Monday, March 18, 2013

യുഗപ്രഭാവന്റെ ഓര്‍മകളില്‍ ഏലംകുളം


കുന്തിപ്പുഴയുടെ തീരത്ത് നാലുകെട്ടും നടുമുറ്റവും കൂറ്റന്‍ പത്തായപ്പുരകളും ഊട്ടുപുരകളുമായി പ്രൗഢി മങ്ങാതെ തലയുയര്‍ത്തി നില്‍ക്കുകയാണ് ഏലംകുളം മന. വെളിച്ചം കടക്കാത്ത ഈ മനയുടെ വാതിലുകള്‍ തള്ളിത്തുറന്നാണ് ചുവപ്പന്‍ പ്രഭാതത്തിന്റെ സ്വപ്നവും നെഞ്ചേറ്റി ഇ എം എസ് എന്ന യുഗപ്രഭാവന്‍ ഇറങ്ങിവന്നത്. കാലത്തേയും ചരിത്രത്തേയും ഒപ്പം നടത്തിയ ആ മനീഷിയുടെ ഓര്‍മത്തുടിപ്പില്‍ ഇപ്പോഴും ഈ നാടും മനയും സുരഭിലമാണ്.

ദൈവങ്ങളുടെയും വിശ്വാസങ്ങളുടെയും നിഴലുകള്‍ വീണ ഈ നാലുകെട്ടില്‍ 1909 ജൂണ്‍ 13നാണ് പരമേശ്വരന്‍ നമ്പൂതിരിപ്പാടിന്റെയും വിഷ്ണുദത്തയുടെയും മകനായി ഇ എം എസ് പിറന്നത്. സമ്പല്‍സമൃദ്ധിയിലായിരുന്നു ബാല്യകാലം. അമ്പതിനായിരം പറ നെല്ല് മനയില്‍ വര്‍ഷത്തില്‍ പാട്ടം ലഭിച്ചിരുന്നു. വള്ളുവക്കോനാതിരിയെ അരിയിട്ട് വാഴിക്കുന്നതിന് സാക്ഷിയാകാന്‍ അധികാരമുണ്ടായിരുന്ന തറവാട്. ചേലാമല തൊട്ട് വഴിക്കടവ് വരെയും പാലക്കാട്, തൃശൂര്‍ ജില്ലകളിലും വ്യാപിച്ച ഭൂവിസ്തൃതി. അരയില്‍ സ്വര്‍ണനൂലും പുലിനഖമോതിരവും വാഴയില വാട്ടിയെടുത്ത കോണകവും പാവുമുണ്ടുമുടുത്ത് ഭസ്മവും കൊച്ചുകുടുമയുമായി "നാലാമ്പ്രാ"നായി ജീവിതം. സംസ്കൃതം പഠിപ്പിച്ച് കടവല്ലൂര്‍ അന്യോന്യത്തിനിരുത്താന്‍ വീട്ടുകാര്‍ മോഹിച്ച ബാലനെ കാലം ഏല്‍പ്പിച്ചത് മറ്റൊരു നിയോഗം. ഐതിഹ്യങ്ങളുടെയും അന്ധവിശ്വാസങ്ങളുടെയും നാലുകെട്ടിനുള്ളില്‍ ജീവിതം തളച്ചിടാന്‍ വിസമ്മതിച്ച "കുഞ്ചു" സ്കൂളില്‍പ്പോയി പഠിക്കണമെന്ന് വാശിപിടിച്ചു. അന്യജാതിക്കാര്‍ക്കൊപ്പം പഠിക്കുന്നത് തീണ്ടലായി കാണുന്ന കാലം. പെരിന്തല്‍മണ്ണ ഹൈസ്കൂളില്‍ മൂന്നാം ഫോറത്തില്‍ ചേര്‍ന്നു. എം പി ഗോവിന്ദമേനോനെപ്പോലുള്ള ഗുരുനാഥര്‍ പ്രിയശിഷ്യനില്‍ ദേശീയബോധം വളര്‍ത്താന്‍ സഹായിച്ചു.

യോഗക്ഷേമ സഭയിലൂടെയായിരുന്നു പൊതുപ്രവര്‍ത്തനത്തിന് തുടക്കം. വള്ളുവനാട് ഉപസഭാ സെക്രട്ടറിയായതോടെ പ്രസംഗത്തിലും വാദപ്രതിവാദങ്ങളിലും ഏര്‍പ്പെടാന്‍ തുടങ്ങി. ചെറുപ്രായത്തില്‍ എഐസിസി പ്രതിനിധിയായി. താമസിയാതെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ അമരത്തെത്തി. അപ്പോഴേക്കും ഏലംകുളവുമായുള്ള നിത്യബന്ധവും അവസാനിച്ചിരുന്നു. വരവും പോക്കും വല്ലപ്പോഴും മാത്രമായി. അത്ഭുതത്തോടും ആദരവോടെയുമാണ് ഏലംകുളത്തുകാര്‍ ഇ എം എസിനെ എന്നും കണ്ടത്. ചരിത്രംകുറിച്ച ജനവിധിയിലൂടെ ഇ എം എസ് ഐക്യകേരളത്തിന്റെ ആദ്യ മുഖ്യമന്ത്രിയായപ്പോള്‍ ഏറ്റവും കൂടുതല്‍ സന്തോഷിച്ചത് ഈ നാട്ടുകാരായിരുന്നു. അന്ധവിശ്വാസങ്ങളോടും അനാചാരങ്ങളോടും പോരാടിയതിന് സ്വന്തക്കാരില്‍നിന്നും ഇ എം എസ് നേരിട്ട എതിര്‍പ്പിന് കണക്കില്ല. അമ്മയുടെ സംസ്കാര ചടങ്ങുകള്‍ക്കുപോലും പങ്കെടുപ്പിക്കാതിരുന്നിട്ടും അദ്ദേഹം ആരോടും പകയും വിദ്വേഷവും മനസ്സില്‍ സൂക്ഷിച്ചില്ല. 1997-ലാണ് അവസാനമായി അദ്ദേഹം മനയില്‍ വന്നത്. ജ്യേഷ്ഠ സഹോദരന്‍ രാമന്‍ നമ്പൂതിരിപ്പാടിന്റെ ഭാര്യ ഉണ്ണികാളി അന്തര്‍ജനത്തെ കാണാനായിരുന്നു വരവ്. ഇനിയൊരു കാഴ്ചയുണ്ടാകില്ലെന്ന വാക്ക് അന്വര്‍ത്ഥമാക്കി അദ്ദേഹം വിടപറഞ്ഞു. രാമന്‍ നമ്പൂതിരിപ്പാടിന്റെ മകന്‍ ബ്രഹ്മദത്തന്‍ നമ്പൂതിരിപ്പാടും മക്കളുമാണ് ഇപ്പോള്‍ ഇവിടെ താമസം. ഇവരുടെ അനുജന്‍ നാരായണന്‍ നമ്പൂതിരിയും കുടുംബവും മനയോട് ചേര്‍ന്നുള്ള പുതിയ വീട്ടിലാണ് താമസം.

deshabhimani 180313

No comments:

Post a Comment