Thursday, February 7, 2013

സുകുമാരന്‍നായരുടെ മാടമ്പിത്തം നാട് അംഗീകരിക്കില്ല: പിണറായി


എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍നായരുടെ മാടമ്പി സ്വഭാവം നാട് അംഗീകരിച്ചുകൊടുക്കില്ലെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. ചരിത്രം പഠിക്കാന്‍ ഞങ്ങളെ ഉപദേശിക്കുന്ന സുകുമാരന്‍നായര്‍ക്ക്മുന്‍ ജനറല്‍ സെക്രട്ടറി നാരായണപ്പണിക്കരില്‍ നിന്ന് എന്തെങ്കിലും പഠിക്കാന്‍ കഴിഞ്ഞോയെന്ന് പിണറായി ചോദിച്ചു. സിപിഐ എം പാളയം ഏരിയ കമ്മിറ്റി സംഘടിപ്പിക്കുന്ന ചിന്ത പുസ്തകോത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു പിണറായി.

സുകുമാരന്‍നായര്‍ ഈയിടെ നടത്തിയ ചില ഇടപെടലുകളെക്കുറിച്ച് ഞങ്ങള്‍ ചില അഭിപ്രായം പറഞ്ഞപ്പോഴാണ് അസഹിഷ്ണുതയോടെ അദ്ദേഹം പ്രതികരിച്ചത്. എന്‍എസ്എസിന്റെ ചരിത്രം മനസ്സിലാക്കണമെന്നായിരുന്നു വിമര്‍ശത്തിനുള്ള അദ്ദേഹത്തിന്റെ മറുപടി. സുകുമാരന്‍നായര്‍ എന്‍എസ്എസിന്റെ ചരിത്രം പഠിച്ചിട്ടുണ്ടോ ഇല്ലയോ എന്നൊന്നും ഞാന്‍ ചോദിക്കുന്നില്ല. കുറേക്കാലം അദ്ദേഹം നാരായണപ്പണിക്കരുടെ കൂടെ പ്രവര്‍ത്തിച്ചതല്ലേ. അദ്ദേഹത്തിന്റെ ജീവിതത്തില്‍ നിന്ന് എന്തെങ്കിലും പഠിക്കാന്‍ സുകുമാരന്‍നായര്‍ക്ക് കഴിഞ്ഞോ? നാരായണപ്പണിക്കര്‍ ധാര്‍ഷ്ട്യത്തോടെയാണ് പ്രവര്‍ത്തിക്കുന്നതെന്ന് ആരെങ്കിലും പറഞ്ഞിട്ടുണ്ടോ? സമുദായ സംഘടനാ നേതാവായി പ്രവര്‍ത്തിക്കുന്നതിനിടെ, താന്‍ വരച്ച വരയില്‍ കാര്യങ്ങള്‍ നില്‍ക്കണമെന്ന് അദ്ദേഹം ശഠിച്ചിട്ടില്ല. എത്ര നിര്‍മലമായ സ്വഭാവത്തോടെയാണ് അദ്ദേഹം പ്രവര്‍ത്തിച്ചത്. നാരായണപ്പണിക്കരുടെ അസിസ്റ്റന്റ് സെക്രട്ടറിയായി ദീര്‍ഘകാലം പ്രവര്‍ത്തിച്ച സുകുമാരന്‍നായര്‍ക്ക് ആ ഗുണങ്ങളില്‍ ഒന്നെങ്കിലും സ്വാംശീകരിക്കാന്‍ കഴിഞ്ഞോ. സുകുമാരന്‍നായര്‍ സ്വയം വിമര്‍ശപരമായി കാര്യങ്ങള്‍ പരിശോധിക്കണം.

നിങ്ങളുടെ മുന്നില്‍ സാഷ്ടാംഗപ്രണാമം നടത്തുന്ന കോണ്‍ഗ്രസിനെ വിമര്‍ശിച്ചപ്പോള്‍ എന്തിന് ഇടപെടുന്നു എന്ന ചോദ്യത്തില്‍ അല്‍പ്പം കഴമ്പുണ്ട്. നിരവധി കൊള്ളരുതായ്മകള്‍ ചെയ്യുന്ന മുഖ്യമന്ത്രിയാണ് ഉമ്മന്‍ചാണ്ടി. പക്ഷേ, പാര്‍ലമെന്ററി ജനാധിപത്യത്തില്‍ മന്ത്രിസഭാ പുനഃസംഘടനയ്ക്ക് അദ്ദേഹത്തിനാണ് ചുമതല. ഇതിനെതിരെ മാടമ്പി സ്വഭാവവുമായാണ് സുകുമാരന്‍നായര്‍ രംഗത്തുവന്നത്. ആര് ആഭ്യന്തരമന്ത്രിയാകണമെന്ന് തീരുമാനിക്കേണ്ടത് നിങ്ങളാണോ. ഞങ്ങളാരും നിങ്ങളെ വിരട്ടാന്‍ വരുന്നില്ല. പക്ഷേ, ഈ രീതി അംഗീകരിക്കാനാകില്ല. നായര്‍ സമുദായത്തിലെ മുഴുവന്‍ പേരുടെയും വോട്ടിന്റെ അട്ടിപ്പേറവകാശം നിങ്ങളുടെ കൈയിലാണെന്നാണോ വിചാരം. ഞങ്ങള്‍ കലക്കവെള്ളത്തില്‍ മീന്‍ പിടിക്കാന്‍ വരുന്നവരല്ല. അങ്ങനെയാണെങ്കില്‍ കോണ്‍ഗ്രസിനെതിരെ നിങ്ങള്‍ നില്‍ക്കുമ്പോള്‍ ഞങ്ങള്‍ രംഗത്തുവരില്ലല്ലോ. എല്ലാ വിഭാഗത്തില്‍ നിന്നും വോട്ടിന്റെ അര്‍ഹമായ വിഹിതം ഞങ്ങള്‍ക്ക് കിട്ടും. അനര്‍ഹമായത് ഞങ്ങള്‍ക്ക് വേണ്ട. നാടിന്റെ നന്മയാണ് തങ്ങള്‍ ആഗ്രഹിക്കുന്നതെന്നും പിണറായി പറഞ്ഞു.

deshabhimani 070213

No comments:

Post a Comment