Thursday, January 17, 2013

ഐസ്ക്രീം കേസ് അട്ടിമറി: എതിര്‍ക്കുന്നത് നിയമപ്രശ്നം കൊണ്ടെന്ന് മുഖ്യമന്ത്രി


ഐസ്ക്രീം പാര്‍ലര്‍ പെണ്‍വാണിഭക്കേസ് രേഖകള്‍ പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന് നല്‍കണമെന്ന മജിസ്ട്രേട്ട് കോടതി ഉത്തരവിനെതിരെ സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ ഹര്‍ജിയുമായി പോയത് നിയമപരമായ ചില പ്രശ്നങ്ങള്‍കൊണ്ടാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ഈ നിയമപ്രശ്നം എന്താണെന്ന ചോദ്യത്തോടു പ്രതികരിക്കാതെ മുഖ്യമന്ത്രി ഒഴിഞ്ഞുമാറി. രേഖകള്‍ നല്‍കാന്‍ ഒരു മടിയുമില്ലെന്ന് മുഖ്യമന്ത്രി അവകാശപ്പെട്ടു. എന്നാല്‍, അഡ്വക്കറ്റ് ജനറല്‍ ചില നിയമപ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി. തുടര്‍ന്നാണ് ഹൈക്കോടതിയെ സമീപിച്ചത്. സര്‍ക്കാര്‍ കേസില്‍ കക്ഷിയല്ലാതിരിക്കെ ഹര്‍ജി സമര്‍പ്പിച്ചത് എന്തിനെന്ന ചോദ്യത്തിനും നിയമപ്രശ്നം എന്നായിരുന്നു മറുപടി. കേസ് രേഖ നല്‍കണമെന്ന ഉത്തരവിനെതിരെ ഹര്‍ജി സമര്‍പ്പിച്ചതിന് സര്‍ക്കാരിനെ ഹൈക്കോടതിരൂക്ഷമായി വിമര്‍ശിച്ചിരുന്നു.

ടീകോം കരാര്‍വ്യവസ്ഥ ലംഘിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി

തിരു: സ്മാര്‍ട്ട്സിറ്റി പദ്ധതി കരാര്‍ വ്യവസ്ഥകള്‍ ടീകോം ലംഘിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അവകാശപ്പെട്ടു. ഈ സാഹചര്യത്തില്‍ ടീകോമിനെതിരെ നിയമനടപടിയുടെ ആവശ്യമില്ല. മന്ത്രിസഭായോഗ തീരുമാനങ്ങള്‍ വിശദീകരിക്കവെ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി. ടീകോമിനു പകരം ദുബായ് ഹോള്‍ഡിങ്സിന് സ്മാര്‍ട്ട് സിറ്റി പദ്ധതി കൈമാറാനുള്ള നീക്കത്തെക്കുറിച്ച് മുഖ്യമന്ത്രി വ്യക്തമായി പ്രതികരിച്ചില്ല. പദ്ധതിയുമായി മുന്നോട്ടുപോകാന്‍ ചൊവ്വാഴ്ച ദുബായില്‍ ചേര്‍ന്ന ടീകോം ഡയറക്ടര്‍ ബോര്‍ഡ് യോഗം തീരുമാനിച്ചതായി മുഖ്യമന്ത്രി പറഞ്ഞു. കരാറൊപ്പിട്ട് 24 മാസത്തിനകം ഒന്നാംഘട്ടം പൂര്‍ത്തിയാക്കണമെന്ന വ്യവസ്ഥ ലംഘിച്ച സാഹചര്യത്തില്‍ നിയമനടപടി കൈക്കൊള്ളുമോയെന്നു ചോദിച്ചപ്പോള്‍ വ്യവസ്ഥ ലംഘിച്ചിട്ടില്ലെന്നായിരുന്നു മറുപടി. ആറന്മുള വിമാനത്താവള പദ്ധതി നടപ്പാക്കുമെന്ന് മുഖ്യമന്ത്രി ആവര്‍ത്തിച്ചു. പദ്ധതിയില്‍ സര്‍ക്കാര്‍ ഓഹരിയെടുക്കുന്നത് നിയമലംഘനത്തിനു കൂട്ടുനില്‍ക്കലാണെന്ന വി എം സുധീരന്റെ ആരോപണം ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍, വികസനകാര്യങ്ങളില്‍ പല അഭിപ്രായം വരുമെന്നും അതു വിലയിരുത്തി മെച്ചമെന്നു തോന്നുന്നത് സ്വീകരിക്കുമെന്നുമായിരുന്നു മറുപടി.

deshabhimani 170113

No comments:

Post a Comment