Friday, September 20, 2013

150 വയസ്സിന്റെ ഓര്‍മപ്പെടുത്തലുമായി സ്മരണിക

"കേരളാസ്റ്റെയിറ്റിലെ ഒന്നാമത്തെ മുഖ്യമന്ത്രിയെന്ന നിലയില്‍ താങ്കള്‍ ചരിത്രപ്രധാനമായ കണ്ണൂര് നഗരം സന്ദര്‍ശിക്കുന്ന ഈ ശുഭവേളയില്‍, കണ്ണൂരിലെ പൗരാവലിയുടെ പ്രതിനിധികളെന്ന നിലയില്‍ ഞങ്ങള്‍ താങ്കളെ ഹൃദയംഗമായി സ്വാഗതം ചെയ്യുകയും ഈ സ്റ്റെയിറ്റിന്റെ സാമ്പത്തികവും സാമൂഹ്യവും സാംസ്കാരികവുമായുള്ള പുരോഗതിയെ ലാക്കാക്കികൊണ്ടുള്ള താങ്കളുടെ അക്ഷീണ പരിശ്രമത്തിനു സര്‍വ്വമംഗളങ്ങളും നേരുകയും ചെയ്യുന്നു". കേരളത്തിലെ പ്രഥമ മുഖ്യമന്ത്രി ഇ എം എസിന് കണ്ണൂര്‍ പൗരാവലി 1957 മെയ് രണ്ടിന് കണ്ണൂരില്‍ നല്‍കിയ സ്വീകരണത്തില്‍ നല്‍കിയ മംഗള പത്രത്തിലെ വാക്കുകള്‍.

കണ്ണൂര്‍ മുനിസിപ്പല്‍ കൗണ്‍സിലാണ് ആദ്യ മുഖ്യമന്ത്രിക്ക് സ്വീകരണം നല്‍കിയത്. കണ്ണൂര്‍ വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്കൂള്‍ (മുനിസിപ്പല്‍ സ്കൂള്‍) നൂറ്റമ്പതാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി തയ്യാറാക്കിയ സ്മരണികയിലാണ് ഈ ചരിത്രത്താള്‍ സ്ഥാനം പിടിച്ചത്. നഗരത്തില്‍ ശുദ്ധജലപദ്ധതിയും കാംമ്പജാറില്‍ അഴുക്ക്ചാല്‍ പദ്ധതിയും നടപ്പാക്കുന്നതിന് 90,000 രൂപ അനുവദിച്ചു തരണമെന്ന് 1930ല്‍ തന്നെ മദ്രാസ് സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഇതില്‍ പകുതി തുകയെങ്കിലും സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ചു തരണമെന്നും മംഗളപത്രത്തില്‍ ആവശ്യപ്പെട്ടിരുന്നു.

1957 ജനുവരി ഒന്നിന് ജില്ലാ രൂപീകരണ പ്രഖ്യാപനത്തിന്റെ അപൂര്‍വ ഫോട്ടോ ഉള്‍പ്പെടെ നിരവധി ചരിത്ര സ്മരണകളാണ് സ്മരണികയില്‍. ചേറ്റൂര്‍ ശങ്കരന്‍ നായര്‍ തൊട്ട് പി ടി ഉഷ വരെയുള്ള ഉജ്വല പ്രതിഭകളുടെ അരങ്ങായിരുന്നു ഈ വിദ്യാലയം. ഒളിമ്പ്യന്‍ സി കെ ലക്ഷ്മണന്‍, ദേവദാസ്, ബോബി അലോഷ്യസ് എന്നിവരും കേന്ദ്ര മന്ത്രി ഇ അഹമ്മദ്, എംഎല്‍എമാരായിരുന്ന പോത്തേരി മാധവന്‍, പാമ്പന്‍ മാധവന്‍, എന്‍ കെ കുമാരന്‍, പോത്തേരി കുഞ്ഞമ്പു വക്കീല്‍, മാണിക്കോത്ത് കുമാരന്‍, പി ഭാസ്കരന്‍, എ കെ ശശീന്ദ്രന്‍, സുപ്രീകോടതി ജഡ്ജിയായിരുന്ന വി ഖാലിദ് എന്നിവരും ഇവിടെ വിദ്യാര്‍ഥികളായിരുന്നു.

deshabhimani

No comments:

Post a Comment