകുമെന്നും ചൗതാല അറിയിച്ചു. കേസില്‍നിന്ന് രക്ഷപ്പെടാന്‍ സഞ്ജീവ്കുമാര്‍ സുപ്രീംകോടതിയെ സമീപിച്ചിരുന്നു. ചൗതാലയും മറ്റും തന്നില്‍ സമര്‍ദം ചെലുത്തി കാര്യങ്ങള്‍ സാധിക്കുകയായിരുന്നെന്ന ഇയാളുടെ വാദം കോടതി അംഗീകരിച്ചില്ല. നിയമം അതിന്റെ വഴിക്ക് നീങ്ങുമെന്ന് ചൗതാലയ്ക്കും മകനുമെതിരായ കേസിനോട് പ്രതികരിക്കവെ ഹരിയാന മുഖ്യമന്ത്രി ഭൂപീന്ദര്‍സിങ് ഹൂഡ പറഞ്ഞു. ചൗതാല കുടുംബത്തിന്റെ അഴിമതി ഒടുവില്‍ പിടിക്കപ്പെട്ടിരിക്കുകയാണെന്ന് ഹരിയാന ജനഹിത് കോണ്‍ഗ്രസ് പ്രസിഡന്റ് കുല്‍ദീപ് ബിഷ്ണോയ് പറഞ്ഞു. ഐഎന്‍എല്‍ഡി എന്ന പാര്‍ടിയുടെ അവസാനമാണിതെന്നും പ്രത്യേക സിബിഐ കോടതിയെ അഭിനന്ദിക്കുന്നുവെന്നും ബിഷ്ണോയ് കൂട്ടിചേര്‍ത്തു.
deshabhimani 170113
Subscribe to:
Post Comments (Atom)
No comments:
Post a Comment