പ്രദര്‍ശനഹാളിന്റെ നിശബ്ദതയില്‍ ഇ എം എസിന്റെ മുഴക്കമുള്ള ശബ്ദം ഉയര്‍ന്നപ്പോള്‍ ശശിയുടെയും ഗിരിജയുടെയും മുഖത്ത് നിഴല്‍പടര്‍ന്നു. മനസ്സില്‍ ഓര്‍മകളുടെ ഇരമ്പിക്കയറ്റം ഇരുവരുടെയും കണ്ണ് നച്ചു. അച്ഛന്‍ അന്നും ഇന്നും ജനങ്ങളുടെ സ്വത്തായി മാറുന്നതിന്റെ ഒട്ടേറെ അഭിമാനമുഹൂര്‍ത്തങ്ങള്‍ക്ക് സാക്ഷിയായാണ് ഇ എം എസിന്റെ ഇളയമകന്‍ ശശിയും ഭാര്യ ഗിരിജയും ചരിത്രപ്രദര്‍ശനം കണ്ടിറങ്ങിയത്.
പാര്‍ടി കോണ്‍ഗ്രസിന് അനുബന്ധമായ "സോഷ്യലിസമാണ് ഭാവി" പ്രദര്‍ശന നഗറില്‍ ഇന്ത്യന്‍ തൊഴിലാളിവര്‍ഗത്തിന്റെ ദത്തുപുത്രന്റെ അതുല്യജീവിതം പുനരാവിഷ്കരിച്ചിരിക്കുന്ന ഇ എം എസ് കോര്‍ണറില്‍ മകനും മരുമകളും എത്തിയത് ഏറെ ആവേശത്തോടെയായിരുന്നു. ഇ എം എസ് വ്യായാമത്തിന് ഉപയോഗിച്ച സൈക്കിളും അന്ത്യസമയത്ത് ധരിച്ചിരുന്ന ഷര്‍ട്ടും കൈലിയും പ്രദര്‍ശന നഗരിയിലേക്ക് നല്‍കിയത് ശശിയാണ്. പൊതുസ്ഥലത്ത് ഇവ ആദ്യമായി പ്രദര്‍ശിപ്പിച്ചത് 20-ാം പാര്‍ടി കോണ്‍ഗ്രസിന്റെ ഭാഗമായാണ്.
കഞ്ഞി വീണ് പടര്‍ന്നതിന്റെ പാടുകളുള്ള ഷര്‍ട്ട് കണ്ടപ്പോള്‍ അച്ഛന്റെ അവസാന നാളിനെക്കുറിച്ച് ശശിയും ഗിരിജയും ഓര്‍മകള്‍ പങ്കുവച്ചു. ""രാവിലെ ദേശാഭിമാനിക്കുള്ള ലേഖനം പൂര്‍ത്തിയാക്കി. പരിശോധനയ്ക്കായി ആശുപത്രിയിലേക്ക് പോകാനായി വസ്ത്രം മാറ്റി. കഞ്ഞികഴിക്കുമ്പോള്‍ കൈവിറച്ച് ഷര്‍ട്ടില്‍ വീണു. ഷര്‍ട്ട് മാറാന്‍ പറഞ്ഞെങ്കിലും തുടച്ചുകളഞ്ഞാല്‍ മതിയെന്നായി അച്ഛന്‍. ആശുപത്രിയിലെത്തിയപ്പോഴാണ് രോഗം മൂര്‍ച്ഛിച്ചത്"". മരണശേഷം അതേപടി സൂക്ഷിച്ച ഷര്‍ട്ടില്‍ കഞ്ഞിവീണ ഭാഗത്ത് പിന്നീടാണ് നിറംമാറ്റമുണ്ടായതെന്ന് ഗിരിജ പറഞ്ഞു.
മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞചെയ്യാന്‍ വീട്ടില്‍നിന്നിറങ്ങിയതും അച്ഛന്റെ തലയ്ക്ക് വിലപറഞ്ഞുള്ള ലുക്കൗട്ട് നോട്ടീസും കുടുംബഫോട്ടോകളുമെല്ലാം ഇരുവരും ഏറെ നേരം നോക്കിനിന്നു. പാര്‍ടി കോണ്‍ഗ്രസ് നഗറിലെത്തി പ്രകാശ് കാരാട്ട്, വൃന്ദ, യെച്ചൂരി തുടങ്ങി ഒട്ടേറെ സഖാക്കളുമായി ഡല്‍ഹി ജീവിതത്തിന്റെയും മറ്റും ഓര്‍മകള്‍ പുതുക്കിയാണ് ശശിയും ഗിരിജയും മടങ്ങിയത്.
deshabhimani 080412

No comments:
Post a Comment