Thursday, February 7, 2013

കുര്യന് വേണ്ടി കുഴലൂത്ത് നാണംകെട്ട് മനോരമ


സൂര്യനെല്ലി കേസില്‍ ആരോപണം നേരിടുന്ന പി ജെ കുര്യനെ പിന്തുണയ്ക്കാനും സംരക്ഷിക്കാനും നാണംകെട്ട കുഴലൂത്ത് നടത്തുന്ന മലയാള മനോരമയ്ക്ക് സമനില തെറ്റുന്നു. രാജ്യസഭാ ഉപാധ്യക്ഷനാകാന്‍ കുര്യനെ പിന്തുണച്ച സിപിഐ എം ഇപ്പോള്‍ എതിര്‍ക്കുന്നുവെന്ന ബാലിശവാദമാണ് ബുധനാഴ്ച മനോരമ വിളമ്പിയത്. ജനങ്ങളുടെ ബോധനിലവാരത്തെ പരിഹസിക്കുംവിധമാണ് വാര്‍ത്ത.

രാജ്യസഭാ ഉപാധ്യക്ഷനായി പി ജെ കുര്യനെ പിന്തുണച്ച് സിപിഐ എം ഒരു രേഖയും നല്‍കിയിട്ടില്ല. ഉപാധ്യക്ഷ സ്ഥാനത്തേക്ക് പി ജെ കുര്യനെ പിന്തുണയ്ക്കാതിരുന്ന ഏക പാര്‍ടി സിപിഐ എം ആണ്. ഉപാധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ സഭയില്‍ പാലിക്കേണ്ട മര്യാദയനുസരിച്ച് അദ്ദേഹത്തെ സിപിഐ എം നേതാവ് സീതാറാം യെച്ചൂരി അനുമോദിച്ചു. ഇത് സാധാരണ നടപടിക്രമം മാത്രം. ഇതിനെയാണ് വലിയ അപരാധമായി ലേഖകന്‍ കണ്ടുപിടിച്ചത്. കുര്യനെ രാജ്യസഭാ ഉപാധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ടതില്‍ അനുമോദിച്ചതല്ലാതെ സൂര്യനെല്ലി സംഭവത്തില്‍ കുര്യന്‍ നിരപരാധിയാണെന്ന് യെച്ചൂരി പ്രസംഗിച്ചിട്ടില്ല. കേസിന്റെ തുടക്കം മുതല്‍ കുര്യനെ പ്രതിചേര്‍ത്ത് അന്വേഷണം നടത്തണമെന്നു തന്നെയാണ് സിപിഐ എം നിലപാട്. സൂര്യനെല്ലി കേസ് അതിന്റെ വഴിത്തിരിവിലെത്തുകയും ശക്തമായ തെളിവുകള്‍ കുര്യനെതിരെ ഉയരുകയും ചെയ്ത സാഹചര്യത്തിലാണ് കുര്യനെതിരെ അന്വേഷണം വേണമെന്നും രാജ്യസഭാ ഉപാധ്യക്ഷസ്ഥാനം രാജിവയ്ക്കണമെന്നും സിപിഐ എം ആവശ്യപ്പെട്ടത്. മുഖ്യമന്ത്രിയോ പ്രധാനമന്ത്രിയോ സ്ഥാനമേല്‍ക്കുമ്പോള്‍ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കുന്നതും അവരെ അനുമോദിക്കുന്നതും ജനാധിപത്യത്തില്‍ പുതുമയല്ല. പിന്നീട്, നിലപാടുകളും സാഹചര്യങ്ങളും കണക്കിലെടുത്ത് ഇവരെ എതിര്‍ക്കാനും ചില അവസരങ്ങളില്‍ രാജി ആവശ്യപ്പെടാനും പ്രതിപക്ഷം രംഗത്തുവരും. ആ സന്ദര്‍ഭങ്ങളില്‍ "ഇവര്‍ നേരത്തേ അഭിനന്ദിച്ചതാണല്ലോ, ഇപ്പോഴെന്തിന് എതിര്‍ക്കുന്നു" എന്ന് തരംതാണ ചോദ്യം സാധാരണ ആരും ഉന്നയിക്കാറില്ല. എന്നാല്‍ മനോരമ അതിനും തുനിഞ്ഞു. പി ജെ കുര്യന്‍ രാജ്യസഭാ ഉപാധ്യക്ഷനായി ചുമതലയേറ്റ സമയത്തുള്ള സാഹചര്യമല്ല ഇപ്പോള്‍ നിലനില്‍ക്കുന്നതെന്ന് ജനങ്ങള്‍ക്കെല്ലാം ബോധ്യമുണ്ട്. എന്നാല്‍, മനോരമയ്ക്ക് മാത്രം അക്കാര്യം ബോധ്യപ്പെടുന്നില്ല.
(വി ജയിന്‍)

deshabhimani 070213

No comments:

Post a Comment