വല്ലാര്‍പാടത്ത് അടിസ്ഥാന സൗകര്യ വികസനത്തിനുള്‍പ്പെടെ കേന്ദ്ര സര്‍ക്കാര്‍ 1700 കോടി രൂപ മുടക്കിയെങ്കില്‍ കരാറുകാരായ ഡിപി വേള്‍ഡ് പദ്ധതിക്കായി എത്ര പണം മുടക്കിയെന്ന് പോലും വ്യക്തമല്ല. ഈ തുകയാകട്ടെ വല്ലാര്‍പാടത്തെ മേല്‍വിലാസം ഉപയോഗിച്ച് ഇന്‍ഡ്യന്‍ ബാങ്കുകളില്‍ നിന്നും വായ്പയെടുത്തതുമാണ്. ഇത് ഉപയോഗിച്ച് ഡിപി വേള്‍ഡ് നേട്ടം കൊയ്യുമ്പോള്‍ തുറമുഖ ട്രസ്റ്റ് കടുത്ത പ്രതിസന്ധിയാണ് അഭിമുഖീകരിക്കുന്നത്. കൂടുതല്‍ കപ്പലുകള്‍ ആകര്‍ഷിക്കാനെന്ന പേരില്‍ തുറമുഖത്തിന് ലഭിക്കേണ്ട മുഴുവന്‍ വരുമാനത്തിലും ഗണ്യമായ ഇളവ് വരുത്തിയെങ്കിലും സ്വന്തം വരുമാനത്തില്‍ ഇളവ് നല്‍കാന്‍ ഡിപി വേള്‍ഡ് തയ്യാറാകുന്നില്ല. 2005-ല്‍ വല്ലാര്‍പാടത്തിന് മുന്നോടിയായി കൊച്ചിയിലെ രാജീവ്ഗാന്ധി കണ്ടെയ്നര്‍ ടെര്‍മിനല്‍ (ആര്‍ജിസിടി) ഏറ്റെടുത്ത ഡിപി വേള്‍ഡ് ഒരു വര്‍ഷത്തിനകം തുറമുഖത്തെ ട്രാന്‍ഷിപ്പ്മെന്റ് ഹബ്ബ് ആക്കണമെന്നായിരുന്നു വ്യവസ്ഥ. എന്നാല്‍ കരാര്‍ ഒപ്പിട്ട് ഏഴ് വര്‍ഷത്തിനിപ്പുറവും ഈ നേട്ടം കൈവരിക്കാന്‍ കരാറുകാര്‍ക്ക് കഴിഞ്ഞിട്ടില്ല. ഇത് സംബന്ധിച്ച നഷ്ടപരിഹാരം ഈടാക്കാനുള്ള ശ്രമവും അധികൃതരില്‍ നിന്നുണ്ടായിട്ടില്ല. മതിയായ കണ്ടെയ്നറുകള്‍ എത്തിക്കാത്തതിന്റെ പേരില്‍ ഡിപി വേള്‍ഡില്‍ നിന്നും 2008-ല്‍ ചെന്നൈ തുറമുഖ ട്രസ്റ്റ് 91.57 കോടി രൂപ നഷ്ടപരിഹാരം ഈടാക്കിയിരുന്നു.
ഈ വഴിക്കുള്ള നീക്കവും കൊച്ചിയില്‍ ഉണ്ടായിട്ടില്ല. വല്ലാര്‍പാടം ടെര്‍മിനല്‍ ആരംഭിക്കുമ്പോള്‍ ഈ രംഗത്ത് ഡിപി വേള്‍ഡിന് കുത്തകയില്ലാതിരിക്കാന്‍ ആര്‍ജിസിടി തുറമുഖ ട്രസ്റ്റ് ഏറ്റെടുത്ത് നടത്തണമെന്ന് വ്യവസ്ഥയുണ്ടായിരുന്നു. ട്രേഡ് യൗണിയനുകളോട് ഇക്കാര്യത്തില്‍ അധികൃതര്‍ ഉറപ്പ് നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ അന്തിമ കരാര്‍ ഒപ്പിട്ടപ്പോള്‍ ഡിപി വേള്‍ഡിന്റെ സമ്മര്‍ദ്ദത്തിന് വഴങ്ങി ആര്‍ജിസിടയുടെ പ്രവര്‍ത്തനം അവസാനിപ്പിക്കുകയായിരുന്നു. വല്ലാര്‍പാടത്ത് ഇടപാടുകാര്‍ക്ക് മുന്‍പത്തേക്കാള്‍ 300 ഡോളറിന്റെ ലാഭമുണ്ടാകുമെന്നാണ് ഉദ്ഘാടന വേളയില്‍ പ്രധാനമന്ത്രി പ്രഖ്യാപിച്ചതെങ്കിലും ഇവിടുത്തെ തുക കുറഞ്ഞില്ലെന്ന് മാത്രമല്ല, ഗണ്യമായി ഉയരുകയും ചെയ്തു.
വല്ലാര്‍പാടം നിലനിര്‍ത്തുന്നതിനായി ഡ്രഡ്ജിങ്ങിനായി പ്രതിവര്‍ഷം നൂറ് കോടിയിലേറെ രൂപയും പോര്‍ട്ട് ട്രസ്റ്റിന് ചെലവിടേണ്ടി വരുന്നു. പോര്‍ട്ട് ട്രസ്റ്റും ഡിപി വേള്‍ഡുമായുള്ള കരാറിന്റെ പകര്‍പ്പ് പോലും അധികൃതര്‍ രഹസ്യമായി വെച്ചിരിക്കുകയാണ്. 25ന് ചേരുന്ന കോ-ഓര്‍ഡിനേഷന്‍ കണ്‍വെന്‍ഷന്‍ പ്രക്ഷോഭത്തിന്റെ രൂപം തീരുമാനിക്കുമെന്നും ലോറന്‍സ് വ്യക്തമാക്കി. യൂണിയന്‍ ജനറല്‍ സെക്രട്ടറി ബി ഹംസ, വൈസ് പ്രസിഡന്റ് കെ വി എ അയ്യര്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
deshabhimani
No comments:
Post a Comment